Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നേതൃയോഗത്തിലെ വിമർശനങ്ങൾ ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല; പൊലീസിനെ കയറൂരി വിട്ടാൽ നഷ്ടമാകുന്നത് പാർട്ടിയുടെ പ്രതിച്ഛായ; തിരുത്തലുകൾ ഉടൻ തുടങ്ങണമെന്ന് അന്ത്യശാസനം; പൊലീസ് ആസ്ഥാനത്ത് മഹിജയെ വലിച്ചിഴച്ചതിൽ സി.പി.എം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയിൽ; അഴിച്ചുപണി അനിവാര്യമെന്ന വിലയിരുത്തലിൽ യെച്ചൂരി

നേതൃയോഗത്തിലെ വിമർശനങ്ങൾ ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല; പൊലീസിനെ കയറൂരി വിട്ടാൽ നഷ്ടമാകുന്നത് പാർട്ടിയുടെ പ്രതിച്ഛായ; തിരുത്തലുകൾ ഉടൻ തുടങ്ങണമെന്ന് അന്ത്യശാസനം; പൊലീസ് ആസ്ഥാനത്ത് മഹിജയെ വലിച്ചിഴച്ചതിൽ സി.പി.എം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയിൽ; അഴിച്ചുപണി അനിവാര്യമെന്ന വിലയിരുത്തലിൽ യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റിയ നടപടിയിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. സർക്കാരിന്റെ പ്രതിച്ഛായയെ ഈ നടപടി തകർത്തുവെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയുടെ നിലപാട്. ഇതിലുള്ള അതൃപ്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ യെച്ചൂരി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന സംസ്ഥാന സമിതി യോഗത്തിലെ വിലയിരുത്തലുകൾ സർക്കാർ ഉൾക്കൊള്ളുന്നില്ലെന്ന വിമർശനമാണ് യെച്ചൂരി ഉന്നയിക്കുന്നത്. ദേശീയതലത്തിൽ പോലും ഈ വിഷയം സിപിഎമ്മിന് അവമതിപ്പുണ്ടാക്കും. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ഉണ്ടാകുന്നത് ശരിയല്ലെന്നും യെച്ചൂരി വ്യക്തമാക്കിയതാണ് സൂചന.

മഹിജ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ നീക്കം. നേരത്തെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഡൽഹിയിൽ ആർഎസ്എസ് ചർച്ചയാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിൽ സി.പി.എം നേതൃത്വത്തിലെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ മഹിജ വിഷയം കോൺഗ്രസ് ഉപയോഗിക്കുന്നത് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ എങ്കിലും ഇത്തരം വിവാദങ്ങൾ ഉണ്ടാകരുത്. പൊലീസിനെ നിലയ്ക്ക് നിർത്തണം. അതിനുള്ള നടപടി എത്രയും വേഗം കൈക്കൊള്ളണമെന്നാണ് ആവശ്യം. ഇടത് പക്ഷത്തിലെ സഖ്യകക്ഷികൾ പോലും പൊലീസിനെതിരെ രംഗത്തു വരുന്നു. അതുകൊണ്ട് തന്നെ അടിമുടി അഴിച്ചു പണി അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജനോട് കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കണമെന്നും യെച്ചൂരി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പ്രതിസന്ധിയിലാകുന്നത് പാർട്ടിയുടെ ഇമേജാണെന്നും സി.പി.എം ജനറൽ സെക്രട്ടറി വിലയിരുത്തുന്നു.

മഹിജയും കുടുംബവും സി.പി.എം അണികളാണ്. പലരും നേതൃത്വത്തിൽ പ്രവർത്തിക്കുന്നവർ. അവർക്ക് കൂടുതൽ പരിഗണന നൽകണം. ഇത്തരത്തിലൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തോട് പോലും ഇത്തരത്തിൽ പെരുമാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ സിപിഎമ്മിന് ഗുണകരമല്ല. വേഗത്തിൽ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകണം. ഇപ്പോഴും ആ കുടുംബം സർക്കാരിനെ വിമർശിക്കുന്നില്ല. പൊലീസിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. ഈ പരിഗണനയെങ്കിലും പിണറായി സർക്കാർ മഹിജയ്ക്ക് നൽകണം. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിന് നല്ലൊരു ആയുധമായി ഈ വിഷയം മാറും. സർക്കാർ നിരന്തരമായി വിവാദത്തിൽപ്പെടുന്നത് ഒട്ടും അംഗീകരിക്കാനാകില്ല. തിരുത്തൽ വേണമെന്നാണ് യെച്ചൂരി നിർദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ വി എസ് അച്യുതാനന്ദനും യെച്ചൂരിയോട് അതൃപ്തി അറിയിച്ചതായാണ് സൂചന.

സർക്കാരിനു തെറ്റുപറ്റിയാൽ മറച്ചുവയ്ക്കില്ലെന്ന് യെച്ചൂരി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ബലിയാടുകളെ കണ്ടെത്തില്ല. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകും. മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ വീഴ്ചകൾ ഏറ്റുപറയുന്നതിൽ തെറ്റില്ല. സർക്കാരിന്റെ ഭരണം ഇപ്പോൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ മേലുള്ള നിരീക്ഷണവും അവലോകനവും തുടരുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇത് തിരുത്തണമെന്ന് പിണറായിയോടെ പറയുകയും ചെയ്തു. ഇതൊന്നും നടക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ വിവാദം തെളിയിക്കുന്നത്. കൈവിട്ട അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നതാണ് മഹിജയോടുള്ള സമീപനം തെളിയിക്കുന്നതെന്നും കോടിയേരിയോട് യെച്ചൂരി വിശദീകരിക്കുന്നത്.

സിപിഎമ്മിന്റെ അടുത്ത കേന്ദ്ര കമ്മറ്റിയോഗവും കേരളത്തിലെ ഭരണപരമായ വിഷയങ്ങൾ ചർച്ച ചെയ്യും. പാർട്ടിയുടെ നിലാപാടുകൾ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്യും. അടിയന്തരമായി തന്നെ മാറ്റങ്ങൾ കൊണ്ടു വരാനുള്ള നിർദ്ദേശവും നൽകും. മന്ത്രിസഭാ പുനഃസംഘടനയും സി.പി.എം കേന്ദ്ര നേതൃത്വം മുന്നോട്ടു വയ്ക്കുന്നുണ്ട്. കോടിയേരിയെ ആഭ്യന്തരമന്ത്രിയാക്കിയുള്ള മാറ്റമാണ് യെച്ചൂരി ആഗ്രഹിക്കുന്നത്. മികവുള്ള എംഎൽഎമാരെ മന്ത്രിമാരാക്കുക. ഇതിലൂടെ സർക്കാരിന്റെ ജനപ്രിയ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാമെന്നാണ് പ്രതീക്ഷ. പല മന്ത്രിമാരും പൂർണ്ണ പരാജയവുമാണ്. ഏറെ പ്രതീക്ഷയോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രഫ രവീന്ദ്രനാഥിനെ ഏൽപ്പിച്ചത്. എന്നാൽ പത്താംക്ലാസ് പരീക്ഷ പോലും വിവാദത്തിലായി. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ, ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ തുടങ്ങിയവർക്കൊന്നും മികവ് കാട്ടാൻ കഴിയുന്നില്ല.

വൈദ്യുത മന്ത്രി എംഎം മണിയും വിവാദങ്ങൾ ഉണ്ടാക്കുന്നു. മേഴ്സികുട്ടി അമ്മയും വിജിലൻസ് കേസിൽ കുടുങ്ങി. ഈ സാഹചര്യത്തിൽ സി.പി.എം മന്ത്രിമാരെ അടിമുടി മാറ്റുകയാണ് ലക്ഷ്യം. മികവ് കാട്ടിയെ എംഎൽഎമാർ ഏറെയുണ്ട്. ഇവരെ ഗ്രൂപ്പ് പരിഗണന നോക്കാതെ മന്ത്രിമാരാക്കാനാണ് നീക്കം. എസ് ശർമ്മ, സുരേഷ് കുറുപ്പ്, വികെസി മുഹമ്മദ് കോയ, രാജു എബ്രഹാം, അയിഷാ പോറ്റി എന്നിവരെ മന്ത്രിമാരാക്കണമെന്ന അഭിപ്രായം സജീവമാണ്. ഇതിന് പുറമേ എ പ്രദീപ് കുമാറിനെ മന്ത്രിയാക്കണമെന്നും ആവശ്യമുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള ബി സത്യനേയും പരിഗണിക്കും. ഗ്രൂപ്പ് പരിഗണനകളാണ് മികവ് കാട്ടിയവരെ കഴിഞ്ഞ തവണ മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തിയത്. ആഭ്യന്തര വകുപ്പിന് കൂടുതൽ ശ്രദ്ധ നൽകണം. അതിന് ആഭ്യന്തരത്തിന് മാത്രമായി ഒരു മന്ത്രിയെന്ന ആവശ്യമാണ് ഉയരുന്നത്. പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് മന്ത്രിയാകാൻ കോടിയേരിയും തയ്യാറാണെന്നാണ് സൂചന. മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

മലപ്പുറത്ത് ലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ വേങ്ങര എംഎൽഎ സ്ഥാനം കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും. അവിടേയും ലീഗിന് തന്നെയാകും ഉപതെരഞ്ഞെടുപ്പിൽ വിജയമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നു. ഇത് സംസ്ഥാന സർക്കാരിന്റെ ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ വേങ്ങര ഉപതെരഞ്ഞെടുപ്പിനിടെ സി.പി.എം ശക്തി കേന്ദ്രത്തിലും വോട്ടെടുപ്പ് നടക്കട്ടേയെന്നതാണ് തന്ത്രം. കോടിയേരി ആഭ്യന്തര മന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് എംഎൽഎ ആകണം. ഇതിനായി തലശ്ശേരിയിൽ നിന്നുള്ള എംഎൽഎയായ ഷംസീർ രാജിവയ്ക്കും. ഇതോടെ വേങ്ങരയ്ക്കൊപ്പം തലശ്ശേരിയിലും ഉപതെരഞ്ഞെടുപ്പ്. തലശ്ശേരിയിലെ വമ്പൻ വിജയത്തോടെ വേങ്ങരയിലെ തോൽവിയിലും ആശ്വാസമുണ്ടാകും. ലീഗിന്റെ ശക്തി കേന്ദ്രമായതുകൊണ്ടാണ് വേങ്ങരയിലെ വിജയമെന്ന വിലയിരുത്തൽ ഉയർത്തി ഭരണ വിരുദ്ധതയെന്ന ആരോപണം മറികടക്കാമെന്നാണ് കണക്കുകൂട്ടൽ.

ആഭ്യന്തരവകുപ്പ് ഒഴിയുമ്പോൾ ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൂടുതൽ സമയം മുഖ്യമന്ത്രിക്ക് കിട്ടും. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ ഏകോപനവും കാര്യക്ഷമമാകുമെന്നും വിലയിരുത്തുന്നു. എന്നാൽ സെക്രട്ടറിയായി തുടരുന്നതിനേക്കാൾ നല്ല മന്ത്രിയാകുന്നതാണെന്ന കോടിയേരിയുടെ മനസ്സും ഇതിന് കാരണമാണ്. ലാവ്ലിൻ കേസിൽ ഹൈക്കോടതി വിധി പിണറായിക്ക് അനുകൂലമല്ലെങ്കിൽ മുഖ്യമന്ത്രി കസേരയും കോടിയേരി നോട്ടമിടുന്നു. ഇതു കൂടി മനസ്സിൽ വച്ചാണ് ആഭ്യന്തര മന്ത്രി പദ ചർച്ച കോടിയേരി സജീവമാക്കുന്നത്. എന്നാൽ ഉപമുഖ്യമന്ത്രിസ്ഥാനം കോടിയേരിക്ക് കൊടുക്കാനാകില്ലെന്ന് പിണറായി നിലപാട് എടുത്തുകഴിഞ്ഞതായി സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP