Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യം! മാണിയെ ഗവർണ്ണറാക്കാനും മകനെ കേന്ദ്രമന്ത്രിയാക്കാനും മോദി തയ്യാർ; ക്രിസോസ്റ്റം മാജിക്ക് എൻഡിഎയിലേക്ക് കേരളാ കോൺഗ്രസിനെ എത്തിക്കുമോ? സിപിഎമ്മിനായി കാഞ്ഞിരപ്പള്ളി മെത്രാനും അവസാന വട്ട നീക്കത്തിൽ; രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ മാണിയുടെ മുന്നണി വ്യക്തമാകും

താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യം! മാണിയെ ഗവർണ്ണറാക്കാനും മകനെ കേന്ദ്രമന്ത്രിയാക്കാനും മോദി തയ്യാർ; ക്രിസോസ്റ്റം മാജിക്ക് എൻഡിഎയിലേക്ക് കേരളാ കോൺഗ്രസിനെ എത്തിക്കുമോ? സിപിഎമ്മിനായി കാഞ്ഞിരപ്പള്ളി മെത്രാനും അവസാന വട്ട നീക്കത്തിൽ; രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ മാണിയുടെ മുന്നണി വ്യക്തമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ടെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ വാക്കുകൾ ഞെട്ടിച്ചത് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിക്കുന്നതിനു ബിജെപി ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച ചടങ്ങിൽ താമരപ്പൂക്കൾകൊണ്ടുള്ള ബൊക്കെ സമ്മാനമായി ലഭിച്ചതു പരാമർശിച്ചാണ് മാണി കത്തിക്കയറിയത്. ഇതോടെ ക്രിസോസ്റ്റം മാജിക്കിൽ എൻഡിഎ പക്ഷത്തേക്ക് മാണിയെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മാണിയെ പ്രതീക്ഷിച്ചിരിക്കുന്ന സി.പി.എം കരുതലോടെയാണ് എല്ലാം വീക്ഷിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞടുപ്പോടെ എല്ലാ ആശങ്കയും തീരുമെന്ന വിശ്വാസത്തിലാണ് സി.പി.എം. അന്ന് മാണിയും കൂട്ടരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്താൽ പിന്നെ ഇടതു മുന്നണിയുടെ വാതിലുകൾ കേരളാ കോൺഗ്രസിനായി തുറക്കില്ല.

മാണിയുടെ മകൻ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാൻ ബിജെപി ഒരുക്കമാണ്. മാണിക്ക് ഗവർണ്ണർ പദവിയും നൽകും. ഉപരാഷ്ട്രപതി പദത്തിലേക്കും മാണിയെ ബിജെപി പരിഗണിച്ചിരുന്നു. എന്നാൽ ബാർ കോഴയിലെ കേസുകൾ ഇതിന് തടസ്സമായി. അതിനിടെ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെയാണ് ബിജെപി മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തിൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ക്രൈസ്തവരെ പരിഗണിക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് മാണിയുടെ ബിജെപി പരിപാടിയിലേക്കുള്ള വരവ്. ഉപരാഷ്ട്രപതിയായി മാണി എത്താനുള്ള സാധ്യതയാണ് കേരളാ കോൺഗ്രസ് ഇതിലൂടെ തുറന്നിടുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ബിജെപി പാളയത്തിലേക്ക് മാണി അടുത്താൽ കേരളാ കോൺഗ്രസിൽ പിളർപ്പും അനിവാര്യമാകും. കേരളാ കോൺഗ്രസിനെ അടുപ്പിക്കാൻ പ്രത്യേക റബ്ബർ പാക്കേജും പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കാൻ തയ്യാറാണെന്നാണ് സൂചന.

പല ചടങ്ങുകൾക്കും ഇതുവരെ റോസാപ്പൂക്കളാണു കിട്ടിയിരുന്നത്. ഇപ്പോൾ താമരപ്പൂ ലഭിച്ചതിനെ പ്രത്യേകമായാണു കാണുന്നത്. വായിൽ സ്വർണക്കരണ്ടിയുമായി ജനിക്കുന്നവരുണ്ട്. എന്നാൽ വായിൽ സ്വർണനാക്കുമായി പിറന്നയാളാണു മാർ ക്രിസോസ്റ്റം എന്നായിരുന്നു മാണിയുടെ ക്രിസോസ്റ്റം ആദരിക്കൽ ചടങ്ങിലെ വാക്കുകൾ. ഈ ചടങ്ങിന് ശേഷവും ബിജെപി ബാന്ധവത്തിൽ വ്യക്തത വരുത്തുന്നതൊന്നും മാണി പറഞ്ഞില്ല. വലിയ മെത്രോപൊലീത്തയെ ആദരിക്കുന്ന ചടങ്ങായതു കൊണ്ട് തന്നെ ആർക്കും മാണിയെ വിമർശിക്കാനും ആവില്ല. മാണിയെ ഇടതു പക്ഷത്തേക്ക് എത്തിക്കാൻ കരുക്കൾ നീക്കിയ കാഞ്ഞിരപ്പള്ളി ബിഷപ്പിനാണ് ഏറ്റവും കൂടുതൽ ക്ഷീണം. ഇത് മാറ്റാൻ അണിയറയിൽ ബിഷപ്പ് കരുനീക്കം തുടരുകയാണ്. മാണി ബിജെപിക്കൊപ്പം പോയാൽ മോൻസ് ജോസഫിനെ എങ്കിലും അടർത്തിയെടുക്കാനാണ് ശ്രമം. എന്നാൽ മോൻസിന് യുഡിഎഫിനോടാണ് കൂടുതൽ താൽപ്പര്യം. അങ്ങനെ സംഭവിച്ചാൽ ഇടതുപക്ഷത്ത് ശക്തമായ കേരളാ കോൺഗ്രസ് സാന്നിധ്യമെന്ന മെത്രാന്റെ ാഗ്രഹം സഫലമാകില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ എല്ലാം വ്യക്തമാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണ്ണായകമാണ്. കേരളാ കോൺഗ്രസിന് രണ്ട് രാജ്യസഭാ അംഗങ്ങളുണ്ട്. ഇതിനൊപ്പം മാണിയും എംഎൽഎമാരും ആർക്ക് വോട്ട് ചെയ്യമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഓരോ വോട്ടും നിർണ്ണായകമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് എട്ട് വോട്ടുകളുണ്ട്. ലോക്സഭായിലെ ജോസ് കെ മാണി, രാജ്യസഭയിലെ ജോയ് എബ്രഹാം, പിന്നെ ആറ് എംഎൽഎമാരും. ഉപരാഷ്ട്രപതിക്കായി ജോസ് കെ മാണിക്കും ജോയ് എബ്രഹാമിനും വോട്ട് ചെയ്യാം. ഇതെല്ലാം അനുകൂലമാക്കാനാണ് ബിജെപി നീക്കം. ഇത് വിജയത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോൾ. മാർ ക്രിസോസ്റ്റത്തിന്റെ ചടങ്ങിൽ മാണി എത്തുമെന്ന് ബിജെപി പോലും പ്രതീക്ഷിച്ചിരുന്നതല്ല.

ചടങ്ങിലേക്ക് മാണിയെ വിളിച്ചിരുന്നു. എന്നാൽ വരുമെന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ടാണ് നേരത്തെ പേര് പുറത്ത് പറയാത്തതും. ചർച്ചയായാൽ മാണിക്ക് വരാനും പറ്റില്ലായിരുന്നു. അങ്ങനെ ബിജെപി വേദിയിൽ മാണിയെ എത്തിക്കുന്നതിൽ പാർട്ടി വിജയിച്ചുവെന്നാണ് നേതാക്കലുടെ പ്രതികരണം. സിപിഎമ്മുമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ ധാരണയിൽ എത്തിയതോടെ ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തർക്കം ഉടലെടുത്തു. ഈ സാഹചര്യത്തിലാണ് സ്റ്റിയറിങ് കമ്മിറ്റിയും ഉന്നതാധികാര സമിതിയും ചേർന്ന് കേരളാ കോൺഗ്രസ് കാര്യങ്ങൾ ചർച്ച ചെയ്തു. അതിന് പിന്നാലെയാണ് മോദി കാണാൻ തീരുമാനമെടുത്തത്. നേരത്തേയും റബ്ബർ വിഷയത്തിൽ കേരളാ കോൺഗ്രസുമായി ബിജെപി ചർച്ച നടത്തിയിരുന്നു. എന്ന് യുഡിഎഫിന്റെ ഭാഗമായ മാണി, നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് പോലും സമ്മതിച്ചില്ല.

എന്നാൽ കേരളത്തിൽ ബിജെപിക്ക് ക്ലച്ച് പിടിക്കണമെങ്കിൽ ക്രൈസ്തവരുടെ പിന്തുണ അനിവാര്യതയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ മാണിയെ എങ്ങനേയും ബിജെപി പക്ഷത്തുകൊണ്ടു വരാനാണ് ശ്രമം. ഈ സാഹചര്യത്തിൽ മാണി എന്തു ചോദിച്ചാലും ബിജെപി നടപ്പാക്കി കൊടുക്കും. അമിത് ഷാ കേരളത്തിലെത്തിയപ്പോൾ കർദിനാൾ അടക്കമുള്ളവരെ കണ്ടിരുന്നു. ഇത് മാറ്റത്തിന്റെ തുടക്കമാണ്. ഇത് മാണിയിലും പ്രതിഫലിച്ചു കഴിഞ്ഞു. നിയമസഭയിൽ ബീഫ് നിരോധനം ചർച്ചയായപ്പോൾ മാണിയുടെ നിലപാടിൽ ചെറിയൊരു മാറ്റം കണ്ടിരുന്നു. സഭയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടോയെന്നും ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും മാണി പറഞ്ഞു. ഇതിനെതിരെ സഭയിൽ അപശബ്ദങ്ങൾ ഉയർന്നതോടെ, പ്രമേയത്തെ താൻ അനുകൂലിക്കുന്നുവെന്നും നടപടി ക്രമങ്ങൾ സംബന്ധിച്ച് നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്നും വിശദീകരിച്ച് മാണി തടിയൂരുകയായിരുന്നു. ഇത് ബിജെപി അനുകൂല നിലപാടായി പിസി ജോർജ ഉയർത്തിക്കാട്ടുകയും ചെയ്തു.

മാണി ഇപ്പോഴും ഇടതിനോടാണ് താൽപ്പര്യം കാട്ടുന്നതെന്നാണ് ലഭിക്കുന്ന വ്യക്തമായ സൂചന. വിലപേശലുകൾക്ക് സാധ്യത കൂട്ടാനായിട്ടാകണം ബിജെപിയുമായി അടുക്കുന്നതെന്ന സൂചനയും ഉണ്ട്. ബിജെപി കേരളത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസിനെ നോട്ടമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എസ്എൻഡിപിയെ ചാക്കിലാക്കി യതിനു പിന്നാലെ അടുത്ത രാഷ്ട്രീയനീക്കത്തിനു ബിജെപി നീക്കം തുടങ്ങിയിരുന്നു. എൻഡിഎയിലെ ത്തിയാൽ കേരള കോൺഗ്രസിനു കേന്ദ്രസഹ മന്ത്രിപദവിയും റബർബോർഡിലുൾപ്പെടെ ഉന്നതസ്ഥാനങ്ങളും നല്കാനും ബിജെപി ഒരുക്കമാണ്. എന്നാലും അതിലും മുകളിലാണ് മാണി ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. മകനെ കേന്ദ്രമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടേക്കും.

കേരളരാഷ്ട്രീയത്തിലെ സമുന്നതനും പരിണിതപ്രജ്ഞനുമായ നേതാവാണ് കെ.എം. മാണി. കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഒട്ടേറെ പ്രയാസങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ഒരു നേതാവിന് അതെല്ലാം സഹിച്ച് ഇങ്ങനെ നിൽക്കണ്ട കാര്യമില്ലെന്നാണ് ബിജെപിയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP