Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികളുടെ അഴിമതിയുണ്ടായ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സോഫ്റ്റ് വെയറിൽ വൈറസ് ബാധ; മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളുടെ ഡാറ്റ മുഴുവനായും നഷ്ടപ്പെട്ടു; വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെ പർച്ചേസ് ഡാറ്റ നഷ്ടപ്പെട്ടത് അട്ടിമറിയോ?

കോടികളുടെ അഴിമതിയുണ്ടായ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സോഫ്റ്റ് വെയറിൽ വൈറസ് ബാധ; മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളുടെ ഡാറ്റ മുഴുവനായും നഷ്ടപ്പെട്ടു; വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെ പർച്ചേസ് ഡാറ്റ നഷ്ടപ്പെട്ടത് അട്ടിമറിയോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കാലാവധി തീരാറായ കോടികളുടെ മരുന്നുകൾ വാങ്ങിക്കൂട്ടി വൻ അഴിമതി നടത്തിയെന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം തുടങ്ങാനിരിക്കെ കോർപ്പറേഷൻ സോഫ്റ്റ് വെയർ തകരാറിലാക്കി മുൻകാലങ്ങളിൽ മരുന്നുവാങ്ങിയതിന്റെ ഡാറ്റാബേസ് പൂർണമായും നശിപ്പിച്ചതായി സംശയം.

മുൻ മന്ത്രി ശിവകുമാറിനെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച 600 കോടിയുടെ അഴിമതി ആരോപണത്തിലും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്മീഷൻ അടിച്ചെടുക്കാൻ അനാവശ്യമായി മരുന്നുകൾ വാങ്ങിക്കൂട്ടുകയും കോടികളുടെ മരുന്ന് ഇത്തരത്തിൽ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്തുവെന്ന പാലക്കാട് സ്വദേശിയും പ്രവാസിയുമായ ലിജേഷ് ജോയിയുടേയും പരാതികളിൽ വിജിലൻസ് അന്വേഷണം തുടങ്ങാനിരിക്കെയാണ് സോഫ്റ്റ് വെയർ തകരാറിലായി മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കൽ പർച്ചേസുകളുടെ വിവരങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുള്ളത്.

വൈറസ് ബാധയെ തുടർന്നാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ സോഫ്്റ്റ് വെയർ തകരാറിലായി ഡാറ്റ നഷ്ടപ്പെട്ടതെന്ന് പറയുന്നുണ്ടെങ്കിലും ഇത് അട്ടിമറിയാണെന്ന സംശയം കോർപ്പറേഷനിലെ ചിലർതന്നെ ഉന്നയിക്കുകയാണിപ്പോൾ. കോർപ്പറേഷനിലെ ഉന്നതർക്കും മുൻ ആരോഗ്യമന്ത്രിക്കുമെതിരെ സംശയത്തിന്റെ മുനകൾ നീളുകയും വിജിലൻസ് അന്വേഷണം ആരംഭിക്കാനിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടായ സംഭവം കോർപ്പറേഷനിൽ ചിലർതന്നെ രഹസ്യമാക്കിവച്ചിരിക്കുകയാണ്.

ഡാറ്റാബേസ് നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കാൻ കൈവശമുണ്ടായിരുന്ന ചില ഫയലുകളിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് തൽക്കാലം പ്രശ്‌നം പരിഹരിച്ചുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നതായാണ് സൂചനകൾ.

വി എസ് സർക്കാരിന്റെ കാലത്ത് മരുന്നുകൾ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും സുതാര്യത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2007ൽ ആരംഭിച്ച സംരംഭമായിരുന്നു മെഡിക്കൽ സർവീസസ് കോർപ്പറേഷൻ. സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് കോർപ്പറേഷനിലൂടെ മരുന്നുവാങ്ങലും വിതരണവും തുടങ്ങിയതോടെ ഏതാണ്ട് പരിഹാരമാകുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകർ മേധാവിയായിരിക്കെ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു. മരുന്നുകളുടെ വാങ്ങലും വിതരണവും നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയർ മാറ്റി വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായതിനു പിന്നാലെ ലക്ഷങ്ങൾ മുടക്കി പുതിയ സോഫ്റ്റ് വെയർ കൊണ്ടുവന്നു.

നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന പഴയ സോഫ്റ്റ് വെയർ മാറ്റി ടാസ്‌ക് എന്ന പുതിയ സോഫ്റ്റ് വെയർ കൊണ്ടുവന്നതിനെച്ചൊല്ലി അന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഇടയ്ക്കിടെ ഈ സോഫ്റ്റ് വെയർ പണിമുടക്കുന്നതും പതിവായി. ഇത് ശരിയായി പ്രവർത്തിക്കാതിരുന്നതോടെ വെയർഹൗസുകളിൽ ഏതെല്ലാം മരുന്നുകൾ എത്രത്തോളം സ്‌റ്റോക്കുണ്ടെന്നോ എവിടെയെല്ലാം വിതരണം ചെയ്തുവെന്നോ കൃത്യമായി അറിയാനാകാതെ വീണ്ടും വീണ്ടും മരുന്നുകൾ വാങ്ങിക്കൂട്ടുന്ന സാഹചര്യം വന്നു. മരുന്നുകൾ വാങ്ങിക്കൂട്ടിയത് വൻതോതിൽ കമ്മിഷൻ അടിച്ചുമാറ്റാനായിരുന്നെന്നും ഇതിന്റെ മറവിൽ കോടികളുടെ കോഴ ഇടപാടുകൾ നടന്നുവെന്നുമാണ് മുൻ സർക്കാരിന്റെ കാലത്തെ മരുന്നുകൊള്ളയുമായി ബന്ധപ്പെട്ട് നടന്ന ഒരു ആരോപണം.

യുഡിഎഫ് സർക്കാർ വന്നതോടെ ബിജു പ്രഭാകറിനെ തിരുവനന്തപുരം ജില്ലാ കളക്ടറായി മാറ്റുകയും പകരം ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആർ കമലഹറിനെ സ്ഥാപനത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മരുന്നുകൾ പർച്ചേസ് ചെയ്യുന്ന ചുമതലകളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചും മുൻ സർക്കാരിന്റെ കാലത്ത് കോടികളുടെ അഴിമതിക്ക് കളമൊരുക്കിയെന്ന് കോർപ്പറേഷനിലെ ജീവനക്കാർ തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സോഫ്റ്റ് വെയറിൽ ഇടക്കിടെ തകരാറുണ്ടാറുണ്ടെന്നും ഇത് നന്നാക്കാൻ വൈകിച്ചുകൊണ്ട് അതിന്റെ മറവിൽ കൂടുതൽ മരുന്ന് പർച്ചേസ് നടത്തി ഉന്നതർ കോടികളുടെ കമ്മീഷൻ മരുന്നുകമ്പനികളിൽ നിന്ന് കൈപ്പറ്റിയിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോൾ സോഫ്റ്റ് വെയറിൽ വൈറസ് ബാധമൂലം ഡാറ്റ നഷ്ടപ്പെട്ടുവെന്ന് പറയുന്നത് ഈ കള്ളക്കളികളുടെ തെളിവുകൾ നശിപ്പിക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്നും ഇത് അട്ടിമറിയാണെന്ന് തീർച്ചയാണെന്നും ജീവനക്കാരിൽ ചിലർ തന്നെ പറയുന്നു.

കാലാവധി തീരാൻ ആറുമാസം മാത്രം ബാക്കിയുള്ള മരുന്നുകൾ വാങ്ങിക്കൂട്ടുകയും അത് ലേബൽ മാറ്റി കാലാവധി ദീർഘിപ്പിച്ച് വിതരണം നടത്താൻ ശ്രമിക്കുകയും ചെയ്തത് പലകുറി പിടിക്കപ്പെട്ടിരുന്നു. ഇതേ കമ്പനികൾ പുറത്ത് രണ്ടുവർഷം വരെ എക്‌സ്പയറി ഡേറ്റുള്ള മരുന്നുകൾ നൽകുമ്പോൾ ആറുമാസത്തിൽ താഴെ കാലാവധിയുള്ള മരുന്നുകൾ കോർപ്പറേഷൻ വാങ്ങിയതെന്തിനെന്ന സംശയം ഉയരുകയാണ്.

ഇവ വിതരണം ചെയ്യാനായി ആശുപത്രികളിലെത്തുമ്പോഴേക്കും അവയുടെ കാലാവധി തീരുന്ന സ്ഥിതിയാണ് പലപ്പോഴും ഉണ്ടായത്. ഇതിൽ പല ഇടപാടുകളിലും അഴിമതിക്കറയുണ്ടെന്ന് സംസാരം ഉയർന്നതോടെ കോടികളുടെ മരുന്ന് നശിപ്പിച്ചുകളഞ്ഞ് മുഖംരക്ഷിക്കാനാണ് കോർപ്പറേഷൻ ശ്രമിച്ചത്.

കമലാഹറിന്റെ നിയമനംപോലെതന്നെ മരുന്നു പർച്ചേസിനായി കെഎസ്ഇബിയിൽ പർച്ചേസ് നടത്തുന്നതിന് കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വനിതയെ മെഡിക്കൽ കോർപ്പറേഷനിൽ നിയമിച്ചതിനെ ചൊല്ലിയും വിവാദമുയർന്നു. ഇവർ വൻതോതിൽ മരുന്നുകൾ വാങ്ങാൻ ഉത്സാഹം കാണിച്ചതിനെ ചൊല്ലിയായിരുന്നു സംശയം. കെഎസ്ഇബിയിൽ കമ്പി വാങ്ങുന്നതുപോലെ മരുന്നുവാങ്ങി കൂട്ടിയിടുന്നുവെന്ന കളിയാക്കൽ വരെ കോർപ്പറേഷൻ സ്റ്റാഫിനിടയിൽ ഉണ്ടായി.

കമലാഹറിന്റെയും ഇവരുടെയും നിയമനമുൾപ്പെടെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാറ്റി നിയമിക്കപ്പെട്ടവർക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങൾ ഉയർന്നു. ഇതിനിടെയാണ് സിഎജിയുടെ കണക്കെടുപ്പ് വന്നത്. ഇതോടെ കള്ളങ്ങൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നേടിയവരെല്ലാം കൂട്ടത്തോടെ രാജിവയ്ക്കാനും മാറാനും നീക്കം നടന്നു. ചിലർ കണക്കുകൾ നൽകാതെ മുങ്ങി.

മരുന്നുകൾ വാങ്ങിക്കൂട്ടി കോടികൾ അടിച്ചെടുത്തത് പുറത്തറിയാതിരിക്കാൻ നടത്തിയ നീക്കങ്ങളാണിതെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ സോഫ്റ്റ് വെയർ തന്നെ തകരാറിലായി പർച്ചേസ് ഡാറ്റ ഉൾപ്പെടെ നശിച്ചതായ വിവരങ്ങൾ പുറത്തുവരുന്നത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP