Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറുവള്ളി എസ്‌റ്റേറ്റിലെ ജീവനക്കാർക്ക് അനുകൂല്യങ്ങൾ വേണമെങ്കിൽ കെ പി യോഹന്നാന്റെ സഭയിൽ പ്രവർത്തിച്ചു കൊള്ളാമെന്ന് എഴുതി ഒപ്പിട്ടു നൽകണം; ഇസ്ലാമിക വിശ്വാസിയുടെ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസിന് അനക്കമില്ല; ഈഴവ തൊഴിലാളികൾക്കും പീഡനം

ചെറുവള്ളി എസ്‌റ്റേറ്റിലെ ജീവനക്കാർക്ക് അനുകൂല്യങ്ങൾ വേണമെങ്കിൽ കെ പി യോഹന്നാന്റെ സഭയിൽ പ്രവർത്തിച്ചു കൊള്ളാമെന്ന് എഴുതി ഒപ്പിട്ടു നൽകണം; ഇസ്ലാമിക വിശ്വാസിയുടെ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസിന് അനക്കമില്ല; ഈഴവ തൊഴിലാളികൾക്കും പീഡനം

ആലപ്പുഴ: സ്വയംപ്രഖ്യാപിത മെത്രാൻ കെപി യോഹന്നാന്റെ താൻ സ്വയം രൂപംകൊടുത്ത ബിലീവേഴ്‌സ് ചർച്ചിലേക്ക് ആളെ കൂട്ടാൻ ആളും അർത്ഥവും ഉപയോഗിക്കുന്നവെന്ന വാർത്ത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിദേശത്തു നിന്നുമെത്തുന്ന ഫണ്ടുപയോഗിച്ച് പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടിനെ കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ തന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലെ ജീവനക്കാരെയും മതംമാറ്റാൻ സ്വയംപ്രഖ്യാപിത മെത്രാൻ ശ്രമിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. എസ്റ്റേറ്റിലെ ജീവനക്കാർക്ക് ചികിത്സാ ആനുകൂല്യം ലഭിക്കണമെങ്കിൽ പോലും ബിലീവേഴ്‌സ് ചർച്ചിൽ അംഗമാകണമെന്നാണ് ബിഷപ്പ് ശാഠ്യം പിടിക്കുന്നത്. നിർബന്ധിതമായ ഈ മതപരിവർത്തനത്തിനെതിരെ തൊഴിലാളികൾ തന്നെ പരാതിയുമായി രംഗത്തെത്തി.

ചെറുവള്ളി എസ്‌റ്റേറ്റിൽ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കിട്ടാൻ ബിലീവേഴ്‌സ് ചർച്ചിന്റെ ഭാഗമായി പ്രവർത്തിച്ചു കൊള്ളാമെന്ന കരാറിലൊപ്പുവയ്ക്കണമെന്ന വ്യവസ്ഥക്കെതിരെയആണ് തൊഴിലാളികൾ രംഗത്തെത്തിയത്. ഇതു നിർബന്ധിത മതപരിവർത്തനത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തുവർഷം മുമ്പു ഹാരിസണിന്റെ കൈയിൽനിന്നു നൂറുകോടിയോളം രൂപയ്ക്കു ബിലീവേഴ്‌സ് ചർച്ചിന്റെ പേരിൽ ബിഷപ് കെ പി യോഹന്നാൻ വാങ്ങിയതാണ് ചെറുവള്ളി എസ്‌റ്റേറ്റ്. ഇതു സർക്കാർ ഭൂമിയാണെന്നു കണ്ടെത്തി തിരച്ചെടുക്കാൻ ഉത്തരവായെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ടു ബിലീവേഴ്‌സ് ചർച്ച് ഇപ്പോഴും കൈവശം വച്ച് അനുഭവിച്ചു വരികയാണ്.

മരണമോ വിവാഹമോ രോഗമോ ഉണ്ടായാൽ ദരിദ്രരായ തൊഴിലാളികളുടെ കുടുംബത്തിന് പണം ആവശ്യമെങ്കിൽ എസ്റ്റേറ്റിലെ ഏമാന്മാരെ കണ്ട് അനുമതി പത്രത്തിൽ ഒപ്പിട്ടുനൽകണം. ഇത് പണം കൊടുക്കുന്നതിനുള്ള കരാർ മാത്രമല്ല ബിലിവേഴ്‌സ് ചർച്ചിന്റെ ഭാഗമായി പ്രവർത്തിച്ചുകൊള്ളാമെന്ന ഉടമ്പടികൂടിയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

രോഗം പിടിപെട്ട് ആശുപത്രിയിലായതിനെത്തുടർന്ന് പണം ആവശ്യപ്പെട്ട മുസ്ലിം സമുദായാംഗമായ തൊഴിലാളിയോട് പണം വേണമെങ്കിൽ ബിലീവേഴ്‌സ് ചർച്ചിന്റെ ഭാഗമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് എഴുതി ഒപ്പിടണമെന്ന് എസ്റ്റേറ്റ് ജനറൽ മാനേജർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ ചെറുവള്ളി എസ്റ്റേറ്റിലെ 5th ഡിവിഷനിൽ താമസിക്കുന്ന ഹസൻ റാവുത്തർ തന്നോടും കുടുംബത്തോടും ബീലീവേഴ്‌സ് ചർച്ചിൽ ചേരാൻ ആവശ്യപ്പെട്ടുവെന്നു കാണിച്ച് കാഞ്ഞിരപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇത് ഗൗരവത്തിലെടുത്ത് കേസ് അന്വേഷിച്ചപ്പോൾ ജനറൽ മാനേജർ സ്‌റ്റേഷനിലെത്തി മാപ്പ് പറഞ്ഞ് കേസ് ഒതുക്കുകയായിരുന്നു. എന്നാൽ ഈ തൊഴിലാളിക്ക് ഇതുവരെയും അർഹമായ മെഡിക്കൽ സഹായം നൽകാൻ കമ്പനി തയ്യാറായിട്ടില്ല. കഴിഞ്ഞ മൂന്നുമാസക്കാലമായി ഇയാൾ ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട്.

അതേസമയം പണിയെടുത്താൽ മരം ഒന്നിന് രണ്ടു രൂപ വേതനവും ഇല്ലെങ്കിൽ മൂന്നു രൂപ പിഴയുമാണ് സ്വയം പ്രഖ്യാപിത മെത്രാന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ 500 ഓളം തൊഴിലാളി കുടുംബങ്ങൾ അനുഭവിക്കുന്നതെന്ന് ഭൂസമര ജനകീയ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എ കെ ശെൽവരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ശെൽവരാജിന്റെ നേതൃത്വത്തിൽ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ആർക്കെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എരുമേലി കോടതിയിൽ ഡബ്ലിയു പി സി /10640/2015 എന്ന പേരിൽ കേസ് നടന്നുവരികയാണ്. എസ്റ്റേറ്റിൽ നാല്പതോളം മുസ്ലിം കുടുംബങ്ങളും 300 ൽ പരം ഈഴവ കുടുംബങ്ങളുമാണ് കഴിയുന്നത്.

മറ്റുള്ളവർ ദളിത് ക്രിസ്തീയ വിഭാഗത്തിൽപ്പെട്ടവരുമാണ്. എന്നാൽ ഇവരുടെ ആചാരാനുഷ്ഠാനങ്ങളെ ഹനിക്കുന്ന തരത്തിലാണ് എസ്റ്റേറ്റ് ഭരണം മുന്നോട്ടുപോകുന്നതെന്ന് ശെൽവരാജ് പറഞ്ഞു. മുസ്ലിങ്ങൾക്കായി ഒരു പള്ളിയും ഹിന്ദുകൾക്കായി രണ്ട് അമ്പലങ്ങളുമാണുള്ളത്. ഈ ആരാധനായലയങ്ങളിൽ ഉൽസവങ്ങളോ മറ്റ് വിശ്വാസപരമായ ചടങ്ങുകളോ ആർഭാടപൂർവം നടത്താൻ പാടില്ലെന്നുള്ളതാണ് മാനേജ്‌മെന്റിന്റെ ഉത്തരവ്. കൃസ്തീയ വിഭാഗങ്ങൾക്കായി ഒരു പള്ളി മാത്രമാണുള്ളത്. ഇതിൽ മാർത്തോമ്മ വിഭാഗത്തിൽപ്പെട്ടവർക്ക് ഉച്ചയ്ക്കുശേഷവും കത്തോലിക്കാ വിഭാഗത്തിന് രാവിലെയും മാത്രമാണ് പ്രാർത്ഥിക്കാൻ അവകാശം. എന്നാൽ പെരുന്നാൾ സംബന്ധമായ ഒരു ചടങ്ങും ആർഭാടമാക്കാൻ അനുവദിക്കില്ലത്രേ. അതുകൊണ്ടുതന്നെ കൂടുതൽ വിശ്വാസികൾ ഒത്തുകൂടുന്ന യാതൊരു ചടങ്ങും ഇവിടെ നടത്താൻ കഴിയില്ലെന്നുള്ളതാണ് അവസ്ഥ.

ബിലീവേഴ്‌സ് ചർച്ചിന്റെ ഭാഗമായി മാത്രമുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ് വിലക്കില്ലാത്തത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഹിന്ദു ഐക്യവേദിയും ബിജെപിയും ചേർന്ന് അമ്പലത്തിൽ ആർഭാടപൂർവ്വം ഉൽസവം നടത്താൻ തയ്യാറായത് ബിഷപ്പിനു തിരിച്ചടിയായിട്ടുണ്ട്. ഒരു റബർ മരം ടാപ്പ് ചെയ്യുന്നതിന്് രണ്ടുരൂപയാണ് ഇവിടത്തെ കൂലി. ഏതെങ്കിലും വിശേഷദിവസത്തിന്റെ പേരിൽ പണിമുടക്കിയാൽ മരം ഒന്നിന് മൂന്നു രൂപ പിഴയിനത്തിൽ ഒടുക്കണം. തികഞ്ഞ മനുഷ്യാവകാശ ലംഘനവും തൊഴിൽ ചൂഷണവും നടക്കുന്ന എസ്റ്റേറ്റിൽ വേതനം കുറവായതുകൊണ്ടുതന്നെ പുറത്തുനിന്നും ആരും തന്നെ പണിയെടുക്കാൻ എത്തുകയില്ലെന്ന ഉറപ്പാണ് ഇത്തരം അനീതിയിലേക്ക് നയിക്കുന്നത്.

തെരുവിൽ പണിയെടുത്താൽ സാധാരണ കൂലിയായി 700 രൂപ ലഭിക്കുമ്പോൾ എസ്‌റ്റേറ്റിലെ എറ്റവും വലിയ കൂലി 300 രൂപ മാത്രമാണ്.തൊഴിൽപരമായും വിശ്വാസപരമായും തൊഴിലാളികളെ പീഡിപ്പിക്കുന്ന ബിലീവേഴ്‌സ് ചർച്ചിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ജനകീയ സമിതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP