Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെലവെല്ലാം സിഡ്‌കോയ്ക്ക്; ലാഭത്തിന്റെ 45 ശതമാനം ജയ്ഹിന്ദിനും; കോൺഗ്രസ് ചാനലിലെ കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് വൗച്ചറില്ലാതെ പണവും നൽകി; ബന്ധുത്വ വിവാദവും സ്വജനപക്ഷപാതവും വിവാദമാക്കുന്നവർ അറിയാൻ യുഡിഎഫ് ഭരണകാലത്തെ ഒരു തട്ടിപ്പിന്റെ കഥ

ചെലവെല്ലാം സിഡ്‌കോയ്ക്ക്; ലാഭത്തിന്റെ 45 ശതമാനം ജയ്ഹിന്ദിനും; കോൺഗ്രസ് ചാനലിലെ കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് വൗച്ചറില്ലാതെ പണവും നൽകി; ബന്ധുത്വ വിവാദവും സ്വജനപക്ഷപാതവും വിവാദമാക്കുന്നവർ അറിയാൻ യുഡിഎഫ് ഭരണകാലത്തെ ഒരു തട്ടിപ്പിന്റെ കഥ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള സിഡ്‌കോയിലെ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി പുറത്തുവരുന്നു. ജയ്ഹിന്ദ് ടി.വിയുമായി ചേർന്ന് സിഡ്‌കോ നടത്തിയ ക്രമക്കേടിന്റെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിഡ്‌കോയും ജയ്ഹിന്ദ് ടി.വിയും ചേർന്ന് നടത്തിയ ഇടപാടുകൾ വഴി സിഡ്‌കോയ്ക്ക് 29 ലക്ഷം രൂപ നഷ്ടം ഉണ്ടായതായി ഓഡിറ്റർമാർ കണ്ടെത്തി. സ്വജയപക്ഷപാതവും ബന്ധുത്വ നിയമനവും ചർച്ചയാകുമ്പോഴാണ് യുഡിഎഫ് ഭരണകാലത്ത് കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് വേണ്ടി പൊതുമേഖലാ സ്ഥാപനം നടത്തിയ അനധികൃത ഇടപെടൽ ചർച്ചയാകുന്നത്.

സിഡ്‌കോയിൽ എം.ഡിയായിരിക്കെ നിരവധി ക്രമക്കേടുകളുടെ പേരിൽ കുറ്റാരോപിതനായ സജിബഷീർ തന്നെയാണ് ഈ ഇടപാടിന് പിന്നിലെയും പ്രധാനകണ്ണി. കോൺഗ്രസ് ചാനലായ ജയ്ഹിന്ദിനുവേണ്ടി യു.ഡി.എഫ് ഭരണകാലത്ത് സജി ബഷീർ ഡയറക്ടർ ബോർഡിനെ മറികടന്ന് സഹായിക്കുകയായിരുന്നു. 2012 ഓഗസ്റ്റ് മാസത്തിൽ നടത്തിയ ഓണം വ്യാപാര മേളയോടനുബന്ധിച്ചാണ് ജയ്ഹിന്ദ് ടി.വി സിഡ്‌കോയ്ക്ക് നഷ്ടം വരുത്തിവച്ചത്. ജയ്ഹിന്ദ് ടി.വിയിലെ വാർത്താ വിഭാഗത്തിലെ രണ്ടാമൻ എം ടി. ബാലൻ വൗച്ചറുകൾ ഒപ്പിടാതെ പണം കൈപ്പറ്റിയതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

കഥ ഇങ്ങനെ: സിഡ്‌കോയുടെ 248 ആം ഡയറക്ടർ ബോർഡ് യോഗമാണ് എല്ലാ താലൂക്കുകളിലും വ്യാപാരമേള നടത്താനും തിരുവനന്തപുരത്ത് കനകക്കുന്നിൽ മെഗാ വ്യാപാരമേള നടത്താനും തീരുമാനം എടുത്തത്. തുടർന്ന് വ്യാപാരമേള നടത്തുന്നതിന് സിഡ്‌കോ ജയ്ഹിന്ദ് ടി.വിയുമായി കരാറിലേർപ്പെട്ടു. കരാർ അനുസരിച്ച് വ്യാപാരമേള നടത്താനുള്ള ചുമതല ജയ്ഹിന്ദ് ടി.വിക്കായിരുന്നു. കരാർ പ്രകാരം മേളയ്ക്ക് വേണ്ട വിവിധ സേവനങ്ങൾ ഏകീകരിക്കുക ,കൺസൾട്ടൻസി നിർവ്വഹിക്കുക ,പരസ്യങ്ങൾ വഴി മേളയ്ക്ക് ആവശ്യമായ പ്രമോഷൻ നൽകുക. തുടങ്ങിയവ ജയ്ഹിന്ദ് ടി.വിയുടെ ഉത്തരവാദിത്തിൽ ഉൾപ്പെടുന്നു. മേളവഴി ലഭിക്കുന്ന ലാഭത്തിന്റെ 45 ശതമാനം ജയ്ഹിന്ദ് ടി.വിക്കും 55 ശതമാനം സിഡ്‌കോയ്ക്കും എന്നായിരുന്നു കരാർ. മേളയ്ക്ക് വേണ്ട മൊത്തം ചെലവ് തുകയായ 77.87 ലക്ഷം രൂപ സിഡ്‌കോ വഹിക്കും എന്നും കരാറിൽ വ്യക്തമാക്കിയിരുന്നു ഈ തുക സിഡ്‌കോ ചെലവിട്ടു.

എന്നാൽ പരിപാടിയിൽ നിന്ന് ആകെലഭിച്ച തുക 49.34 ലക്ഷം മാത്രമാണ്. 77.87 ലക്ഷംരൂപ ചെലവിട്ട് നടത്തിയ വ്യാപാരമേള സിഡ്‌കോയ്ക്ക് 28 ലക്ഷം രൂപ നഷ്ടമാണ് സമ്മാനിച്ചത്. ഗ്രൗണ്ട് വാടകയിനത്തിൽ 3.62 ലക്ഷവും പരസ്യഇനത്തിൽ 70.52 ലക്ഷവും കലാപരിപാടികൾക്കായി 95000 രൂപയും വാഹന യാത്രാസൗകര്യങ്ങൾക്കായി 71000വും മറ്റ് ഇനങ്ങളിൽ 2.37 ലക്ഷവും ചെലവായി. എന്നാൽ ആകെ വരുമാനം 49 ദശാംശം 34 ലക്ഷം മാത്രമാണ്. പരസ്യഇനത്തിൽ നാല് ലക്ഷവും എൻട്രി ഫീ ഇനത്തിൽ 1.70 ലക്ഷവും സ്റ്റാളുകൾ വാടകയ്ക്ക് നൽകുന്നത് 27.58 ലക്ഷവും സ്‌പോൺസർഷിപ്പ് എന്നപേരിൽ 16 ലക്ഷവുമാണ് വരുമാനമായി കണക്കിൽ കാണിച്ചിട്ടുള്ളത്.

വരുമാനത്തിന്റെ വിഭാഗത്തിൽ കോൺട്രിബ്യഷൻസ് എന്ന് കാണിച്ചിരിക്കുന്ന 13 ലക്ഷംരൂപ സിഡ്‌കോയുടെ തന്നെ മറ്റ് യൂണിറ്റുകൾ നൽകിയതാണെന്നും അതുകൊണ്ടുതന്നെ വരുമാനമായി കണക്കാക്കാൻ ആകില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ജയ്ഹിന്ദ് ടി.വിയും സിഡ്‌കോയും തമ്മിലുള്ള കരാർ അനുസരിച്ച് ലാഭം 45:55 എന്ന രീതിയിൽ പങ്കിടേണ്ടതാണെങ്കിലും നഷ്ടം വന്നപ്പോൾ സിഡ്‌കോയ്ക്ക് മൊത്തത്തിൽ വഹിക്കേണ്ടിവന്നു. നഷ്ടം നികത്താതെ ജയ്ഹിന്ദ് ടി.വി തലയൂരി. മെഗാവ്യാപാരമേള നടത്തണമെന്ന് സിഡ്‌കോയുടെ ഡയറക്ടർ ബോർഡ് തീരുമാനം എടുത്തതാണെങ്കിലും അത് ജയ്ഹിന്ദ് ടി.വിക്ക് നൽകിയത് സിഡ്‌കോ ഡയറക്ടർ ബോർഡ് അറിയാതെയാണ്. ജയ്ഹിന്ദ് ടി.വിയിലെ ഉന്നതനും സിഡ്‌കോ എം.ഡിയായിരുന്ന സജി ബഷീറും ചേർന്നാണ് ഈ നാടകത്തിന് കളമൊരുക്കിയത് വൻതുക നഷ്ടം വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു ബജറ്റ് തയ്യാറാക്കുകയും പരിപാടി നടത്തുകയും ആയിരുന്നു. പരസ്യ ഇനത്തിൽ ലക്ഷങ്ങളാണ് ജയ്ഹിന്ദ് നേട്ടം കൊയ്തത്.

എന്നാൽ നഷ്ടംമുഴുവൻ സിഡ്‌കോയ്ക്കും. ജയ്ഹിന്ദ് ടി.വിയിലെ ഉന്നത ഉദ്യോഗസ്ഥർ പലരും പണം എഴുതിയെടുത്തതിൽ ക്രമക്കേടുണ്ടെന്നും ഓഡിറ്റർ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ജയ്ഹിന്ദ് ടി.വിയിലെ മുതിർന്ന ഉദ്യോഗസ്ഥനായി എം ടി. ബാലൻ 95,000 രൂപ വൗച്ചറില്ലാതെയാണ് എഴുതിയെടുത്തത്. കലാപരിപാടികൾക്കുള്ള അഡ്വാൻസ് തുകയായിട്ടാണ് ഇത് വകയിരുത്തിയിരിക്കുന്നത്. ജയ്ഹിന്ദ് ടി.വിയിലെ പി.ആർ.ഒ പ്രേംകുമാർ 20,000 രൂപ വൗച്ചറില്ലാതെ എഴുതിയെടുത്തു. ലിമാക്‌സ് അഡ്വർട്ടൈസേഴ്‌സ് എന്ന കമ്പനിക്ക് പരസ്യ ചെലവ്ക്കായി 30 ലക്ഷം രൂപ നൽകിയതിനും സ്റ്റേജ് സംവിധാനം ഒരുക്കാൻ 30 ലക്ഷം രൂപ ചെലവിട്ടതിലും ക്രമക്കേടുകളുണ്ട്. മൊത്തത്തിൽ സിഡ്‌കോയെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടമാണ് ജയ്ഹിന്ദ് ടി.വിയുമായി ചേർന്ന് നടത്തിയ വ്യാപാരമേളയിൽ ഉണ്ടായതെന്നും ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.

സിഡ്‌കോയിലിരുന്നപ്പോൾ നിരവധി ക്രമക്കേടുകൾ നടത്തിയതിന്റെ പേരിൽ അന്വേഷണങ്ങൾ നേരിടുന്ന വ്യക്തിയാണ് എം.ഡിയായിരുന്ന സജിബഷീർ. എട്ട് വിജിലൻസ് കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇതിൽ രണ്ടെണ്ണത്തിൽ സജി ബഷീറിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. ഇത്രയധികം ആരോപണങ്ങൾക്കിടെയാണ് ജയ് ഹിന്ദ് ടി.വിയുമായി ചേർന്ന് ക്രമവിരുദ്ധമായി നടത്തിയ വ്യാപാരമേളയുടെ വിശദാശംങ്ങൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP