Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോട്ടറിയിൽ നിന്നു 'കാരുണ്യം' കളഞ്ഞു; കിട്ടിയ കാശൊക്കെ വകമാറ്റി ചെലവഴിച്ചു; ഫണ്ടില്ലാത്തതിനാൽ ചികിത്സാ സഹായ പദ്ധതി നിർത്തുന്നു; സൗജന്യഭവന പദ്ധതിയും ഉപേക്ഷിച്ചേക്കും; മറുനാടൻ വാർത്തകൾ ശരിവച്ച് ലോട്ടറിവകുപ്പിന്റെ നടപടി

ലോട്ടറിയിൽ നിന്നു 'കാരുണ്യം' കളഞ്ഞു; കിട്ടിയ കാശൊക്കെ വകമാറ്റി ചെലവഴിച്ചു; ഫണ്ടില്ലാത്തതിനാൽ ചികിത്സാ സഹായ പദ്ധതി നിർത്തുന്നു; സൗജന്യഭവന പദ്ധതിയും ഉപേക്ഷിച്ചേക്കും; മറുനാടൻ വാർത്തകൾ ശരിവച്ച് ലോട്ടറിവകുപ്പിന്റെ നടപടി

പാലക്കാട്: പാവപ്പെട്ട രോഗികളെ സഹായിക്കാനെന്നു പറഞ്ഞ് ഇനി സർക്കാറിനു കാരുണ്യ ലോട്ടറി വിൽക്കാനാവില്ല. രോഗികളെ സഹായിക്കാനായി എന്നുപറഞ്ഞ് തുടങ്ങിയ കാരുണ്യ സഹായപദ്ധതി പൂർണമായും നിർത്തുന്നു. കൂടാതെ കാരുണ്യലോട്ടറിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് ഭൂരഹിതരും പാർപ്പിടരഹിതരുമായവർക്ക് തുടങ്ങാനിരുന്ന സൗജന്യഭവനപദ്ധതി ഉപേക്ഷിക്കേണ്ട നിലയിലാണ്. മെഡിക്കൽ കോളേജുകളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താത്കാലിക താമസത്തിന് മെഡിക്കൽ കോളേജുകളിൽ നിർമ്മിക്കുമെന്ന് പറഞ്ഞ കാരുണ്യ വീടുകളും ഇനിയുണ്ടാകില്ല.

കാരുണ്യ സമാശ്വാസ പദ്ധതിയിൽ രോഗികൾക്ക് സഹായം ലഭിക്കുന്നില്ലെന്നും ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതായും ജനുവരി മാസത്തിൽ തന്നെ മറുനാടൻ മലയാളി കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി മാസത്തിൽ തന്നെ 32 കോടിയോളം രൂപ കാരുണ്യപദ്ധതിയിൽ ചെലവഴിക്കാതെ ലോട്ടറി വകുപ്പിന്റെ കയ്യിൽ ഉണ്ടായിരുന്നു.ഒരു രോഗിക്ക് ഒരു ലക്ഷം വച്ച് നൽകിയാലും 3200 പേർക്ക് കിട്ടേണ്ട തുകയാണ് അന്നു തന്നെ ചെലവഴിക്കാതിരുന്നത്. അതുവരെ 416 കോടി രൂപ ചെലവഴിച്ചതായി പറഞ്ഞിരുന്നുവെങ്കിലും അതിനും കൃത്യമായ കണക്കുകൾ ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന ധനവകുപ്പ് കാരുണ്യപദ്ധതിയുടെ ഫണ്ട് ഭരണപരമായ മറ്റു കാര്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കുന്നതുകൊണ്ടാണ് കാരുണ്യപദ്ധതിക്ക് അകാല ചരമമായത്.

കാരുണ്യ സഹായപദ്ധതിക്ക് അർഹരെ കണ്ടെത്തുന്നത് കളക്ടർമാർ ചെയർമാനായുള്ള ജില്ലാ സൂക്ഷ്മപരിശോധനാ സമിതിയാണ്. ഇവിടെനിന്നാണ് അപേക്ഷകൾ തിരുവനന്തപുരത്തെ കാരുണ്യയുടെ ഓഫീസിലേക്ക് എത്തുന്നത്. ഇതിൽ ചികിത്സാ സഹായം, റീഇംപേഴ്‌സ്‌മെന്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലുമായി ഓരോ മാസവും ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. മെഡിക്കൽ പരിശോധനയും, മന്ത്രിതല പരിശോധനയും പൂർത്തിയാക്കി അർഹരുടെ ലിസ്റ്റ് കാരുണ്യ ഡയറക്‌ട്രേറ്റിന് കൈമാറും. ഇങ്ങനെ ലഭിച്ച 800 ഓളം അപേക്ഷകളിൽ ഫണ്ട് പാസ്സാക്കിയെങ്കിലും തുക കൈമാറാൻ കഴിഞ്ഞിട്ടില്ല.

രോഗികൾക്ക് നൽകേണ്ട തുക സർക്കാറിന്റെ മറ്റു കാര്യങ്ങൾക്ക് ചെലവായിക്കഴിഞ്ഞു. അപേക്ഷകൾ മുറപോലെ വാങ്ങിവയ്ക്കുന്നുണ്ടെങ്കിലും മാസങ്ങളായി ഒന്നിനും സഹായം കൊടുക്കുന്നില്ല. കാരുണ്യ സഹായപദ്ധതിയിൽനിന്ന് പണം വാങ്ങി ചികിത്സിക്കാനിരിക്കുന്ന രോഗികളെ സഹായം നൽകാതെ അവരറിയാതെ തന്നെ മരണത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. പക്ഷേ എത്ര മൂടിവച്ചാലും പദ്ധതി നിർത്തിയെന്ന് അടുത്തു തന്നെ പ്രഖ്യാപനം നടത്തേണ്ട ഗതികേടിലാണ് സർക്കാർ. മൂന്നു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് കാരുണ്യലോട്ടറിയുടെ വരുമാനത്തിൽനിന്ന് രണ്ടുലക്ഷം വരെ ചികിത്സാ സഹായം നൽകാറുണ്ട്.

കാരുണ്യ സഹായ പദ്ധതി കൂടി നിലയ്ക്കുന്നതോടെ സർക്കാർ ലോട്ടറികൾ ജനക്ഷേമകരമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്ന അവസ്ഥയാണ് സംജാതമാവുക. 1998 ലെ ഭാഗ്യക്കുറി (നിയന്ത്രണ) നിയമത്തിന്റേയും 2010 ലെ ഭാഗ്യക്കുറി (നിയന്ത്രണ) ചട്ടത്തിന്റേയും വ്യവസ്ഥകൾ ലംഘിക്കുന്നവയെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുത്തി നിരോധിക്കാവുന്നതാണ്. എന്നാൽ കേരള സംസ്ഥാന ലോട്ടറികൾ ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കുന്നതിനാലും ജനോപകാരപ്രദമായും കാരുണ്യ പോലുള്ള പദ്ധതികളിൽ രോഗികൾക്ക് സഹായം നൽകുന്നതിനാലും ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നില്ലെന്നാണ് വിശദീകരിച്ചിരുന്നത്. എന്നാൽ കാരുണ്യ നിലയ്ക്കുന്നതോടെ ചികിത്സാ സഹായം നിലയ്ക്കുകയാണ്.

ജനങ്ങളിൽനിന്ന് മാസം തോറും ശരാശരി 400 കോടിയിലേറെ രൂപയാണ് സർക്കാറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ തുക ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ നിലച്ചു. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സി.ക്ക് പോലും ധനവകുപ്പ് ഇതിൽനിന്ന് പത്തു പൈസ അനുവദിച്ചിട്ടില്ല. ജീവനക്കാർക്ക് ശമ്പളം നൽകാനും, കടം വീട്ടാനും, ചീഫ് സെക്രട്ടറിയുടെ പോലുള്ള ഉദ്യോഗസ്ഥരുടെ മാളികകൾ കോടികൾ മുടക്കി മോടി പിടിപ്പിക്കാനുമൊക്കെയാണ് ഇപ്പോൾ ഈ തുക ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ ലോട്ടറി നടത്താനുള്ള മാനദണ്ഡത്തിൽ പെടുന്നതല്ല.

ഒരേ നമ്പറിലുള്ള പല ടിക്കറ്റുകൾ ലോട്ടറി വകുപ്പ് അടിച്ച് വിൽപ്പനയ്ക്കായി അടുത്ത കാലത്ത് വിട്ടിരുന്നു. വ്യാജ ടിക്കറ്റാണെന്നു പരാതി ലഭിച്ചപ്പോഴാണ് ലോട്ടറി വകുപ്പ് തന്നെ പരിശോധിച്ച് രണ്ടും തങ്ങൾ തന്നെ അടിച്ചതെന്ന് വ്യക്തമാക്കിയത്. സമ്മാനത്തുക ചെറിയ തുകയായതിനാൽ തുക നൽകി രഹസ്യമായി തന്നെ ലോട്ടറി വകുപ്പ് പ്രശ്‌നം പരിഹരിച്ചു. ഈ സംഭവം പലപ്പോഴും സംഭവിക്കുന്നുണ്ടെങ്കിലും ഒരു അന്വേഷണവും നടന്നിട്ടില്ല. ലോട്ടറിയുടെ വിശ്വാസ്യത തന്നെ തകർക്കുന്ന സംഭവങ്ങൾക്കിടയിലാണ് കാരുണ്യ സഹായപദ്ധതിയും നിലക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP