Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലുകളിൽ നടക്കുന്നത് ദയാവധമോ? രോഗവും മരണവും കേരളത്തിലെ തടവറകളിൽ നിത്യസംഭവം; രോഗങ്ങളും മരണവും കൂടാൻ കാരണം തടവ് പുള്ളികളുടെ ആധിക്യം

ജയിലുകളിൽ നടക്കുന്നത് ദയാവധമോ? രോഗവും മരണവും കേരളത്തിലെ തടവറകളിൽ നിത്യസംഭവം; രോഗങ്ങളും മരണവും കൂടാൻ കാരണം തടവ് പുള്ളികളുടെ ആധിക്യം

തിരുവനന്തപുരം: കേരളത്തിൽ ആകെ 54 ജയിലുകളാണുള്ളത്. ഈ ജയിലുകളിലായി പരമാവധി 6217 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമേയുള്ളു. എന്നാൽ 7481 തടവുകാരെയാണ് പാർപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ 1220 തടവുകാരാണ് ഇവിടെയുള്ളത്.

ഇത്രയും തടവുപുള്ളികളെ പരിപാലിക്കുന്നതിനാവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടില്ല. താഴേത്തട്ടിലുള്ള വാർഡന്മാരാണ് മേൽനോട്ടം വഹിക്കുന്നത്. ആറു തടവുകാർക്ക് ഒരു വാർഡൻ എന്ന അനുപാതത്തിൽ 1754 ജീവനക്കാരെങ്കിലും വേണ്ടതാണ്. അധികമായി പാർപ്പിച്ചിരിക്കുന്ന തടവുകാരെക്കൂടി കണക്കിലെടുത്താൽ 2000 ജീവനക്കാരെയെങ്കിലും വിന്യസിക്കേണ്ടിവരും. എന്നാൽ 1460 ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. ഈ ജീവനക്കാരിൽ നല്ലൊരു ഭാഗവും ദിവസവേതനക്കാരുമാണ്.

തടവുകാരെ പരിപാലിക്കുന്നതിനാവശ്യമായ ഒരു പരിശീലനവും ഇവർക്ക് ലഭിച്ചിട്ടില്ല. പരിഷ്‌കൃതരാജ്യങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വിദഗ്ധമായ പരിശീലനമാണ് നൽകുന്നത്. അടയന്തരഘട്ടങ്ങൾ നേരിടാനുള്ള വൈദഗ്ധ്യവും ഇവർക്കുണ്ട്. എന്നാൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് കേരളത്തിലുള്ള ജയിൽ ഉദ്യോഗസ്ഥന്മാരെ നിയമിക്കാറുള്ളത്.

ജയിൽവാസത്തിനിടയിൽ കുറ്റവാളികളെ തിരുത്തുന്നതിനും അവരെ നേർവഴിക്കു കൊണ്ടുവരുന്നതിനും ആവശ്യമായ ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കണമെന്നതാണ് നിയമം. എന്നാൽ കേരളത്തിലെ ജയിലുകളിൽനിന്നു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർ വീണ്ടും കുറ്റവാസനയിലേയ്ക്ക് പോകും അങ്ങനെയാണ് ജയിലുകളിലെ ഇപ്പോഴത്തെ പരിചരണ രീതി. ജയിലുകളിൽ എത്തിപ്പെടുന്നവരിൽ ഭൂരിഭാഗവും സ്ഥിരം കുറ്റവാളികളല്ല. സാഹചര്യം കൊണ്ട് കുറ്റവാളികളായി മാറിയവരാണ്.

ഇവരിൽ ആദ്യമായി ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരും ഉണ്ട്. ഇവരെ കൊടും കുറ്റവാളികൾക്കൊപ്പം പാർപ്പിക്കുന്നത് അപകടകരമാണ്. ഓരോ കുറ്റവാളിയുടെയും ജീവിതസാഹചര്യവും കുറ്റകൃത്യത്തിന്റെ സ്വഭാവവും പരിശോധിച്ച് അവരെ പ്രത്യേകം സെല്ലുകളിൽ പാർപ്പിക്കാനുള്ള യാതൊരു സംവിധാനവും ഇപ്പോൾ സംസ്ഥാനത്തെ ജയിലുകളിലില്ല. ഇവരിൽ തന്നെ മാനസികരോഗത്തിനിരയായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരും ഉണ്ട്. ഒട്ടേറെ ജയിൽ പരിഷ്‌കരണ നടപടികൾ വന്നിട്ടുണ്ടെങ്കിലും ഇതിലൊന്നും അടിസ്ഥാനപരമായ മാറ്റം ഉണ്ടായിട്ടില്ല.

തടവുകാർക്കും മനുഷ്യാവകാശമുണ്ടെന്നുള്ളത് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനനുസൃതമായ സമീപനങ്ങളാണ് പിരഷ്‌കരണ സമൂഹങ്ങളിൽ നിലവിലുള്ളത്. എന്നാൽ കേരളത്തിലെ സാഹചര്യം അതിനനുസൃതമായി രൂപപ്പെട്ടു വന്നിട്ടില്ലയെന്നു വേണം കരുതാൻ. തടവറകളിൽ കഴിയുന്നവർക്ക് അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അവരിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളാണ് ഇതിലേക്ക് വഴിതെളിക്കുന്നത്.

ഏഴായിരത്തിൽപരം തടവുകാർക്ക് ആകെ ജയിലിലുള്ളത് ആകെ 7 ഡോക്ടർമാരുടെ സേവനം മാത്രമാണ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ സെൻട്രൽ ജയിലുകളിൽ മാത്രമാണ് ആശുപത്രി സൗകര്യം ഉള്ളത്. കഴിഞ്ഞ ആറുവർഷത്തിനിടയിൽ കേരളത്തിലെ തടവറകളിൽ മരിച്ചവരുടെ എണ്ണം 280 ആണെന്നാണ് ജയിൽ രേഖകൾ വ്യക്തമാക്കുന്നത്. ഇവരിൽ ഭൂരിഭാഗവും പെട്ടെന്നുള്ള രോഗകാരണങ്ങൾ കൊണ്ടാണ് മരണമടഞ്ഞിട്ടുള്ളത്. വിദഗ്ധചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇവരിൽ പലരുടെയും ജീവൻ രക്ഷിക്കാമായിരുന്നു.

മാരകരോഗങ്ങളോടു മല്ലിടുന്ന 200 ഓളം തടവുകാർ ഇപ്പോഴും ജയിലുകളിൽ ഉണ്ട്. ജയിലുകളിൽ മനോരോഗികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജയിൽരേഖയനുസരിച്ചു തന്നെ അഞ്ഞൂറിൽപരം തടവുകാർക്ക് മനോരോഗമുണ്ട്, ചിലരുടെ നില ഗുരുതരവുമാണ്. അവർ മനോരോഗ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. എന്നാൽ ഒരു ജയിലിലും മനോരോഗ വിദഗ്ധന്റെ സേവനം ഇല്ലായെന്നുള്ളതാണ് യാഥാർഥ്യം. തടവുകാർക്ക് മനോരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന യാഥാർഥ്യത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ആരംഭത്തിൽ പലർക്കും ശരിയായ ചികിത്സ ലഭിക്കാറില്ല. ക്രമേണ ഗുരുതര മനോരോഗത്തിന് കൊണ്ടെത്തിക്കും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ജയിലുകളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും മനോരോഗവിദഗ്ധന്റെ സേവനം ആവശ്യമാണെന്ന അഭിപ്രായം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും കോടിക്കണക്കിനു രൂപ വിനിയോഗിക്കുമ്പോൾ ഇതുപോലെയുള്ള അടിസ്ഥാനപ്രശ്‌നങ്ങളിൽ സർക്കാർ ഗൗനിക്കുന്നില്ല. ചുരുക്കത്തിൽ ആയുസിന്റെ ബലം കൊണ്ടുമാത്രമാണ് തടവുകാരിൽ പലരും ഇന്നുജീവിച്ചു പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP