Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര

ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര

അർജുൻ സി വനജ്

കൊച്ചി: തന്നെ മതംമാറ്റുന്നതിന് പിന്നിൽ നിഷ് ഓഫ് ട്രൂത്തും എസ്.ഡി.പി.ഐയുമാണ് പ്രവർത്തിച്ചതെന്ന്, മതം മാറ്റത്തിന് ഇരയായ ചെർപ്പുളശ്ശേരി സ്വദേശി അതിര മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. താൻ ജോലി ചെയ്യാൻ എത്തിയ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് നിഷ് ഓഫ് ട്രൂത്തിന്റെ നൗഫൽ കുരുക്കൾ എന്റെ നമ്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ഇസ്ലാം മതത്തെ ഏറെ ഇഷ്ടപ്പെട്ട എന്നെ, ഒരു ജിഹാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് യമനിലേക്ക് കടത്തുന്നതിനായി എമർജൻസി പാസ്പോർട്ട് എടുപ്പിക്കുകയും, ധൃതി പിടിച്ച് ആയിഷയാക്കി മാറ്റിയതിനും പിന്നിലെ ബുദ്ധികേന്ദ്രം നൗഫലാണ്. വീട്ടുകാരുടെ എതിർപ്പോടെ മതം മാറുമ്പോൾ വിവാഹം കഴിക്കണം എന്ന എന്നെ ഏറെ നിർബന്ധിച്ചു. അതിനായി ഒരു മുജാഹിദുകാരൻ നൗഫലിന്റെ നിർദ്ദേശപ്രകാരം എന്റെ പിന്നാലെ പ്രണയം നടിച്ച് കൂടിയിരുന്നു. അന്ന് ഞാൻ വിവാഹത്തിന് സമ്മതം മൂളിയിരുന്നേൽ ഇന്ന് ഹാദിയയായ അഖിലയുടെ അവസ്ഥ ആകുമായിരുന്നുവെന്നും ആദ്യമായി തുറന്നു പറഞ്ഞു.

ആയിഷ ആയതിങ്ങനെയെന്ന് ആതിര പറയുന്നു..

ബിബിഎ പഠനത്തിന് ശേഷം പെരിന്തൽമണ്ണയിലെ ഡി.എൽ.എസ് എന്ന സ്ഥാപനത്തിൽ ഒരു ജോലിക്കായി പോയി. ഇന്റർവ്യൂവിനിടെ എന്റെ വായിൽ നിന്ന് 'ഇൻഷാ അള്ളാ' എന്ന വാക്ക് വീണുപോയി. അപ്പോളാണ് ഹിന്ദുവായ താങ്കൾ എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്ന് എംഡി തൗഫീഖ് ചോദിക്കുന്നത്. താൻ ഭൂരിഭാഗവും മുസ്ലിം വിദ്യാർത്ഥികൾ ഉള്ള സ്‌കൂളിലും കോളേജിലുമാണ് പഠിച്ചതെന്നും, ഇസ്ലാം മതത്തെ തനിക്ക് ഇഷ്ടമാണെന്നും ഞാൻ പറയുന്നത്. ഇതോടെ അവിടെ ജോലി നൽകാമെന്ന് അയാൾ ഉറപ്പ് തന്നു. മതത്തെക്കുറിച്ച് കൂടുതലായി പഠി
ക്കാനുള്ള സൗകര്യവും ഇവിടെ ചെയ്ത് തരുമെന്നും അവർ വാഗ്ദാനം ചെയ്തു.

ജോലിക്ക് കയറി എതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ മാന്യമായ സംസാരത്തോടെ, നമസ്‌ക്കാരം ചൊല്ലി നൗഫൽ കുരുക്കൾ എന്റെ ഫോണിലേക്ക് വിളിച്ചു. തൗഫീക്ക് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഞാൻ സംസാരിക്കാൻ തയ്യാറായി. ഇസ്ലാം മതത്തെ ഇഷ്ടമുള്ള ഹിന്ദു പെൺകുട്ടിയെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം എന്ന് പറഞ്ഞ് അദ്ദേഹം അടുത്തുകൂടി. അന്ന് തന്നെ, ഇസ്ലാം മതം സ്വീകരിക്കുന്നതിനുള്ള രീതികളെക്കുറിച്ചും, മുസ്ലിം യുവാവിനെ വിവാഹം കഴിക്കണമെന്നും നിർബന്ധിച്ചു. വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിക്കണമെങ്കിൽ മുസ്ലിം യുവാവിനെ വിവാഹം ചെയ്യണമെന്ന് അയാൾ പറഞ്ഞു. ഇസ്ലാം മതത്തിലേക്ക് വരുന്ന കുട്ടികളെ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്ന കുറേ ചെറുപ്പക്കാർ തന്റെ കൂടെയുണ്ടെന്നും അയാൾ പറഞ്ഞു. ഇപ്പോൾ എനിക്ക് കല്ല്യാണത്തിന് താൽപര്യം ഇല്ലെന്ന് പറഞ്ഞ് ഫോൺ വെച്ചു.

ഏതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾ ഓഫീസിൽ വന്നു. വലിയ ജുബ്ബയും പാന്റസും, താടി നീട്ടി വളർത്തി, മീശയില്ലാതെ, തലയിൽ കെട്ടുമായി ഒരു ജെന്റിൽമാൻ. അദ്ദേഹം എനിക്ക് ഒരുപാട് ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകളുമായാണ് വന്നത്. തൗഫീദ്, ഇസ്ലാം മതത്തിലെ സ്ത്രീകൾ, പ്രവാചകന്റെ ജീവചരിത്രം അങ്ങനെ പതിനഞ്ചോളം ബുക്ക് നൗഫൽ കൊണ്ടുവന്ന് തന്നു. അധികമൊന്നും അന്ന് സംസാരിച്ചില്ല. വീട്ടിൽ പോയി ആരും കാണാതെ ഞാൻ ബുക്സ് ഒക്കെ വായിക്കാൻ തുടങ്ങി. ബുക്സ് വായിക്കുമ്പോൾ ഓരോ ദിവസവും നരകത്തെക്കുറിച്ച് ഓർത്തും, ശിർക്ക് ചെയ്യുന്നതിനുള്ള ശിക്ഷയെക്കുറിച്ചും, കാഫിറുകൾക്കുള്ള ശിക്ഷയെക്കുറിച്ചെല്ലാം വായിച്ച് ഒരുപാട് പേടി തോന്നി. അച്ഛനും അമ്മയും ഇസ്ലാമിൽ വിശ്വസിക്കാതെ കാഫിറുകളായി മരിച്ച് പോകുമല്ലോ, അവരെ എങ്ങനെയെങ്കിലും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരണമെന്നും അന്നാണ് തോന്നലുണ്ടായത്.

താൻ യമനിൽ പോയി മതപഠനം നടത്തിയിട്ടുള്ള ആളെണെന്ന് നൗഫൽ ഒരു ദിവസം എന്നെ വിളിച്ചപ്പോൾ പറഞ്ഞു. യഥാർത്ഥ മതപഠനം ഉള്ളത് യമനിലാണ്. അത് യമനിൽ പോയി തന്നെ പഠിക്കണമെന്നും നൗഫൽ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്കും താൽപര്യം തോന്നി, യമനിൽ പോണം.. മതത്തെക്കുറിച്ച് കൂടുതൽ പഠിക്കണം എന്നൊക്കെ. നബിയുടെ പാരമ്പര്യക്കാരൊക്ക യമനിലാണെന്നാണ് അയാൾ പറഞ്ഞത്. അങ്ങനെ നൗഫലാണ് എനിക്ക് എമർജൻസി പാസ്പോർട്ടിനായി അപേക്ഷിക്കുന്നത്. ഇത് എനിക്കറിയില്ലായിരുന്നു. ഓഫീസിലെ ഒരു ആവശ്യത്തിനായി പാസ്പോർട്ട് വേണമെന്ന് അച്ഛനോട് കള്ളം പറഞ്ഞപ്പോൽ വേരിഫിക്കേഷന് അച്ഛനും വന്നു. മതം മാറണെമെങ്കിൽ സ്വന്തം ഇഷ്ടപ്രകാരമാണ് മാറുന്നതെന്നുള്ള സത്യവാങ്മൂലം വേണം. ഇത് തയ്യാറാക്കാനായി നൗഫലും അവരുടെ ഭാര്യയും കൂടി കാറിൽ മഞ്ചേരി സത്യസരണിയിൽ പോയി.

അവിടെ ചെന്നയുടനെ മമ്മൂട്ടി ഹാജിയെന്നൊരാൾ എന്നോട് ചോദിച്ചു വീട്ടിൽ ആർഎസ്എസ് കാരായി ആരെങ്കിലുമുണ്ടോയെന്ന്. ഞാൻ പറഞ്ഞു ഇല്ല. രണ്ട് പെൺകുട്ടികളാണ് ഞങ്ങൾ അച്ഛന് പ്രത്യേകിച്ച് രാഷ്ടീയമൊന്നും ഇല്ല. എങ്കിലും കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണ് എന്ന്. അങ്ങനെ അവിടെ നിന്ന് അഡ്വ സാങ്സൺ വഴി അഫിഡവിറ്റ് തയ്യാറാക്കി പേര് മാറ്റി അയിഷ എന്ന് സ്വീകരിച്ചു. അന്നു മുതൽ അയിഷ എന്നായിരുന്നു നൗഫലും മറ്റും വിളിച്ചിരുന്നത്.

റംദാൻ മാസം ആരംഭിക്കുന്ന ഘട്ടമായപ്പോൾ എത്രയും പെട്ടന്ന് സത്യസരണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അതെല്ലാം പ്ലാൻ ചെയ്യുന്നതിനായി പെരിന്തൽമണ്ണയിലുള്ള എസ്.ഡി.പി.ഐ നേതാവ് ഷംസുവിന്റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ഞാനും നൗഫലും നൗഫലിന്റെ ഭാര്യയുമായാണ് പോയത്. അവിടെവച്ചാണ് ജൂൺ 13 ന് വീട്ടിൽ നിന്ന് ഇറങ്ങാൻ പ്ലാൻ ചെയ്തത്. അവിടെ സംസാരിക്കുന്നതിനിടയിൽ, മമ്മൂട്ടി സാഹിബ് പറഞ്ഞു, സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എസ്.ഐയ്ക്കും സി.ഐയ്ക്കും ലെറ്റർ എഴുതി പോസ്റ്റ് ചെയ്യണം എന്ന്. നൗഫൽ ഗൾഫിൽ പോയതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതിയെന്നായിരുന്നു പ്ലാനിങ്. എന്നെ കൂട്ടാൻ എവിടെയാണ് വന്നു നിൽക്കുകയെന്നും നാളെ കോടതിയിൽ എത്തിയാൽ എന്തൊക്കെ ചെയ്യണമെന്നെല്ലാം അവിടെ നിന്നാണ് പഠിപ്പിച്ച് തന്നത്. അങ്ങനെ പ്ലാൻ ചെയ്തത് പ്രകാരം ജൂൺ 13 ന് ഞാൻ വീട് വിട്ടു.

വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം നേരത്തെ പ്ലാൻ ചെയ്തത് പ്രകാരം മുനിസിപ്പാലിറ്റിയുടെ മുന്നിൽ കാത്തുനിന്നു. ഉടനെതന്നെ അവർ വന്നു. അവർ എന്നെ കാറിൽ കയറ്റി പെരിന്തൽമണ്ണയിലെ ഷംസുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വീണ്ടും പോസ്റ്റ് ഓഫീസിന്റെ മുന്നിൽ വന്ന് വീട്ടിലേക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമുള്ള കത്ത് പോസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12.30 സമയത്ത് തുടർന്ന് ഞാൻ അച്ഛനെ വിളിച്ചു. രണ്ട് മാസത്തെ മതപഠനത്തിനായി പോകുകയാണ്, അതിന് ശേഷം തിരിച്ച് വരാമെന്നും അച്ഛനോട് പറഞ്ഞു. മോളെ, നീ പോകല്ലെ, ഇവിടെ നിന്ന് നീ എന്തുവേണമെങ്കിലും പഠിച്ചോ എന്ന് അച്ഛൻ പറഞ്ഞു. ഉടനെ സിമ്മും, ഫോണും മെമ്മറി കാർഡും വീട്ടിൽ നിന്ന് എടുത്ത സർട്ടിഫിക്കറ്റുകളും എല്ലാം നാസർ എന്നയാൾ വാങ്ങി. ഞാൻ വിചാരിച്ചു ഇതെല്ലാം സുരക്ഷിതമായി വെയ്ക്കാൻ വേണ്ടിയാണെന്നാണ്. എന്നിട്ട് എന്നെ കൊണ്ടുപോയത്, എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച സീന ഫർസാനയുടെ വീട്ടിലേക്കാണ്. അവിടെ കുറച്ച് ദിവസം നിന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ അവിടെ നിന്ന് വേറെയൊരു പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെ നിന്നാണ് എന്നെ ഹേബിയസ് കോർപ്പസ് പ്രകാരം ഹൈക്കോടതിയിൽ പ്രൊഡ്യൂസ് ചെയ്യുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഞാൻ കോടതിയിൽ പോകുന്നത്. അതുകൊണ്ട അവിടെ എങ്ങനെ പെരുമാറണമെന്ന് എനിക്ക് ട്രെയിനിംങ് തന്നു. അച്ഛനും അമ്മയും കുഴഞ്ഞ് വീഴുകയോ, വിഷം കഴിക്കുകയോ ഒക്കെ ചെയ്യാം, ചെലപ്പം അവർ കാല് പിടിക്കും, അത് അഭിനയമോ യഥാർത്ഥ്യമോ ആവാം, പക്ഷെ അതൊന്നും കണ്ടിട്ട് മനസ് മാറിയാൽ പിന്നെ അവരുടെ കൂടെ പോകേണ്ടതായി വരും. അതുകൊണ്ട് എന്ത് വന്നാലും സ്ട്രോങ് ആയി പിടിച്ച് നിൽക്കണമെന്ന് സീന ഫർസാനയും, മമ്മൂട്ടി ഹാജിയും, നാസറും, ഇബ്രഹീം വക്കീലുമെല്ലാം പറഞ്ഞു. പർദ്ദ ഇട്ടാണ് ഞാൻ അന്ന് കോടതിയിൽ പോയത്. ഇത് കണ്ടപ്പോൾ തന്നെ അച്ഛന് പകുതി ബോധം പോയി. കോടതി അച്ഛനും അമ്മയ്ക്കും എന്നോട് സംസാരിക്കാൻ സമയം അനുവദിച്ചു.

അച്ഛൻ പറഞ്ഞു, ഞാൻ നിന്റെ കാല് പിടിക്കാം വീട്ടിലേക്ക് വാ എന്ന്.. അപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ദേഷ്യം ആയിരുന്നു. ഒന്നാമതേ അവരെല്ലാം കാഫിറുകളാണ്, പിന്നെ അവരൊന്നും ഇസ്ലാം മതം സ്വീകരിക്കാൻ വരുന്നുമില്ല. അതുകൊണ്ട് കാല് പിടിക്കാൻ വന്നാൽ തൂക്കി അപ്പുറത്തേക്ക് ഇടുമെന്ന് പറഞ്ഞു അച്ഛനോട്. മതം എന്നത് തലയിൽ കയറിയിട്ട് എനിക്ക് അവരെ കാണുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. നിങ്ങൾ ഇസ്ലാം മതം സ്വീകരിക്കാതെ ആ വീട്ടിലേക്ക് ഞാൻ വരില്ലെന്ന് അനിയത്തിയോടും അമ്മയോടും പറഞ്ഞ് അവരേയും തട്ടി മാറ്റി. ഒരഭിനയവും എന്റെയെടുത്ത് വേണ്ടെന്നും ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ അവിടെ നിന്ന് പൊട്ടിപ്പൊട്ടി  കരഞ്ഞു. എന്നിട്ടും എന്റെ മനസ് മാറിയില്ല.

രണ്ട് ദിവസത്തേക്ക് എങ്കിലും വീട്ടിലേക്ക് പോകുമോയെന്ന്, അന്ന് ജസ്റ്റിസ്സ് മേരി ജോസഫിന്റേയും സുരേന്ദ്ര മോഹന്റേയും ഡിവിഷൻ ബെഞ്ച് എന്നോട് ചോദിച്ചു. രണ്ട് ദിവസമെന്നല്ല, രണ്ട് സെക്കന്റ് പോലും എനിക്ക് അവരെ കാണേണ്ടെന്ന് പറഞ്ഞു. അവർ ഇസ്ലാമിലേക്ക് വന്നാൽ അവർക്കൊപ്പം പോകാമെന്ന് ജഡ്ജിയോട് ഞാൻ പറഞ്ഞു. അപ്പോൾ എന്നെ എസ്.എൻ.വി സദനത്തിലേക്ക് രണ്ടാഴ്ചത്തേക്ക് മാറ്റിനായി കോടതി നിർദ്ദേശിച്ചു. ഹോസ്റ്റലിലേക്ക് പോകുന്നതിന് മുമ്പ് ഇബ്രാഹീം വക്കീൽ എനിക്ക് ഒരു ഖുറാൻ തന്നു. ഹോസ്റ്റലിൽ നില നിൽക്കുമ്പോഴും ഞാൻ മതത്തെക്കുറിച്ച് പഠിക്കാനും നിസ്‌ക്കരിക്കനും മറ്റ് പ്രർത്ഥനകൾക്കുമായാണ് സമയം കണ്ടെത്തിയത്. രണ്ടാഴ്‌ച്ചക്ക് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി. അപ്പോഴും ഞാൻ വീട്ടുകാർക്കൊപ്പം പോകില്ലെന്നും സീന ഫർസാനയുടെ ഒപ്പം പോകണമെന്നും പറഞ്ഞു. പക്ഷെ കോടതി വീണ്ടും അതേ ഹോസ്റ്റലിലേക്ക് വിട്ടു.

ഹോസ്റ്റലിൽ വന്നപ്പോൾ കേസ് അന്വേഷിക്കുന്ന സിഐ മാറി, മറ്റൊരു സിഐ സർ വന്നു. സർ എന്നോട് വളരെ ഫ്രണ്ട്‌ലിയായി സംസാരിച്ചു. അന്ന് ഞാൻ ലൗ ജിഹാദിന് ഇരയാണെന്നൂം, നൗഫലിനേയും എന്നേയും കുറിച്ച് കുറേ കഥകളെല്ലാം വന്നു. ഞാൻ വിചാരിച്ചു, വെറുതെ അങ്ങനെ നൗഫലിനെക്കുറിച്ച് പറയില്ലല്ലോ..എന്ന്. നൗഫലിന് വേറെ ഒരു മുഖം ഉണ്ടെന്ന് എന്നെ മനസ്സിലാക്കി തന്നത് സിഐ സർ ആണ്. അപ്പോൾ വല്ലാതെ പേടിയായി. ഞാൻ വളരെ നല്ല മനുഷ്യനാണെന്ന് വിശ്വസിച്ച നൗഫൽ ഇത്രയും ഭീകരൻ ആണെന്ന് അന്നാണ് മനസിലായത്. ഐഎസിലേക്ക് പോകണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല, എനിക്ക് ഹജ്ജ് നിർവഹിക്കണം എന്നുമാണ് ഉണ്ടായിരുന്നത്. അതിനാണ് പാസ്‌പോർട്ട് എടുത്തതും. യമനിൽ പോകണം എന്നുണ്ടായിരുന്നു. പക്ഷെ ഐഎസുമായി യമന് ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. പിന്നീട് കോർട്ടിൽ എന്നെ പ്രൊഡ്യൂസ് ചെയ്തപ്പോൾ ഞാൻ വീട്ടുകാർക്കൊപ്പം പോകാം എന്ന് പറഞ്ഞു.

എല്ലാം ഒന്ന് ശാന്തമാകുന്നത് വരെ വീട്ടുകാർക്കൊപ്പം പോകാം എന്നായിരുന്നു എന്റെ മനസ്സിൽ ഉള്ളത്. എപ്പോഴാണോ അവസരം കിട്ടുന്നത് അപ്പോൾ വീട്ടിൽ നിന്നും ഇറങ്ങാം എന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷെ വീട്ടിൽ ചെന്ന് അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ മുതൽ ഈ രണ്ട് മാസം മുമ്പ് വരെ വീട്ടിൽ പൊലീസ് കാവൽ ഉണ്ടായിരുന്നു. അതാണ് ശരിക്കും പിന്നീടുള്ള പ്ലാനുകൾ പൊളിച്ചത്. സുരേഷ് എന്നൊരു ഏട്ടൻ എന്റെ വീട്ടിൽ വന്നപ്പോൾ പറഞ്ഞു. നിന്നെക്കാളും അപ്പുറത്തെ ആളുകളെ വരെ തിരിച്ചു കൊണ്ടുവന്ന ആളുകളുണ്ടെന്ന്. അങ്ങനെ ആളുണ്ടെങ്കിൽ എനിക്ക് കാണണമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ, ഖുറാനുകൾ വായിച്ചും നമസ് ചെയ്തുകൊണ്ടുമിരിക്കുമ്പോളാണ് രണ്ട് കൗൺസിലേഴ്സ് എന്റെ വീട്ടിലേക്ക് വന്നത്.

അങ്ങനെ ആർഷവിദ്യാ സമാജത്തിലെ  ശ്രുതി ചേച്ചിയും മധുസൂദനൻ സാറും വീട്ടിലേക്ക് വന്നു. അന്ന് ഞാൻ അവരുടെ മുന്നിൽ വലിയ ജാഡയിട്ട് ഇരിക്കുകയായിരുന്നു. അങ്ങനെ ചേച്ചിയോട് സംസാരിക്കുന്നതിനിടെയിലാണ് എന്താണ് ഹിന്ദു എന്നും എന്താണ് സനാതന ധർമ്മം എന്നും മനസ്സിലാക്കിയത്. അവർ സംസാരിച്ച് ഇറങ്ങാൻ നേരത്ത് ഞാൻ ഖുറാൻ അവരുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. എനിക്ക് ഇത് വേണ്ട എന്ന്. അന്ന് എല്ലാ സംശയം തീർന്ന് എന്റെ മനസ് പഴയത് പോലെ ആയില്ല. പക്ഷെ പിന്നീട് എനിക്ക് വീണ്ടും അവരെ കാണണം എന്ന് തോന്നി. അപ്പോളാണ്, ആർഷ വിദ്യാ സമാജത്തിന്റെ  ശ്രുതി ചേച്ചിയും, ചിത്ര ചേച്ചിയും ആചാര്യൻ മനോജ് സാറും  വീട്ടിലേക്ക് വരുന്നത്. എന്റെ സംശയങ്ങളൊക്കെ അവരോട് ചോദിച്ചു. ഞാൻ ആഗ്രഹിച്ച ഉത്തരങ്ങളാണ് അവർ എന്നോട് പറഞ്ഞത്. പിന്നെ ഞാൻ ആർഷ വിദ്യാ സമാജത്തിലേക്ക് പോകാൻ ഒത്തിരി ആഗ്രഹിച്ചു. പക്ഷെ പൊലീസ് സുരക്ഷ ഉള്ളതിനാൽ പോകാൻ പറ്റിയില്ല. എട്ടുമാസത്തോളം പൊലീസ് സുരക്ഷയിലാണ് ഞാൻ കഴിഞ്ഞത്.

പിന്നീട് ആർഷ വിദ്യാ സമാജത്തിലേക്ക് എത്തി, ധർമ്മങ്ങളെക്കുറിച്ച് പഠിച്ചു. ഇപ്പോ ഞാൻ ഇത് പറയാൻ കാരണം എന്നുവച്ചാ, ഇനി ഒരു കുട്ടികളും വഴിതെറ്റി പോകരുത്. യഥാർത്ഥ ധർമ്മത്തെക്കുറിച്ച് മനസ്സിലാക്കണം. എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കണം. എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഉണ്ടായ മാനക്കേട് ഇനി ആർക്കും ഉണ്ടാവരുത്.

ആതിരയും ഹാദിയയായ അഖിലയും തമ്മിൽ ബന്ധമുണ്ടോ..? (തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP