Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയെ പുനരുദ്ധരിക്കുമെന്ന് പറയുന്ന സർക്കാർ കഴിവുകെട്ട ഉദ്യോഗസ്ഥരെ ഇനിയും തീറ്റിപ്പോറ്റുന്നത് എന്തിന്? കഴിവില്ലായ്മയുടെ പേരിൽ തരംതാഴ്‌ത്തിയ ഉദ്യോഗസ്ഥനെ സർവ്വാധികാരങ്ങളോടെ മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കി നിയമിച്ച് ഉത്തരവ്; പരിഷ്‌ക്കരണത്തിന്റെ അന്തിമ റിപ്പോർട്ട് നൽകാതെ സുശീൽ ഖന്ന; വരാനിരിക്കുന്നത് കെഎസ്ആർടിസി കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി ഗുരുതരാവസ്ഥ!

കെഎസ്ആർടിസിയെ പുനരുദ്ധരിക്കുമെന്ന് പറയുന്ന സർക്കാർ കഴിവുകെട്ട ഉദ്യോഗസ്ഥരെ ഇനിയും തീറ്റിപ്പോറ്റുന്നത് എന്തിന്? കഴിവില്ലായ്മയുടെ പേരിൽ തരംതാഴ്‌ത്തിയ ഉദ്യോഗസ്ഥനെ സർവ്വാധികാരങ്ങളോടെ മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കി നിയമിച്ച് ഉത്തരവ്; പരിഷ്‌ക്കരണത്തിന്റെ അന്തിമ റിപ്പോർട്ട് നൽകാതെ സുശീൽ ഖന്ന; വരാനിരിക്കുന്നത് കെഎസ്ആർടിസി കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി ഗുരുതരാവസ്ഥ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ ലഭിക്കാത്ത മുൻ ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. കോടികളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കുമ്പോഴും പ്രശ്‌നം അവിടം കൊണ്ട് തീരുന്നില്ല. ജീവനക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് കറവപ്പശുവാക്കിയ കെഎസ്ആർടിസി ഇപ്പോൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. ഈ സർക്കാർ അധികാരമേറ്റതോടെ കോർപ്പറേഷനെ ലാഭത്തിലാക്കുമെന്ന വാഗ്ദാനമാണ് നൽകിയിരുന്നത്. അതിന് സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുമെന്നും സർക്കാർ പറഞ്ഞു. എന്നാൽ, കോർപ്പറേഷനെ നേർവഴിക്ക് നടത്താൻ യാതൊരു താൽപ്പര്യവും സർക്കാറിനില്ലെന്നാണ് പുറത്തുവരുന്ന സൂചന.

ബസുകളുടെയും റൂട്ടുകളുടെയും കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത കെഎസ്ആർടിസി നേരാംവണ്ണം സർവീസ് നടത്താതിരിക്കുന്നതാണ് പലപ്പോഴും ഭീമമായ വരുമാന നഷ്ടത്തിന് ഇടയാക്കുന്നത്. നേരാംവണ്ണം സർവീസ് നടത്താത്തതിന്റെ പേരിൽ ഉദ്യോഗസ്ഥരെ തരംതാഴ്‌ത്തി നടപടി കൈക്കൊണ്ടിരുന്നു. ഇങ്ങനെ തരംതാഴ്‌ത്തിയ ഉദ്യോഗസ്ഥനെ വീണ്ടും പ്രമേഷൻ നൽകി നിയമിച്ചതോടെ കെഎസ്ആർടിസിയിലെ പുനരുദ്ധാരണം എളുപ്പം നടക്കുന്ന കാര്യമല്ലെന്ന് വ്യക്തമായി. കഴിവില്ലാത്തതിന്റെ പേരിൽ തരംതാഴ്‌ത്തി എസ്റ്റേറ്റ് ഓഫീസറാക്കിയ എക്സിക്യുട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെയാണ് സർവ്വാധികാരങ്ങളോടെ മാനേജിങ് ഡയറക്ടറുടെ എക്സിക്യുട്ടീവ് സെക്രട്ടറിയായി നിയമിച്ചത്. അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തു.

2017 ൽ ശബരിമല പമ്പ സർവ്വീസുകൾ താറുമാറാക്കിയതിന് കുറ്റക്കാരെന്നു കണ്ടെത്തിയ വ്യക്തിയാണ് ഷറഫ്. 21. 3. 2017ൽ ചേർന്ന കെഎസ്ആർടിസിയുടെ ബോർഡ് യോഗ തീരുമാനപ്രകാരം എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നും ഷറഫിനെ നീക്കം ചെയ്തത്. അദ്ദേഹത്തൊടൊപ്പം മറ്റ് നാല് പേരെയും തരംതാഴ്‌ത്തിയിരുന്നു. എന്നാൽ, ഈ നടപടിക്ക് കൈക്കൊണ്ട് ഒരു വർഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ അതേ സ്ഥാനങ്ങളിൽ തന്നെ തുടരുന്ന അവസ്ഥയുണ്ടായി.

21. 6. 2017 ലെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി തീരുമാനപ്രകാരം (Go RT) 302/ 2017/TR നിയമിച്ച രണ്ട് ചാർട്ടഡ് അക്കൗണ്ടന്റ്മാരും രണ്ട് ജനറൽ മാനേജരും കഴിഞ്ഞ ഒരു മാസമായി ഇരിക്കാൻ കസേര പോലും കിട്ടാത്ത ചീഫ് ഓഫീസിൽ അലഞ്ഞു നടക്കുന്നു. അക്കൗണ്ടന്റ് ഓഫീസിൽ ഗുമസ്ഥനായി കമ്മറ്റി അംഗങ്ങളായി പിരിഞ്ഞ ഗതാഗത സെക്രട്ടറിയുടെ അസോസിയേഷൻ അംഗമായ ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ടന്റെ ഓഫീസർ ഐസക്ക് കുട്ടിക്ക് തൽസ്ഥാനം വഹിക്കാനുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തൽ.

ഡപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ടന്റ്) ആയി നിയമിക്കപ്പെട്ട ജി. അനിൽകുമാറും ചാർട്ടേർഡ് അക്കൗണ്ടന്റായി നിയമിതനായ കെ. ജി. പ്രമോദും കോസ്റ്റ് അക്കൗണ്ടന്റായി നിയമിതനായ ജോൺ കുമാറും റിപ്പോർട്ടു ചെയ്യേണ്ടത് അക്കൗണ്ടന്റ് ഓഫീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം കെഎസ്ആർടിസിയിലെത്തിയ ഐസക്ക് കുട്ടിക്കാണെന്ന അവസ്ഥുമുണ്ട്. മാനേജിങ് ഡയറക്ടറുടെ എക്സിക്യുട്ടീവ് സെക്രട്ടറിയായി നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തി തരം താഴ്‌ത്തിയ ഷറഫ് മുഹമ്മദിന് സ്ഥാന കയറ്റം നൽകിയത് പുനരുദ്ധാരണ പാക്കേജിനും ബാങ്കാ വായ്പയ്ക്കും തടസ്സമാകുമെന്ന വാദം ശക്തമാണ്. ഷറഫിന്റെ സ്ഥാനക്കയറ്റത്തിനു പിന്നിൽ ഗതാഗത മന്ത്രിയുടെ സ്ഥാനമേറ്റ ശശീന്ദ്രൻ ആണെന്ന് ഒരു വിഭാഗം തൊഴിലാളികളും കുറ്റപ്പെടുത്തുന്നു.

അതേസമയം കെഎസ്ആർടിസി പ്രതിസന്ധി വരുമ്പോഴൊക്കെ മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുന്ന പേരാണ് സുശീൽ ഖന്നയുടേത്. എന്നാൽ, ഈ റിപ്പോർട്ട് ഇതുവരെ അന്തിമായിട്ടുപോലുമില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ നൽകിയത് മറ്റുള്ളവരുടെ അഭിപ്രായങ്ങൽ കാണിച്ചു കൊണ്ടുള്ള കരട് റിപ്പോർട്ട് മാത്രമായിരുന്നു. ഇത് പബ്ലിക് സർക്കുലേഷനുള്ളതതല്ലെന്നും റിപ്പോർട്ടിൽ സുശീൽ ഖന്ന പറയുന്നുണ്ട്. കിഫ്ബിയിലും ആസൂത്രണ ബോർഡ് വർക്കിങ് ഗ്രൂപ്പിലും ഒക്കെ അംഗമായ സുശീൽ ഖന്നക്ക് കെഎസ്ആർടിസി പുനരുദ്ധാരണത്തെപ്പറ്റിയും പൊതുഗതാഗതത്തെയോ തൊഴിൽ മേഖലയെയോ സാമ്പത്തിക ധനകാര്യ കാര്യങ്ങളെപ്പറ്റിയോ വൈദദ്ധ്യമില്ലാത്ത വ്യക്തിയാണെന്ന ആരോപണവുമുണ്ട്.

കെഎസ്ആർടിസിയെ കൊണ്ടു തന്നെ മുടക്കം കൂടാതെ പെൻഷൻ കൃത്യമായി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം നാല് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞതും വ്യത്യസ്തമായ ഒരു കണക്കാണ്. കെഎസ്ആർടിസിയുടെ പ്രതിമാസ വരവ് ചെലവ് അന്തരം 183 കോടിയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതായത്, പ്രതിവർഷം 2196 കോടി രൂപ! മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ഡീസൽ ഇനത്തിൽ 94 കോടി ശമ്പളം 80 കോട, പെൻഷൻ ഇനത്തിൽ 60 കോടി, പെൻഷൻ ആനുകൂല്യങ്ങൾക്കായി 6 കോടി, വായ്പാ തിരിച്ചടവുകൾക്കായി 87 കോടി, അങ്ങനെ പ്രതിമാസ ചെലവ് 343 കോടി പ്രതിമാസ വരമാനം 160 കോടി വിടവ് 183 കോടി ഇങ്ങനെയാണ് ചെലവ്.

പ്രതിമാസ കമ്മിയായ 183 കോടിയിൽ വായ്പാ തിരിച്ചടവായ 87 കോടി പൂർണ്ണമായി ഒഴിവാക്കിയാലും പ്രതിമാസം കമ്മി 96 കോടി രൂപ വരും. അപ്പോൾ എങ്ങനെ പെൻഷനും ശമ്പളവും മുടക്കമില്ലാതെ നൽകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത അവസ്ഥയാണ്. പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എടുക്കുന്ന 3500 കോടി രൂപയുടെ ബാങ്ക് കൺസോർഷ്യം വായ്പയുടെ പലിശ നിരക്ക് 9% ആണെങ്കിൽ പോലും പ്രതിമാസ പലിശ 26 കോടിയും അടക്കം പ്രതിമാസ തിരിച്ചടവ് സാധ്യത 51 കോടി വരും. കൺസോർഷ്യത്തിലൂടെ ലാഭിക്കാവുന്നതോ നീട്ടി വയ്ക്കാവുന്നതോ പ്രതിമാസം 36 കോടി മാത്രമാണ് താനും. അങ്ങനെ വരുമ്പോൾ കമ്മി 147 കോടി രൂപയിലെത്തും.

പുനഃസംഘടന കഴിഞ്ഞു വരാനിരിക്കുന്ന പ്രതിമാസ കമ്മിയായ 147 കോടി എങ്ങനെ കണ്ടെത്തും? കെറ്റിഡിഎഫ്സിയിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ വീണ്ടും വായ്പ. അതും ഉയർന്ന പലിശ നിരക്കിൽ പിന്നെയും കടക്കെണിയാകുമെന്ന കാര്യം ഉറപ്പാണ്. കെഎസ്ആർടിസിയിൽ പലിശ കുറഞ്ഞ കൺസോർഷ്യം വായ്പാ തരപ്പെടുത്തിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയിൽ നിന്നും എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനം വേണ്ടെന്നു വച്ച് കെഎസ്ആർടിസിയിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി എത്തിയ ആന്റണി ചാക്കോയും കൂടെ എത്തിയ ജനറൽ മാനേജർ സുധാകരനുമാണ്. അന്നത്തെ കൺസോർഷ്യം വായ്പയിൽ കമ്മീഷൻ നൽകി എന്ന ആരോപണം ഉയർത്തി ഗതാഗത മന്ത്രിയെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിർത്തിക്കാൻ കുപ്രചാരണം അഴിച്ചുവിട്ട കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ സെക്രട്ടറി ഹരികൃഷ്ണൻ അടക്കമുള്ളവർക്ക് ഇപ്പോൾ മിണ്ടാട്ടം മുട്ടിയ അവസ്ഥയാണ്.

കെഎസ്ആർസിക്ക് വായ്‌പ്പ കൊടുക്കക എന്നത് വിജയ് മല്യക്ക് വായ്പ കൊടുത്തതിനേക്കാൾ ഭീകരമായിരിക്കും എന്ന് ഉത്തമ ബോധ്യം പൊതുമേഖലാ ബാങ്കുകൾക്കുണ്ട്. കടത്തിൽ മുങ്ങിത്താഴുന്നതും ഒരിക്കലും കരകയറില്ലെന്നും തീർച്ചയുള്ളതുമായ കെഎസ്ആർടിസിക്ക് 3500 കോടി രൂപ കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ വായ്‌പ്പ നൽകുന്നതിനെതിരെ ആ ബാങ്കുകളിലെ ജീവനക്കാരുടെ സംഘടനകളും രംഗത്തുണ്ട്. സംസ്ഥാന ഐപിഎസ്, ഐഎഎസ് ഉന്നത ഉദ്യോഗസ്ഥരുടെ ഉന്നത സമിതിയും സുശീൽ ഖന്നയും ഒക്കെ നിർദ്ദേശിച്ച പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ ശേഷം തൊഴിലാളികളും പെൻഷൻകാരും ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവിധ കേസുകളുടെ തീർത്ത ശേഷം മാത്രമേ കെഎസ്ആർടിസിക്ക് കൺസോർഷ്യം വായ്പാ നൽകാവൂ എന്ന് പൊതു മേഖലാ ബാങ്കിങ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

2017 ൽ കെഎസ്ആർടിസി ബോർഡ് തന്നെ തരംതാഴിത്തിയ 5 എക്സിക്യുട്ടീവ് ഡയറക്ടമാരെയും ചീഫ് ഓഫീസിൽ നിന്നും പൂർണ്ണമായി മാറ്റി നിർത്തി അവരെ സോണൽ ഓഫീസുകളിലേക്ക് സ്ഥലം മാറ്റിയില്ലെങ്കിൽ കൺസോർഷ്യം വായ്പയും ഇപ്പോൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന മട്ടാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് 30705 സ്വകാര്യ ബസുകൾ പ്രതിവർഷം 2 ലക്ഷം രൂപ നികുതി നൽകി യാത്രക്കാർക്ക് ഏറെ സഹായകരമായ ഓർഡിനറി ബസ് സർവീസ് നടത്തുന്നു. അതേസമയം 5795 കെഎസ്ആർടിസി ബസുകളും 676 കെയുഎസ്ആർടിസി ബസുകളും അടക്കം 6471 ആനവണ്ടികൾ ഓടിക്കാൻ (അതിൽ റോഡിൽ ഓടുന്നത് 5000 മാത്രം) ഖജനാവിൽ നിന്നും പ്രതിവർഷം എന്തിന് 2193 കോടി നൽകുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുരുക്കത്തിൽ കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ പോക്ക് കൂട്ടത്തോടെയുള്ള ആത്മഹത്യയിലേക്കാണെന്നത്. വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP