Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർ കോഴക്ക് പിന്നാലെ കോഴിക്കോഴയും ബാറ്ററി കേസും എത്തിയതോടെ മാണിയുടെ പ്രതീക്ഷ നഷ്ടപ്പെട്ടു; ബിജെപി വാക്ക് നൽകിയ ഉപരാഷ്ട്രപതി പദവി വിജിലൻസ് കേസുകളിൽ തട്ടി നഷ്ടമാകും; ഒരു കൊല്ലത്തിനകം എല്ലാം ശരിയായാൽ വാക്കു പാലിക്കുമെന്ന് ഉറപ്പ് നൽകി ബിജെപി വൃത്തങ്ങൾ; മുന്നണി വിട്ടതിന്റെ യഥാർത്ഥ ലക്ഷ്യം നേടണമെങ്കിൽ ജേക്കബ് തോമസ് കനിയണം

ബാർ കോഴക്ക് പിന്നാലെ കോഴിക്കോഴയും ബാറ്ററി കേസും എത്തിയതോടെ മാണിയുടെ പ്രതീക്ഷ നഷ്ടപ്പെട്ടു; ബിജെപി വാക്ക് നൽകിയ ഉപരാഷ്ട്രപതി പദവി വിജിലൻസ് കേസുകളിൽ തട്ടി നഷ്ടമാകും; ഒരു കൊല്ലത്തിനകം എല്ലാം ശരിയായാൽ വാക്കു പാലിക്കുമെന്ന് ഉറപ്പ് നൽകി ബിജെപി വൃത്തങ്ങൾ; മുന്നണി വിട്ടതിന്റെ യഥാർത്ഥ ലക്ഷ്യം നേടണമെങ്കിൽ ജേക്കബ് തോമസ് കനിയണം

ബി രഘുരാജ്

കോട്ടയം: ബിജെപിക്ക് കെ എം മാണിയോട് ഒരു വിരോധവുമില്ല. എങ്ങനേയും മാണിയെ എൻഡിഎയിൽ എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ശ്രമിക്കുന്നത്. ഡൽഹിയിൽ പലവട്ടം ചർച്ച നടത്തിയിരുന്നു. കേരളം പിടിക്കാൻ ഗോവ മോഡലാണ് മോദിയുടെ മനസ്സിലുള്ളത്. ഇതിന് ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമാണ്. തിരുവനന്തപുരം, ചിറയിൻകീഴ്, കോട്ടയം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് രണ്ടര വർഷത്തിന് ശേഷം ബിജെപി ലക്ഷ്യമിടുന്നത്. ഇതിന് ക്രൈസ്തവ പിന്തുണ അനിവാര്യമാണ്. സഭയെ ഒപ്പം നിർത്തി കേരളാ കോൺഗ്രസിനെ മുന്നണിയുടെ ഭാഗമാക്കിയാൽ ലക്ഷ്യത്തിലെത്താമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ. ഇതിനായി ഫോർമുലയും മുന്നോട്ട് വച്ചു. ഇതിൽ വീണാണ് കെ എം മാണി യുഡിഎഫിൽ നിന്ന് പുറത്തുവന്നത്. എന്നാൽ ബാർ കോഴയിൽ തട്ടി ഈ പ്രതീക്ഷ പൊലിഞ്ഞു.

അടുത്ത ഉപരാഷ്ട്രപതി പദവിയും മകന് കേന്ദ്രമന്ത്രി സ്ഥാനവുമാണ് ബിജെപി മാണിക്കായി മുന്നോട്ട് വച്ചത്. എന്നാൽ അഴിമതിക്കേസിൽ കുടങ്ങിയ വ്യക്തിയെ ഉപരാഷ്ട്രപതിയാക്കാൻ ബിജെപിക്ക് കഴിയില്ല. ഇക്കാര്യം മാണിയെ ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. ബാർ കോഴയുടെ നൂലാമാലകളിൽ നിന്ന് എങ്ങനേയും രക്ഷനേടാനുള്ള നിയമപോരാട്ടം മാണി ഉടൻ തുടങ്ങും. ഇതിനുള്ള നീക്കം സജീവമാക്കുമ്പോഴാണ് കൂടുതൽ കുരുക്കുകൾ വരുന്നത്. കോഴിക്കോഴയും ബാറ്ററിക്കേസും മാണിയുടെ ഉപരാഷ്ട്രപതി പദവി തിരിച്ചറിഞ്ഞുള്ള ഇടത് സർക്കാരിന്റെ പണി കൊടുക്കലായി കേരളാ കോൺഗ്രസ് കരുതുന്നു. വിജിലൻസ് ഡയറക്ടറുടെ സ്ഥാനത്ത് ജേക്കബ് തോമസ് ഇരിക്കുന്നിടത്തോളം കാലം കുരക്ക് മുറുകും. ഇതോടെ നഷ്ടമാകുന്നത് മാണിയുടെ ഉപരാഷ്ട്രപതി സ്ഥാനമാണ്.

കോഴിക്കോഴ കേസിൽ മുന്മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ എത്തിയത് മാണിയുടെ ബിജെപി മോഹങ്ങൾക്ക് തടയിടാനാണെന്നാണ് വിലയിരുത്തൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്റെ ഫയൽ പിടിച്ചെടുത്തത് ഇതിന് തെളിവാണ്. ഈ ഫയൽ ഹൈക്കോടതിക്ക് കൈമാറി. സത്യവാങ്മൂലത്തിനൊപ്പമാണ് തെളിവുകൾ. മാണിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിക്കവറി നിർത്തിവച്ചത് എന്ന് രേഖകളിൽ വ്യക്തമാണെന്ന് വിജിലൻസ് പറയുന്നു. തോംസണിന്റെ കേസിൽ സ്റ്റേ നൽകിയത് 62 കോടി രൂപയ്ക്കാണ്. 5 ലക്ഷം രൂപക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമെ അധികാരമുള്ളൂ എന്നിരിക്കെയാണ് മാണിയുടെ ഉത്തരവ്. ഇതിൽ ക്രമക്കേട് വ്യക്തമാണെന്നാണ് വിജിലൻസ് പറയുന്നത്. സമൂഹ വിവാഹത്തിന് അഴിമതിപ്പണം ഉപയോഗിച്ചെന്ന പരാതിയിൽ കേസെടുത്ത് ത്വരിത പരിശോധന നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടതിന് പിന്നാലെ കെ എം മാണിക്കെതിരെ മറ്റൊരു കേസ് കൂടി വിജിലൻസ് രജിസ്റ്റർ ചെയ്തത് അടുത്ത ആസൂത്രിത നീക്കമായി കേരളാ കോൺഗ്രസ് കരുതുന്നു.

ബാറ്ററി നിർമ്മാണ ശാലയ്ക്ക് നികുതി ഇളവ് ചെയ്ത് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് ഈ കേസ്. പാലാ സ്വദേശി ജോർജ് സി കാപ്പന്റെ പരാതിയിലാണ് മാണിക്കെതിരെ അന്വേഷണം. കുറിച്ചിയിലെ സൂപ്പർ പിഗ്മെന്റ്‌സ് ഉടമ ബെന്നി എബ്രഹാമിന് നികുതി ഇളവ് നൽകി സഹായിച്ചതിലൂടെ 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഡിവൈ.എസ്‌പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി തെളിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരുക്കുന്നത്. 2005ൽ വാറ്റ് വന്നതിനു ശേഷം ലെഡ് പൗഡർ നിർമ്മിക്കുന്ന യൂണിറ്റിന് നികുതി നാലു ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി വർധിപ്പിച്ചിരുന്നു. 2012-13 വർഷത്തിൽ ഇത് വീണ്ടും വർധിപ്പിച്ച് 13.5 ശതമാനമാക്കി. എന്നാൽ 2015 വരെ സൂപ്പർ പിഗ്മെന്റ്‌സ് ഉടമ ബെന്നി എബ്രാഹാം കൂട്ടിയ നികുതി അടച്ചിരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന അഞ്ചു ശതമാനം നികുതി മാത്രമെ അടച്ച് വന്നിരുന്നുള്ളൂ. മാണി അവസാനമായി അവതരിപ്പിച്ച 2013-14 വർഷത്തെ ബജറ്റിൽ ഈ കമ്പനിക്ക് മുൻകാല പ്രാബല്യത്തോടെ അഞ്ചു ശതമാനാക്കി കുറച്ച് നൽകുകയായിരുന്നെന്നാണ് ആരോപണം. മുൻ നികുതി പിരിച്ചെടുക്കാതെ സർക്കാരിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് വിജിലൻസ് പറയുന്നു.

അടുത്ത വർഷമാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഇതിൽ രാഷ്ട്രപതിയായി എൽ കെ അദ്വാനിയെയാണ് സംഘപരിവാർ പരിഗണിക്കുന്നത്. ഉപരാഷ്ട്രപതി പദത്തിൽ ന്യൂനപക്ഷ സമുദായ അംഗമെത്തണമെന്നതാണ് ആഗ്രഹം. എബി വാജ്‌പേയിയുടെ കാലത്ത് എപിജെ അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് വ്യക്തമായ ഉദ്ദേശത്തോടെയായിരുന്നു. മുസ്ലിം സമുദായത്തെ ബിജെപിയുമായി അടുപ്പിക്കാനായിരുന്നു ഇത്. ഇത്തവണ വീണ്ടും ബിജെപി അധികാരത്തിൽ. അദ്വാനിയെ രാഷ്ട്രപതിയാക്കാൻ പരിഗണിക്കുന്നതിനാൽ ഉപരാഷ്ട്രപതിയായി ക്രൈസ്തവ സഭാംഗം എത്തട്ടേ എന്നാണ് ബിജെപിയുടെ നിലപാട്. കത്തോലിക്കാ സഭയുമായി ആലോചിച്ച് സ്ഥാനാർത്ഥിയെ നിർത്തും. കേരളത്തിലെ രാഷ്ട്രീയം ഇതിലൂടെ മാത്രമേ ബിജെപിക്ക് അനുകൂലമാകൂവെന്നും അമിത് ഷാ കരുതുന്നു.

ഈ സാഹചര്യത്തിലാണ് കേരളത്തിൽ കത്തോലിക്കാ സഭയുമായി ഏറ്റവും അടുപ്പമുള്ള കെഎം മാണിയെ തന്നെ രാഷ്ട്രപതിയായി പരിഗണിക്കുന്നത്. കേരളാ കോൺഗ്രസ് എൻഡിഎയിലെത്തിയാലാണ് സ്ഥാനം ഉറപ്പു കൊടുത്തത്. ഇതിനിടെയാണ് അഴിമതി ആരോപണങ്ങൾ ശക്തമായത്. യുഡിഎഫ് മന്ത്രിയായിരിക്കെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് കൊടുത്തതോടെയാണ് ബിജെപിയുമായി മാണി ചർച്ചകൾ സജീവമാക്കിയത്. ബിജെപി അല്ലെങ്കിൽ ഇടതുപക്ഷം എന്നതായിരുന്നു കണക്ക് കൂട്ടൽ. ഇതിനിടെയാണ് ജേക്കബ് തോമസ് ബാർ കോഴയുമായി തളച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് മാണിയെ അടുപ്പിക്കാനാവാത്ത സാഹചര്യം വന്നു. ഇടതു പക്ഷവുമായുള്ള ചർച്ചകൾ ഭംഗിയായി പോയതിനാൽ ബിജെപി ബന്ധത്തെ മാണി നിഷേധിക്കുകയും ചെയ്തു. ഇത് അമിത് ഷായെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ കേരളത്തിൽ ലോക്‌സഭയിൽ നേട്ടമുണ്ടാക്കാൻ ക്രൈസ്തവ വോട്ടുകൾ അനിവാര്യമാണ്. അതിന് മാണിയെ കൂടെക്കൂട്ടാൻ ഏതറ്റം വരെ പോകാനും അമിത് ഷാ തയ്യാറാണ്.

കോഴിക്കോട് നാഷണൽ കൗൺസിൽ യോഗത്തിനിടെ സഭാ നേതാക്കൾ മോദിയെ കണ്ടിരുന്നു. ക്രൈസ്തവ സഭകളുമായി സഹകരിക്കാൻ വ്യക്തമായ മാർഗ്ഗ രേഖ തയ്യാറാക്കാനാണ് ഉദ്ദേശ്യം. ഇതിനിടെയാണ് മാണിയെ ഉപരാഷ്ട്രപതിയാക്കാൻ താൽപ്പര്യമുണ്ടെന്നും അതിലെ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും ബിജെപി നേതൃത്വം കേരളാ കോൺഗ്രസിനെ അറിയിച്ചത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതിന് മുമ്പ് അഴിമതിക്കേസുകൾ ഒഴിവാക്കാനായാൽ മാണിക്ക് വീണ്ടും സാധ്യത തെളിയും. കേരളാ കോൺഗ്രസ്, എൻഡിഎ മുന്നണിയിലെത്തിയാൽ മാണിക്ക് അർഹമായ സ്ഥാനം നൽകുന്നതിൽ ബിജെപിക്ക് എതിർപ്പില്ലെന്ന സൂചന ലഭിച്ചതോടെ എത്രയും വേഗം കേസുകൾ ഒഴിവാക്കി കിട്ടാനുള്ള നടപടികളിലേക്ക് മാണി കടക്കും. എന്നാൽ കേരളം പിടിക്കാനുള്ള ബിജെപി തന്ത്രം തിരിച്ചറിഞ്ഞ് സിപിഎമ്മും ജേക്കബ് തോമസിലൂടെ അഴിമതികേസുകളിൽ മാണിയെ കുരുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപോരാട്ടം മാണിക്ക് കടുത്തതുമാകും. മാണിയെ ഏതെങ്കിലും കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യത പോലും സിപിഐ(എം) തേടുന്നുണ്ടെന്നാണ് സൂചന. ക്രൈസ്തവ രാഷ്ട്രീയം മാണിക്ക് അനുകൂലമാകാതിരിക്കാനാണ് ഇത്.

കേരളാ കോൺഗ്രസ് ബിജെപിയുമായി അടുത്താൽ മധ്യകേരളത്തിൽ കോൺഗ്രസിന്റെ അടിത്തറ തകരും. ക്രൈസ്തവ സഭാ വോട്ടുകളെ ആകർഷിക്കാനുള്ള മാണിയുടെ കഴിവിൽ ആർക്കും സംശയമില്ല. അതുകൊണ്ട് തന്നെ മാണിയെന്ന നേതാവിന്റെ രാഷ്ട്രീയ കരുത്ത് ഇടതു പക്ഷം നന്നായി തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് അഴിമതിക്കേസുകൾ മാണിക്ക് കുരക്കായി മാറുന്നത്. ബാർ കോഴയിൽ നിന്ന് രക്ഷപ്പെട്ടാലും കോഴിക്കോഴയും ബാറ്ററി കേസും കടന്നുകിട്ടണം. ബാർ കോഴയിൽ വിജിലൻസ് അന്വേഷണത്തിൽ മാണി കുടുങ്ങുമെന്ന് ഇടത് പക്ഷം കരുതുന്നില്ല. എക്‌സൈസ് മന്ത്രിക്ക് എതിരെ മാത്രമേ ബാർ കോഴ നിലനിൽക്കൂവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മാണി കൈകാര്യംചെയ്ത ധനവകുപ്പുമായി ബന്ധപ്പെടുത്തുന്ന രണ്ട് അഴിമതികൾ കൂടി പൊടിതട്ടിയെടുക്കുന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ അവർ ബിജെപിയുമായി ഇനിയും അടുത്തിട്ടില്ല.

ക്രൈസ്തവ ബിഷപ്പുമാരുമായി പ്രധാനമന്ത്രി മോദിക്ക് നല്ല ബന്ധമുണ്ട്. ഗോവയിൽ ബിജെപിയെ അധികാരത്തിൽ നിലനിർത്തുന്നത് ക്രൈസ്തവ പിന്തുണയുടെ തെളിവുമാണ്. ഇതേ ഫോർമുല കേരളത്തിൽ അവതരിപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ പിന്തുണയിലൂടെ കഴിയുമെന്നാണ് ബിജെപിയെ മാണി ബോധ്യപ്പെടുത്തുന്നത്. എസ്എൻഡിപിക്കുള്ളത് സമുദായ വോട്ടുകളാണ്. അത് മുഴുവനായി രാഷ്ട്രീയപരമായി ആകർഷിക്കുക പ്രയാസമാണ്. എന്നാൽ കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ വോട്ടുകൾ ആകർഷിക്കാനായാൽ കേരളത്തിൽ ബിജെപിക്ക് നേട്ടമാകും. പക്ഷേ തന്നെ ഉപരാഷ്ട്രപതിയും മകനെ കേന്ദ്ര സഹമന്ത്രിയും ആക്കണം. പിജെ ജോസഫ് പിണങ്ങിപോകാതിരിക്കാൻ അദ്ദേഹത്തെ ഗവർണ്ണറും. വലിയ രാഷ്്ട്രീയ വിലപേശലാണ് മാണി നടത്തുന്നത്. ഇതിനിടെയാണ് അഴിമതി വിവാദങ്ങൾ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP