Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരത്തെ ഫലം മറുനാടൻ പുറത്ത് വിടാനിരിക്കെ രണ്ടിടത്ത് വിജയവും രണ്ടിടത്ത് രണ്ടാം സ്ഥാനവും; എല്ലാ സർവ്വെകളിലും അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു; മൂന്ന് മുന്നണികളിലും വോട്ട് മറിക്കൽ ആലോചന സജീവം; കോൺഗ്രസിനും സിപിഎമ്മിനും ഇനി ബിജെപി പൊതു ശത്രു

തിരുവനന്തപുരത്തെ ഫലം മറുനാടൻ പുറത്ത് വിടാനിരിക്കെ രണ്ടിടത്ത് വിജയവും രണ്ടിടത്ത് രണ്ടാം സ്ഥാനവും; എല്ലാ സർവ്വെകളിലും അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു; മൂന്ന് മുന്നണികളിലും വോട്ട് മറിക്കൽ ആലോചന സജീവം; കോൺഗ്രസിനും സിപിഎമ്മിനും ഇനി ബിജെപി പൊതു ശത്രു

ബി രഘുരാജ്‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതിയിലേയ്ക്കുള്ള അകലം തീരെ കുറഞ്ഞു വരവെ ബിജെപി പിടിക്കുന്ന വോട്ടുകളെ കുറിച്ചാണ് എങ്ങും ചർച്ചകളും ആലോചനകളും. ഇന്ന് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതില ആയിരിക്കവെ മിക്ക ഇടങ്ങളിലും ബിജെപിയുടെയോ ബിഡിജെഎസിന്റെയോ സ്ഥാനാർത്ഥികളെ ആശങ്കയോടെ കാണുകയാണ് യുഡിഎഫും എൽഡിഎഫും. എൻഡിഎ മുന്നണി പിടിക്കുന്ന വോട്ട് ആരുടെ ആവും എന്ന ചർച്ചയാണ് എങ്ങും. അതേ സമയം മറുനാടൻ മലയാളിയുടേതടക്കം ഇതുവരെ വന്ന പ്രമുഖ സർവ്വെകൾ എല്ലാം ബിജെപി സഖ്യം സീറ്റ് നേടുമെന്ന സൂചന പുറത്ത് വിട്ടതോടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇരു മുന്നണികളും ആശങ്കയിലായിട്ടുണ്ട്.

ബിജെപി ജയിക്കാൻ ഇടയുള്ള പ്രധാന മണ്ഡലങ്ങളിൽ വോട്ട് മറിച്ച് പരാജയം ഉറപ്പാക്കാൻ എൽഡിഎഫും യുഡിഎഫും അനൗദ്യോഗിക നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട് മണ്ഡലങ്ങളിൽ വോട്ട് മറിക്കൽ നടത്താൻ ആണ് പ്രധാന ആലോചന. ഇവിടങ്ങളിൽ യുഡിഎഫിനോ, എൽഡിഎഫിനോ ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന ചർച്ചയ്ക്കാണ് തുടക്കം ഇട്ടിരിക്കുന്നത്. നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ശിവൻകുട്ടിക്കും, വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരനും എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത. കഴക്കൂട്ടത്ത് കടകംപള്ളിക്കും ചെങ്ങന്നൂരിൽ പിസി വിഷ്ണുനാഥിനും കാര്യങ്ങൾ അനുകൂലമാകും. മഞ്ചേശ്വരത്തും കാസർഗോഡും പാലക്കാടും യുഡിഎഫിനാകും തീരുമാനം ഗുണകരമാവുക എന്നാണ് സൂചന.

അതേസമയം എൽഡിഎഫ്-യുഡിഎഫ് അട്ടിമറി മുന്നിൽ കണ്ട് യുഡിഎഫിനെ പരമാവധി സഹായിച്ച് സിപിഎമ്മിന്റെ പരാജയം ഉറപ്പ് വരുത്താൻ എൻഡിഎയും ചർച്ചകൾ സജ്ജീവമായി. ബിജെപ്പിക്ക് കേരളത്തിൽ വളരാൻ സിപിഐ(എം) തകരണം എന്ന കണക്കുകൂട്ടൽ കാരണമാണ് ഏകപക്ഷീയമായ ഈ ബന്ധത്തിന് തയ്യാറാകുന്നത്. മാത്രമല്ല ഇടത് സർക്കാർ അധികാരത്തിൽ വന്നാൽ തന്റെ നിലപാട് തന്നെ ഇല്ലാതാവുമെന്ന് വെള്ളാപ്പള്ളിയും ഭയക്കുന്നുണ്ട്. എന്ത് വില കൊടുത്തും എൽഡിഎഫ് സ്ഥാനാർത്ഥികളെ തോല്പിക്കാൻ ആണ് വെള്ളാപ്പള്ളിയുടെ തീരുമാനം. എന്നാൽ ചിലയിടങ്ങളിൽ സ്ഥാനാർത്ഥിയെ നോക്ക് വോട്ട ചെയ്യും. പറവൂരിൽ വിഡി സതീശനെ തോൽപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം.

മറുനാടൻ മലയാളി നടത്തിയ സർവ്വേയിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമായിരുന്നു. പാലക്കാട് ശോഭാ സുരേന്ദ്രനും ചെങ്ങന്നൂരിൽ പിഎസ് ശ്രീധരൻ പിള്ളയ്ക്കുമാണ് വ്യക്തമായ മുൻതൂക്കം കിട്ടിയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ തിരുവനന്തപുരത്തെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളുടെ സർവ്വേയും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചു. ഇതോടെയാണ് എന്ത് വിലകൊടുത്തും ഈ സാധ്യതയെ അട്ടിമറിക്കാൻ കോൺഗ്രസും സിപിഎമ്മും തീരുമാനിക്കുന്നത്. അഞ്ചിടങ്ങളിൽ ബിജെപി പ്രചരണത്തിൽ വ്യക്തമായ മുൻതൂക്കം നേടിയെന്ന് ഇരുകൂട്ടരും തിരിച്ചറിയുന്നു.

ഇത്തവണ ബിഡിജെഎസ് ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളുടെ മുന്നണിക്കു രൂപം നൽകിയാണു ബിജെപി അങ്കത്തിനിറങ്ങിയിരിക്കുന്നത്. ഈ മുന്നണി സംവിധാനത്തിന്റെ പിൻബലം തന്നെയാണ് സംസ്ഥാനത്തു ബിജെപിയുടെ പ്രതീക്ഷകൾക്കു ജീവൻവപ്പിക്കുന്നത്. മഞ്ചേശ്വരത്തും നേമത്തും തിരുവനന്തപുരം മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ബിജെപിയുടെ സ്വാധീനം മുന്നണി സംവിധാനത്തിന്റെ വരവോടെ മധ്യ കേരളത്തിലേക്കും വടക്കൻ കേരളത്തിലെ ചില മണ്ഡലങ്ങളിലേക്കും വരെ വ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം കൃത്യമായി ഉപയോഗിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്രചാരണത്തിനു തന്നെയാണു പാർട്ടി രൂപം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ദിവസമാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ബിജെപിയുടെ വളർച്ച തടയണമെന്നാണ് സിപിഎമ്മും കോൺഗ്രസും ഒരുമിച്ച് തീരുമാനിക്കുന്നത്. മൂന്നാം ശക്തിയുടെ ഉദയം തൂക്ക് മന്ത്രിസഭയുടെ സാഹചര്യമുണ്ടാക്കും. ചെറു കക്ഷികൾക്ക് വിലപേശലിന് അവസരമൊരുക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തെ തന്നെ മാറ്റി മറിക്കും. ഈ സാഹചര്യത്തിലാണ് വോട്ട് മറിക്കലിന്റെ സാധ്യത പരിശോധിക്കുന്നത്.

ഈ രാഷ്ട്രീയ സാഹചര്യത്തെ കരുതലോടെയാണ് ബിജെപി നോക്കി കാണുന്നത്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട് മണ്ഡലങ്ങളിൽ പ്രചരണത്തിൽ ബിജെപി ബഹുദൂരം മുന്നിൽ പോയി. ഈ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിടത്തെങ്കിലും ജയിക്കാമെന്ന ഉറച്ച പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. പത്ത് സീറ്റുകളെങ്കിലും ജയിക്കണമെന്ന ആവശ്യമാണ് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ചിട്ടുള്ളത്. ഈ ലക്ഷ്യം നേടാൻ ആറന്മുളയേയും കാട്ടക്കടയേയും അനുകൂലമാക്കാനുള്ള പെടാപാടിലാണ് ബിജെപി. അതിനിടെയാണ് വോട്ട് മറിക്കൽ സാധ്യത വീണ്ടും സജീമാകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നാല് നിയമസഭാ മണ്ഡലങ്ങളിൽ രാജഗോപാൽ മുന്നിലെത്തിയിരുന്നു. ഇതിൽ നേമത്ത് 18000ലധികം വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നേമത്ത് രാജഗോപാൽ ഇത്തവണ ജയിക്കുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും രാജഗോപാൽ നടത്തിയതിന് സമാനമായ മുൻതൂക്കം ബിജെപി നേടിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കി. കോൺഗ്രസിലെ കെ മുരളീധരൻ അനായാസമായി ജയിക്കുമെന്ന് വിലയിരുത്തിയ വട്ടിയൂർക്കാവിനെ കുമ്മനം വരുതിയിലാക്കിയെന്നാണ് ബിജെപി വിലയിരുത്തൽ. കോൺഗ്രസിലെ ചിലരും കുമ്മനത്തെ സഹായിക്കുന്നതായി ആരോപണം ഉയർന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് വട്ടിയൂർക്കാവിൽ മുരളീധരന് അനുകൂലമായി വോട്ട് മറിക്കാനുള്ള ഫോർമുല തയ്യാറാക്കുന്നത്.

സ്ഥിരമായി രണ്ടാം സ്ഥാനത്ത് എത്തുന്ന മഞ്ചേശ്വരത്തും വിജയത്തിന്റെ അലയൊലികൾ ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കെ സുരേന്ദ്രൻ പ്രചരണത്തിൽ ഏറെ മുന്നിലാണ്. ചെങ്ങന്നൂരിൽ അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ളയുണ്ടാക്കിയ മുൻതൂക്കം ഏവരേയും ഞെട്ടിച്ചു. ഇതിന് സമാനമാണ് കഴക്കൂട്ടത്തേയും സ്ഥിതി ഗതികൾ. വളരെ മുമ്പ് തന്നെ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുരളീധരൻ കഴക്കൂട്ടത്ത് പ്രചരണം തുടങ്ങി. അത് മുതൽക്കൂട്ടുമായി. കാട്ടാക്കടയിലെ ചിത്രവും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ആറു പഞ്ചായത്തുകളാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടിടത്ത് ഭരണം ബിജെപിക്കാണ്. രണ്ടിടത്ത് വീതം കോൺഗ്രസും ഇടതുപക്ഷവും. എല്ലാ പഞ്ചായത്തിലും ബിജെപി ഒട്ടും പിറകിലല്ല. 35000ഓളം വോട്ടുകൾ തദ്ദേശത്തിൽ ഇവിടെ ബിജെപി നേടി. അതുകൊണ്ട് തന്നെ കാട്ടാക്കടയിൽ ബിജെപിയുടെ പികെ കൃഷ്ണദാസിന് സാധ്യത ഏറെയാണ്.

ആറന്മുളയിൽ ബിജെപിക്കുള്ളിലെ ചില പ്രശ്‌നങ്ങളുണ്ട്. ഇത് മറികടന്നാൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ എംടി രമേശിന് ആറന്മുളയിൽ ജയിക്കാനാവുമെന്നാണ് വിലയിരുത്തൽ. ഭിന്നതകൾ പരിഹരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ശ്രീശാന്ത് മത്സരിക്കുന്ന തിരുവനന്തപുരവും ശോഭാ സുരേന്ദ്രന്റെ പാലക്കാടും മികച്ച പ്രകടനം കൂടിയേ തീരുവെന്ന് അമിത് ഷാ, സംസ്ഥാന നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതുകാരണം വരു ദിനങ്ങളിൽ ബിജെപി പ്രചരണം സജീവമാക്കും. ഇതിനെ പ്രതിരോധിക്കാനാണ് സിപിഐ(എം) കോൺഗ്രസ് നേതൃത്വങ്ങളുടെ തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP