Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ

സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സമൂഹമായ സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി. ആരാധനക്രമങ്ങളെ ചൊല്ലി വർഷങ്ങളായി സഭയിൽ നിലനിന്നിരുന്ന ഭിന്നത ഏതാണ്ട് തീർന്ന് വരവെയാണ് സഭയിലെ ഒരു പ്രബലവിഭാഗം സഭാതലവനെ പുകച്ച് പുറത്തു ചാടിക്കാൻ കച്ചകെട്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ആ വിഭാഗത്തിന്റെ ചതിയിൽ വീണ് മാർ ആലഞ്ചേരിയുടെ ജീവൻ അപകടത്തിലാണ് എന്നു ആരോപിച്ച് മറുവിഭാഗം രംഗത്തുണ്ട്. ചിലരുടെ കെണിയിൽ വീണ് വിവാദത്തിലായ ആലഞ്ചേരി സമ്മർദ്ദം സഹിക്കാനാവാതെ രാജി വച്ചൊഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ മാർ ആലഞ്ചേരിയുടെ ആരോഗ്യത്തിൽ ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വ്യാജ അഴിമതി കഥ മെനഞ്ഞ് സഭാതലവനെ കുരുക്കാനുള്ള കെണി അറിഞ്ഞു നെഞ്ചുപൊട്ടിയാണ് മാർ ആലഞ്ചേരി ആശുപത്രിയിൽ ആയതെന്ന് ഇവർ ആരോപിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് സഭാതലവനെ ആശുപത്രിൽ ആക്കിയെങ്കിലും മൂന്ന് ദിവസത്തേയ്ക്ക് പുറംലോകം അറിയാതെ പോയതും സംശയങ്ങൾക്ക് അടിത്തറയിടുന്നു. ദൈവികത്വം അല്പം പോലും ഇല്ലാത്ത ചില മെത്രാന്മാരും അവരുടെ ശിങ്കിടികളും കൂടി നടത്തുന്ന ഇടപെടലിൽ പെട്ടു മരണശ്ശയ്യനായ മാർ ആലഞ്ചേരിയുടെ ജീവൻ രക്ഷിക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗം സോഷ്യൽ മീഡിയയിൽ എത്തി കഴിഞ്ഞു.

സീറോ മലബാർ സഭയുടെ ഡൽഹി (ഫരീദാബാദ്) രൂപതാദ്ധ്യക്ഷനായ മാർ എബ്രഹാം ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മെത്രാന്മാരും ചില വൈദികരുമാണ് മാർ ആലഞ്ചേരിയെ സമ്മർദ്ദം ചെലുത്തി രാജി വയ്‌പ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എറണാകുളം രൂപതയുടെ ഉടമസ്ഥതയിൽ ഉള്ള ലിസി ആശുപത്രിയുടെ കടം വീട്ടുന്നതടക്കമുള്ള ചില ആവശ്യങ്ങൾക്ക് വേണ്ടി സഭയുടെ ചില സ്വത്തുകൾ വിൽക്കാൻ മാർ ആലഞ്ചേരി അനുമതി നൽകിയത് വലിയ ക്രമക്കേടാണ് ഉന്നയിച്ച് ചിലർ രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തിന്റെ പേരിൽ മുപ്പതോളം വൈദികർ മാർ ആലഞ്ചേരിയെ കണ്ട് ബഹളം ഉണ്ടാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് കർദ്ദിനാൾ ആശുപത്രിയിലായിരിക്കുന്നത് എന്നു മറുനാടൻ മലയാളി സ്ഥിരീകരിച്ചിട്ടുണ്ട്

ഈ വിഷയം സംബന്ധിച്ചു സീറോ മലബാർ വിശ്വാസികളുടെയും വൈദികരുടെയും ഗ്രൂപ്പുകളിൽ സജീവമായ സംവാദങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ആരോപണത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ മാർ ആലഞ്ചേരി ആശുപത്രിയിൽ കഴിയുകയാണ്. മാർ ആലഞ്ചേരിയെ അനുകൂലിക്കുന്ന വൈദികരോ മെത്രാന്മാരോ പോലും ചോദിച്ചിട്ടും യാതോരു അഭിപ്രായവും ഇതുവരെ അദ്ദേഹം പറഞ്ഞിട്ടില്ല. ആശുപത്രിയിൽ നിന്നിറങ്ങിയാൽ ഉടൻ അനാരോഗ്യത്തിന്റെ കാര്യം പറഞ്ഞു പദവി ഒഴിയാനാണ് മേജർ ആർച്ച് ബിഷപിന്റെ ആലോചനയെന്ന് ഭയപ്പെടുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ.

സോഷ്യൽ മീഡിയയിൽ വിശ്വാസികൾ വലിയ തോതിൽ പ്രചരിപ്പിക്കുന്ന ആരോപണങ്ങളിൽ ഒന്നിൽ ഇങ്ങനെയാണ് സംഭവങ്ങൾ വിവരിക്കുന്നത്:

"സിറോ മലബാർ മക്കളെ ഗുരുതരമായ ഒരു അടിയന്തര വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു . നമ്മുടെ സഭാ തലവനായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ ജീവൻ ഇന്ന് അതീവ ഗുരുതര അവസ്ഥയിലാണ് . ഇതിനു കാരണം നമ്മുടെ സഭയിലെ തന്നെ ഏതാനും മെത്രാന്മാരും , വൈദികരുമാണ് . കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ഒരു കെണിയിൽപെടുത്തി സമ്മർദ്ദത്തിലാക്കി രാജിവെപ്പിക്കാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത് .

ഏതാനും നാളുകൾക്ക് മുൻപ് എറണാകുളം അതിരൂപതയുടെ ലിസ്സി ആശുപത്രിയുടെ കടങ്ങൾ വീട്ടാനും , ഏതാനും വികസ്സന പ്രവർത്തനങ്ങൾ നടത്താനും വേണ്ടി സഭയുടെ കീഴിലുള്ള ഒരു ചെറിയ വസ്തു വിൽക്കുന്നതിനുള്ള അനുമതിക്കായി ഏതാനും വൈദികർ അദ്ദേഹത്തെ സമീപിച്ചു . കൂരിയയോടും ( സഭാ ആസ്ഥാനം ) , സഹായ ,മെത്രന്മാരോടും ആലോചിച്ചു അദ്ദേഹം അനുമതി കൊടുക്കുകയും ചെയ്തു . എന്നാൽ ഇതൊരു ചതിയായിരുന്നു എന്നു വിശുദ്ധനും നിഷ്‌കളങ്കനുമായ ഈ വൈദിക ശ്രേഷ്ട്ടൻ അറിഞ്ഞില്ല. പ്രോക്യുരെട്ടർ , ജോഷി പുതുവയുടെ നേതൃത്തത്തിൽ നടന്ന ഈ കൊടും ചതിയിൽ പിതാവ് വീണു , തന്റെ സഹ വൈദികരെ വിശ്വസിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏക വീഴ്‌ച്ച . തങ്ങളോടു ആലോചിക്കാതെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തന്റെ സ്വന്തം ഇഷ്ട പ്രകാരം ഈ വസ്തു സ്വന്തമാക്കി എന്ന വ്യാജം ആരോപിച്ച് വൈദികർ അദ്ദേഹത്തെ ഘരാവോ ചെയ്തു , രാജി വെക്കുവനാവശ്യപ്പെട്ടു . കൂടാതെ , അദ്ദേഹത്തിനെതിരെ ഈ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു സഭയിലെ മെത്രാന്മാർക്ക് കത്തുകളയക്കുകയും , രാജി വെച്ചില്ലെങ്കിൽ പത്രത്തിൽ കൊടുത്തു നാണം കെടുത്തുമെന്നും ഭീഷിണിപ്പെടുത്തിയിപ്പോൾ നമ്മുടെ വലിയ പിതാവ് കുഴഞ്ഞു വീണു . അതിനാൽ തന്നെ , ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വിടാതെ അതീവ രഹസ്യമായി നാല് ദിവസ്സടത്തോളം ഈ ചതിക്ക് പിന്നിൽ പ്രവർത്തിച്ചവർ സമർത്ഥമായി മൂടി വെച്ചു.

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ സഭയിലെ ആരാധനാക്രമ ഭിനത ഒരു പരിധി വരെ കുറഞ്ഞു ഇപ്പോൾ കുറഞ്ഞു വരുകയായിരുന്നു , പരിശുദ്ധ കുർബാനയുടെ പേരിൽ ഉള്ള തർക്കങ്ങൾ മാറി സഭാ സിനഡ് തീരുമാനിച്ചത് പോലെ 50:50 കുർബാന പുതുതായി വന്ന എല്ലാ പ്രവാസി രൂപതകളിലും അടക്കം ഔദ്യോഗികമായി നിലവിൽ വന്നു. എന്നാൽ ഇത് കണ്ടു വിറളിപിടിച്ച, സഭാ ഐക്യത്തിനെതിരെ നിൽക്കുന്ന ഏറണാകുളം - അങ്കമാലി അതിരൂപതയിലെ ഭിന്നതയോടെ ആത്മാവ് ബാധിച്ച ചില കുബുദ്ധികൾ , എറണാകുളം ലോബിയുടെ നേതാവായ കുപ്രസിദ്ധ മെത്രാൻ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിൽ സിനഡ് തീരുമാനങ്ങൾ അട്ടി മറിക്കുവാൻ ഉള്ള ഗൂഢ തന്ത്രങ്ങളും ആയി മുന്നോട്ടു പോകുന്നു. വിശുദ്ധനും നിഷ്‌കളങ്കനുമായ ആലഞ്ചേരി പിതാവിനെ മാറ്റി അവിടെ ഈ ഭരണിയെ സഭാ തലവൻ ആക്കി , സഭയുടെ ഐക്യം തകർത്തു സഭയുടെ തനതായ ആരാധനാക്രമം തകർക്കുക എന്നതാണ് ഇവരുടെ അവസാനം ലക്ഷ്യം. ചില പൈശാചികമായ പ്രത്യയ ശാസ്ത്രം തലക്ക് പിടിച്ച ഇവർ അത് നടപ്പാക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കില്ല എന്നത് വ്യക്തമാക്കുന്ന വസ്തുതകൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

നമുക്കെല്ലാവർക്കും അറിയുന്നത് പോലെ മുൻ സഭാ തലവനായ മാർ വർക്കി വിതയത്തിൽ പിതാവും ഈ ലോബിയുടെ സമ്മർദ്ദത്തിലും ഭീഷണിയിലും ചങ്ക് പൊട്ടിയാണ് മരിച്ചു വീണത്. ഇപ്പോൾ ഇതാ പൂർണ ആരോഗ്യവാനായിരുന്ന കർദ്ദിനാൾ മാർ ജോർജ്ജ് ആലെഞ്ചേരിയും ആശുപത്രിയിൽ ആയിരിക്കുന്നു., ഈ വിഷയത്തിൽ മനം നൊന്തു ആരോടും സംസാരിക്കാതെ , സെക്രട്ടറി അച്ചനെ പോലും മുറിയിൽ കയറ്റാതെ മൗനമായി പ്രാർത്ഥിക്കുകയാണ് നമ്മുടെ വലിയ ഇടയൻ. ദൈവ വിശ്വാസം ഇല്ലാത്ത ഈ വൈദികരും , മാർ ഭരണിയും ഭരണിയുടെ അടുത്ത വൃത്തമായ വത്തിക്കാനിലെ ഒരു കർദ്ദിനാൾ വഴി മാർപാപ്പാക്കു വ്യാജ വിവരങ്ങൾ കൈമാറുകയാണ്. പ്രിയ വിശ്വാസികളെ ,ദൈവ വിശ്വാസം പോലുമില്ലാത്ത സഭയിൽ ഭിന്നത വിതക്കുന്ന എറണാകുളം ലോബിയിലെ ഈ വൈദികരുടെ ചതിയെ പൊതുജന സമക്ഷം തുറന്നു കാട്ടി ഇവർക്ക് എതിരെ നമുക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്ത ഇവരെ നിലക്ക് നിർത്തി, നമ്മുടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ ജീവൻ രക്ഷികുക എന്നത് നമ്മുടെ കടമയാണ്.

ശ്രദ്ധിക്കുക : ഈ കുറിപ്പ് വ്യാജമാണെന്ന് തെളിയിക്കാൻ സഭൈക്യത്തിനു വിഘാതം ആയി നിൽക്കുന്ന എറണാകുളം ലോബിയുടെ അധികാരികളെ വെല്ലു വിളിക്കുന്നു , കത്തിന്റെ ഒരു കോപ്പി വിശ്വാസികളുടെ പക്കലും ഉണ്ട് . പത്ര സമ്മേളനത്തിന് ഞങ്ങളും തയ്യാറാണ്. ഇത്ര മാത്രം നീചമായി പ്രവർത്തിക്കാൻ മാത്രം അധംപതിച്ചു പോയോ നിങ്ങൾ എന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു. "

ഈ ആരോപണങ്ങളിൽ ഏതെല്ലാം ശരിയാണ് എന്നു മറുനാടൻ മലയാളിക്ക് വ്യക്തമല്ല. മാർ ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു ഗൂഢാലോചന നടക്കുന്നുണ്ട് എന്നതും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഒരു പക്ഷേ, അതൊരു ആരോപണം മാത്രം ആയിരിക്കാം. എന്നാൽ മാർ ആലഞ്ചേരിയെ അടുത്തറിയാവുന്ന ആരും അദ്ദേഹം അഴിമതിക്കാരൻ ആണെന്നോ, സ്വന്തം കാര്യത്തിനായി പണം അടിച്ചു മാറ്റുമെന്നോ വിശ്വസിക്കുകയില്ല എന്നതാണ് വാസ്തവം. എന്നു മാത്രമല്ല വടക്കൻ - തെക്കൻ വിഭാഗമായി തിരിഞ്ഞുള്ള സഭാതർക്കം നാളുകളായി സീറോമലബാർ സഭയിൽ ഉണ്ട്. വടക്കൻ വിഭാഗത്തിന്റെ എതിർപ്പോടെയാണ് തെക്കൻ വിഭാഗത്തിൽ നിന്നുള്ള മാർ ആലഞ്ചേരി സഭാതലവനാകുന്നത്.

ഇങ്ങനെ സഭാതലവനാകുന്ന ആളാണ് വടക്കൻ വിഭാഗത്തിന്റെ ആസ്ഥാനമായ എറണാകുളം - അങ്കമാലി രൂപതയുടെ മെത്രാനാകുന്നത്. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിക്കാരനായ മാർ ആലഞ്ചേരിക്കെതിരെ വടക്കൻ വിഭാഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങൾ തുടക്കം മുതലെ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി വികാരിയായിരുന്നതിന്റെ ഭാഗമായിരുന്ന കാഞ്ഞിരപ്പള്ളി, പാലാ, തൃശൂർ, ഇരിങ്ങാലക്കുട, താമരശ്ശേരി, മാനന്തവാടി തുടങ്ങിയ മിക്ക രൂപകകളും വടക്കൻ വിഭാഗത്തിന്റെ കീഴിലാണ്. എന്നാൽ അപ്രതീക്ഷിതമായ തെക്കൻ വിഭാഗത്തിൽ പെട്ട മാർ ആലഞ്ചേരി മേജർ ആർച്ച് ബിഷപ് ആവുകയായിരുന്നു.

തെക്കൻ വിഭാഗത്തിന്റെ തലതൊട്ടപ്പൻ എന്ന ഒറ്റക്കാരണം കൊണ്ടാണ് സീറോ മലബാർ സഭയിലെ ഏറ്റവും ശക്തനായിരുന്നിട്ടും മാർ ജോസഫ് പൗവ്വത്തിൽ മേജർ ആർച് ബിഷപ് ആകാതെ പോയത്. ആ തർക്കമാണ് ഇപ്പോൾ വമ്പൻ ആരോപണങ്ങളിൽ എത്തിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP