Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുപ്പള്ളിയിൽ ജേക്കബ് തോമസ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമെന്ന പ്രചാരണത്തിന് പിന്നിൽ മുഖ്യമന്ത്രി തന്നെ; ഡിജിപിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വരുത്താൻ ഗൂഢാലോചന നടന്നത് കോട്ടയത്ത്; ജനപ്രിയ ഉദ്യോഗസ്ഥനെതിരെ കോൺഗ്രസുകാരെ എങ്കിലും തിരിക്കാൻ കരുതിക്കൂട്ടി എഴുതിയ തിരക്കഥ

പുതുപ്പള്ളിയിൽ ജേക്കബ് തോമസ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമെന്ന പ്രചാരണത്തിന് പിന്നിൽ മുഖ്യമന്ത്രി തന്നെ; ഡിജിപിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വരുത്താൻ ഗൂഢാലോചന നടന്നത് കോട്ടയത്ത്; ജനപ്രിയ ഉദ്യോഗസ്ഥനെതിരെ കോൺഗ്രസുകാരെ എങ്കിലും തിരിക്കാൻ കരുതിക്കൂട്ടി എഴുതിയ തിരക്കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നിൽക്കുന്ന ഡിജിപി ജേക്കബ് തോമസ് പുതുപ്പള്ളിയിൽ അടുത്ത തവണ ഇടത് സ്ഥാനാർത്ഥിയായ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രപ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന കഥ ഇന്ന് ഒരു പത്രം എക്‌സ്‌ക്ലൂസീവ് ആയി അച്ചടിച്ച് കഴിഞ്ഞു. എന്നാൽ ഈ പ്രചാരണത്തിന്റെ മുമ്പിൽ സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെയാണ് എന്നാണ് സൂചന. വിമത പൊലീസ് ഉദ്യോഗസ്ഥന്റെ ഉറച്ച നിലപാടിന് ലഭിക്കുന്ന ജനപിന്തുണ ഉമ്മൻ ചാണ്ടിയുടെ ജനാഭിപ്രായത്തിന് എതിരാവുമെന്ന് കണ്ടതോടെ ജേക്കബ് തോമസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്ന് വരുത്താനാണ് ഗൂഢാലോചന നടക്കുന്നത്. ഈ തിയറി അവതരിപ്പിക്കാൻ മുഖ്യമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങൾ കുറച്ച് ദിവസങ്ങളായി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്്. മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂരിനും അടുത്ത ബന്ധുക്കൾ കോട്ടയത്ത് പത്രപ്രവർത്തകനെ കൊണ്ട് കഴിഞ്ഞ ദിവസം ഇത് അച്ചടിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് കോൺഗ്രസുകാരെങ്കിലും അണി നിരക്കാൻ ആണ് ഈ നീക്കം.

ഫയർഫോഴ്‌സ് മേധാവിയായിരിക്കെ ജേക്കബ് തോമസ് നടത്തിയ നീക്കമാണ് ഉമ്മൻ ചാണ്ടിയെ ചൊടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയുമാക്കി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ പരസ്യ പ്രസ്താവനകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കരുതലോടെയായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഇതിനിടെ ഫയർഫോഴ്‌സ് മേധാവിയായിരുന്ന അനിൽ കാന്ത്, ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടും നൽകി. ഇതോടെ മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കാട്ടി ജേക്കബ് തോമസ് നോട്ടീസ് നൽകി. സർക്കാരിനോട് നിയമ നടപടിയെടുക്കാൻ അനുവാദവും തേടി. ഇതിനിടെയിൽ ജേക്കബ് തോമസിന്റെ അച്ചടക്ക നടപടി പിൻവലിച്ച് നിയമസഭയിൽ പ്രസ്താവന തിരുത്തുന്ന തരത്തിൽ പ്രസ്താവനയും മുഖ്യമന്ത്രി നടത്തി.

ജേക്കബ് തോമസിനെ അനുനയിപ്പിക്കാനായിരുന്നു ഇത്. എന്നാൽ ഒന്നും ഫലിച്ചില്ല. തന്റെ പേരു പറഞ്ഞായിരുന്നു വിമർശനം. അതുകൊണ്ട് തന്നെ പേരു പറഞ്ഞ് മാപ്പ് വേണമെന്ന് ജേക്കബ് തോമസ് ഉറച്ച നിലപാട് എടുത്തു. ഇതോടെയാണ് രാഷ്ട്രീയ ആരോപണങ്ങളിലൂടെ ജേക്കബ് തോമസിനെ കുടുക്കാൻ ശ്രമം തുടങ്ങിയത്. ജേക്കബ് തോമസ് വലിയ അഴിമതിക്കാരനാണെന്ന തരത്തിൽ പ്രചരണവും എത്തി. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സൻ ഇക്കാര്യം പറയുകയും ചെയ്തു. വീക്ഷണത്തിൽ മുഖപ്രസംഗവും വന്നു. ഇതിന് പിറകേയാണ് ഇടത് സ്ഥാനാർത്ഥിയാകാൻ ഡിജിപി കരുനീക്കം നടത്തുന്നുവെന്ന പ്രചരണം. ഇതിലൂടെ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ നീക്കമായി ജേക്കബ് തോമസിന്റെ കരുനീക്കങ്ങളെ മാറ്റും. നിയമപോരാട്ടത്തിന് ഒരുങ്ങുന്ന ഡിജിപിയെ താറടിക്കാനാണ് ശ്രമം. ഇതിന് വിശ്വസ്തരെ തന്നെ കണ്ടെത്തുകയാണ് കോൺഗ്രസിലെ എ ക്യാമ്പ്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ ഡി.ജി.പി. ജേക്കബ് തോമസും ഉണ്ടെന്നായിരുന്നു ഇന്നത്തെ പത്രവാർത്ത. ഇടതു സ്വതന്ത്രന്മാരുടെ പരിഗണനാ പട്ടികയിലുള്ള ജേക്കബ് തോമസിനെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ മത്സരിപ്പിക്കാമെന്നു വാഗ്ദാനം. വിരമിക്കാൻ കുറച്ചു നാളുകൾ മാത്രമുള്ള ഡി.ജി.പിയെ രാഷ്ട്രീയക്കളത്തിലിറക്കാനുള്ള ചരടുവലിക്കു പിന്നിൽ അടുത്തിടെ യു.ഡി.എഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം നിലകൊള്ളുന്ന നേതാവാണ്. ജേക്കബ് തോമസ് സർക്കാരിനെതിരേ നടത്തുന്ന വിമർശനങ്ങൾ ഇടതുമുന്നണിക്കു ഗുണകരമാകുമെന്നും അദ്ദേഹത്തെ മത്സരത്തിനിറക്കിയാൽ അഴിമതിക്കെതിരേയുള്ള പേരാട്ടമെന്ന പ്രതിഛായ തെരഞ്ഞെടുപ്പിൽ സൃഷ്ടിക്കാൻ കഴിയുമെന്നുമാണ് ജേക്കബ് തോമസിനു വേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

ഇതേസമയം, സ്ഥാനാർത്ഥിത്വം സംബന്ധിച്ചു സിപിഎമ്മിൽ നിന്നു കിട്ടിയ ഉറപ്പുകളുടെ പിൻബലത്തിലാണ് ജേക്കബ് തോമസ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആഞ്ഞടിക്കുന്നതെന്നും വാദങ്ങളുണ്ട്. ജേക്കബ് തോമസിനെതിരേ സർക്കാർ നിരത്തിയ ആരോപണങ്ങളിൽ നിന്നു നിയമസഭയിൽ മുഖ്യമന്ത്രി പിന്നോക്കം പോയെങ്കിലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന സമീപനമാണ് ഡി.ജി.പി. കൈക്കൊണ്ടത്. ഇതോടെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അദ്ദേഹത്തിന്റെ പേരും സജീവ ചർച്ചയായതെന്നാണ് വാർത്ത. കോട്ടയത്ത് നടന്ന ഗൂഢാലോചന മാത്രമാണ് വാർത്തയെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. അങ്ങനെയാണ് കള്ളക്കളികൾ പുറത്തായത്.

ബിജ രാധാകൃഷ്ണന്റെ സോളാർ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. ബിജ രാധാകൃഷ്ണനുമായി പോയ പൊലീസ് വാഹനം പോലും തടഞ്ഞു. ഇതേ മാതൃകയിൽ ജേക്കബ് തോമസിനേയും തെരുവിൽ നേരിടാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനവും. നേരത്തെ പൊലീസ് മേധാവി ടിപി സെൻകുമാറും പരസ്യമായി ജേക്കബ് തോമസിനെ കുറ്റപ്പെടുത്തിയിരുന്നു. ആർക്കുമറിയാത്ത പലതും ജേക്കബ് തോമസിനെ കുറിച്ച് തനിക്ക് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതോടെയാണ് ജേക്കബ് തോമസിനെ അഴിമതിക്കാരനാക്കാനുള്ള തന്ത്രം കോൺഗ്രസ് ആവഷ്‌കരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയാകുമെന്ന പമാർശം കൂടിയാകുമ്പോൾ ഡിജിപി പ്രതിരോധത്തിലാകുമെന്നാണ് കണക്ക് കൂട്ടൽ. ഏതായാലും ഈ ആരോപണങ്ങളോട് കരുതലോടെ മാത്രമേ ഡിജിപി പ്രതികരിക്കൂ.

സർക്കാരിനെ വിമർശിച്ച ഡി.ജി.പി ജേക്കബ് തോമസിനെതിരെ പൊലീസ് മേധാവി ടി.പി.സെൻകുമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. അഴിമതി വിളിച്ചു പറഞ്ഞതിന്റെ പേരിൽ 30 വർഷത്തിനിടെ സംസ്ഥാനത്ത് ആരും ആരെയും ഭ്രാന്തനാക്കിയിട്ടില്ലെന്നും എത്ര ഉന്നതനായാലും പരിധി വിട്ടാൽ സർക്കാർ നടപടിയെടുക്കണമെന്നും സെൻകുമാർ പറഞ്ഞിരുന്നു. തനിക്ക് മാത്രം ഒരു നിയമം മറ്റുള്ളവർക്കെല്ലാം മറ്റൊരു നിയമം എന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. താനായിരുന്നെങ്കിൽ ഇത്തരം നിലപാടെടുക്കുന്നവരെ പണ്ടേ സസ്‌പെൻഡ് ചെയ്‌തേനെ എന്നും സെൻകുമാർ പറഞ്ഞിരുന്നു. ഇതിനോടും വീക്ഷണത്തിലെ മുഖപ്രസംഗത്തോടും ജേക്കബ് തോമസ് പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ പോലുള്ളവർ പിന്തുണയുമായി എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നാണ് ഡിജിപയുടെ നിലപാട്. ഇത് കോൺഗ്രസ് നേതാക്കളേയും വെട്ടിലാക്കിയിട്ടുണ്ട്.

അഴിമതി വിരുദ്ധ ദിനത്തിൽ സർക്കാരിനെതിരെ ചില പരോക്ഷ പരാമർശങ്ങൾ ജേക്കബ് തോമസ് നടത്തിയിരുന്നു. എന്നാൽ അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരാതെയായിരുന്നു ആ പ്രസംഗം. അതുകൊണ്ട് തന്നെ നടപടിയെടുക്കാൻ കഴിയാതെ പോയി. വീക്ഷണത്തിലേയും കോൺഗ്രസ് നേതാക്കളുടേയും പരാർശങ്ങൾ ജേക്കബ് തോമസിനെ അസ്വസ്ഥനാക്കുമെന്നും അദ്ദേഹം പൊട്ടിത്തെറിക്കുമെന്നായിരുന്നു വിലയിരുത്തൽ. തുടർന്നുള്ള പ്രതികരണങ്ങൾ അച്ചടക്ക നടപിടിക്ക് കാരണമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ വീക്ഷണം വായിക്കേണ്ട ഗതി വരാറില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീക്ഷണത്തിനെതിരേയും നിയമനടപടി സ്വീകരിക്കാൻ സാധ്യതകൾ തേടുന്നുണ്ട്. ഹസ്സനെ പോലുള്ളവരെ കാര്യമാക്കേണ്ടെന്നാണ് അദ്ദേഹത്തിന് കിട്ടിയ ഉപദേശം.

സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്‌നം കാണാമെന്ന് ഡി.ജി.പി ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റം ശ്രദ്ധേയമായിരുന്നു. സർക്കാരിനെതിരെ പരസ്യവിമർശനം നടത്തിയെന്ന ആരോപണത്തിൻ മേൽ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. ബാർകോഴ വിധിയെ അനുകൂലിച്ചും ഫ് ളാറ്റ് ലൈസൻസ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന കണ്ടെത്തലോടുകൂടിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ചയാണ് സർക്കാരിന് നൽകിയത്.

രണ്ട് സംഭവത്തിലും പരസ്യപ്രസ്താവന നടത്തിയ ജേക്കബ് തോമസിനെതിരെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. അതിനിടെയാണ് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP