Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിൻ യതീംഖാനയുടെ മറവിൽ വിദേശത്തുനിന്ന് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം; അനാഥക്കുട്ടികൾക്കായി ഉപയോഗിക്കേണ്ട തുകയ്ക്ക് ഭൂമി വാങ്ങി വിറ്റതിനും തെളിവുകൾ; അബാദ്, കൈരളി ടിഎംടി ഗ്രൂപ്പുകളുടെ എംഡിമാരും കേരള നദ്‌വത്തൂൽ മുജാഹിദീൻ നേതാവും ട്രസ്റ്റികളായ അനാഥാലയത്തിന്റെ നടപടികൾ ദുരൂഹം

കൊച്ചിൻ യതീംഖാനയുടെ മറവിൽ വിദേശത്തുനിന്ന് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം; അനാഥക്കുട്ടികൾക്കായി ഉപയോഗിക്കേണ്ട തുകയ്ക്ക് ഭൂമി വാങ്ങി വിറ്റതിനും തെളിവുകൾ; അബാദ്, കൈരളി ടിഎംടി ഗ്രൂപ്പുകളുടെ എംഡിമാരും കേരള നദ്‌വത്തൂൽ മുജാഹിദീൻ നേതാവും ട്രസ്റ്റികളായ അനാഥാലയത്തിന്റെ നടപടികൾ ദുരൂഹം

അർജുൻ സി വനജ്

കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ യതീംഖാനയുടെ മറവിൽ കോടികളുടെ അനധികൃത വിദേശഫണ്ട് ഒഴുകുന്നതായി റിപ്പോർട്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് കള്ളപ്പണത്തിന്റെ പ്രാഥമിക വിവരം നൽകുന്നത്. കൊച്ചിൻ ഓർഫനേജ് ട്രസ്റ്റ് മുഖേനയാണ് വിദേശപണമെത്തുന്നത്. വിവിധ അറബ് രാജ്യങ്ങളിൽനിന്നും യു.എസിൽ നിന്നുമടക്കം വിദേശപണം എത്തുന്നുണ്ടെങ്കിലും അക്കൗണ്ട് വഴി പണം കൈമാറുന്ന രാജ്യങ്ങളിൽ നിന്നുള്ള രേഖകൾ മാത്രമാണ് യതീംഖാന കേന്ദ്ര സർക്കാരിന് സമർപ്പിച്ചുവരുന്നത്.

അതേസമയം, കേന്ദ്രസർക്കാരിന് സമർപ്പിച്ചതിലും കൂടുതൽ രാജ്യങ്ങളിൽനിന്ന് പണം എത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. യു.എസ്.എ, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ പണം കൈമാറ്റരേഖകളാണ് കഴിഞ്ഞ 15 വർഷമായി യതീംഖാന സമർപ്പിച്ചുവരുന്നത്. 2012 മുതൽ 2014 വരെയുള്ള രണ്ടുവർഷക്കാലയളവിൽ മാത്രം ഒന്നരക്കോടി രൂപ എത്തിയെന്നാണ് സർക്കാരിന് സമർപ്പിച്ച കണക്ക്. എന്നാൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റിൻ, യു.എ.ഇ എന്നീ രാജ്യങ്ങളിൽനിന്ന് അതത് രാജ്യങ്ങളിലെ ട്രസ്റ്റിന്റെ ഓഫീസ് വഴി വർഷം നാലു കോടിയോളം രൂപ യതീംഖാനയിലേക്ക് എത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇതിൽ ഏറെക്കുറെ രഹസ്യാന്വേഷണ വിഭാഗവും ശരിവെക്കുന്നുണ്ട്.

അബാദ് ഗ്രൂപ്പ് എംഡി റിയാസ് അഹമ്മദ് സേട്ട്, കൈരളി ടി.എം ടി ഗ്രൂപ്പ് എംഡിയും കേരള നദ്‌വത്തൂൽ മുജാഹിദീൻ സംസ്ഥാന ട്രഷററുമായ നൂർ മുഹമ്മദ് നൂർ ഷാ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ബാബു സേട്ട് എന്നിവരടക്കം 17 പേരടങ്ങുന്നതാണ് കൊച്ചിൻ ഓർഫനേജ് ട്രസ്റ്റ്. ഈ ട്രസ്റ്റ് വഴി വിദേശ പണം സ്വീകരിക്കുബോൾ, യതീംഖാനയ്ക്കായി സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ് കൈപ്പറ്റുന്നതുകൊച്ചിൻ യതീംഖാന ട്രസ്റ്റ് എന്ന മറ്റൊരു ട്രസ്റ്റ് വഴിയാണ്. വിദേശ ഫണ്ട് കൈപ്പറ്റുന്നില്ലെന്ന് സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് ശരാശരി 5 ലക്ഷം രൂപ പ്രതിവർഷം ഗ്രാന്റ് ഇനത്തിൻ ഈ ട്രസ്റ്റ് കൈപ്പറ്റുന്നുണ്ട്. അതേസമയം കൊച്ചിൻ യതീംഖാനയുടെ രൂപീകരണഘട്ടം മുതൽ നിലവിലുള്ള ഖദീജ ഭായ് ട്രസ്റ്റ് വഴി കേരളത്തിൽ മറ്റ് പണപ്പിരിവുകളും ഇവർ നടത്തുന്നുണ്ട്. അതായത്, ഒരു യതീം ഖാനയിലേക്കായി പണമെത്തുന്നത് മൂന്ന് ട്രസ്റ്റ് വഴി.

നിലവിൽ അമ്പതിൽ താഴെമാത്രം അന്തേവാസികളുള്ള യതീംഖാനയുടെ വാർഷിക ചെലവ് 80 ലക്ഷത്തിൽ താഴെ മാത്രമെന്നാണ് യതീംഖാന 2015 ൽ സർക്കാരിന് സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നത്. എന്നാൽ സർക്കാരിന് സമർപ്പിച്ച സത്യാവാങ്മൂലത്തിൽ 200 ഓളം അന്തേവാസികൾ ഉണ്ടെന്നാണ് കണക്കുകൾ. മുൻ വർഷങ്ങളിലായി കൈപ്പറ്റിയ തുകയുടെ ബാക്കിയിരിപ്പ് 12 ലക്ഷത്തിൽ താഴെ മാത്രമാണെന്നും രേഖകളിൽ വ്യക്തമാക്കുന്നു. യതീംഖാനയുെട ചെലവിനായി കൈമാറ്റം ചെയ്യപ്പെടുന്ന തുക, അന്തേവാസികളുടെ ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവു എന്ന നിയമം നിലനിൽക്കുമ്പോൾ, 2000 ൽ പറവൂർ കേന്ദ്രീകരിച്ച് 2.5 ഏക്കറിന്റെ ഭൂമി കൊച്ചിൻ ഓർഫനേജ് ട്രസ്റ്റ് യതീംഖാനയുടെ പേരിൽ വാങ്ങി, 2006 ഓടെയാണ് ഭൂമി ചെറുകഷണങ്ങളാക്കി വിറ്റു തീർത്തത്. ഈ ഇനത്തിൽ ട്രസ്റ്റ് അംഗങ്ങളിലെ പ്രമുഖർ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിവരം.

ഖദീജാ ഭായ് ട്രസ്റ്റിന്റെ കീഴിൽ യതീംഖാനയക്ക് വേണ്ടി നടത്തുന്ന പണപ്പിരിവും ഭീമമാണ്. 40 ശതമാനം വരെ കമ്മീഷൻ നൽകിയാണ് ആളുകളെവച്ച് ഇവർ പണപ്പിരിവ് നടത്തുന്നത്. മാത്രമല്ല, ജാതി-മത ഭേദമെന്യേ ആളുകൾ അവരുടെ കുടുംബങ്ങളിലെ വിശേഷദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും യതീംഖാനയ്ക്ക് നൽകാറുണ്ട്. അടുത്തിടെ ഇന്ദ്രജിത്ത്-പൂർണ്ണിമ ദമ്പതികൾ യതീംഖാനയിലെത്തി അവരുടെ വിശേഷ ദിവസം ആഘോഷിച്ചിരുന്നു. ഒപ്പം മുസ്ലിം വിശ്വാസപ്രകാരമുള്ള പുണ്യമാസങ്ങളിൽ ഒരു വർഷത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങളും വസ്ത്രവും പലരുമായി സംഭാവന നൽകാറുണ്ട്. വലിയൊരു തുക സക്കാത്തിനത്തിലും ലഭിക്കാറുണ്ട്.

പക്ഷേ മൂന്ന് ട്രസ്റ്റുകളുടെ പേരിലായി ഒരു യതീംഖാനയ്ക്ക് ലഭിക്കുന്ന വരുമാനങ്ങളായതിനാൽ കൃത്യമായ വിവരം സർക്കാരിനെ അറിയിക്കേണ്ടതായിട്ടില്ല. ചുരുക്കത്തിൽ ഖദീജാ ഭായ് ട്രസ്റ്റ്, കൊച്ചിൻ യതീംഖാന ട്രസ്റ്റ്, കൊച്ചിൻ ഓർഫനേജ് ട്രസ്റ്റ് എന്നിവയുടെ നേതൃത്വവും, രജിസ്റ്റർ ചെയ്യപ്പെട്ട മേൽവിലാസവും ഒന്നായതിനാൽ, ഈ വൻ അഴിമതി പകൽപോലെ വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP