Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ ശേഷവും വിദ്യാർത്ഥി നേതാവായി തുടരുന്നത് എംഎൽഎ ആവാൻ; പാഠപുസ്തക വിവാദത്തിലെ വിദ്യാഭ്യാസ ബന്ദ് ഒഴിവാക്കൽ കെ എസ് യുവിൽ കലാപമാകുന്നു; വി എസ് ജോയി രാജിവയ്‌ക്കേണ്ടി വരുമോ?

വിവാഹ ശേഷവും വിദ്യാർത്ഥി നേതാവായി തുടരുന്നത് എംഎൽഎ ആവാൻ; പാഠപുസ്തക വിവാദത്തിലെ വിദ്യാഭ്യാസ ബന്ദ് ഒഴിവാക്കൽ കെ എസ് യുവിൽ കലാപമാകുന്നു; വി എസ് ജോയി രാജിവയ്‌ക്കേണ്ടി വരുമോ?

ആവണി ഗോപാൽ

തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകിപ്പിച്ച സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ സമരം പ്രഖ്യാപിച്ചു കൈയടി വാങ്ങിയ ശേഷം സമരം വേണ്ടെന്ന് വച്ചത് കെ എസ് യുവിൽ കലാപങ്ങൾക്ക് കാരണമാകുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരമാണ് സമരം പിൻവലിപ്പിച്ചതെന്നാണ് ആക്ഷേപം. ഇതോടെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയ്‌ക്കെതിരെ കലാപക്കൊടി സംഘടനയിൽ ഉയരുകയാണ്.

പാഠപുസ്തക അച്ചടി വൈകിയതിൽ അതി ശക്തമായ നിലപാടാണ് കെ എസ് യു എടുത്തത്. ഇന്നലെ വിദ്യാഭ്യസ ബന്ദും പ്രഖ്യാപിച്ചു. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ചയുടെ പേരിൽ വിദ്യാഭ്യാസ ബന്ദ് പിൻവലിച്ചു. എന്നാൽ കാര്യമായ തീരുമാനമൊന്നും ഉണ്ടായതുമില്ല. ഈ സാഹചര്യത്തിലാണ് എതിർപ്പുമായി കെ എസ് യുവിലെ ഐ വിഭാഗം രംഗത്ത് വരുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇഷ്ട പ്രകാരം പ്രവർത്തിക്കുന്ന സംഘടനയായി കെ എസ് യുമാറിയെന്നാണ് നിലപാട്. നേരത്തെ അരുവിക്കരയിൽ ശബരിനാഥനെ സ്ഥാനാർത്ഥിയാക്കിയപ്പോഴും വി എസ് ജോയ് എതിർപ്പുമായെത്തി. എന്നാൽ മുഖ്യമന്ത്രിയുടെ വിരട്ടോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോളേജ് ഇലക്ഷനല്ല അരുവിക്കരയിൽ എന്ന് കെപിസിസി പ്രസിഡന്റ് കളിയാക്കിയപ്പോൾ പ്രതികരിക്കാൻ പോലും ജോയി ഭയന്നു. ഇത് കെ എസ് യുവിന്റെ പാരമ്പര്യമല്ലെന്നാണ് ഐ വിഭാഗത്തിന്റെ അഭിപ്രായം.

സർക്കാരിനെതിരായ തിരുത്തൽ ശക്തിയെന്ന നിലയിലാണ് കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനം സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടത്. കുട്ടികൾക്ക് പാഠപുസ്തകം എത്തിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ്. അതിന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് മറുപടി പറയണമെന്ന് തന്നെയാണ് കെ എസ് യുവിലെ ഭൂരിഭാഗത്തിന്റേയും അഭിപ്രായം. വിദ്യാഭ്യാസ ബന്ദ് പിൻവലിച്ചതോടെ വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി സമരം മാറ്റി വച്ചതാണെന്ന ചർച്ചയുണ്ടായി. മുസ്ലിം ലീഗിനു വേണ്ടി മുഖ്യമന്ത്രി നടത്തിയ നീക്കങ്ങൾക്ക് മുന്നിൽ കെ എസ് യു പ്രസിഡന്റ് വഴങ്ങിയെന്നാണ് ആരോപണം. ലീഗിനെ സംരക്ഷിക്കേണ്ട ആവശ്യം മുഖ്യമന്ത്രിക്കുണ്ടായിരിക്കാം. എന്നാൽ വിദ്യാർത്ഥികളെ ബാധിക്കുന്ന ന്യായമായ വിഷയത്തിൽ മന്ത്രിയെ തുറന്നെതിർക്കണമെന്നാണ് ജോയ് വിരുദ്ധ പക്ഷത്തിന്റെ ആവശ്യം.

കൂടിയാലോചനകൾ ഇല്ലാതെ തന്നെ സമരരംഗത്തു നിന്നും പിൻവാങ്ങിയത് സംഘടനയിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിതുറന്നിരിക്കുകയാണെന്ന് കെ എസ് യുവിലെ പ്രധാന ഐവിഭാഗം നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് പാഠപുസ്തക വിഷയത്തിൽ സർക്കാരിൽ നിന്നും യാതൊരു ഉറപ്പും ലഭിക്കാതെ തന്നെ ജോയി പിൻവലിക്കുകയായിരുന്നു. കേരളത്തിലെ പതിനായിരക്കണക്കിനു കെ.എസ്.യു പ്രവർത്തകരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്നതാണ് തീരുമാനം. ഭരണ കക്ഷിയുടെ താൽപര്യങ്ങൾക്കും കോൺഗ്രസ് നേതൃത്തത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്കും മുന്നിൽ നിരുപാധികം കീഴടങ്ങിയത് ശരിയല്ലെന്നാണ് അവരുടെ നിലപാട്.

അധികാര രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ വിലപറഞ്ഞ് ഉറപ്പിക്കാനുള്ള ഉപകരണമായി കെ.എസ്.യു അധ്യക്ഷ സ്ഥാനം ജോയി ഉപയോഗിക്കരുതെന്നും അവർ പറയുന്നു. കോൺഗ്രസിന്റെ ബി.ടീമായി പ്രവർത്തിച്ച പാരമ്പര്യം നാളിതുവരെ കെ.എസ്.യു പ്രസ്ഥാനത്തിന് ഉണ്ടായിരുന്നില്ല. പ്രസ്ഥാനത്തിലെ പതിവുകളും രീതികളും തെറ്റിച്ച് വിവാഹ ശേഷവും പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ജോയി ഒടുവിൽ അതും തിരുത്തിയെന്നാണ് വിമർശനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായി സീറ്റ് തട്ടിയെടുത്ത് മത്സരിക്കാനാണ് ജോയിയുടെ ശ്രമമെന്നാണ് ആക്ഷേപം.

സമ്പന്നമായ ചരിത്രത്തിൽ നിന്നാരംഭിച്ച്, പി.സി വിഷ്ണുനാഥും ഹൈബി ഈഡനും ഷാഫി പറമ്പിലും വരെയുള്ള ഉജ്ജ്വല നേതൃത്തത്തിന്റെ പാരമ്പര്യമുള്ള കെ.എസ്.യു പ്രസ്ഥാനത്തെ തന്റെ ദുർബല നേതൃത്തവും ഉറപ്പില്ലാത്ത നിലപാടുകളും കൊണ്ട് അസ്ഥിരപ്പെടുത്തുകയാണ് ജോയിയെന്നും അഭിപ്രായമുയരുന്നു. വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും കെ.എസ്.യു നേതൃത്വം ഒളിച്ചോടുകയാണെന്നും പാർലമന്റ് വ്യാമോഹങ്ങൾക്ക് വേണ്ടി നിലമ്പൂരിൽ നിന്നുള്ള ജോയിയും കൂട്ടരും പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം ലീഗിനും മുന്നിൽ അടിയറവ് വെക്കുന്നുവെന്നും ആണ് ഒരു വലിയ വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.

പുനഃസംഘടന ഒഴിവാക്കി പ്രായപരിധി കഴിഞ്ഞും ജോയി നേതൃത്തത്തിൽ തുടരുകയാണ്. വിവാഹ ശേഷവും ഒരു വിദ്യാർത്ഥി സംഘടനയുടെ അധ്യക്ഷ്യ സ്ഥാനത്തു തുടരുന്നത് അഭികാമ്യം അല്ലെന്ന് കണ്ട് കെ.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവച്ച ആളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിവാഹ ശേഷവും കെ.എസ്.യു പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന ജോയിക്ക് എന്ത് രാഷ്ട്രീയ മര്യാദയാണ് ഉള്ളതെന്നും അവർ ചോദിക്കുന്നു. കെ.എസ്.യു വിൽ ജോയിയുടെ നേതൃത്തത്തിലുള്ള വയോധികനേതൃത്തം രാജിവച്ച് ഒഴിയണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം. നവമാദ്ധ്യമങ്ങളിൽ ജോയിക്കെതിരെ ശക്തമായ വികാരമാണ് ഉയർന്നിട്ടുള്ളത്. നവമാദ്ധ്യമങ്ങളിലെ കോൺഗ്രസ് അനുകൂല കൂട്ടായ്മകൾ രണ്ട് ദിവസമായി തർക്കങ്ങളും സംവാദങ്ങളും സജീവമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP