Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

680 കോടി വെള്ളത്തിൽ മുങ്ങുമോ? മെട്രോ റെയിലിന്റെ ഭാഗമായി കൊച്ചി ജലപാതയ്ക്ക് പദ്ധതിരേഖ തയാറാക്കാനുള്ള കരാർ വെളിപ്പെടുത്തുന്നില്ല; ഫ്രഞ്ച്- ജർമ്മൻ ഫണ്ട് ലഭിക്കുന്ന വമ്പൻപദ്ധതിക്ക് മിനിറ്റ്‌സില്ലാത്ത അനൗദ്യോഗിക യോഗം

680 കോടി വെള്ളത്തിൽ മുങ്ങുമോ? മെട്രോ റെയിലിന്റെ ഭാഗമായി കൊച്ചി ജലപാതയ്ക്ക് പദ്ധതിരേഖ തയാറാക്കാനുള്ള കരാർ വെളിപ്പെടുത്തുന്നില്ല; ഫ്രഞ്ച്- ജർമ്മൻ ഫണ്ട് ലഭിക്കുന്ന വമ്പൻപദ്ധതിക്ക് മിനിറ്റ്‌സില്ലാത്ത അനൗദ്യോഗിക യോഗം

കൊച്ചി: മെട്രോ നിർമ്മാണത്തിന് അനുബന്ധമായി നടപ്പാക്കാനുദ്ദേശിക്കുന്ന ഉൾനാടൻ ജലഗതാഗതപാതയുടെ പദ്ധതി നടത്തിപ്പിൽ അവ്യക്തത. ദ്വീപുകളും തുരുത്തുകളും ഉൾപ്പെടുന്ന കൊച്ചിയുടെ ജലഗതാഗതമേഖല ഉടച്ചുവാർക്കുകയെന്നതുകൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികളിലൊന്നാണ്. കൊച്ചിയിലെ ഗതാഗതക്കുരുക്കിനൊരു പരിഹാരമായി ജലപാതകൾ മെച്ചപ്പെടുത്തുക എന്നതുകൊച്ചിയുടെ ദീർഘകാല ആവശ്യമാണ്. ഇക്കാര്യത്തിനായി കൊച്ചി നഗരസഭയുടെ സഹകരണവും കെ എം ആർ എല്ലിനുണ്ട്. ഇതിനായി വായ്പയെടുക്കാൻ ജർമ്മൻ -ഫ്രഞ്ച് വികസന ഏജൻസികളുടെ സഹായവും തേടിയിരുന്നു. എന്നാൽ മെട്രോ റെയിൽ ലിമിറ്റഡ് നടപ്പാക്കാനുദേശിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള വിവരവകാശരേഖകൾ ലഭിച്ചപ്പോൾ ചില ദൂരുഹമായ നടപടിക്രമങ്ങളാണ് കാണാൻ കഴിഞ്ഞത്.

ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് കമ്പനിക്കാണ് ജലപാത സംബന്ധിച്ചു നിർവഹണവും പഠനവും നടത്താൻ അനുമതി നൽകിയിരിക്കുന്നത്. 680 കോടി രൂപ ചെലവ് വരുന്ന ഇത്രയും വലിയ പദ്ധതിയുടെ പഠനത്തിനായി ടെൻഡർ വിളിക്കാതെ ലീസിങ് ആൻഡ് ഫിനാൻഷ്യൽ കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നതിൽ ദുരുഹതയുണ്ട്. നഗരവികസന മന്ത്രാലയത്തിനു കിഴിൽ യു എം ടി എ(ഏകീകൃത നഗരഗതാഗത അഥോറിറ്റി)യുടെ 'പ്രോ ബോണോ' (സൗജന്യമായി ചെയ്തുകൊടുക്കുന്ന) അടിസ്ഥാനത്തിലാണ് ജലപാതയെക്കുറിച്ച് വിശദമായ പഠനം നടന്നിരിക്കുന്നത്. അതിനാലാണ് ടെൻഡർ വിളിക്കാത്തതെന്നാണ് കെ എം ആർ എൽ വിശദികരിക്കുന്നത്. സൗജന്യപഠനം നടത്തിയെന്നു പറയുന്നെങ്കിലും അനുബന്ധചെലവുകൾ എന്ന വകയിൽ കെ എം ആർ എൽ കമ്പനിക്ക് നല്ലൊരു തുക നൽകുന്നുമുണ്ട്.

കമ്പനിക്ക് അനുമതി നൽകാനായി ജനുവരിയിൽ ഡൽഹിയിൽ കൂടിയ മീറ്റിംഗിന്റെ മിനിട്ട്‌സോ അനുബന്ധരേഖകളോ ഇല്ല. കെ എം ആർ എല്ലും ജർമ്മൻ -ഫ്രഞ്ച് ഏജൻസികളും നടത്തിയ മീറ്റിങ് ഔദോഗികമല്ലാത്തതിനാൽ മിനിട്ട്‌സ് ഇല്ലെന്നാണ് കെ എം ആർ എല്ലിന്റെ വാദം. കെ എം ആർ എൽ, എംഡി ഏലിയാസ് ജോർജ്, ഏകീകൃത നഗര ഗതാഗത അഥോറിറ്റി ചെയർമാൻ, ജർമ്മൻ- ഫ്രഞ്ച് സർക്കാർ ഏജൻസികൾ എന്നിവർ പദ്ധതിക്കാവശ്യമായ തുകയും കരാറും ഉറപ്പിക്കുന്ന മീറ്റിങ് ഔദോഗികമല്ലെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പറയുന്നത് ദുരൂഹതയുണർത്തുന്നതാണ്.

മാത്രമല്ല, വിശദമായ പഠനത്തിനായി അനുമതി നൽകിയെന്നു പറയുന്ന ലീസിങ് ആൻഡ് ഫിനാൻഷ്യൽ ലിമിറ്റഡ് കമ്പനിയുമായുള്ള കരാറും കെഎംആർഎൽ വിവരവകാശം വഴി വെളിപ്പെടുത്താൻ തയ്യാറാവുന്നില്ല. വിവരം വെളിപ്പെടുത്തുന്നത് മുന്നാംകക്ഷിയുടെ മത്സരാവസ്ഥയ്ക്കു ദോഷം ചെയ്യുമെന്ന നിയമവശമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

പദ്ധതിയിൽ നിർദേശിച്ചിട്ടുള്ള റൂട്ടുകൾ ഇവയാണ്

1.എറണാകുളം-വില്ലിങ്ടൺ എലൻഡ്-മട്ടാഞ്ചേരി-ഫോർട്ട്‌കൊച്ചി-വൈപ്പിൻ
2.ഫോർട്ട്‌കൊച്ചി- തേവര- തൈക്കൂടം -വൈറ്റില- ഇൻഫോപാർക്ക്
3.വില്ലിങ്ടൺ എലൻഡ്-തോപ്പുംപടി- തേവര- തൈക്കൂടം- വൈറ്റില- ഇൻഫോപാർക്ക്
4.വൈപ്പിൻ- എറണാകുളം ജെട്ടി- തേവര- തൈക്കൂടം- വൈറ്റില- ഇൻഫോപാർക്ക്
5.എറണാകുളം ജെട്ടി- മുളവുകാട്- ചേരാനല്ലൂർ- വരാപ്പുഴ- ഏലൂർ

കെഎംആർഎൽ നൽകിയ വിശദമായ പദ്ധതിരേഖയും റൂട്ടുകളും 2010-ൽ മേയർ മേഴ്‌സി വില്ല്യംസിന്റെ കാലത്തുകൊച്ചി നഗരസഭ നടത്തിയ പഠനറിപ്പോർട്ട് പൊടിതട്ടിയെടുത്തതാണ്. ഈ പദ്ധതി സാമ്പത്തികമായി യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്നതു പരിഗണിച്ച് നഗരസഭ അന്ന് തള്ളിക്കളഞ്ഞതുമാണ്. കൂടാതെ, കൊച്ചിയിലെ ജലപാത ഉപയോഗം പരിതാപകരമാണ്. നൂറുകണക്കിനു സർവിസ് ബോട്ടുകളാണ് പാലങ്ങളുടെ വരവോടെ നിശ്ചലമായത്. പദ്ധതിയിൽ കായൽ ടുറിസം കൂടി ഉൾപ്പെടുത്തി ബോട്ടുസർവീസ് വർദ്ധിപ്പിച്ചാൽ വിദേശബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നതിന്റെ പലിശയെങ്കിലും അടയ്ക്കാൻ കഴിഞ്ഞേക്കും. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്കും മലിനീകരണത്തിനും ഏറ്റവും ചെലവു കുറഞ്ഞ പരിഹാരമാണ് ജലപാതകൾ പുനരുദ്ധരിക്കൽ. അത് എത്രത്തോളം സുതാര്യവും, പ്രയോജനകരമാകും എന്നതാണ് ഇനി അറിയാനുള്ളത്. നിലവിൽ ഇവിടത്തെ ബോട്ട് സർവീസുകൾ വൻനഷ്ടമാണ്.

ഉദാഹരണത്തിന് എറണാകുളം- വരാപ്പുഴ ബോട്ട് സർവീസ് നടത്തുമ്പോൾ പ്രതിദിനചെലവ് ഇങ്ങനെ;
40 ലിറ്റർ ഡീസൽ-2080 രൂപ
ശമ്പളം അഞ്ചു പേർ 2500
മെയിന്റനൻസ് 1250
പലിശ 500
തേയ്മാനക്കിഴിവ് 1000
ആകെ ചെലവ് 7330 രൂപ

വരവാകട്ടെ, ടിക്കറ്റ് ചാർജായി കിട്ടുന്നതു വെറും രണ്ടായിരത്തിനു മുകളിൽ. ബാക്കി അയ്യായിരം നഷ്ടം. ടിക്കറ്റ് നിരക്ക് 10 ആക്കി ഉയർത്തിയാലും ബോട്ടൊന്നിനു 2500 രൂപയോളം നഷ്ടം വരും. നാലു റൂട്ടിലായി 16 ബോട്ട് സർവീസ് നടത്തുമ്പോൾ പ്രതിവർഷനഷ്ടം 1.65 കോടി. ജെട്ടി, റോഡുകൾ തുടങ്ങി വേറേ ചെലവുകളും.

ഈ നിലയിലാണു ഭാവിയിൽ ജലപാത വരുന്നതെങ്കിൽ സർക്കാരിനു വൻനഷ്ടമാണുണ്ടാവുക. ഈ സാഹചര്യത്തിലാണ് മെച്ചപ്പെട്ട ആസൂത്രണത്തോടെ ഈ പദ്ധതി നടപ്പിലാക്കേണ്ടത്. 680 കോടിയാണ് പദ്ധതിച്ചെലവ്. സർക്കാരിനു സാമ്പത്തികബാധ്യത താങ്ങാനാവത്തിനാലാണ് ജർമ്മൻ- ഫ്രഞ്ച് സഹായം തേടുന്നത്. സംസ്ഥാന സർക്കാരിനാണ് വിദേശബാങ്കുകൾ പണം നൽകുന്നത്. വിദേശത്തുനിന്ന് വായ്പ വാങ്ങണമെങ്കിൽ കേന്ദ്രഗവൺമെന്റ്് അനുമതിയും വേണം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഏകദേശം 680 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ജർമ്മൻ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യുവിൽനിന്ന് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP