Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്ആർഒയുടെ റോക്കറ്റ് രാജ്യത്തിന്റെ അഭിമാനമാണ്; എന്നതുകൊണ്ട് പാവപ്പെട്ട അയൽവാസികൾ രോഗം വന്നു മരിക്കണോ? വേളിയിലേയും ആലുവയിലേയും ഐഎസ്ആർഒ ഫാക്ടറിക്ക് സമീപം താമസിക്കുന്ന കുട്ടികൾക്ക് ഗുരുതര രോഗബാധ; പരിസരത്തെ കിണർ വെള്ളത്തിൽ അനുവദനീയമായതിലും അളവിൽ വിഷാംശങ്ങൾ; രാജ്യ പുരോഗതിക്ക് വേണ്ടി വിഷം കഴിച്ച് മരിക്കുന്നവരെ ആരറിയാൻ?

ഐഎസ്ആർഒയുടെ റോക്കറ്റ് രാജ്യത്തിന്റെ അഭിമാനമാണ്; എന്നതുകൊണ്ട് പാവപ്പെട്ട അയൽവാസികൾ രോഗം വന്നു മരിക്കണോ? വേളിയിലേയും ആലുവയിലേയും ഐഎസ്ആർഒ ഫാക്ടറിക്ക് സമീപം താമസിക്കുന്ന കുട്ടികൾക്ക് ഗുരുതര രോഗബാധ; പരിസരത്തെ കിണർ വെള്ളത്തിൽ അനുവദനീയമായതിലും അളവിൽ വിഷാംശങ്ങൾ; രാജ്യ പുരോഗതിക്ക് വേണ്ടി വിഷം കഴിച്ച് മരിക്കുന്നവരെ ആരറിയാൻ?

എം എസ് സനിൽകുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വേളിയിലും എറണാകുളം ജില്ലയിലെ ആലുവയിലും നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായ തൈറോയിഡ് രോഗബാധ. രോഗബാധക്ക് കാരണം ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ.എസ്.ആർ.ഒ പുറത്തുവിടുന്ന വിഷമയമായ രാസപദാർത്ഥം. തിരുവനന്തപുരത്ത് വേളിയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്ററിനോട് ചേർന്ന പ്രദേശത്തെയും എറണാകുളം ജില്ലയിൽ ആലുവയിലെ കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് പ്രദേശത്തെ വി എസ്.എസ്.സി പ്ലാന്റിനോട് ചേർന്ന പ്രദേശത്തെയും ജനങ്ങളിലാണ് ഐ.എസ്.ആർ.ഒ തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. തെളിവുകൾ സഹിതം മറുനാടൻ മലയാളി ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിടുന്നു.

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (ചകകടഠ) നടത്തിയ പഠനത്തിലാണ് ഐഎസ്ആർഒയുടെ ഗുരുതരമായ ഈ പരിസരമലിനീകരണം കണ്ടെത്തിയിരിക്കുന്നത്. വേളിയിലെയും കുളക്കാട് പ്രദേശത്തെയും കിണറുകളും ജലസ്രോതസ്സുകളും പരിശോധിച്ചതിൽ നിന്നാണ് എൻ.ഐ.എസ്.ടിക്ക് ഈ വിവരം ലഭിച്ചത്. റോക്കറ്റ് പ്രൊപ്പല്ലന്റ് ഓക്‌സിഡൈസർ ആയി ഉപയോഗിക്കുന്ന അമോണിയം പെർ ക്ലോറൈറ്റ് ആണ് ഐ.എസ്.ആർ.ഒ പുറത്തുവിടുന്ന വിഷമയമായ രാസപദാർത്ഥം. റോക്കറ്റ് വിക്ഷേപണത്തിന് അനിവാര്യമായ ഒന്നാണ് അമോണിയം സർ ക്ലോറൈറ്റ്.

ലോകത്തിലെ ചുരുക്കം രാജ്യങ്ങൾ ഈ രാസപദാർത്ഥം ഉത്പാദിപ്പിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് ഇറക്കുമതി ചെയ്യാൻ സാധ്യമല്ല. ഇന്ത്യയുടെ റോക്കറ്റ് ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഐ.എസ്.ആർ.ഒ അമോണിയം പെർ ക്ലോറൈറ്റ് തദ്ദേശിയമായി നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. തുടർന്ന് 1979 ൽ ആലുവയിൽ അമോണിയം പെർ ക്ലോറൈറ്റ് നിർമ്മിക്കാനുള്ള എ.പി.ഇ.പി പ്ലാന്റ് സ്ഥാപിച്ചു. ഇന്ത്യയിലെ എല്ലാ സ്ഥലത്തുമുള്ള ഐഎസ്ആർഒയുടെ റോക്കറ്റ് വിക്ഷേപണ പരിപാടികൾക്ക് ആലുവയിൽ നിന്നാണ് പെർ ക്ലോറൈറ്റ് നൽകുന്നത്. ഏതാണ്ട് 60 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ആലുവയിലെ പ്ലാന്റ്.

ആലുവയിലെ പ്ലാന്റിനോട് ചേർന്നാണ് 178 കുടുംബങ്ങൾ സ്ഥാപിക്കുന്ന കുളക്കാട് കോളനി സ്ഥിതി ചെയ്യുന്നത്. ഈ കോളനികളിലെ ആളുകൾക്ക് അസാധാരണമായ രീതിയിൽ തൈറോയ്ഡ് കണ്ടുതുടങ്ങിയതോടെയാണ് ഐ.എസ്.ആർ.ഒ സംശയ നിഴലിൽ ആകുന്നത്. തുടർന്ന് തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ഐ.എസ്.ടിയിലെ ശാസ്ത്രജ്ഞർ കുളക്കാട് കോളനി സന്ദർശിക്കുകയും ഈ പ്രദേശത്തെ കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുകയും ചെയ്തു. ഈ വെള്ളം തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

കിണറുകളിലെ വെള്ളത്തിൽ അനുവദനീയമായ പരിധിയെക്കാൾ പതിനായിരിക്കണ് മടങ്ങാണ് പെർക്ലോറൈറ്റ് അടങ്ങിയിരിക്കുന്നത്. ചില സാമ്പിളുകളിൽ 35,000 മുതൽ 40,000 വരെ പി.പി.ബി വരെ അളവിൽ പെർക്ലോറൈറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തി. അന്താരാഷ്ട്രതലത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ച് കുടിക്കാനുള്ള ഉപയോഗിക്കുന്ന വെള്ളത്തിൽ 24 പി.പി.ബിയിൽ മാത്രമേ പെർ ക്ലോറൈറ്റിന്റെ അംശം ഉണ്ടാകാൻ പാടുള്ളു. ആലുവയിലെ കുടിവെള്ളത്തിൽ ഐ.എസ്.ആർ.ഒ കലക്കിയിരിക്കുന്നത് ഈ അനുവദനീയ പരിധിയെക്കാൾ പതിനായിരിക്കണക്കിന് മടങ്ങ് പെർക്ലോറൈറ്റാണ്.

എന്താണ് പെർക്ലോറൈറ്റ് അടങ്ങിയ വെള്ളം കുടിച്ചാലുള്ള പ്രശ്‌നം?

തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് പെർക്ലോറൈറ്റ്. തൈറോയ്ഡ് ഗ്രന്ധി ഉൽപാദിപ്പിക്കുന്ന ഹോർമോണുകളായ ടി3, ടി4 എന്നിവയുടെ ഉത്പാദനം കുറയും. ശരീരത്തിലെ ഒട്ടുമിക്ക ഗ്രന്ധികളുടെയും അവയവങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളാണിവ. തൈറോയ്ഡ് ഗ്രന്ധി ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവിൽ വ്യത്യാസമുണ്ടാകുന്ന അവസ്ഥയാണ് ഹോപ്പോതൈറോയിഡിസം. പെർക്ലോറൈറ്റ് അടങ്ങിയ വെള്ളം കുടിച്ചാൽ. ഹൈപ്പോതൈറോയിഡിസമാണ് ഫലം.

തളർച്ച, തണുപ്പ് ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥ, മലബന്ധം, തൊലി വരണ്ടുണങ്ങുക, അമിത വണ്ണം, മുഖത്ത് നീർവീക്കം, ശബ്ദത്തിന് ഇടർച്ച, കൊളസ്‌ട്രോൾ വ്യതിയാനങ്ങൾ, വിഷാദരോഗം, സന്ധിവേദന, തുടങ്ങീ ഒട്ടനവധി അനുബന്ധ പ്രശ്‌നങ്ങളും ഹോപ്പോതൈറോയിഡിസം വരുത്തിവെക്കും. കുട്ടികളിലാണ് ഹൈപ്പോതൈറോയിഡിസം അതിന്റെ ഭീകരമുഖം കാണിക്കുന്നത്. കുട്ടികളുടെ ഓർമ്മശക്തിയെ ഹൈപ്പോതൈറോയിഡിസം ദോഷകരമായി ബാധിക്കും. പഠിക്കുന്ന കുട്ടിയാണെങ്കിൽ ഇത് പഠനത്തെ തന്നെ ബാധിക്കും. ഉറക്കക്കുറവ് ബുദ്ധമാന്ദ്യം എന്നിവയും സംഭവിക്കാം.

കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ കുട്ടികളുടെ ശരീര വളർച്ചയെയും പല്ലുകളുടെയും എല്ലുകളുടെയും വളർച്ചയെയും ബാധിക്കും. പെൺകുട്ടികളിൽ ആർത്തവ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.

ആലുവയ്ക്ക് പുറമെ വേളിയിൽ സംഭവിച്ചത് എന്ത്?

വേളിയിലെ വി എസ്.എസ്.സി സ്റ്റേഷന് സമീപത്തെ ജലസ്രോതസ്സുകൾ കഴിഞ്ഞ നാലുവർഷമായി എൻ.ഐ.എസ്.ടി പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വി എസ്.എസ്.സിക്ക് സമീപത്തെ കിണറുകളിലെ പെർക്ലോറൈറ്റിന്റെ അളവ് 300ug/L  ആണെന്നാണ് എൻ.ഐ.ഐ.എസ്.ടി കണ്ടെത്തിയിരിക്കുന്നത്. അനുവദനീയമായ പരിധി 15ug/L  ആണ്. ഈ പ്രദേശത്തെ മണ്ണിലും വൻതോതിൽ പെർക്ലോറൈറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 1850ug/g പെർക്ലോറൈറ്റ് മണ്ണിൽ അടങ്ങിയിട്ടുണ്ടെന്നാണ് എൻ.ഐ.ഐ.എസ്.ടിയുടെ പഠന റിപ്പോർട്ട്. വേളി പ്രദേശത്തെ രണ്ടര വയസ്സുള്ള കുഞ്ഞുതൊട്ട് നൂറുകണക്കിന് ആളുകൾക്ക് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയുള്ളതെന്ന് പൊതുജനാരോഗ്യവിദഗ്ദ്ധർ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പെർക്ലോറൈറ്റ് സൃഷ്ടിച്ച ഗുരുതരമായ സാഹചര്യമാണെന്നാണ് വ്യക്തമാകുന്നത്. ഭൂഗർഭ ജലത്തിൽ കലുന്നതിന് പുറമെ വേളി പ്രദേശത്തെ കടലിലേക്കും പെർക്ലോറൈറ്റ് ചെന്ന് ചേരുന്നുണ്ടെന്ന് എൻ.ഐ.ഐ.എസ്.ടിയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇനി ആലുവയിലേക്ക് തിരിച്ചുവരാം

ആലുവയിലെ ഐഎസ്ആർഒയുടെ എ.പി.ഇ.പി പ്ലാന്റിന് രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള ജലാശയങ്ങളിലെല്ലാം പെർക്ലോറൈറ്റ് കലരുന്നുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. പെരിയാർ നദിയിലെ ജലത്തിലും പെർക്ലോറൈറ്റിന്റെ അളവിൽ ഗണ്യമായ വർദ്ധനയുണ്ട്. 65ug/L  പെർക്ലോറൈറ്റ് ആലുവയ്ക്ക് സമീപം പെരിയാർ നദിയിലുണ്ടെന്നാണ് കണ്ടെത്തൽ. ഐഎസ്ആർഒയുടെ പ്ലാന്റ് കിലോമീറ്ററുകൾ ചുറ്റളവിലുള്ള ജലസ്രോതസ്സുകളെയെല്ലാം മലിനമാക്കിക്കൊണ്ടിരിക്കുകയാണ്.

കീഴ്മാട് പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഇതേക്കുറിച്ച് പഠിക്കാൻ എറണാകുളം ജില്ലാ കളക്ടർ ഒരു ടെക്‌നിക്കൽ എക്‌സ്പർട്ട് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആലുവയിലെ പ്ലാന്റിന് സമീപമുള്ള എടത്തല, കീഴ്മാട് പഞ്ചായത്തിലെ പ്രദേശങ്ങളിലാണ് ഈ കമ്മിറ്റി പഠനം നടത്തിയത്. ആലുവയിലെ പ്ലാന്റിലെ പൊതു കിണറിൽ 57,000 പി.പി.ബി പെർക്ലോറൈറ്റുണ്ടെന്ന് സംഘം കണ്ടെത്തി. (അനുവദനീയ പരിധി 24 പി.പി.ബി ആണെന്ന് ഓർക്കുക). ഐഎസ്ആർഒയുടെ പ്ലാന്റിലെ എല്ലാ ജലസ്രോതസ്സുകളിലും ഇടത്തലയിലെയും കീഴ്മാടിലെയും 52 ജലസ്രോതസ്സുകളിൽ 31 എണ്ണത്തിലെയും വെള്ളത്തിൽ അതിഗുരുതരമായ അളവിൽ പെർക്ലോറൈറ്റുണ്ടെന്നും വിദഗ്ധ സമിതിയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.

പെർക്ലോറൈറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ബോധ്യമായതോടെ കുളക്കാട് കോളനിയിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് ആവശ്യമുയർന്നു. ഇതനുസരിച്ച് ഐ.എസ്.ആർ.ഒ ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കാൻ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്നരീതിയിൽ വെള്ളമെത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറാകുന്നില്ലെന്നതാണ് ഈ പ്രദേശത്തെ അവസ്ഥ. ആലുവയിൽ കുടിവെള്ളമെത്തിക്കാൻ ടാങ്കുകളെങ്കിലും സ്ഥാപിച്ച ഐ.എസ്.ആർ.ഒ പക്ഷേ വേളി പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ കിണറിലെ വെള്ളത്തിൽ അനുവദനീയ പരിധിയെക്കാൾ ആയിരക്കണക്കിന് മടങ്ങ് പെർക്ലോറൈറ്റുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്കണവാടിയിലെ കുട്ടികൾക്ക് ഭക്ഷണംപാചകം ചെയ്യാനും കുടിക്കാനും നൽകുന്നത് ഈ വെള്ളമാണ്. എത്രഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് ഇതുവഴിയുണ്ടാകാൻ പോകുന്നതെന്ന് ചിന്തിക്കുമ്പോഴാണ് ഐഎസ്ആർഒയുടെ ഭയാനകമായ അലംഭാവത്തിന്റെ കറുത്ത മുഖം പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP