Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാർകോഴയിൽ ബാബുവിനെതിരെ പരാമർശം ഉറപ്പായപ്പോൾ അവസാന നിമിഷം ബെഞ്ച് മാറ്റം; കേസ് ഒഴിയാനുള്ള ചീഫ് ജസ്റ്റിസിന്റെ ആവശ്യം ജസ്റ്റിസ് സുധീന്ദ്രകുമാർ നിഷേധിച്ചപ്പോഴാണ് രജിസ്ട്രാറുടെ ഉത്തരവെന്ന് സൂചന; റിവിഷൻ ഹർജി ആദ്യ ജഡ്ജിയെ തന്നെ ഏൽപ്പിച്ചത് വിവാദം ആകും; സുധീന്ദ്രകുമാറിനെ ചതിച്ചത് സിബിഐ അന്വേഷണ പരാമർശം

ബാർകോഴയിൽ ബാബുവിനെതിരെ പരാമർശം ഉറപ്പായപ്പോൾ അവസാന നിമിഷം ബെഞ്ച് മാറ്റം; കേസ് ഒഴിയാനുള്ള ചീഫ് ജസ്റ്റിസിന്റെ ആവശ്യം ജസ്റ്റിസ് സുധീന്ദ്രകുമാർ നിഷേധിച്ചപ്പോഴാണ് രജിസ്ട്രാറുടെ ഉത്തരവെന്ന് സൂചന; റിവിഷൻ ഹർജി ആദ്യ ജഡ്ജിയെ തന്നെ ഏൽപ്പിച്ചത് വിവാദം ആകും; സുധീന്ദ്രകുമാറിനെ ചതിച്ചത് സിബിഐ അന്വേഷണ പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർകോഴ കേസ് കെ എം മാണിയിൽ മാത്രം ഒതുക്കി നിർത്താനുള്ള ഉന്നത നീക്കം ഹൈക്കോടതിയെ വര സമ്മർദ്ദത്തിൽ ആക്കുന്നതായി മറുനാടൻ മലയാളിക്ക് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും വിവരം ലഭിച്ചു. ബാർ കേസിൽ റിവിഷൻ ഹർജി പരിഗണിച്ച ജസ്റ്റിസ് സുധീന്ദ്രകുമാർ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് അപകടം മണത്ത ഉന്നത മാഫിയ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റാൻ നടത്തിയ ഇടപെടലാണ് പുറത്തായത്. ആദ്യ ഹർജി പരിഗണിച്ച അതേ ജഡ്ജി തന്നെ റിവിഷൻ ഹർജിയും പരിഗണിക്കുക എന്ന വിചിത്രമായ സ്ഥിതിവിശേഷത്തിലേക്കാണ് വളർന്നത് നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് എന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച വിവരം.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് സുധീന്ദ്രകുമാർ സിബിഐ അന്വേഷണമല്ലേ നല്ലതെന്നാണ് ചോദിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ എം മാണിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു, ആ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം എത്രമാത്രം നീതിപൂർവ്വമാകുമെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇത്രയും പ്രമാദമായ കേസിൽ എന്തുകൊണ്ട് സിബിഐ അന്വഷണത്തിന് സർക്കാർ ശ്രമിക്കുന്നില്ല. അതല്ലേ വേണ്ടത്. കാര്യക്ഷമമായ അന്വേഷണമാണ് വേണ്ടതെങ്കിൽ സർക്കാർ അത്തരം കാര്യങ്ങൾ ചിന്തിക്കണമെന്നും ജസ്റ്റിസ് സുധീന്ദ്രകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സിബിഐ അന്വഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണങ്ങളോടു അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ മറുപടി നൽകിത്.

കഴിഞ്ഞ ആഴ്ച കോടതി റിവിഷൻ ഹർജി പരിഗണിച്ചപ്പോൾ നടത്തിയ പരാമർശങ്ങളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് ബെഞ്ച് മാറ്റുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. മാണി അടക്കമുള്ളവർക്കെതിരെയുള്ള കേസ് കേരളത്തിലെ ഏജൻസികൾ അന്വേഷിച്ചാൽ എങ്ങനെ ശരിയാവും എന്നതായിരുന്നു വിവാദമായ പരാമർശം. ഇതോടെ സിബിഐ അന്വേഷിച്ചതിന് ഉത്തരവുണ്ടാക്കും എന്ന ഭയം അധികാര കേന്ദ്രങ്ങളിൽ പടർന്നു. മാത്രമല്ല ബിജു രമേശ് ആരോപണം ഉന്നയിച്ച എല്ലാ മന്ത്രിമാരെ കുറിച്ചുമുള്ള വിവരങ്ങളും ജസ്റ്റിസ് സുധീര കുമാർ അവശ്യപ്പെട്ടിരുന്നു. വിശദമായി കേസ് പഠിക്കാനായി കോടതി ഒരാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു. ഇതിന്റെ ഒക്കെ പഞ്ചാത്തലത്തിൽ മാണിക്കൊപ്പം മറ്റ് രണ്ടു മന്ത്രിമാരെ കൂടി വിമർശിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന സൂചനയാണ് ബെഞ്ച് മാറ്റത്തിൽ കലാശിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചീഫ് ജസ്റ്റിസ് ചേമ്പറിലേക്ക് വിളിച്ചു വരുത്തി ജസ്റ്റിസ് സുധീന്ദ്ര കുമാറിനോട് കേസ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ തനിക്കു എല്ലാ കേസുകളും ഒരുപോലെ ആണെന്നും ഒഴിയാൻ സാധ്യമല്ലെന്നും ജസ്റ്റിസ് മറുപടി പറഞ്ഞതായും കോടതി വൃത്തങ്ങളിൽ ചിലർ അടക്കം പറയുന്നുണ്ട്. ചീഫ് ജസ്റ്റിസിനോട് തന്റെ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് മുതിർന്ന ചില ജഡ്ജിമാരും സുധീന്ദ്രകുമാറിനോട് കേസ് സ്വയം ഒഴിയാൻ ആവശ്യപ്പെട്ടത്രേ. അതിനായി കേസ് സ്വയം ഒഴിയുന്നു എന്നു സൂചിപ്പിക്കുന്ന ഉത്തരവ് ഒപ്പു വയ്ക്കാനായി ജസ്റ്റിസ് സുധീന്ദ്ര കുമാറിന്റെ അടുത്തെത്തിയെങ്കിലും ജസ്റ്റിസ് അതിനും വിസമ്മതിച്ചുവെന്നുമുള്ള സൂചനകളും കോടതിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്നുണ്ട്. സ്വയം ഒഴിയാൻ സാധ്യമല്ലെന്നും അതേ സമയം ചീഫ് ജസ്റ്റിസിനുള്ള അധികാരം ഉപയോഗിച്ചു കേസ് മാറ്റിയാൽ സന്തോഷമാണെന്നും പറഞ്ഞതോടെ മറ്റൊരു നിവൃത്തിയുമില്ലാതെ ഇന്നലെ ഹൈക്കോടതി രജിസ്റ്റർ ബെഞ്ച് മാറ്റി ഉത്തരവിടുകയായിരുന്നു എന്നുമാണ് കോടിതി വൃത്തങ്ങളിലെ തന്നെ അടക്കംപറച്ചിൽ. ജസ്റ്റിസ് സുധീന്ദ്ര കുമാർ ഇക്കാര്യത്തിൽ കടുത്ത അതൃപ്തനാണ് എന്നും സൂചനയുണ്ട.

റിവ്യൂഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിനിർണ്ണായകമായ കരുനീക്കങ്ങൾ അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയും മറ്റും ചേർന്ന് നടത്തിയത്. ഇതിന്റെ ഫലമായാണ് ഇപ്പോൾ സുധീന്ദ്രകുമാറിന്റെ സ്ഥാനചലനവും. കേസ് പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് ജ്സ്റ്റിസ് കമാൽ പാഷയുടെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിക്കെതിരെ തൊടുപുഴ സ്വദേശി സണ്ണി മാത്യു നൽകിയ ഹർജിയിന്മേലായിരുന്നു ഈ അസാധാരണ നടപടിക്രമങ്ങൾ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ഹർജിയിൽ എതിർകക്ഷി സ്ഥാനത്തുള്ള മുൻ മന്ത്രി കെ എം മാണി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകി കേൾക്കാനിരിക്കെയാണ് ബെഞ്ച് മാറ്റം. വിജിലൻസ് കോടതിയുടെ ഒക്ടോബർ 29ലെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് സ്വീകരിച്ച് തുടർ നടപടി അവസാനിപ്പിക്കണം.

മാണിക്കെതിരെ സീസർ പരാമർശം നടത്തിയ ജഡ്ജിയുടെ ബെഞ്ചിലേക്ക് റിവിഷൻ ഹർജി മാറ്റിയതുകൊണ്ട് തന്നെ വിവാദം ആകില്ല എന്ന പ്രതീക്ഷയിലാണ് നീക്കങ്ങൾ നടത്തിയവർ. എന്നാൽ തന്റെ വിധിയോ ചോദ്യം ചെയ്തു കൊടുത്ത കേസിൽ മറ്റൊരു നിലപാട് എടുക്കാൻ ജസ്റ്റിസ് പാഷയ്ക്ക് കഴിയില്ല എന്നതാണ് ഇവരുടെ നീക്കത്തിന് കാരണമായിരിക്കുന്നത്. ഹർജ്ജിക്കാരനായാ സണ്ണി തോമസ് മാണിയുടെ വിശ്വസ്തനമായതിനാൽ തന്നെ തേസിന്റെ മെറിറ്റിലേക്ക് കടക്കാൻ ജസ്റ്റിസ് കൂട്ടാക്കില്ല എന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

പരിഗണനാ വിഷയങ്ങളിൽ മാറ്റമില്ലെങ്കിലും ജസ്റ്റിസ് സുധീന്ദ്രകുമാർ ആവശ്യപ്പെടാതെ തന്നെ ഹരജി ഇവിടെനിന്ന് രജിസ്ട്രാർ എഠുത്തുമാറ്റിയത് തന്നെ കേസിലെ അസാധാരണത്വം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. മിസലേനിയസ് ക്രിമിനൽ ഹരജികളും കീഴ്‌കോടതി മുമ്പാകെ പരിഗണനയിലുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഹരജികളുമാണ് ഇപ്പോൾ ജസ്റ്റിസ് കമാൽപാഷയുടെ പരിഗണനാ വിഷയമായി ഉള്ളത്. ഒ.പി ക്രിമിനൽ ഹരജികൾ ജസ്റ്റിസ് കമാൽപാഷയാണ് കേൾക്കുന്നത്. അതിനാലാണ് മാണിക്കെതിരായ വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഒ.പി ക്രിമിനൽ ഹരജി ഈ ബെഞ്ച് മുമ്പാകെ വന്നത്.

സീസർ സംശയത്തിനതീതനാകണം, മന്ത്രി സ്ഥാനത്തിരിക്കെ മന്ത്രിക്കെതിരെ സംസ്ഥാന ഏജൻസി നടത്തുന്ന അന്വേഷണം സ്വതന്ത്രമാകില്ലെന്ന് പൊതുജനം കരുതിയാൽ തെറ്റ് പറയാനാവില്ല തുടങ്ങിയ നിരീക്ഷണങ്ങൾ ഈ കേസ് പരിഗണിക്കവേ ജസ്റ്റിസ് കമാൽപാഷ നടത്തിയിരുന്നു. ഈ പരാമർശങ്ങളെ തുടർന്നാണ് മാണി മന്ത്രി സ്ഥാനം രാജിവച്ചത്. അതേസമയം, ഏത് സ്വഭാവത്തിലുള്ള ഹരജിയാണെങ്കിലും അത് ഏത് ജഡ്ജ് പരിഗണിക്കണമെന്ന് തീരുമാനിക്കാനും ആ ബെഞ്ചിന്റെ പരിഗണനക്കയക്കാനും ചീഫ് ജസ്റ്റിസിന് വിവേചനാധികാരമുണ്ട്. ജസ്റ്റിസ് സുധീന്ദ്രകുമാർ പരിഗണിക്കുന്ന ഹരജി മറ്റൊരു ബെഞ്ച് മുമ്പാകെ എത്തിച്ചത് ഈ വിവേചനാധികാരം ഉപയോഗിച്ചാണെന്നാണ് സൂചന.

ബാർകോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നത് പ്രധാനമായും നാല് മന്ത്രിമാരെ ചുറ്റിപ്പറ്റിയായിരുന്നു. കെ എം മാണിയെ കൂടാതെ കെ ബാബു തന്നെയായിരുന്നു ഇതിലെ പ്രധാനി. ബാബുവിന്റെ തീരുമാനപ്രകാരാണ് ബാർലൈസൻസ് തുക കുറച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഇത് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ്. എക്‌സൈസ് മന്ത്രി കെ ബാബു ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തരുടെ പട്ടികയിൽപ്പെട്ട ആളായതിനാൽ മന്ത്രിയെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയരിക്കുകയാണ് മുഖ്യമന്ത്രി. ബാബുവിനെതിരെ പരാമർശം വന്നാൽ തനിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉന്നത സമ്മർദ്ദങ്ങൾ കേരളാ ഹൈക്കോടതിക്ക് മേൽ ഉണ്ടായതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP