Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ പൊലീസ് പിടിയിലായ മുഖ്യ പ്രതി കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ ഇഫ്താർ വിരുന്നിലും പങ്കെടുത്തു; ലക്ഷങ്ങൾ മുടക്കി നടത്തിയ ഇഫ്താറിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു

കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ പൊലീസ് പിടിയിലായ മുഖ്യ പ്രതി കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ ഇഫ്താർ വിരുന്നിലും പങ്കെടുത്തു; ലക്ഷങ്ങൾ മുടക്കി നടത്തിയ ഇഫ്താറിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ് കേസ് പുതിയ വഴിത്തിരിവിലേക്ക്. ബ്ലാക്ക് മെയിലിങ് കേസിലെ പ്രധാന പ്രതി ജയചന്ദ്രനെ നിയമസഭാ സാമാജികർ താമസിക്കുന്ന തലസ്ഥാനത്തെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട ഊഹാപോഹം മാത്രമായിരുന്ന ഉന്നത രാഷ്ട്രീയ ബന്ധം മറനീക്കി പുറത്തു വരുന്നു. അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച സോളാർ കേസുപോലെ ബ്ലാക്ക് മെയിലിങ് കേസിലും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നേരെയാണ് വിരൽ ചൂണ്ടുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി ഏറ്റവുമടുപ്പമുളള കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ ശരത് ചന്ദ്രപ്രസാദിന്റെ നിർദ്ദേശത്തെ തുടർന്ന് അനുവദിച്ച എം.എൽ എ ഹോസ്റ്റലിലെ മുറിയിൽ നിന്നാണ് ജയചന്ദ്രനെ അന്വേഷണ സംഘം പിടികൂടിയത്. സുരക്ഷിതതാവളം എന്നനിലയിൽ എം.എൽ.എ ഹോസ്റ്റലിൽ താമസിച്ച് ആഭ്യന്തര വകുപ്പിൽ സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കാനാണ് ഇയാൾ തലസ്ഥാനം തന്നെ ഒളിത്താവളമാക്കിയെതെന്നാണ് നിഗമനം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് ശരത്ചന്ദ്രപ്രസാദ്.

ശരത്ചന്ദ്ര പ്രസാദിന്റെ നിർദ്ദേശ പ്രകാരമാണ് എം.എൽ.എ ഹോസ്റ്റലിൽ മുറി അനുവദിച്ച് നൽകിയതെന്ന് മാനേജർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം ഒൻപതിന് എം.എൽ.എ ഹോസ്റ്റലിൽ താമസം തുങ്ങിയ ജയചന്ദ്രൻ ഇവിടെവച്ച് പല ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ ഒട്ടുമിക്ക എം.എൽ.എമാരും ഇവിടെ ഉള്ളപ്പോഴാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ച് തലസ്ഥാനത്തെ ചില ഗുണ്ടാ നേതാക്കളുമായും ഇയാൾ കൂടിക്കാഴ്ച നടത്തുകയും ഇവരെ ഉപയോഗിച്ച് ചില ഉന്നതരെ ബ്ലാക്ക് മെയിൽ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ താമസിച്ചിരുന്ന എം.എൽ എ ഹോസ്റ്റലിലെ മുറിയിൽ നിന്നും ഗർഭ നിരോധന ഉറകളും വിവിധ ബാങ്കുകളുടെ എ.ടിഎം കാർഡുകളും, പത്തിൽപരം മൊബൈൽ സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.

കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ശരത് ചന്ദ്ര പ്രസാദ് 22-ാം തീയതി നന്ദാവനത്തുളള മുസ്ലിം അസോസിയേഷൻ ഹാളിൽ ഇഫ്ത്താർ വിരുന്നൊരുക്കിയിരുന്നു. ഈ ഇഫ്താറിലും ജയചന്ദ്രൻ പങ്കെടുത്തിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത ഇയാളുടെ ദൃശ്യം വിവിധ ദൃശ്യ മാദ്ധ്യമങ്ങൾ വഴി പുറത്തു വന്നതോടെ ഇയാളെ കഴിഞ്ഞ ദിവസത്തെ ഇഫ്താറിൽ കണ്ടതായി ചില കോൺഗ്രസ് നേതാക്കൾ പറയുന്നു. മന്ത്രിമാർ നടത്തിയതിനേക്കാൾ കേമമായാണ് വൻതുക മുടക്കി ശരത് ചന്ദ്ര പ്രസാദ് ഇഫ്താർ ഒരുക്കിയത്. ഇത്രയും തുക ശരത് ചന്ദ്ര പ്രസാദിന് എവിടെ നിന്നു കിട്ടിയെന്ന് അന്നു തന്നെ കോൺഗ്രസ് പ്രവർത്തകർക്കിടിയിൽ സംസാരമുണ്ടായിരുന്നു. ബ്ലാക്ക് മെയ്‌ലിങ് കേസിലെ പ്രതിയായ ജയചന്ദ്രനെ ശരത് ചന്ദ്ര പ്രസാദിന്റെ റൂമിൽ നിന്നും പിടികൂടിയതോടെ ഇഫ്താറിനായി ചെലവഴിച്ച പണത്തിന്റെ ഉറവിടവും പൊലീസ് അന്വേഷിക്കും എന്നറിയുന്നു.

കോൺഗ്രസ് അഖിലേന്ത്യാ നേതാവടക്കം കേന്ദ്ര സംസ്ഥാന നേതാക്കളും ചില ജനപ്രതിനിധികളും ബ്ലാക്ക് മെയിലിങ് സംഘത്തിന്റെ വലയിൽപെട്ടിട്ടുണ്ടെന്ന വാർത്തകളും സജീവമാണ്. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ചേർത്തല സ്വദേശി ജയചന്ദ്രൻ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തും സജീവ സാന്നിധ്യമാണ്. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയ്ക്കായി മദ്യവും മദിരാക്ഷിയും പണവും വാരിയെറിഞ്ഞിരുന്നു, ഇദ്ദേഹം. ഉന്നത രാഷ്ട്ട്രീയ ബന്ധം ഉപയോഗിച്ചാണ് പലരെയും ഇയാൾ വലയിൽ വീഴ്‌ത്തിയത്. എറണാകുളത്തെ പ്രശസ്തമായ പഞ്ച നക്ഷത്ര ഹോട്ടലായിരുന്നു ഇയാളുടെ പ്രധാന താവളം. മദ്യം നൽകിയ ശേഷം സർപ്പ സുന്ദരികളെ വി.ഐ.പികൾക്ക് സമ്മാനിച്ച് ഈ രംഗങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇയാളുടെ രീതി. ഈ തുക മുഴുവനായും റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുടക്കുകയാരുന്നു ഇയാളുടെ പതിവ്. ചില സുഹൃത്തുക്കൾക്ക് തങ്ങളുടെ പാർട്ടികളിൽ ഉന്നത പദവി നേടി കൊടുക്കുന്നതിനും ഇയാൾ ഇടപെട്ടിരുന്നു.

നീലച്ചിത്ര ബ്ലാക്ക്‌മെയിലിങ് സംഘത്തിന്റെ വലയിൽപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വ്യവസായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതേ സമയം വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് അനാശാസ്യക്കേസിൽ ജാമ്യത്തിലിറങ്ങിയ റുക്‌സാനയും സൂര്യ എന്നു വിളിക്കുന്ന ബിന്ധ്യയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തൽ കാര്യമായി അന്വേഷിക്കാൻ പൊലീസ് പോലും തയ്യാറാകുന്നില്ല. കേസിലെ പ്രധാന പ്രതിയായ ജയചന്ദ്രന് ആഭ്യന്തര വകുപ്പിലുളള സ്വാധീനമാണ് ഇതിന് പിന്നിൽ. തട്ടിപ്പ് കേസുമാത്രമായിരുന്ന ഒരു സംഭവം സോളാർ കേസ് എന്ന നിലയിൽ വിവാദമായത് കണ്ണൂർ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പുറത്തു നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നതിനാൻ ബ്ലാക്ക് മെയ്‌ലിങ് കേസിൽ പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്. പ്രതികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാനാണ് നിർദ്ദേശം.

എംഎൽഎ ഹോസ്റ്റലിൽ റെയ്ഡ് നടത്തുന്നതിനു സ്പീക്കർ അനുമതി നൽകിയിരുന്നു. വിവരം ചോരുമെന്നതിനാൽ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്. സുനിൽ കൊട്ടാരക്കരയെന്നയാളുടെ പേരിലായിരുന്നു മുറിയെടുത്തിരുന്നത്. സുനിൽ കൊട്ടാരക്കരയെത്തുമ്പോൾ താക്കോൽ കൈമാറണമെന്നും ഹോസ്റ്റൽ ജീവനക്കാർക്ക് നിർദേശമുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു ഓപ്പറേഷൻ എംഎൽഎ ഹോസ്റ്റൽ. അതും നിയമസഭയുടെ പ്രത്യേക അനുമതിയോടു കൂടി. അതീവ രഹസ്യമായെത്തിയ പ്രത്യേക അന്വേഷണ സംഘം സംശയമുളള മുറികൾ ഓരോന്നും അരിച്ചുപെറുക്കി പരിശോധിച്ചു. ഇതിനിടെ റെയ്ഡ് വിവരം മണത്തറിഞ്ഞ പ്രതി ജയചന്ദ്രൻ, കാറുമെടുത്ത് ഹോസ്റ്റലിനു പുറത്തേയ്ക്ക് കുതിച്ചു. പിന്തുടർന്ന പൊലീസ് സംഘം പ്രതിയെ എംഎൽഎ ഹോസ്റ്റലിനു സമീപത്തുനിന്നുതന്നെ വിദഗ്ധമായി പിടികൂടി. മുൻ എംഎൽഎ ടി. ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോർത്ത് ബ്ലോക്കിലെ 47-ാം നമ്പർ മുറിയിലായിരുന്നു പ്രതിയുടെ ഒളിവു ജീവിതം.

ബ്ലാക്ക് മെയിലിങ് കേസിൽ കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാക്കളുടെ പേര് സജീവമായതോടെ പാർട്ടിക്കുളളിൽ വിഷയം കത്തിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംഎൽഎ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയത് അതിന്റെ സൂചനയാണ്. സോളാർ കേസ് വിവദാമാക്കുന്നതിൽ ചില ഐ ഗ്രൂപ്പ് നേതാക്കൾ ശ്രമിച്ചിരുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP