Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത തസ്തികയിലേക്ക് പ്രെമോഷന് സ്വന്തമായി ശുപാർശ എഴുതി; പിന്നെയെല്ലാം ഒറ്റ ദിവസം കൊണ്ട്; സർക്കാരും ഉത്തരവുകളുമൊന്നും കോഴിക്കോട് വികസന അഥോറിറ്റിക്ക് ബാധകമല്ല; മുസ്ലിംലീഗിന്റെ തണലിൽ നടക്കുന്ന മറ്റൊരു അഴിമതികൂടി പുറത്ത്

ഇല്ലാത്ത തസ്തികയിലേക്ക് പ്രെമോഷന് സ്വന്തമായി ശുപാർശ എഴുതി; പിന്നെയെല്ലാം ഒറ്റ ദിവസം കൊണ്ട്; സർക്കാരും ഉത്തരവുകളുമൊന്നും കോഴിക്കോട് വികസന അഥോറിറ്റിക്ക് ബാധകമല്ല; മുസ്ലിംലീഗിന്റെ തണലിൽ നടക്കുന്ന മറ്റൊരു അഴിമതികൂടി പുറത്ത്

കെ.വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് വികസന അഥോറിറ്റിയിൽ സർക്കാറിന്റെ അംഗീകാരം തേടാതെ സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി തസ്തിക സൃഷ്ടിക്കലും പ്രമോഷനും. ഒരേ ദിവസം സമർപ്പിക്കപ്പെട്ട അപേക്ഷയിന്മേൽ ഒരേ ദിവസം തന്നെ തസ്തിക സൃഷ്ടിക്കലും അപ്‌ഗ്രേഡ് ചെയ്ത് അതേ ദിവസം പ്രമോഷനുകളും നൽകുകയാണ് ഉണ്ടായത്. നിലവിലുള്ള സർക്കാർ ഉത്തരവ്, നിയമങ്ങൾ എന്നിവ ലംഘിച്ചുകൊണ്ടാണ് സീനിയർ ടൗൺ പ്‌ളാനർ തസ്തിക സൃഷ്ടിച്ച് എ എം ജയനെയും, ടൗൺ പ്‌ളാനറായി ഹരിഗോവിന്ദനെയും പ്രമോഷൻ നൽകി നിയിച്ചിരിക്കുന്നത്. മുസ്‌ളീം ലീഗ് നേതാവ് എൻ സി അബൂബക്കറാണ് കോഴിക്കോട് വികസന അതേലറിറ്റി ചെയർമാൻ.

തസ്തിക സൃഷ്ടിക്കുവാനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമുള്ള അധികാരം അഥോറിറ്റി ഭരണ സമിതിക്കാണ് ഉള്ളത്. എന്നാൽ ഭരണ സമിതി ഇതുവരെ രൂപീകരിച്ചിട്ടുമില്ല. കോഴിക്കോട് വികസന അഥോറിറ്റി ടൗൺ പ്‌ളാനറും സെക്രട്ടറിയുടെ ചാർജ്ജും ഉള്ള എ എം ജയൻ തന്നെയാണ് തസ്തിക അപ്‌ഗ്രേഡ് ചെയ്യുന്നതിനും പ്രമോഷൻ ലഭിക്കുന്നതിനും ഫയലിൽ ശുപാർശ എഴുതി പ്രമോഷൻ തരപ്പെടുത്തി ടൗൺ പ്‌ളാനറായി പ്രമോഷൻ നേടിയിട്ടുള്ളത്. തസ്തിക സൃഷ്ടിക്കുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന 2011 മെയിലെ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെയർമാന്റെ ശ്രദ്ധയിൽ പെടുത്താതെ പ്രമോഷനുകൾ തരപ്പെടുത്തുകയായിരുന്നു.

കോഴിക്കോട് വികസന അഥോറിറ്റിയുടെ പ്‌ളാനിങ് വിഭാഗത്തിൽ 2003 മുതൽ ടൗൺ പ്‌ളാനറായി ജോലി ചെയ്തുവരുന്ന എ എം ജയൻ തന്റെ യോഗ്യത കണക്കിലെടുത്ത് നിലവിൽ വഹിച്ചുവരുന്ന ടൗൺ പ്‌ളാനർ തസ്തിക അപ്‌ഗ്രേഡ് ചെയ്ത് സീനിയർ ടൗൺപ്‌ളാനർ തസ്തിക അനുവദിച്ച് ഉദ്യോഗക്കയറ്റം നൽകി നിയമിക്കണമെന്ന് കാണിച്ച് 2013 ജൂണിലാണ് അപേക്ഷ സമർപ്പിച്ചത്.

കോഴിക്കോട് വികസന അഥോറിറ്റിയുടെ പ്‌ളാനിങ് വിഭാഗത്തിൽ രണ്ട് ഡെപ്യൂട്ടി ടൗൺ പ്‌ളാനർ തസ്തികയും ഒരു ടൗൺ പ്‌ളാനർ തസ്തികയുമാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാർക്ക് യോഗ്യതക്കനുസരിച്ച് ഉദ്യോഗക്കയറ്റം ലഭിക്കുമ്പോൾ യോഗ്യതയും കാര്യക്ഷമതയുമുള്ള അഥോറിറ്റി ജീവനക്കാർക്ക് അർഹമായ സർവ്വീസ് ആനുകൂല്യം ലഭിക്കാതെ വരുന്നത് കണക്കിലെടുത്തും സീനിയർ ടൗൺ പ്‌ളാനർ തസ്തിക സൃഷ്ടിക്കുന്നതിനുള്ള അധികാരം അഥോറിറ്റി ഭരണ സമിതിയിൽ നിക്ഷിപ്തമാക്കിയിട്ടുള്ളതിനാലും ടൗൺ പ്‌ളാനർ എ എം ജയൻ സീനിയർ ടൗൺ പ്‌ളാനറായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള യോഗ്യത നേടിയിട്ടുള്ളതിനാലും നിലവിലെ ടൗൺ പ്‌ളാനർ തസ്തിക അപ്‌ഗ്രേഡ് ചെയ്ത് ഉദ്യോഗക്കയറ്റം നൽകി നിയമിക്കുന്നുവെന്നാണ് സി.ഡി. എ ചെയർമാന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

ജയനെ സീനിയർ ടൗൺ പ്‌ളാനർ തസ്തികയിൽ നിയമിക്കുമ്പോൾ ഒഴിവാകുന്ന ടൗൺ പ്‌ളാനർ തസ്തിക നിലനിർത്തിയിട്ടുണ്ട്. ഇതോടൊപ്പം പ്‌ളാനിങ് വിഭാഗം ജിവനക്കാർ ഉദ്യോഗക്കയറ്റം ലഭിക്കും വിധം രണ്ട് ഡെപ്യൂട്ടി ടൗൺ പ്‌ളാനർ തസ്തികയിൽ ഒന്ന് ടൗൺ പ്‌ളാനർ തസ്തികയായി അപ്‌ഗ്രേഡ് ചെയ്തു. ഇവിടെയാണ് ഡെപ്യൂട്ടി ടൗൺ പ്‌ളാനറായ ഹരിഗോവിന്ദിനെ ടൗൺ പ്‌ളാനർ തസ്തികയിൽ നിയമിച്ചിരിക്കുന്നത്. ഇതോടെ എ എം ജയനെ ഉദ്യോഗക്കയറ്റം നൽകി 58,640 രൂപ ശമ്പളത്തിനും ഹരിഗോവിന്ദിനെ 49,740 രൂപ ശമ്പളത്തിനും ഉദ്യോഗക്കയറ്റം നൽകി നിയമിച്ചിരിക്കുകയാണ്.

സമാന അഥോറിറ്റികളായ വിശാല കൊച്ചി വികസന അഥോറിറ്റി, തിരുവനന്തപുരം വികസന അഥോറിറ്റി എന്നിവടങ്ങളിലും തസ്തിക സൃഷ്ടിക്കലിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ടൗൺ പ്‌ളാനിങ് വിഭാഗത്തിൽ ആറ് ജീവനക്കാർ മാത്രമാണുള്ളത്. ഇത്തരമൊരു അവസ്ഥയിൽ ടൗൺ പ്‌ളാനർ തസ്തിക സൃഷ്ടിക്കപ്പെട്ടത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്യും. നിലവിൽ ഇല്ലാത്ത നിയമങ്ങളുടെ പേരിലും സർക്കാർ ഉത്തരവ് ലംഘിച്ചും സർക്കാറിന്റെ അംഗീകാരം തേടാതെയും തരപ്പെടുത്തിയ തസ്തിക സൃഷ്ടിക്കൽ, അപ്‌ഗ്രേഡ് ചെയ്യൽ, പ്രമോഷൻ എന്നിവ ക്രമവിരുദ്ധവും സ്വജന പക്ഷപാതപരവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൃശ്ശൂർ, കോഴിക്കോട് നഗരങ്ങൾക്ക് നേരത്തെ വികസന അഥോറിറ്റികൾ ഉണ്ടായിരുന്നെങ്കിലും മുൻ സർക്കാർ ഇവ പിരിച്ചുവിടുകയും ഇവയുടെ ആസ്തി അതത് നഗരസഭകൾക്ക് കൈമാറുകയുമായിരുന്നു. യു ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ നഗരങ്ങളുടെ സമഗ്ര വികസനത്തിനായി വികസന അഥോറിറ്റികൾ പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. മുസ്‌ളീം ലീഗ് നേതാവ് എൻ സി അബൂബക്കറാണ് കോഴിക്കോട് വികസന അതേലറിറ്റി ചെയർമാൻ. കോഴിക്കോട് നടക്കാവ് കാട്ടുവയൽ കോളനിക്കടുത്ത ഒരു ഏക്കർ ഗ്രൗണ്ട് വിൽപ്പനയിൽ അഴിമതി നടന്നതായി കാണിച്ച് അഴിമതി വിരുദ്ധ ജനകീയ മുന്നണി വികസന അഥോറിറ്റിക്കെതിരെ രംഗത്തത്തെിയിരുന്നു.

നടക്കാവിലെ കുട്ടികൾ ഫുട്‌ബോൾ കളിക്കുന്ന മൈതാനം കോസ്റ്റ് ഗാർഡിന് 2014 മാർച്ച് 17 നാണ് അഥോറിറ്റി വിൽപ്പന നടത്തിയത്. എന്നാൽ വിൽപ്പനയിലൂടെ ലഭിച്ച10.63 കോടിയിൽ 7.63 കോടിക്ക് കണക്കില്‌ളെന്ന് കാട്ടിയാണ് മുന്നണി രംഗത്തത്തെിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP