Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ബസിന്റെ വരുമാനം കൊണ്ട് ശമ്പളവും പെൻഷനും നൽകേണ്ടത് 18 പേർക്ക്; ദിവസം കിട്ടുന്ന അഞ്ചരക്കോടിയിൽ മൂന്നരക്കോടിയും ചെലവാക്കുന്നത് പലിശ അടയ്ക്കാൻ; വണ്ടി ഓടണമെങ്കിൽ ദിവസവും അധികം വേണ്ടത് രണ്ടു കോടി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ എംഡി എം ജി രാജമാണിക്യം മറുനാടൻ മലയാളിയോട്

ഒരു ബസിന്റെ വരുമാനം കൊണ്ട് ശമ്പളവും പെൻഷനും നൽകേണ്ടത് 18 പേർക്ക്; ദിവസം കിട്ടുന്ന അഞ്ചരക്കോടിയിൽ മൂന്നരക്കോടിയും ചെലവാക്കുന്നത് പലിശ അടയ്ക്കാൻ; വണ്ടി ഓടണമെങ്കിൽ ദിവസവും അധികം വേണ്ടത് രണ്ടു കോടി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ എംഡി എം ജി രാജമാണിക്യം മറുനാടൻ മലയാളിയോട്

അരുൺ ജയകുമാർ

തിരുവനന്തപുരം:കെഎസ്ആർടിസിയെന്നു കേട്ടാൽ ആരും തലയിൽ കൈവച്ചുപോകുന്ന അവസ്ഥയാണ്. നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും മുൻ ജീവനക്കാരെയും ദുരിതത്തിലാക്കുന്ന സ്ഥാപനമെന്ന ഒരു മുഖമുണ്ട് നമ്മുടെ ആനവണ്ടി കോർപറേഷന്. പലരും കെഎസ്ആർടിസിയെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടു. പക്ഷേ, പടവലങ്ങപോലെയാണു കെഎസ്ആർടിസി വളർന്നത്. സ്വകാര്യ ബസ് ലോബികൾ ഓടിക്കൊഴുക്കുമ്പോൾ കെഎസ്ആർടിസിയാകട്ടെ ഓടിയോടിത്തളരുകയാണു ചെയ്തത്. എറണാകുളം കളക്ടർ സ്ഥാനത്തിരുന്ന പ്രതീക്ഷാനിർഭരമായി പ്രവർത്തിച്ച എംജി രാജമാണിക്യം കെഎസ്ആർടിസിയുടെ നാഥനാകുമ്പോൾ കേരളം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. രാജമാണിക്യം മറുനാടനോട് സംസാരിക്കുന്നു. 

  • ഇത്രയധികം ബസുകൾ നിത്യേന ഓടിയിട്ടും കെഎസ്ആർടിസി എന്നും നഷ്ടത്തിലാണ്. എങ്ങനെയാണ് ഇത്തരത്തിൽ പ്രതിസന്ധിയുണ്ടാകുന്നത്? എന്താണ് ഇപ്പോൾ കോർപറേഷൻ നേരിടുന്ന പ്രതിസന്ധി?

കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ദൈനംദിന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അതിൽ ഉൾപ്പെടുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. ഒരു ദിവസത്തെ ശരാശരി വരുമാനം അഞ്ചരക്കോടി രൂപയാണ്. നാലരക്കോടിയിൽനിന്നു ദിവസേന വരുമാനം ആറ് കോടി രൂപ വരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്നരക്കോടിയോളം രൂപ കടമെടുത്തതിന്റെയും മറ്റും പലിശയായും അടഞ്ഞ് പോകും. ബാക്കി വരുന്നത് രണ്ടു കോടിയാണ്. ഡീസലിനു മാത്രം വേണ്ടതു മൂന്നു കോടിയാണ്. അപ്പോൾ ഒരു കോടി രൂപ കടമെടുത്താൽ മാത്രമെ വണ്ടികൾ ഓടാൻ കഴിയുകയുള്ളു എന്ന അവസ്ഥയിലാണ്. ഇതിന് പുറമേ വണ്ടികളുടെ മെയിന്റനൻസിനായി ഒരു കോടി രൂപ ദിവസേന കണ്ടെത്തണം. അപ്പോൾ രണ്ടു കോടി രൂപയാണ് ദിവസേന കണ്ടെത്തേണ്ടത്.

മാസവരുമാനം നോക്കുകയാണെങ്കിൽ 160 കോടി രൂപയും ശമ്പളം പെൻഷൻ എന്നിവയുൾപ്പടെ ഒരു മാസത്തെ ചെലവ് 250 മുതൽ 260 കോടി രൂപ വരെയാണ്. മാസം 100 കോടി രൂപയുടെ അധിക ബാധ്യതയാണ് ഓരോ മാസവും ഉണ്ടാകുന്നത്. ഇതിൽ ദിവസേന വണ്ടി ഓടിക്കുന്നതിനായി 2 കോടി കണ്ടെത്തണം. ഓപ്പറേഷൻ സൈഡിലോ ആധുനികവൽക്കരണത്തിലോ എന്തെങ്കിലും വിട്ടുവീഴ്ച വരുത്താമെന്ന് കരുതിയാലും മുഴുവൻസമയ പ്രവർത്തനത്തിൽ പോലും വണ്ടി ഓടിക്കാൻ തക്ക നിലയിലേക്ക് എത്തുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി.

പ്രതിസന്ധി മറികടക്കാൻ വേണ്ട ചർച്ചകൾ ഇപ്പോൾ സർക്കാർ തലത്തിൽ തന്നെ നടക്കുന്നുണ്ട്. എക്സ്റ്റേണൽ ഫണ്ടിങ്ങും കുറഞ്ഞ പലിശയുള്ള വായ്പയ്ക്കും ശ്രമിക്കുന്നുണ്ട്. കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിച്ചാൽ തന്നെ ബാധ്യതകൾ തീർത്തു ദിവസ വരുമാനത്തിൽ നാല് കോടി വരെ ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് എത്താൻ കഴിയും.

  • നഷ്ടത്തിലാണ് നഷ്ടത്തിലാണ് എന്നതു സ്ഥിരം വാക്കാണ്. ഒരിക്കലും സ്ഥിരമായി ലാഭത്തിലെത്താറില്ലെന്നും പറയാം? ഇത്രമാത്രം പ്രതിസന്ധിയുണ്ടാക്കുന്ന ബാധ്യതകളെങ്ങനെയാണു വരുന്നത്?

നഷ്ടം എന്ന് പറയാൻ പറ്റില്ല. അയ്യായിരം ബസുകൾ ദിവസവും സർവ്വീസ് നടത്തുന്നുണ്ട്. 10,000 മുതൽ 12,000 രൂപ വരെ ദിവസേന കളക്ഷൻ ഓരോ ബസിൽ നിന്നും ലഭിക്കുന്നുമുണ്ട്. കെഎസ്ആർടിസിയുെട ബാധ്യതകളാണ് നഷ്ടങ്ങൾക്ക് പ്രധാന കാരണം. പെൻഷൻ എന്ന പരിപാടി ലോകത്ത് തന്നെ മറ്റ് കോർപ്പറേഷനുകളിൽ നൽകാറില്ല. പൊതു ഗതാഗത സംവിധാനം എന്നത് ലോകത്ത് ഒരിടത്തും ലാഭകരമാകില്ല. കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഗതാഗത മാർഗം എന്നതിനാൽ തന്നെ ലാഭ നഷ്ട കണക്കുകൾ പരിശോധിക്കുവാൻ കഴിയുകയുമില്ല. ബാധ്യതകൾ തന്നെയാണ് പ്രതിസന്ധിക്കു കാരണം

പെൻഷൻ എന്നത് വേറൊരു സംസ്ഥാനത്തെ കോർപ്പറേഷനും നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ വാഹനമോടിച്ച് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ജീവനക്കാർക്ക് ശമ്പളം മാത്രം നൽകിയാൽ മതി. എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ശമ്പളത്തിന് പുറമേയാണ് പെൻഷൻ ബാധ്യത. ബസ് ഓടിക്കുന്നയാൾക്ക് ശമ്പളം നൽകാൻ തികയാത്ത അവസ്ഥയാണ്. അപ്പോഴാണ് ഈ ബസ് ഓടിക്കിട്ടുന്ന വരുമാനത്തിൽനിന്നു പെൻഷൻ പറ്റിയവർക്ക് കൂടി പണം നൽകേണ്ടത്.

എം പാനൽ ജീവനക്കാരുൾപ്പടെ 38,000 പേരാണ് ഇപ്പോഴുള്ളത്. നാൽപ്പത്തി രണ്ടായിരത്തോളം പേർ പെൻഷൻ വാങ്ങുന്നുണ്ട്. അപ്പോൾ ജീവനക്കാരെക്കാൾ അധികം പേർ പെൻഷൻ വാങ്ങുന്നവരാണ്. ഒരു ബസ് കൊണ്ട് ഉണ്ടാക്കാവുന്ന വരുമാനത്തിന് പരിധിയുണ്ട്. സർക്കാറിന് ക്രമാതീതമായി നിരക്ക് കൂട്ടാനും കഴിയില്ല. ബാധ്യതകൾ കൂടുതൽ വന്നപ്പോൾ കടമെടുത്ത് തുടങ്ങിയതാണ് പിന്നീട് സ്ഥിതി വഷളാവുകയും കെഎസ്ആർടിസി എന്നാൽ കടം എന്ന നിലയിലേക്ക് മാറുകയും ചെയ്തു.

  • ആയിരക്കണക്കിനു തൊഴിലാളികളുള്ള പ്രസ്ഥാനമായതിനാൽ അവരെയെല്ലാം പരിപാലിക്കേണ്ട ഉത്തരവാദിത്തം കോർപറേഷനുണ്ട്.  കെഎസ്ആർടിസിയെ ഈ അവസ്ഥയിൽ എത്തിച്ചതാരാണ്?

വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. കൂട്ടായ പ്രവൃത്തിയാണ് വിജയത്തിന് ആവശ്യം. കൂട്ടുത്തരവാദിത്വമില്ലായ്മയും ഈ അവസ്ഥയ്ക്ക് കാരണമാണ്. ആരുടെ ഭാഗത്തും പ്രശ്നമില്ലെങ്കിൽ ഇതു വളരെ നന്നായി തന്നെ ഇരിക്കണമല്ലോ. മാനേജ്മെന്റിനും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും സർക്കാരുകൾക്കും എല്ലാം പങ്കുണ്ട്. 1980-ൽ സർക്കാരാണ് കെഎസ്ആർടിസിയിൽ പെൻഷൻ സമ്പ്രദായം കൊണ്ട് വന്നത്. അത് പിന്നീട് സർക്കാറിൽ നിന്നും കോർപ്പറേഷന്റെ ബാധ്യതയായി മാറുകയായിരുന്നു.

ആറായിരം ബസ്സുകളുള്ളതിൽ 1500 ബസ്സുകൾ ഓടിക്കുന്നില്ല. ആവശ്യത്തിന് തൊഴിലാളികളില്ലെന്നതാണ് അതിന് കാരണമായി പറയുന്നത്. ഒരു ബസ് ഓടിക്കുന്ന വരുമാനം കൊണ്ട് ഒൻപത് പേർക്കാണ് ശമ്പളം നൽകേണ്ടത്. ഡ്രൈവർ, കണ്ടക്ടർ എന്നിവരുൾപ്പെടെയാണ് ഈ സംഖ്യ. ഇതോടൊപ്പം തന്നെയാണ് അതിൽ കൂടുതൽ ആളുകൾക്ക് പെൻഷൻ നൽകേണ്ടത്. അതായത് ഒരു ബസിന്റെ വരുമാനം കൊണ്ട് 18 ആളുകൾക്ക് വരെ ശമ്പളവും പെൻഷനും നൽകുക എന്നതാണു ബാധ്യതയാകുന്നത്. ഇത് കടം കൂട്ടുക തന്നെയെ ചെയ്യുകയുമുള്ളു. ലാഭകരമായ അവസ്ഥയിൽ നിന്നും 20 കോടി രൂപയുടെ ഒക്കെ ചെറിയ ബാധ്യതയായി മാറിയത് ക്രമേണ ശമ്പളം പെൻഷൻ എന്നിവ കാലാകാലങ്ങളിൽ വർധിച്ച് ഇന്നത്തെ അവസ്ഥയിലേക്ക് എത്തുകയായിരുന്നു.

  • കെഎസ്ആർടിസി നഷ്ടത്തിൽ കുരുങ്ങുമ്പോഴും അയൽ സംസ്ഥാനങ്ങളിലെ കോർപറേഷനുകൾ വളരുകയാണ്. കേരളം ചെറിയ ഭൂപ്രദേശമാണെങ്കിലും നിരവധി ബസുകളും യാത്രക്കാരുമുണ്ട്. എന്താണ് കോർപറേഷനു പാളിയത്?

ഒരു സംസ്ഥാനത്തിലും സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ ലാഭകരമല്ല. ഓപ്പറേഷണൽ ലെവലിൽ നഷ്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പടെ നിരവധി ബാധ്യതകളാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷനുകൾ കുറവാണ്. ലഭത്തിലായില്ലെങ്കിലും നടത്തുന്ന സർവ്വീസുകളിൽ നിന്നുള്ള വരുമാനം കൊണ്ട് നഷ്ടം വരാതെയും കടമെടുക്കാതെയും മുന്നോട്ട് പോവുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. കേരളത്തെ സംബന്ധിച്ചിടത്തോളം ബാധ്യതകളാണ് പ്രശ്നം. പെൻഷൻ, ശമ്പളം കടമെടുത്തതിന്റെ പലിശ എന്നിങ്ങനെ ബാധ്യതകൾ വർധിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോൾ അയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിലും ആന്ധ്രയിലും തമിഴ്‌നാടിലും ഒന്നും തന്നെ പെൻഷൻ നൽകുക എന്ന സമ്പ്രദായം നിലവിലില്ല.

തമിഴ്‌നാട്ടിൽ 2000 കോടിയുടെ ബഡ്ജറ്റ് തുക അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബഡ്ജറ്റിൽ 2800 കോടിയണ് അനുവദിച്ചത്. ഡീസൽ സബ്സിഡികളും മറ്റും ഉണ്ട്. ഇവിടെ അത്തരം ആനുകൂല്യങ്ങൾ ഇല്ല. ചെറിയ തുക മാത്രമാണ് ഇവിടെ കിട്ടുന്നത്. തമിഴ്‌നാട്ടിലും കർണ്ണാടകയിലും കൺസഷൻ ഉൾപ്പടെയുള്ളവയിൽനിന്നും ലഭിക്കേണ്ട വരുമാനത്തിന് ബദലായി സർക്കാർ ബഡ്ജറ്റിൽ പണം മാറ്റുന്നുണ്ട്. ഇവിടെ മാറ്റി വയ്ക്കുന്നുണ്ടെങ്കിലും ജീവനക്കാരിലും അധികം പെൻഷൻകാരുള്ളതാണ് ബാധ്യത വർധിപ്പിക്കുന്നത്.

അയൽ സംസ്ഥാനങ്ങളിൽ ഡീസൽ സബ്സിഡി ഉൾപ്പടെ ലഭിക്കുന്നു. ഇവിടെ ഡീസൽ പുറമെ നിന്നാണ് ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മറ്റ് അത്യാവശ്യ സർവ്വീസുകളായ കെഎസ്ഇബി, വാട്ടർ അഥോറിട്ടി എന്നിവർക്ക് ആറ് ശതമാനം മാത്രം ടാക്സ് നൽകേണ്ട സാഹചര്യമുള്ളപ്പോൾ കെഎസ്ആർടിസിക്ക് ഇത് 24 ശതമാനത്തോളമാണ്. അതിൽ ഒരു കൺസഷൻ നൽകിയാൽ തന്നെ വലിയ ആശ്വാസമാകും. പെൻഷനു മാത്രം 800 കോടിയാണ് പ്രതിവർഷം വേണ്ടത്. പല ബാധ്യതകളും ഒരു കാരണവശാലും ലാഭത്തിലാകാത്തതാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെയാണ് പ്രശ്നങ്ങളും വ്യത്യാസവും.

നാളെ: ആനവണ്ടിയെ ലാഭത്തിലോടിക്കാൻ എന്തു ചെയ്യാൻ കഴിയും? രാജമാണിക്യം മനസിലുള്ള പദ്ധതികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP