Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗലശേരി അബ്ദുള്ളയുടെ നാലുമക്കളിൽ മൂത്തവൻ; വീട്ട് ചെലവിന് മുടങ്ങാതെ പണം അയക്കുന്ന കുടുംബ സ്‌നേഹി; പഠനകാലം മുതലേ മുജാഹിദ് ആശയക്കാരൻ: ഭീകരബന്ധം വീട്ടുകാരറിയുന്നത് പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ; ഐസിസ് ഇന്ത്യ തലവൻ എന്നറിഞ്ഞപ്പോൾ ബന്ധുക്കൾക്ക് ഞെട്ടൽ; സഹോദരങ്ങൾ മറുനാടനോട്

മംഗലശേരി അബ്ദുള്ളയുടെ നാലുമക്കളിൽ മൂത്തവൻ; വീട്ട് ചെലവിന് മുടങ്ങാതെ പണം അയക്കുന്ന കുടുംബ സ്‌നേഹി; പഠനകാലം മുതലേ മുജാഹിദ് ആശയക്കാരൻ: ഭീകരബന്ധം വീട്ടുകാരറിയുന്നത് പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ; ഐസിസ് ഇന്ത്യ തലവൻ എന്നറിഞ്ഞപ്പോൾ ബന്ധുക്കൾക്ക് ഞെട്ടൽ; സഹോദരങ്ങൾ മറുനാടനോട്

എംപി റാഫി

കോഴിക്കോട്: മംഗലശേരി അബ്ദുള്ളയുടെ നാലുമക്കളിൽ മൂത്തവനാണ് സജീർ. രണ്ട് സഹോദരിമാരും താഴെ ഒരു സഹോദരനുമാണുള്ളത്. സജീർ ഐസിസ് ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് വീട്ടുകാർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. കേൾക്കുന്ന കാര്യങ്ങൾ വിഷമമുണ്ടാക്കി. സജീർ ആരോടും സംസാരിക്കുക പോലും ചെയ്യാത്തയാളാണെന്ന് കുടുംബാംഗങ്ങൾ. തീവ്രമായ ചിന്താഗതി വച്ചു പുലർത്തുന്നവരല്ല ഞങ്ങൾ, ഐസിസ് എന്നാൽ എന്താണെന്നോ, എങ്ങിനെയാണെന്നോ പോലും അറിയാത്തവരാണെന്നും വീട്ടുകാർ പറഞ്ഞു. ഈ വിവരം കേട്ടതു മുതൽ വിഷമത്തിലാണെന്നും ഇപ്പോൾ കേൾക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും വീട്ടുകാർ മറുനാടൻ മലയാളിയോടു പറഞ്ഞു.

അതേസമയം, ഇപ്പോഴും ഗൾഫിലുള്ള സജീറിന്റെ ചെലവിലാണ് കുടുംബം കഴിയുന്നതെന്നും ചെലവിനുള്ള പണം അയക്കാറുണ്ടെന്നും സഹോദരൻ വ്യക്തമാക്കി. മാത്രമല്ല, മുജാഹിദ് ആശയമുള്ളയാളാണെന്നും പഠനകാലം മുതലേ ഈ ആശയം സജീറിന് ഉണ്ടായിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലുള്ളവരും ബന്ധുക്കളും അയൽവാസികളുമെല്ലാം പറയുന്നത് ഒന്നു തന്നെയായിരുന്നു യഥാർത്ഥത്തിൽ. ആരോടും മിണ്ടാതെ, എന്നാൽ വ്യക്തമായ ചില ആശയങ്ങളും ചിന്തകളും വച്ചുപുലർത്തിയിരുന്ന ആളായിരുന്നു സജീർ. കേരളത്തിലെ സലഫി ആശയം പുലർത്തുന്ന സംഘടനയാണ് മുജാഹിദ്. എന്നാൽ കേരളത്തിലെ മുജാഹിദ് സംഘടനകളെല്ലാം ഐസിസിനെതിരെയാണ്. എന്നാൽ തീവ്രമായ സലഫി-വഹാബി ആശയം വച്ചു പുലർത്തുന്നവരോ അതുമായി ബന്ധപ്പെട്ടവരോ ആണ് തീവ്രവാദത്തി ലേക്കു പോയിട്ടുള്ളതെന്ന് അടുത്ത കാലസംഭവങ്ങളിൽ നിന്നും വ്യക്തമാണ്.

സജീർ മുജാഹിദ് ആശയം നേരത്തേ വച്ചു പുലർത്തിയിരുന്നതായി സഹോദരൻ തന്നെ വെളിപ്പെടുത്തുന്നു. നേരത്തെ കേരളത്തിൽ നിന്നും ഐസിസിലേക്കു പോയ മലയാളി സംഘവും കനകമലയിൽ നിന്നും അറസ്റ്റു ചെയ്തവർക്കും സലഫി പശ്ചാത്തലമോ ബന്ധമോ ഉള്ളവരായിരുന്നു. ഇത് അവരവരുടെ ബന്ധുക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. ഇവിടെയും സംഭവിച്ചിരിക്കുന്നതും അതുതന്നെയെന്ന് അന്വേഷണത്തിൽ വ്യക്തമാണ്. വീട്ടുകാരും ബന്ധുക്കളും അയൽവാസികളുമെല്ലാം പറയുന്നത് സജീർ സലഫി ആശയക്കാരനായിരുന്നെന്നാണ്.

ഇതിനോടകം തന്നെ വിവിധ അന്വേഷണ ഏജൻസികൾ സജീറിന്റെ വീട്ടിൽ എത്തിക്കഴിഞ്ഞു. എന്നാൽ എന്താണെന്ന് മനസിലാകാതെ വീട്ടുകാർ മരവിച്ചിരിക്കുകയാണ്. സജീറിന്റെ സഹോദരങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞതിങ്ങനെ: ' മൂന്ന് ദിവസത്തിലധികമായി അന്വേഷണ ഏജൻസികളും പൊലീസുകാരും വീട്ടിൽ വന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഞങ്ങൾ കാര്യമറിയുന്നത്. സജീർ യുഎഇയിലാണെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ഞങ്ങൾക്ക് ഉൾകൊള്ളാൻ പറ്റാത്ത കാര്യമായിരുന്നു ഇപ്പൊ സംഭവിക്കുന്നത്. ഇപ്പോൾ കേൾക്കുന്നതെന്താണെന്ന് മനസിലാകുന്നില്ല. ഇപ്പോഴും വീട്ടുചെലവ് നടത്തുന്നതും പണം അയക്കുന്നതുമെല്ലാം സജീർ തന്നെയാണ്. വീട്ടിൽ ഇടക്ക് വിളിക്കാറുണ്ട്.

ഇപ്പോൾ കേൾക്കുന്നതു പോലെയുള്ള ആശയങ്ങൾ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് അറിയില്ല. അവൻ മുജാഹിദ് (സലഫി) ആശയക്കാരനായിരുന്നു. ഞങ്ങൾ സുന്നി പശ്ചാത്തലമുള്ള കുടുംബമാണ്. അവൻ ഗൾഫിൽ പോകുന്നിനു മുമ്പ് തന്നെ പഠനകാലത്തേ മുജാഹിദ് ആശയം ഉണ്ടായിരുന്നു. ഐസിസ് എന്താണെന്നു പോലും ഞങ്ങൾക്കറിയില്ല. അവൻ ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പൊതുവെ. ഇതുകേട്ടതുമുതൽ ഞങ്ങൾ മാനസികമായി തളർന്നിരിക്കുകയാണ്(സഹോദരി ഇടറിയ ശബ്ദത്തോടെ). ഞങ്ങൾ ഇത്തരം ആശയങ്ങളോട് യോജിപ്പേയില്ലാത്തവരാണ്.

കൂടുതലായി സംഭാഷണത്തിന് താൽപര്യപ്പെട്ടിരുന്നില്ല, വീട്ടുകാർ. സജീറിനെ കുറിച്ചുള്ള വാർത്തകളും അന്വേഷണ സംഘങ്ങളുടെ വരവുമെല്ലാം ഈ കുടുംബത്തെ അക്ഷരാർത്ഥത്തിൽ തളർത്തിയിട്ടുണ്ട്. എൻ.ഐ.എ, ഐബി, ലോക്കൽ പൊലീസ് തുടങ്ങി വിവിധ സംഘങ്ങളായാണ് സജീറിനെ കുറിച്ചുള്ള അന്വേഷണത്തിലുള്ളത്. അയൽവാസികൾക്കു പോലും സജീറിനെ കുറിച്ചറിയില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും വട്ടം ചുറ്റിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP