Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പയ്യന്നൂർ മുതൽ തലശ്ശേരി വരെ 'അഴിമതിക്കാർക്കൊപ്പം' നടക്കാൻ അമിത് ഷാ വരില്ല; കേരള യാത്ര നീട്ടിയത് മുരളീധരന്റെ നിസ്സഹകരണ ഭീഷണിയിൽ; അയ്യപ്പ സേവാ സമാജത്തിന്റെ ഫണ്ടിലും അന്വേഷണം ആവശ്യപ്പെട്ട് മുളീധര വിഭാഗം; എഎൻ രാധാകൃഷ്ണനേയും എംടി രമേശിനേയും കൈവിടില്ലെന്ന് കുമ്മനവും; വിവി രാജേഷിന്റെ മുകളിലെ തലയും ഉരുളുമെന്ന് കൃഷ്ണദാസ് പക്ഷം: ബിജെപി നേതൃയോഗത്തിൽ നിറഞ്ഞത് തമ്മിലടി

പയ്യന്നൂർ മുതൽ തലശ്ശേരി വരെ 'അഴിമതിക്കാർക്കൊപ്പം' നടക്കാൻ അമിത് ഷാ വരില്ല; കേരള യാത്ര നീട്ടിയത് മുരളീധരന്റെ നിസ്സഹകരണ ഭീഷണിയിൽ; അയ്യപ്പ സേവാ സമാജത്തിന്റെ ഫണ്ടിലും അന്വേഷണം ആവശ്യപ്പെട്ട് മുളീധര വിഭാഗം; എഎൻ രാധാകൃഷ്ണനേയും എംടി രമേശിനേയും കൈവിടില്ലെന്ന് കുമ്മനവും; വിവി രാജേഷിന്റെ മുകളിലെ തലയും ഉരുളുമെന്ന് കൃഷ്ണദാസ് പക്ഷം: ബിജെപി നേതൃയോഗത്തിൽ നിറഞ്ഞത് തമ്മിലടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ കേരള യാത്രയെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ബിജെപി സംസ്ഥാന ഭാരവാഹി യോഗം ചേർന്നത്. എന്നാൽ അതുമാത്രം ചർച്ച ചെയ്യാൻ കഴിഞ്ഞില്ല. അത്രയധികം ഭിന്നതയാണ് യോഗത്തിൽ ഉണ്ടായത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമർശനവും ഉയർന്നു. കുമ്മനം പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയശേഷം അഴിമതി വർധിച്ചെന്ന് വി.മുരളീധരപക്ഷം തൃശൂരിൽനടന്ന യോഗത്തിൽ ആരോപിച്ചു. കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായി. കുമ്മനത്തിന്റെ സ്വന്തം പ്രസ്ഥാനമായ അയ്യപ്പ സേവാ സമാജത്തിനെതിരേയും അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അഴിമതി പണം ഈ സംവിധാനത്തിലേക്ക് ഒഴുകുകയാണെന്നാണ് ആക്ഷേപം.

മെഡിക്കൽ കോളജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ യാത്ര മാറ്റിവച്ചിരിക്കുന്നത്. യാത്ര സെപ്റ്റംബർ ഏഴ് മുതൽ 23 വരെ നടക്കും. അക്രമ രാഷ്ട്രീയത്തിനെതിരെയാണ് കുമ്മനം പദയാത്ര നടത്താൻ നിശ്ചയിച്ചിരുന്നത്. ആർ എസ് എസ് സംസ്ഥാന നേതൃത്വമാണ് ഇതിന് മുൻ കൈയെടുത്തത്. പയ്യന്നൂർ മുതൽ തല്ലശ്ശേരി വരെ കുമ്മനത്തിനൊപ്പം നടക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷായെ കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ഇത് അമിത് ഷാ സമ്മതിക്കുകയും ചെയ്തു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അഴിമതിക്കാർക്കൊപ്പം നടക്കാൻ താനില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ഇക്കാര്യം അറിയിക്കുകയും ചെയ്തു. കുമ്മനത്തിന്റെ യാത്രയുമായി സഹകരിക്കാൻ വി മുരളീധര പക്ഷം തയ്യാറല്ല. വിവി രാജേഷിനെ ഏകപക്ഷീയമായി പുറത്താക്കിയ സാഹചര്യത്തിലാണ്. അതുകൊണ്ട് തന്നെ പികെ കൃഷ്ണദാസ് പക്ഷമാകും യാത്രയിൽ നിറയുക. എംടി രമേശിനേയും എഎൻ രാധാകൃഷ്ണനേയും പോലുള്ളവർ മുൻപന്തിയിലുണ്ടാകും. അതിനാൽ താൻ പദയാത്രയ്‌ക്കൊപ്പം നടക്കാനില്ലെന്ന് അമിത് ഷാ കുമ്മനത്തെ അറിയിച്ചു.

ഇതോടെയാണ് യാത്ര നീട്ടി വച്ചത്. അമിത് ഷായെ അനുനയിപ്പിക്കാൻ ആർ എസ് എസ് നേതൃത്വത്തിന്റെ സഹായവും തേടും. അതിന് ശേഷമാകും യാത്രയുടെ വിശദാംശങ്ങൾ തീരുമാനിക്കുക. ബിജെപി മുഖ്യമന്ത്രിമാരെ മുഴുവൻ പങ്കെടുപ്പിച്ച് അക്രമ വിരുദ്ധ യാത്ര നടത്താനായിരുന്നു നീക്കം. ഇതിനിടെയാണ് അഴിമതികഥകൾ എത്തുന്നത്. മെഡിക്കൽ കോഴയിൽ എംടി രമേശിന്റെ വിശ്വസ്തനായ ആർ എസ് വിനോദിനെതിരെ തെളിവ് കിട്ടി. രമേശിനെതിരേയും അന്വേഷണ കമ്മീഷന് മൊഴി കിട്ടി. എല്ലാത്തിലും പ്രധാനം കുമ്മനത്തിന്റെ ഓഫീസും ആരോപണ നിഴലിലായി. ജൻ ഔഷധിയിൽ എ എൻ രാധാകൃഷ്ണനും കുടുങ്ങി. രാധാകൃഷ്ണനെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. അങ്ങനെ മോദി സർക്കാരിന്റെ പ്രഭാവം പോലും അഴിമതിയിൽ കുമ്മനവും കൂട്ടരും മുക്കി. ഇതിനൊപ്പം അന്വേഷണ റിപ്പോർ്ട്ട് ചോർന്ന വിവാദവുമെത്തി. ഇതിൽ വിവി രാജേഷിനെ പുറത്താക്കുകയും ചെയ്തു. വി മുരളീധരനേയും പുറത്താക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെടുന്നു.

ഈ ചേരിപ്പോരെല്ലാം തൃശൂരിലെ യോഗത്തിൽ തെളിഞ്ഞു. അഴിമതി സംബന്ധിച്ച് ആറുമാസം മുൻപ് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും മുരളീധരപക്ഷം ആരോപിച്ചു. എന്നാൽ മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിയതിന് പിന്നിൽ കൂടുതൽ നേതാക്കളുണ്ടെന്നായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. യോഗത്തിൽ ചേരിതിരിഞ്ഞ് വാദപ്രതിവാദം നടന്നു. ഇതിനിടെ കുമ്മനം രാജശേഖരൻ നടത്താനിരുന്ന കേരളയാത്ര മാറ്റിവയ്ക്കുകയായിരുന്നു. യാത്രയിൽ എത്തില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയതോടെയാണ് ഇത്. അക്രമ രാഷ്ട്രീയത്തിനെതിരെയാണ് കുമ്മനം പദയാത്ര നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യാത്ര അടുത്ത മാസത്തേക്കാണ് മാറ്റിയിട്ടുള്ളത്. യാത്ര സെപ്റ്റംബർ ഏഴുമുതൽ 23 വരെ നടക്കും.

മെഡിക്കൽ കോളേജ് കോഴ വിവാദത്തിന്റെയും വ്യാജ രസീതുണ്ടാക്കി പണപ്പിരിവ് നടത്തിയെന്ന വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് ബിജെപി നേതൃയോഗം തൃശ്ശൂരിൽ ചേർന്നത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിന് കേന്ദ്ര അനുമതി ലഭ്യമാക്കാൻ 5.6 കോടിരൂപ കോഴ വാങ്ങിയെന്ന പാർട്ടി അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. ആരോപണ വിധേയനായ ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ് വിനോദിനെ ഇതിന് പിന്നാലെ പുറത്താക്കിയിരുന്നു. എന്നാൽ എംടി രമേശിനെ കുമ്മനം കുറ്റവിമുക്തനാക്കി. കുമ്മനത്തിന്റെ പേരിൽ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന സതീഷ് നായരായിരുന്നു ഇടനിലക്കാരൻ.

ഈ അഴിമതി പുറത്തുവന്നത് വി മുരളീധരന്റെ ഇടപെടൽ മൂലമായിരുന്നു. കുമ്മനം നിയന്ത്രിക്കുന്ന അയ്യപ്പ സേവാ സമാജത്തിലേക്ക് പണം എത്തിക്കുന്നവരിൽ പ്രമുഖനാണ് സതീഷ് നായർ എന്നാണ് ആക്ഷേപം. ഇങ്ങനെ മെഡിക്കൽ കോഴ അഴിമതി പ്രതിസന്ധിയിലാക്കിയത് കുമ്മനത്തെ ആയിരുന്നു. അതുകൊണ്ടാണ് വിവി രാജേഷിനോട് പ്രതികാരം തീർത്തതെന്നാണ് മുരളീധര പക്ഷത്തിന്റെ നിലപാട്. അതിനിടെ തിരുവനന്തപുരത്തെ നേതാവിന് പത്തനംതിട്ടയിലെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരേയും ആരോപണം സജീവമാകുന്നത്. എ എൻ രാധാകൃഷ്മന്റേയും എംടി രമേശിന്റെ സ്വത്തുക്കളിലും അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കുമ്മനത്തിന്റെ അയ്യപ്പ സേവാ സമാജത്തിനെതിരേയും മുരളീധര പക്ഷം ആരോപണം സജീവമാക്കുന്നത്. ഇതും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് സൂചന. അതിനിടെ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കൽ കോഴ വിവാദം ഒത്തുതീർക്കാൻ ബിജെപി നീക്കം തുടങ്ങിയതായും സൂചനയുണ്ട്.

പാർട്ടി അന്വേഷണ റിപ്പോർട്ടിൽനിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാനും അതിനനുസൃതമായി വിജിലൻസിനു മൊഴി നൽകാനും ദേശീയനേതൃത്വം നിർദേശിച്ചെന്നാണു വിവരം. എം ടി. രമേശിന്റെയും സതീശ് നായരുടെയും പേരുകൾ ഒഴിവാക്കും. മെഡിക്കൽ കോഴയിലെ യഥാർഥ റിപ്പോർട്ട് വിജിലൻസിനു കൈമാറിയാൽ പാർട്ടിയിലെ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരനും എം ടി.രമേശും നിയമനടപടികൾ നേരിടേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാൻ എം ടി.രമേശിനെതിരായ പരാമർശങ്ങൾ റിപ്പോർട്ടിൽനിന്നു പൂർണമായും നീക്കും. എം ടി.രമേശിനെതിരായ ഷാജിയുടെ മൊഴിയും കുമ്മനം രാജശേഖരന്റെ ഡൽഹിയിലെ പഴ്‌സനൽ സ്റ്റാഫായിരുന്ന സതീശ് നായരുടെ പേരും റിപ്പോർട്ടിൽനിന്ന് ഒഴിവാക്കും. എന്നാൽ ആദ്യ റിപ്പോർട്ട് മാധ്യമങ്ങളിൽ ചോർന്നെത്തി. അതിന്റെ പേരിൽ വിവി രാജേഷിനെ പുറത്താക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പേരൊഴിവാക്കിയാലും കുമ്മനത്തിന് രക്ഷപ്പെടാൻ കഴിയില്ല.

പുതിയ റിപ്പോർട്ടിനനുസരിച്ച് വിജിലൻസിനു മൊഴി നൽകാൻ കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവർക്ക് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയെന്നാണ് സൂചന. ഈമാസം 22നാണ് ഇരുവരും മൊഴി നൽകുന്നത്. നേരത്തെ ഹാജരാകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി ധാരണ അടിസ്ഥാനപ്പെടുത്തി ഹാജരാകാമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് ചോർത്തി നൽകിയെന്ന ആരോപണം നേരിടുന്ന എ.കെ.നസീറിനെതിരായ നടപടി തിരുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP