Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നും നാലും വർഷം ജോലി ചെയ്താലും കരുണാമയിയായ അമ്മയുടെ ആശുപത്രിയിൽ ശമ്പളം 6500 തന്നെ; കോടികൾ വാരിയെറിഞ്ഞ് പരസ്യം ചെയ്യുന്ന ആസ്റ്ററിൽ 5000! അവയവദാനത്തിലൂടെ പേരെടുക്കുന്ന ലിസ്സിയിലും 6000 വൻതുക! നക്കാപ്പിച്ച പോലും കൊടുക്കാതെ അനേകം കത്തോലിക്കാ ആശുപത്രികൾ; തലസ്ഥാനത്തെ എസ്.യു.ടിയിൽ ശമ്പളം കിട്ടിയാൽ ഭാഗ്യം; മറ്റേണിറ്റി ലീവും സിക്ക് ലീവും സ്വപ്നം മാത്രം: നഴ്സുമാർ സമരം ചെയ്യുന്നത് എന്തിനെന്ന് ചോദിക്കുന്നവർ വായിച്ചറിയാൻ

മൂന്നും നാലും വർഷം ജോലി ചെയ്താലും കരുണാമയിയായ അമ്മയുടെ ആശുപത്രിയിൽ ശമ്പളം 6500 തന്നെ; കോടികൾ വാരിയെറിഞ്ഞ് പരസ്യം ചെയ്യുന്ന ആസ്റ്ററിൽ 5000! അവയവദാനത്തിലൂടെ പേരെടുക്കുന്ന ലിസ്സിയിലും 6000 വൻതുക! നക്കാപ്പിച്ച പോലും കൊടുക്കാതെ അനേകം കത്തോലിക്കാ ആശുപത്രികൾ; തലസ്ഥാനത്തെ എസ്.യു.ടിയിൽ ശമ്പളം കിട്ടിയാൽ ഭാഗ്യം; മറ്റേണിറ്റി ലീവും സിക്ക് ലീവും സ്വപ്നം മാത്രം: നഴ്സുമാർ സമരം ചെയ്യുന്നത് എന്തിനെന്ന് ചോദിക്കുന്നവർ വായിച്ചറിയാൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: കരുണയും സ്‌നേഹവും എപ്പോഴും വഴിഞ്ഞൊഴുക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആൾദൈവമാണ് മാതാ അമൃതാനന്ദമയി ദേവി. പാവപ്പെട്ടവന്റെ ദുഃഖം കണ്ടാൽ ആവശ്യം ഇല്ലെങ്കിലും ജോലി നൽകുന്ന മഹാനായ മനുഷ്യസ്‌നേഹിയാണ് എം എ യൂസഫലി. ഒരു ചെകിട്ടത്ത് അടിന്നവർക്ക് മറുചെവിട് കൂടി കാണിച്ചു കൊടുക്കുന്ന കർത്താവിന്റെ വത്സല ശിക്ഷ്യന്മാരാണ് കത്തോലിക്കാ സഭ. എന്നിട്ടെന്താ കാര്യം രാവും പകലും ഇല്ലാതെ രോഗാണുക്കൾക്കും യാതനകൾക്കുമൊപ്പം പുഞ്ചിരിച്ചു കൊണ്ട് ശുശ്രൂഷ നടത്തി ഇവർക്കൊക്കെ കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്ന നഴ്‌സുമാർക്ക് പ്രതിഫലം നൽകാൻ നേരം മാത്രം ഈ സ്‌നേഹവും കരുണയും ഒക്കെ പമ്പ കടക്കും. 6500 രൂപ വരെ മാത്രമാണ് ഈ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം ശമ്പളം.

ആറ്റിലെറിഞ്ഞു കളഞ്ഞാലും നഴ്‌സുമാർക്ക് അഷ്ടിമാറ്റാൻ വേണ്ട പണം കൊടുക്കില്ലെന്ന വാശിയിലാണ് കേളത്തിലെ പല ആശുപത്രി മതുലാളിമാരും. മേൽപ്പറഞ്ഞ ആശുപത്രി മുതലാളിമാർ സംസ്ഥാനത്തെ വൻകിടക്കാരാണെന്നിരിക്കേയാണ് നഴ്‌സുമാർക്കെതിരെ ഈ കൊടിയ അനീതി പ്രവർത്തിക്കുന്നത്. ഒരു ദിവസം കൂലിപ്പണിയെടുത്താൽ കിട്ടുന്ന ശമ്പളം പോലും ലക്ഷങ്ങൾ മുടക്കി നഴ്‌സിങ് പഠിച്ചിറങ്ങിയ നഴ്‌സുമാർക്ക് കേരളത്തിൽ ലഭിക്കുന്നില്ല. സംസ്ഥാനത്തെ വൻകിട ആശുപത്രികളിൽ എല്ലാം തന്നെ നക്കാപ്പിച്ച ശമ്പളം നൽകുന്നവരാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലെ ഭൂരിപക്ഷം നഴ്‌സുമാരുടെയും ദുരവസ്ഥ ഇതാണ്. അമൃതയിലു ലേക് ഷോറിലും ലിസിയിലുമെല്ലാ്ം നഴ്‌സുമാർക്ക് തുച്ഛമായ പ്രതിഫലമാണ് നൽകുന്നത്.

യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സിങ് സമരം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ നഴ്‌സുമാർക്ക് ഇപ്പോൾ എന്ത് ശമ്പളം ലഭിക്കുന്നു എന്ന അന്വേഷണം മറുനാടൻ മലയാളി നടത്തിയത്. വൻകിടക്കാരുടെ ആശുപത്രിയ്ിൽ പോലും നക്കാപ്പിച്ച ശമ്പളമാണ് ലഭിക്കുന്നത് എന്നാണ് മറുനാടന് ലഭിച്ച വിവരം. അത്രയ്ക്കും പരിതാപകര ശമ്പള നിലയാണ് സ്വകാര്യ ആശുപത്രികളിൽ ഇപ്പോഴും നിലനിൽക്കുന്നത്. അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവരാണ് സ്വകാര്യ ആശുപത്രി മുതലാളിമാർ എന്നതാണ് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാനായത്. രോഗികളിൽ നിന്നും പണം പിഴിഞ്ഞ് തിന്ന് കൊഴുക്കുന്ന മുതലാളിമാർ തങ്ങൾക്ക് നൽകുന്നത് വെറും നക്കാപ്പിച്ച മാത്രമാണ്. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം എന്നത് ഒരു കേട്ട് കേൾവി മാത്രമാണെന്നതാണ്. പല ആശുപത്രികളും 2013ൽ സുപ്രീം കോടതി പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും നൽകാത്ത അവസ്ഥയിലാണ്. പല ആശുപത്രികളിലും അസുഖം വന്ന് കിടപ്പിലായാൽ ആ ദിവസങ്ങളിലെ ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയാണ്.

അമൃതയിൽ നൽകുന്നത് വെറും 6500 രൂപ! ആസ്റ്ററിലെ പഞ്ചനക്ഷത്രത്തിൽ 5000!

പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരുടെ ആശുപത്രികളിലെ സ്ഥിതി പോലും പരമകഷ്ടമാണ്. ലോകത്തിന്റെ പ്രിയങ്കരിയായ അമ്മയെന്ന് പറയുകയും കരുണാമയി എന്ന് ടാഗ് സ്വയം തൂക്കി നടക്കുകയും ചെയ്യുന്ന, ജീവകാരുണ്യ പ്രവർത്തനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞ് വെച്ച മാതാ അമൃതാനന്ദമയിയുടെ അമൃത ആശുപത്രിയിൽ നഴ്സുമാർക്ക് നൽകുന്ന ശമ്പളം 6500 മുതൽ 18,000 വരെയാണ്. പതിനെട്ടായിരം രൂപയുണ്ടല്ലോ എന്ന് പറയാൻ വരട്ടെ അപ്പറഞ്ഞ തുക കൈയിൽ കിട്ടണമെങ്കിൽ ചുരുങ്ങിയത് 10 വർഷത്തെ പ്രവർത്തിപരിചയമെങ്കിലും വേണമെന്നാണ് നഴ്സുമാർ പറയുന്നത്. മൂന്നും നാലും വർഷമായി കഴിഞ്ഞാൽ പോലും ജോലിക്ക് കയറിയപ്പോൾ ലഭിച്ചു തുടങ്ങുന്ന 6500 ഒന്ന് പതിനായിരത്തിലേക്ക് പോലും എത്തില്ല.

ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകി എല്ലാ അർത്ഥത്തിലും വാണിജ്യ സ്ഥാപനമായി പ്രവർത്തിക്കുന്ന ആശുപത്രിയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി. മമ്മൂട്ടിയുടെ ബന്ധുക്കൾക്കും പ്രമുഖ ആശുപത്രി വ്യവസായി ആസാദ് മൂപ്പനും പങ്കാളിത്തമുള്ള ആശുപത്രിയാണിത്. കോടികളാണ് പരസ്യങ്ങൾക്കായി ആസ്റ്റർ മെഡിസിറ്റിയെന്ന പഞ്ചനക്ഷത്ര ആശുപത്രി ചെലവാക്കുന്നത്. എന്നാൽ, ഈ ആശുപത്രിൽ വന്ന് പോകുനുള്ള ശമ്പള പോലും ഇവിടുത്തെ നഴ്‌സുമാർക്ക് ലഭിക്കുന്നില്ല. വെറും 5000 രൂപയാണ് ഈ നക്ഷത്ര ആശുപത്രിയിലെ നഴ്‌സുമാരുടെ മിനിമം ശമ്പളം.

കൊച്ചിയിലെ ഉയർന്ന ജീവിതചിലവും നഴ്‌സുമാരുടെ ശമ്പളവും ഒത്തുപോകാത്ത നിലയിലാണ് ആസ്റ്റർ മെഡിസിറ്റിയിലെ നഴ്‌സുമാർ. വണ്ടിക്കൂലിക്കും നിത്യച്ചെലവിനും പോലും ഈ ശമ്പളം കൊണ്ട് തികയില്ലെന്ന് നഴ്‌സുമാർ പറയുന്നു. ആശുപത്രിയിൽ എത്താൻ യാത്രാക്കൂലിയായി തന്നെ പലർക്കും ആയിരത്തിലേറെ രൂപയാകും. ബാക്കിയുള്ള തുക കൊണ്ട് വായ്പ അടയ്ക്കാനും വീട്ടു ചെലവിനും അരി വാങ്ങാനുമൊക്കെ ഈ തുക പര്യാപ്തമാക്കാൻ തങ്ങൾക്ക് മാജിക് വശമില്ലെന്ന് നഴ്സുമാർ പറയുന്നു. ആസ്റ്റർ മെഡിസിറ്റിയിലെ ഉയർന്ന ശമ്പളമാകട്ടെ 17000ൽ താഴെയാണ്. എറണാകുളത്തെ ലിസി ഹോസ്പിറ്റലിൽ നഴ്സുമാരുടെ ശമ്പളം ആറായിരം മുതൽ 14000 വരെയാണ്.തൃശ്ശൂർ ജൂബിലി ആശുപത്രിയിൽ ശമ്പളമാകട്ടെ 6500 മുതൽ 19000 വരെയാണ്. എം എ യൂസഫലിയുടെ ആശുപത്രിയായ ലേക് ഷോറിലെ അവസ്ഥയും മറിച്ചല്ല. ഇവിടെയും തുച്ഛമായ തുകയാണ് ശമ്പളമായി ലഭിക്കുന്നത്.

എസ് യുടിയിൽ ശമ്പളം കിട്ടിയാൽ ഭാഗ്യം..!

തലസ്ഥാനത്തെ എസ് യു ടി ആശുപത്രിയിൽ ഒരു രൂപപോലും ലഭിക്കാത്തവർ മുതൽ ജോലി ചെയ്യുന്നുണ്ട്. കിംസ് ആശുപത്രിയിലെ ശമ്പളമാകട്ടെ 6500 മുതലാണ്. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയായ എസ്‌കെയിൽ നഴ്സുമാർക്ക് പരമാവധി ലഭിക്കുന്നത് 14000 രൂപ വരെയാണ്. വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് ലഭിക്കുന്ന തുകയാണ് ഇത്. 10 വർഷം മുതൽ അങ്ങോട്ട് പ്രവർത്തി പരിചയമുണ്ടെങ്കിൽ മാത്രമാണ് എന്തെങ്കിലും മാന്യമായ ശമ്പളം നൽകുന്നത്. സുപ്രീം കോടതി നിയോഗിച്ച് കമ്മിറ്റിയുടെ പഠന റിപ്പോർട്ടിൽ പറയുന്ന തുക പോലും നഴ്സുമാർക്ക് ലഭിക്കില്ല. വലിയ പ്രവർത്തിപരിചയവും മിടുക്കുമുണ്ടെങ്കിൽ മാത്രമാണ് 15000 രൂപയൊക്കെ കൈയിൽ കിട്ടുന്നത്.

നഴ്സിങ്ങ് ഫീസ് ഇനത്തിൽ ഓരോ മാസവും ലക്ഷങ്ങളാണ് ആശുപത്രി മുതലാളിമാരുടെ പോക്കറ്റിലെത്തുന്നത്.പല ആശുപത്രികളും നഴ്സിങ് ഫീസ് എന്ന ഇനത്തിൽ മാത്രം വാങ്ങുന്നതിന്റെ ഒരംശം പോലും ശമ്പളമായി നൽകുന്നില്ലെന്നതാണ് വാസ്തവം. നഴ്സിങ് ഫീസ് എന്ന ഇനത്തിൽ ഒരു രോഗിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ ദിവസേന ഈടാക്കുന്നത് 300 മുതൽ 1000 രൂപവരെയാണ്. ഒരു നഴ്സിന് തന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയിൽ 5 മുതൽ 10 രോഗികളെ വരെയാണ് നോക്കേണ്ടി വരുക. അതായത് 1500 മുതൽ പതിനായിരം രൂപ വരെയാണ് നഴ്സിങ് ഫീസ് ഇനത്തിൽ ഒരു നഴ്സ് നോക്കുന്ന രോഗികളിൽ നിന്നും മാത്രം ഈടാക്കുന്നത്. ഒരു ദിവസത്തെ മാത്രം കണക്കാണിത് എന്നിരിക്കെ യാണ് നഴ്സുകളോട് ഈ നെറികേട് തുടരുന്നത്.

പല ആശുപത്രികളും ഇപ്പോഴും നഴ്സുമാർക്ക് നൽകുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്. ഇതുകൊണ്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാകാതെ മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം ജോലിയിൽ തുടരുകയാണ് നിരവധിപേർ. വലിയ ശമ്പളം മെച്ചപ്പെട്ട ജീവിതം എന്നീ സ്വപ്നങ്ങൾ തന്നെയാണ് നഴ്സുമാർക്കുമുള്ളത്.ലോൺ എടുത്ത് ഉൾപ്പടെ നഴ്സിങ് പഠനം പൂർത്തിയാക്കിയവർ ഇപ്പോൾ ലോൺ തിരിച്ചടയ്ക്കാനായി പണം പലിശയ്ക്കെടുത്ത് കടപ്പെടേണ്ട അവസ്ഥയിലാണ്. തിരിടക്കാൻ കഴിയാത്തതു മൂല ജപ്്തി ഭീഷണി നേരിടേണ്ട അവസ്ഥയും ഒരു വശത്തുണ്ട്.

സർക്കാർ നഴ്‌സുമാർക്ക് 32,000; സമാന യോഗ്യതയുണ്ടെങ്കിലും സ്വകാര്യ ആശുപത്രിയിൽ നക്കാപ്പിച്ച

ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഉടമസ്ഥയലിയുള്ള ആശുപത്രികളിലെ ശമ്പള നിലയിലും അതീവ പരിതാപകരമാണ്. കോട്ടയത്തെയും ഇടുക്കിയിലെയും പത്തനംതിട്ടയിലെയും ആശുപത്രികളിലും കടുത്ത ചൂഷണമാണ് നിലനിൽക്കുന്നത്. ഇവിടങ്ങളിലെ നഴ്‌സുമാർക്ക് ലഭിക്കുന്നത് കേരള സർക്കാർ നല്കുന്നതിന്റെ ആറിലൊന്നു ശമ്പളം മാത്രമാണ്. കോട്ടയം എസ്.എച്ച് ഹോസ്പിറ്റലിൽ 6500 രൂപയാണ് തുടക്കക്കാർക്ക് ലഭിക്കുന്ന ശമ്പളം. പാലായിലെ കാർമ്മൽ ഹോസ്പിറ്റൽ, മരിയൻ മെഡിക്കൽ സെന്റർ, ഭരണങ്ങാനം മേരിഗിരി, കോട്ടയം കാരിത്താസ്, ഭാരത്, മാതാ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

സർക്കാർ സർവീസിൽ ജോലിഭാരമുണ്ടെങ്കിലും നഴ്‌സുമാർക്ക് മാന്യമായ വേതനം ലഭിക്കുന്നുണ്ട്. നഴ്‌സിന് 27,000 രൂപ അടിസ്ഥാന ശമ്പളം ഉണ്ട്. അലവൻസുകൾ ഉൾപ്പെടെ 32,000ത്തിന് മുകളിൽ ലഭിക്കുകയും ചെയ്യും. എന്നാൽ, സ്വകാര്യ ആശുപത്രിയിലേക്ക് വന്നാൽ കാര്യങ്ങളുടെ ഗതി മാറും. ഇപ്പോൾ ന്യായമായ ശമ്പളത്തിന് വേണ്ടി സമരം ചെയ്യുമ്പോൾ അതിനെ അടിച്ചമർത്താൻ വേണ്ടി മാനേജ്‌മെന്റുകൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. സംഘടനാ സംവിധാനത്തിലേക്ക് വരുന്ന നഴ്‌സുമാരെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയാണ് ആശുപത്രികൾ ചെയ്യുന്നത്.

മറ്റേണിറ്റി ലീവും സിക്ക് ലീവും സ്വപ്‌നം മാത്രം

മറ്റേണിറ്റി ലീവ് ഗവൺമെന്റ് നഴ്‌സിന് ആറുമാസമുള്ളപ്പോൾ സ്വകാര്യ മേഖലയിൽ സർക്കാർ അനുവദിച്ച ലീവ് പോലും നൽകാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്കും ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും അലവൻസുകൾ ഒന്നും തന്നെ നൽകാറില്ല മിക്ക സ്വകാര്യ ആശുപത്രികളും. മിക്കവാറും ഹോസ്പിറ്റലുകൾക്ക് നഴ്‌സിങ് സ്‌കൂളുമുണ്ട്. ഇവിടെ പഠിക്കുന്നവരിൽ നിന്നും വലിയ തുക ഈടാക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇവിടെ പഠിച്ചിറങ്ങിയാൽ പിന്നെ നഴ്‌സുമാർ ദുരിതത്തിലേക്കാണ് .തുച്ഛമായ തുക കൊണ്ട് എങ്ങനെ ജീവിക്കും എന്നാണ് നഴ്‌സുമാരുടെ ചോദ്യം.

യുഎൻഎയുടെ നേതൃത്വത്തിൽ ഇപ്പോൾ നടത്തുന്ന സമരം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാർ. ആവശ്യങ്ങൾ അംഗീകരിച്ച് സമരം പിൻവലിപ്പിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറായാലും സർക്കാർ നിർദ്ദേശിക്കുന്ന വിധത്തിൽ ശമ്പളം നൽകാൻ കഴുത്തറുപ്പന്മാരായ ആശുപത്രികൾ തയ്യാറാകില്ലെന്നാണ് പലരും കരുതുന്നത്. എങ്കിലും കിട്ടുന്ന വർദ്ധനവ് തങ്ങൾക്ക് ആശ്വാസമാകുമെന്നും ഇവർ കരുതുന്നു. അതേസമയം നഴ്‌സുമാരുടെ ശമ്പള വർദ്ധന പാവപ്പെട്ട രോഗികളുടെ ചികിത്സാഭാരം കൂട്ടുമെന്ന മുട്ടുന്യായമാണ് മാനേജ്‌മെന്റുകൾ പലതും മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ, ദിവസവും ആശുപത്രികൾക്ക് പുതിയ ബ്ലോക്കുകൾ കെട്ടിപ്പൊക്കുകയാണ് ആശുപത്രികൾ. അതുകൊണ്ട് തന്നെ നഷ്ടക്കണക്ക് തങ്ങൾക്ക് കേൾക്കേണ്ടെന്ന് നഴ്‌സുമാരും പറയുന്നു.

സ്വകാര്യ നഴ്സുമാരുടെ മിനിമം വേതനം ആവശ്യപ്പെട്ടുള്ള സമരം പത്ത് ദിവസം പിന്നിടുമ്പോഴും സർക്കാരിനോ സ്വകാര്യ മാനേജ്മെന്റിനോ ഇനിയും വിഷയത്തിൽ ഒരു അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണനുമായി നഴ്സുമാർ നടത്തിയ ചർച്ചയ്ക്ക് ശേഷം അവരുടെ പ്രശ്നങ്ങൾ കേട്ട് മനസ്സിലാക്കുകയും ഈ മാസം 10ന് സർക്കാർ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്നതിന് മുന്നോടിയായുള്ള ചർച്ചയും നടക്കും. അതിനിടെയാണ് നഴ്‌സുമാരുടെ ജീവിത സമരത്തെ അടിച്ചമർത്താൻ സംഘടിതമായി കത്തോലിക്കാ മാനേജ്‌മെന്റുകളുടെ ഭാഗത്തു നിന്നും ശ്രമം നടക്കുന്നതും.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനായി സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് നിയോഗിച്ച കമ്മിറ്റി റിപ്പോർട് സമർപ്പിച്ചത്. ഇതിലെ സുപ്രധനമായ റിപ്പോർടുകളാണ് ഇപ്പോഴും നടപ്പാക്കാതെ തുടരുന്നത്. ഇരുന്നൂറിന് മുകളിൽ കിടക്കകളുള്ള ആശുപത്രിയിൽ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളവും നൂറിനും ഇരുന്നൂറിനും ഇടയിലുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളിൽ നിന്നും പത്ത് ശതമാനം കുറച്ചും. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രിയിൽ 20 ശതമാനം കുറച്ചും 50 കിടക്കകൾ വരെുള്ള ആശുപത്രിയിൽ ഇരുപതിനായിരം രൂപയും ശമ്പളം നൽകണമെന്നുമായിരുന്നു ശുപാർശ സുപ്രീം കോടതി നിർദ്ദേശവും ബലരാമൻ, വീരകുമാർ കമ്മിറ്റികളുടെ റിപ്പോർട്ടുകളും നടപ്പാക്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP