Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയെ തടഞ്ഞാൽ രാജിവയ്ക്കുമെന്ന് കുമ്മനം; പിന്തുണയുമായി രാജഗോപാലും; കണ്ണൂരിലെ സമാധാനത്തെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ഔദ്യോഗിക പക്ഷം; മംഗളുരുവിൽ കേരളാ മുഖ്യമന്ത്രിയെ തടയേണ്ടതില്ലെന്ന പരിവാർ മനംമാറ്റത്തിന് പിന്നിൽ സംസ്ഥാന അധ്യക്ഷന്റെ സമ്മർദ്ദം; മംഗളുരുവിനെ ചൊല്ലി ബിജെപിയിൽ പോര് മുറുകുന്നു

പിണറായിയെ തടഞ്ഞാൽ രാജിവയ്ക്കുമെന്ന് കുമ്മനം; പിന്തുണയുമായി രാജഗോപാലും; കണ്ണൂരിലെ സമാധാനത്തെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ഔദ്യോഗിക പക്ഷം; മംഗളുരുവിൽ കേരളാ മുഖ്യമന്ത്രിയെ തടയേണ്ടതില്ലെന്ന പരിവാർ മനംമാറ്റത്തിന് പിന്നിൽ സംസ്ഥാന അധ്യക്ഷന്റെ സമ്മർദ്ദം; മംഗളുരുവിനെ ചൊല്ലി ബിജെപിയിൽ പോര് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മംഗളുർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മംഗളൂരിൽ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടെന്ന് സംഘപരിവാർ തീരുമാനം. കേരള മുഖ്യമന്ത്രിയെ തടയില്ലെന്ന് തീരുമാനിച്ചതായി ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ പറഞ്ഞു. ഹർത്താലിലൂടെ പ്രവർത്തകർക്കിടയിലുള്ള പ്രതിഷേധം അറിയിക്കാനാണ് ഉദ്ദേശിച്ചത് എന്നും സംഘപരിവാർ നേതാവ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിന്റെയും മുതിർന്ന നേതാവ് രാജഗോപാലിന്റേയും നിലപാടുകളാണ് ഇതിന് കാരണം. പിണറായിയെ തടയുന്നത് കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കുമ്മനം അറിയിച്ചു. കണ്ണൂരിൽ സമാധാനത്തിന് സർക്കാരുമായി ബിജെപി നേതൃത്വം കൈകൊടുക്കുമ്പോൾ മംഗളൂരുവിൽ പിണറായിയെ തടയുന്നത് ശരിയല്ലെന്ന് കുമ്മനം നിലപാട് എടുത്തു.

കന്നഡ ദിനപ്പത്രത്തിന്റെ ഓഫീസ് നിർമ്മാണ ഉദ്ഘാടനത്തിനും സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാർദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മംഗളുരിവിലെത്തുന്നത്. മംഗളുരുവിൽ പൊലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യത്യസ്തരാഷ്ട്രീയാശയം പുലർത്തുന്നതിന്റെ പേരിൽ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രൊഫ. എം.ബി.പുരാണിക് കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. പിണറായി പ്രസംഗിക്കുന്നത് മേഖലയിലെ ശാന്തിയും സമാധാനവും കെടുത്തുമെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. എന്നാൽ, മതസൗഹാർദറാലി അലങ്കോലപ്പെടുത്താനുള്ള ആർഎസ്എസ്സിന്റെ നീക്കമാണിതെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതിനിടെ അടിക്ക് അടി, കൊലയ്ക്ക് കൊലയെന്ന പ്രഖ്യാപനവുമായി കെ സുരേന്ദ്രനും മംഗളൂരുവിലെത്തി. ഇതോടെയാണ് കുമ്മനം ഇടപെടൽ നടത്തിയത്.

കേരളത്തിൽ ബിജെപിയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനങ്ങളെന്ന് കുമ്മനം ബിജെപി ദേശീയ  നേതൃത്വത്തെ അറിയിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കുമ്മനം പരിവാർ നേതൃത്വത്തേയും കാര്യങ്ങൾ വിശദീകരിച്ചു. പിണറായിയെ തടയുകയും അതിന്റെ പേരിൽ സംഘർഷം ഉണ്ടാവുകയും ചെയ്താൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് താനുണ്ടാകില്ലെന്ന് പോലും കുമ്മനം നിലപാട് എടുത്തതായാണ് സൂചന. ഏക എംഎൽഎ കൂടിയായ രാജഗോപാലും കുമ്മനത്തിന്റെ നിലപാടിനെ പിന്തുണച്ചു. കണ്ണൂരിൽ സമാധാന ശ്രമങ്ങൾ തുടരുകയാണ്. ഇതിന് മുൻകൈയെടുക്കുന്നത് പിണറായി വിജയനാണ്. അദ്ദേഹം ആർഎസ്എസുമായി പോലും ഉഭയകക്ഷി ചർച്ചയ്ക്ക് പിണറായി തയ്യാറായി. ഈ സാഹചര്യത്തിൽ മംഗളുരുവിൽ പിണറായിയെ തടയുന്നത് കണ്ണൂരിലെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കും. ഇതിൽ ബിജെപിയെ പൊതുസമൂഹം കുറ്റപ്പെടുത്തുകയും ചെയ്യും.

അക്രമത്തിന്റെ വഴിയേ കേരളം പിടിക്കാനാകില്ല. സാമൂഹിക ഇടപെടലാണ് വേണ്ടത്. അതിനാൽ താൻ ശ്രമിക്കുന്നതെന്നും എന്നാൽ പാർട്ടിയിൽ ഒരു വിഭാഗം അതിന് തടസ്സമാണെന്നും കുമ്മനം ആരോപിക്കുന്നു. അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും പാടില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. എ എൻ രാധാകൃഷ്ണൻ നടത്തിയ ചില പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. എംടി വിഷയത്തിലും മറ്റും പൊതു വികാരം ബിജെപിക്ക് എതിരാകുന്ന തരത്തിൽ വന്നു. ലോ അക്കാദമിയിലെ ഇടപെടലിലൂടെ പ്രതിപക്ഷത്തെ പ്രധാന ശക്തിയായി ബിജെപി മാറി. അതിനിടെ എല്ലാം തകിടം മറിക്കാൻ ചിലർ ശ്രമിക്കുന്നു. മംഗളുരുവിലെ കെ സുരേന്ദ്രന്റെ പ്രസ്താവന ഇത്തരത്തിലൊന്നായി കുമ്മനം ക്യാമ്പ് വിലയിരുത്തുന്നു. ഇതുൾപ്പെടെ ബിജെപി ദേശീയ നേതൃത്വത്തെ കുമ്മനം ധരിപ്പിച്ചുവെന്നാണ് സൂചന. ഇതോടെ പിണറായിയെ തടയേണ്ടതില്ലെന്നും പ്രതിഷേധം രേഖപ്പെടുത്തിയാൽ മതിയെന്നും മംഗളുരുവിലെ ബിജെപി-ആർഎസ്എസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

കർണ്ണാടകയിൽ കോൺഗ്രസ് ഭരണമാണ് ഉള്ളത്. എന്നാൽ മംഗളുരു ബിജെപിയുടെ ശക്തി കേന്ദ്രവും. അതുകൊണ്ട് തന്നെ നളിൻകുമാർ കട്ടിൽ വിചാരിച്ചാൽ വലിയ സംഘർഷം അവിടെയുണ്ടാകും. തീവ്ര ഹിന്ദുത്വവാദികളുടെ സ്ഥലം ആണ് ഇവിടെ. ഇവിടെ പിണറായി വിജയൻ അക്രമിക്കപ്പെടുകയോ തടയുകയോ ചെയ്താൽ വലിയ സംഘർഷം ഉണ്ടാകും. നേരത്തെ മധ്യപ്രദേശിൽ പിണറായി വിജയന് ഒരു പരിപാട് റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നിലും സംഘപരിവാർ പ്രതിഷേധമായിരുന്നു. ഇത് മംഗളുരൂവിലും തുടർന്നാൽ കേരളത്തിലെ ന്യൂനപക്ഷം ബിജെപിയിൽ നിന്ന് കൂടുതൽ അകലും. ഇതിന്റെ നേട്ടം സിപിഎമ്മിന് കിട്ടുകയും ചെയ്യും. നിയമസഭയിൽ രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന ബിജെപിക്ക് മുമ്പിൽ വലിയ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇതിനെ ഇല്ലാതാക്കുന്നതാകും പിണറായിയെ തടയലെന്ന് കുമ്മനം പറയുന്നു.

പിണറായി വിജയന് ആവശ്യമായ സുരക്ഷ നൽകുമെന്ന് പൊലീസ് കമ്മീഷണർ എം. ചന്ദ്രശേഖറും പൊലീസ് സൂപ്രണ്ട് ഭൂഷൺ ഗുലാബ്രോ ബൊറാസും വ്യക്തമാക്കിയിട്ടുണ്ട്. പരിപാടി തടസ്സമില്ലാതെ നടത്തുന്നതിന് 4000 പൊലീസുകാരെ വിന്യസിക്കും. 700 സി.സി.ടി.വി. ക്യാമറകളും ആറ് ഡ്രോണുകളും മതസൗഹാർദറാലി കടന്നുപോകുന്ന വഴികളിൽ നിരീക്ഷണത്തിനുണ്ടാകും. മദ്യശാലകൾക്ക് അധികൃതർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകരുതലായി 120 പേരെ കസ്റ്റഡിയിലെടുത്തു. കേരള മുഖ്യമന്ത്രിയെ എതിർക്കുന്ന സംഘടനകളിൽ നിന്ന് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് എഴുതിവാങ്ങിയിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ നിർണായകതീരുമാനം കൈക്കൊള്ളുന്നതിന് 23 എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നഗരത്തിൽ പല ഭാഗങ്ങളിലുമായി തയ്യാറാക്കിനിർത്തുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.

ഇന്നലെ ഉള്ളാളിൽ തൊക്കോട്ടെ സിപിഐ(എം). ഏരിയാകമ്മിറ്റി ഓഫീസ് തീയിട്ടുനശിപ്പിച്ചു. റാലിയുടെ പ്രചാരണത്തിന് സ്ഥാപിച്ച ബോർഡുകൾ കീറിയും കരിയോയിൽ ഒഴിച്ചും നശിപ്പിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മംഗളൂരു നോർത്ത്, ഈസ്റ്റ് സ്റ്റേഷനുകളിലായി രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രസംഗം വന്നത്. ഇത് കേരളത്തിൽ ഏറെ ചർച്ചയായി. ബിജെപിയിലെ വി മുരളീധര പക്ഷത്തിലെ പ്രമുഖനാണ് സുരേന്ദ്രൻ. കുമ്മനവുമായി തെറ്റി നിൽക്കുന്ന മുരളീധര പക്ഷം കണ്ണൂരിൽ കുമ്മനം നടത്തുന്ന സമാധാന നീക്കങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപിയിലെ ഔദ്യോഗിക പക്ഷത്തിന് പരാതിയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് മംഗളുരുവിൽ മുഖ്യമന്ത്രിയെ തടയുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ. കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയെ മംഗലാപുരത്ത് കയറ്റില്ലെന്നായിരുന്നു സംഘപരിവാർ സംഘടനകൾ ഭീഷണിമുഴക്കിയത്. ഇത് ശരിയല്ലെന്നും കുമ്മനം വിലയിരുത്തുന്നു.

കേരളത്തിൽ എത്തുന്ന ബിജെപിക്കാരെ സിപിഎമ്മും തടയുകയെന്ന നിലപാട് എടുക്കും. ഇത് സംഭവിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. പ്രതിഷേധങ്ങൾ ആവാം. എന്നാൽ അക്രമത്തിലേക്ക് കടക്കുന്നതൊന്നും ചെയ്യരുത്. മംഗളുരുവിൽ പിണറായിയ്‌ക്കെതിരെ സംഘർഷമുണ്ടാകാത്ത തരത്തിൽ പ്രതിഷേധിക്കണമെന്നാണ് കുമ്മനത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP