Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവന്ന ബീക്കൺ കാറിൽ കറങ്ങാനുള്ള സുരേഷ് ഗോപിയുടെ മോഹം നടക്കില്ല; കേന്ദ്ര കാബിനെറ്റിലെത്താനുള്ള നടന്റെ നീക്കം പൊളിച്ച് ആർഎസ്എസ്; സ്ഥാനമാനങ്ങൾ പാർട്ടിക്കാർക്ക് നൽകിയാൽ മതിയെന്നും സംഘപരിവാർ; കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കണമെന്നും ആവശ്യം; മുരളീധരനും പരിഗണനയിൽ

ചുവന്ന ബീക്കൺ കാറിൽ കറങ്ങാനുള്ള സുരേഷ് ഗോപിയുടെ മോഹം നടക്കില്ല; കേന്ദ്ര കാബിനെറ്റിലെത്താനുള്ള നടന്റെ നീക്കം പൊളിച്ച് ആർഎസ്എസ്; സ്ഥാനമാനങ്ങൾ പാർട്ടിക്കാർക്ക് നൽകിയാൽ മതിയെന്നും സംഘപരിവാർ; കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കണമെന്നും ആവശ്യം; മുരളീധരനും പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നരേന്ദ്ര മോദി മന്ത്രിസഭയിൽ നടൻ സുരേഷ് ഗോപി എത്താനുള്ള സാധ്യത കുറയുന്നു. രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിൽ എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുകയും ഏഴിടത്ത് രണ്ടാമത് എത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. രാജ്യസഭാ അംഗമെന്ന നിലിയിൽ സുരേഷ് ഗോപിക്ക് പ്രധാന പരിഗണനയും നൽകി. എന്നാൽ സംസ്ഥാനത്തെ ആർഎസ്എസ് ഈ നീക്കത്തെ എതിർക്കുകയാണ്. പാർട്ടിക്കാരനായ ഒരാളെ മന്ത്രിയാക്കിയാലേ സംഘടനയ്ക്ക് ഗുണമുണ്ടാകൂ എന്നാണ് നിലപാട്.

കുമ്മനംരാജശേഖരനെ മന്ത്രിയാക്കി രാജ്യസഭാ അംഗമാക്കണമെന്ന നിർദ്ദേശമാണ് ബിജിപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ സംസ്ഥാനത്തെ ആർഎസ്എസ് നേതാക്കൾ വച്ചിരിക്കുന്നത്. വട്ടിയൂർക്കാവിൽ മികച്ച പ്രകടനമാണ് കുമ്മനം നടത്തിയത്. കെ മുരളീധരൻ ആയതുകൊണ്ട് മാത്രമാണ് തോറ്റത്. ഇതിനൊപ്പം ബിജെപിക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്തു. പ്രവർത്തകരുമായി അടുത്തിടപഴകുന്ന കുമ്മനത്തിന് കേരളത്തിന്റെ വികസന നായകനായി മാറാൻ കഴിയും. അഴിമതി വിരുദ്ധ പ്രതിച്ഛായയും ഗുണം ചെയ്യും. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് രാജഗോപാൽ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയിലാണ് ബിജെപി ഇപ്പോഴും സഞ്ചരിക്കുന്നത്. ഇതേ മാതൃക പിന്തുടരാൻ കുമ്മനത്തിന് കഴിയുമെന്നാണ് ആർഎസ്എസ് നിലപാട്. ഇതോടെ ആർഎസ്എസ് പ്രചാരകൻ കൂടിയായ കുമ്മനം മന്ത്രിയാകാനുള്ള സാധ്യത കൂടി.

അതിനിടെ കഴക്കൂട്ടത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച വി മുരളീധരനും മന്ത്രിയാകാൻ സജീവമായി കരുക്കൾ നീക്കുന്നു. എന്നാൽ സംസ്ഥാന ആർഎസ്എസ് നേതാക്കൾ മുരളിക്ക് അനുകൂലമല്ല. പക്ഷേ ദേശീയ ആർഎസ്എസിലെ മുൻനിരക്കാരുമായി മുരളിക്ക് നല്ല ബന്ധമുണ്ട്. ഇതിനൊപ്പം ഇംഗ്ലീഷും ഹിന്ദിയുമെല്ലാം അനായാസം കൈകാര്യം ചെയ്യാനാവുമെന്നതും മുരളിക്ക് അനുകൂലമായി ചൂണ്ടികാണിക്കുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ പികെ കൃഷ്ണദാസും ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റാൻ തയ്യാറാണ്. എന്നാൽ കുമ്മനം രാജശേഖരന്റെ അഴിമതി വിരുദ്ധ-പരിസ്ഥിതി സൗഹൃദ പ്രതിച്ഛായ ഇരുവർക്കും കുടത്ത വെല്ലുവിളിയാണ്.

കുമ്മനത്തെ മന്ത്രിയാക്കുമ്പോൾ വലിയൊരു പ്രതിസന്ധിയും ബിജെപിക്ക് മുന്നിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയത്. കേന്ദ്ര മന്ത്രിയാകുമ്പോൾ പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരും. മുൻ അധ്യക്ഷന്മാരെ വീണ്ടും നിയമിക്കുന്നതിനോട് ആർഎസ്എസിന് താൽപ്പര്യക്കുറവുണ്ട്. ആർഎസ്എസിന് സ്വീകാര്യരായ വ്യക്തികൾ ബിജെപിയിൽ കുറവുമാണ്. അതിനാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക പ്രയാസകരമാകും. ഈ സാഹചര്യത്തിൽ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി നിലനിർത്തി മുരളീധരനെ മന്ത്രിയാക്കാനും സാധ്യതയുണ്ട്. അതിനിടെ ബാലശങ്കറിനെ പ്രിസഡന്റാക്കി കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കാനും നീക്കം സജീവമാണ്. മോദിയുടെ നിലപാടാകും ഇക്കാര്യങ്ങളിൽ നിർണ്ണായകം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി. കേന്ദ്രനേതൃത്വം മുമ്പോട്ടുവച്ച ഒരു സീറ്റും വോട്ട് വർധനയുമെന്ന ലക്ഷ്യം നേടിയ കേരളാ ഘടകത്തിന് ഒരു കേന്ദ്രമന്ത്രിസ്ഥാനം നൽകുമെന്നു കേന്ദ്ര നേതൃത്വം സൂചന നൽകിയിരുന്നു. മലപ്പുറത്തു നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ഉടൻ നടപ്പാകുമെന്നു സൂചന ലഭിച്ചതോടെ മന്ത്രിക്കസേരയ്ക്കായി മൂന്നു പ്രമുഖർ ശ്രമം തുടങ്ങി. മുരളീധരനും സുരേഷ് ഗോപിയും പിന്നെ ഏഷ്യാനെറ്റ് ചെയർമാനായ രാജീവ് ചന്ദ്രശേഖരനും. തനിക്കു മന്ത്രിപദവി നൽകുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് താമര വിരിയാൻ ഇടയാക്കുമെന്നും സുരേഷ് ഗോപിയുടെ വാദം. ഇതിനിടെ ഷ്യാനെറ്റ് ചെയർമാനും കർണാടകത്തിൽനിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖരാണ് കേന്ദ്രമന്ത്രിസ്ഥാനത്തിനുവേണ്ടി ചരട് വലികളും തുടങ്ങി.

ഇതോടെയാണ് ആർഎസ്എസ് നിലപാട് വിശദീകരിച്ചത്. സംഘടനയ്ക്ക് പുറത്തുള്ള വ്യക്തിയെ മന്ത്രിയാക്കരുതെന്ന് ആർഎസ്എസ് തുറന്നു പറഞ്ഞു. കാര്യകാരണങ്ങളും നിരത്തി. ഇതോടെയാണ് ചർച്ചകൾ കുമ്മനം രാജശേഖരനിലെത്തിയത്. മികച്ച പ്രതിച്ഛായയാണ് കുമ്മനത്തിന് നൽകുന്ന മുൻതൂക്കം. എന്നാൽ മുരളീധരന്റെ കരുനീക്കങ്ങളെ അതിജീവിക്കാൻ കുമ്മനത്തിന് കഴിയുമോ എന്ന സംശയവും സജീവമാണ്. അടുത്തവർഷം ആദ്യം ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മികച്ച പ്രകടനവും മോശം പ്രകടനവും നടത്തിയവരുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും ചേർന്ന് തയ്യാറാക്കുന്നതായാണ് റിപ്പോർട്ട്.

പുനഃസംഘടന ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ വസതിയിലടക്കം യോഗങ്ങൾ നടന്നുവരുകയാണ്. യു.പിയിൽ നിന്നുള്ള പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. ഈ മാസം അവസാനമോ ജൂൺ ആദ്യമോ പുനഃസംഘടനയുണ്ടാവുമെന്നാണ് സൂചന. പ്രധാനമന്ത്രി ഇറാൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ സാഹചര്യത്തിൽ തീരുമാനം ഉണ്ടായേക്കും. നിലവിൽ സഹമന്ത്രിയായ മുഖ്താർ അബ്ബാസ് നഖ്‌വിക്ക് കാബിനറ്റ് പദവി നൽകിയേക്കും. ബിഹാറിലെ മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദിയും കാബിനറ്റിൽ ഇടം പിടിച്ചേക്കും. സർക്കാർ നയം നടപ്പാക്കാൻ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തവരെ ഒഴിവാക്കാനാണ് മോദിയുടെ തീരുമാനം.

റെയിൽവേ സഹമന്ത്രി മനോജ് സിൻഹയ്ക്ക് യു.പി നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണായക പങ്ക് പരിഗണിച്ച് കാബിനറ്റ് റാങ്ക് നൽകിയേക്കാം. ഇതിനൊപ്പമാണ് കേരളത്തിനും പ്രാതിനിധ്യം കൊടുക്കാനുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP