Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര നേതൃത്വവും ആർഎസ്എസും വിലയക്കിയിട്ടും മെഡിക്കൽ കോഴ ആസൂത്രകൻ സതീഷ് നായരെ കൈവിടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; വിപി ഹൗസിലെ 409-ാം മുറിയിൽ ഇന്നലെ കുമ്മനവും സതീഷ് നായരും രഹസ്യ ചർച്ച നടത്തി; പത്തനംതിട്ടയിലെ 18 ഏക്കർ ഭൂമി ഇടപാടിന് പുറമേ കേന്ദ്ര സർക്കാർ കൗൺസലായി കോൺഗ്രസുകാരെ നിയമിച്ച ആരോപണത്തിന് പിന്നാലെയുള്ള രഹസ്യ യോഗം വിവാദമാകുന്നു

കേന്ദ്ര നേതൃത്വവും ആർഎസ്എസും വിലയക്കിയിട്ടും മെഡിക്കൽ കോഴ ആസൂത്രകൻ സതീഷ് നായരെ കൈവിടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; വിപി ഹൗസിലെ 409-ാം മുറിയിൽ ഇന്നലെ കുമ്മനവും സതീഷ് നായരും രഹസ്യ ചർച്ച നടത്തി; പത്തനംതിട്ടയിലെ 18 ഏക്കർ ഭൂമി ഇടപാടിന് പുറമേ കേന്ദ്ര സർക്കാർ കൗൺസലായി കോൺഗ്രസുകാരെ നിയമിച്ച ആരോപണത്തിന് പിന്നാലെയുള്ള രഹസ്യ യോഗം വിവാദമാകുന്നു

ബി രഘുരാജ്

ന്യൂഡൽഹി : ആർഎസ്എസും ബിജെപി കേന്ദ്ര നേതൃത്വവും വിലക്കിയിട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കോഴ ഇടപാടുകാരൻ സതീഷ് നായരുമായുള്ള കൂട്ടുകെട്ടു തുടരുന്നുവെന്ന് ബിജെപിക്കുള്ളിൽ പരാതി. കഴിഞ്ഞ ദിവസവും രഹസ്യ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോർട്ട്. ഇന്നലെ ഡൽഹിയിലെത്തിയ കുമ്മനം രാജശേഖരനും സതീഷ് നായരുമായി വി.പി.ഹൗസിലെ 409 നമ്പർ ക്വാർട്ടേഴ്‌സിൽ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്നാണ് ആരോപണം.

വിവാദമായ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ഉൾപ്പെട്ട സതീഷ് നായരുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ ആർഎസ്എസും ബിജെപി കേന്ദ്ര നേതൃത്വവും കുമ്മനത്തിനു കർശന നിർദ്ദേശം നൽകിയിരുന്നു. നേരത്തേ കുമ്മനത്തിന്റെ ഡൽഹിയിലെ പിആർഒ ആയി പ്രവർത്തിക്കുകയായിരുന്നു സതീഷ് നായർ എന്നായിരുന്നു ആരോപണം. ഇത് ബിജെപിക്ക് ഏറെ തലവേദനയുണ്ടാക്കി. കുമ്മനത്തിന്റെ സംഘടനയായ അയ്യപ്പ സേവാ സമാജത്തിന്റെ അധ്യക്ഷനായിരുന്നു സ്വാമി അയ്യപ്പദാസ്. അയ്യപ്പദാസിന്റെ സഹോദരനാണ് സതീഷ്. ഈ ബന്ധമാണ് കുമ്മനത്തേയും സതീഷ് നായരേയും അടുപ്പിച്ചത്. ഇതാണ് മെഡിക്കൽ കോഴ ആരോപണങ്ങളിൽ ബിജെപിയെ കുടുക്കിയതെന്നാണ് ആരോപണം.

ബിജെപി അധ്യക്ഷനായി ചുമതലയേറ്റെടുത്ത കാലത്ത് കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തുമ്പോൾ വി.പി.ഹൗസിൽ ജന്മഭൂമി ഓഫിസിലായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് സതീഷ് നായരുമായുള്ള കൂടിക്കാഴ്ചകൾ നടന്നിരുന്നതു ജന്മഭൂമി ഓഫിസിലാണ്. ജന്മഭൂമി ഓഫിസിൽ വച്ചു കുമ്മനവും സതീഷ് നായരും പത്തനംതിട്ട ജില്ലയിൽ 18 ഏക്കർ സ്ഥലം ബിനാമി പേരിൽ വാങ്ങിയതിനെ കുറിച്ചു സംസാരിച്ച വിവരം ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ചെവിയിലെത്തിയതിനെ തുടർന്നാണ് വി.പി.ഹൗസിൽ തന്നെ 409 നമ്പർ മുറി എംപി ഗസ്റ്റ് ക്വാർട്ടേഴ്‌സായി വാടകയ്‌ക്കെടുത്തത്. തുടർന്ന് കുമ്മനം ഡൽഹിയിലെത്തിയാൽ താമസം ഈ മുറിയിലായത്. മെഡിക്കൽ കോളജ് കോഴ ഇടപാടിലും ഈ മുറിയുടെ സാന്നിധ്യം ചർച്ചയായി.

ബിജെപി സംസ്ഥാന കോർ ഗ്രൂപ്പ് ശുപാർശ ചെയ്യാത്ത ചില പേരുകൾ കേരള ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ കൗൺസൽ പട്ടികയിൽ കടന്നു കയറിയത് കുമ്മനം സതീഷ് നായർ താൽപര്യത്തിലാണെന്ന പരാതിയും വ്യാപകമാണ്. കോൺഗ്രസ് അനുഭാവികൾ വരെ ഇത്തരത്തിൽ കേന്ദ്ര സർക്കാർ നിയമനം തരപ്പെടുത്തി. ഇവരിൽ നിന്നും കോഴ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. മെഡിക്കൽ കോഴ വിവാദം ബിജെപിക്കു നാണക്കേടായതോടെ സതീഷ് നായരെ ഒഴിവാക്കാൻ ആർഎസ്എസ് കുമ്മനത്തിനു കർശന നിർദ്ദേശം നൽകി. ആർഎസ്എസ് താക്കീത് അവഗണിച്ചു കുമ്മനം സതീഷ് നായർ കൂട്ടുകെട്ടു തുടരുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയെന്നാണ് ഉയരുന്ന വാദം.

കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കൽ കോളജ് അഴിമതിയിൽ കേന്ദ്രവും ഇടപെട്ടിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജിന് കേന്ദ്ര അനുമതിക്കായി 5.60 കോടി കോഴ വാങ്ങിയെന്ന ആരോപണമാണ് ബിജെപിയെ വെട്ടിലാക്കിയത്. ആരോപണം സ്ഥിരീകരിക്കുന്ന ബിജെപി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ്. കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ഡൽഹിയിലെത്തിച്ചുവെന്നാണ് ബിജെപിയുടെ അന്വേഷണകമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം മാധ്യമങ്ങളിൽ കൂടി പുറത്തുവന്ന റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണ കമ്മീഷൻ പിന്നീട് വിജിലൻസിന് മൊഴി നൽകിയത്. ഇത് ഏറെ വിവാദമാവുകയും ചെയ്തു. റിപ്പോർട്ട് ചോർച്ചയിൽ ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്ന വിവി രാജേഷിന് സ്ഥാനം പോയി. കുമ്മനമാണ് രാജേഷിനെ പുറത്താക്കിയത്. എന്നാൽ ആരോപണ വിധേയരേയെല്ലാം തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു. അഴിമതിയിൽ കുടുങ്ങിയ എംടി രമേശിന് പ്രധാന ചുമതലകളും കുമ്മനം നൽകി. ഇതെല്ലാം വിവാദമായി. ഇതിന് പിന്നാലെയാണ് കുമ്മനവും സതീഷും ബന്ധം തുടരുന്നുവെന്ന വിവാദം എത്തുന്നത്.

മെഡിക്കൽ കോളജ് അനുമതിക്കായി വർക്കല എസ്.ആർ.മെഡിക്കൽ കോളജ് ഉടമ ആർ.ഷാജി ബിജെപി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്. നേരത്തെ ആർ.ഷാജിയിൽ നിന്ന് 25 ലക്ഷം രൂപ സതീഷ്‌നായർക്ക് കൈമാറിയതായി ആർ.എസ്.വിനോദ് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആരോപണത്തെക്കുറിച്ചു പാർട്ടിതല അന്വേഷണം നടത്തിയ കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവരും വിജിലൻസിന് മൊഴിനൽകിയിരുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന കുമ്മനം രാജശേഖരന്റെ വാദം ഇവർ തള്ളി. അന്വേഷണ റിപ്പോർട്ട് കുമ്മനം രാജശേഖരനു കൈമാറിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട് യഥാർഥ റിപ്പോർട്ടാണോ എന്നറിയില്ലെന്നും ഇരുവരും മൊഴി നൽകി.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും താൻ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ എം ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മൊഴി. പണം വാങ്ങിയ ആളും നൽകിയ ആളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണിത്. ഇതിൽ ബിജെപിക്കു ബന്ധമില്ല. വി.വി.രാജേഷിനെതിരെ അച്ചടക്ക നടപടിയെടുത്തതു റിപ്പോർട്ട് ചോർത്തിയതിനല്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടിയായി കുമ്മനം പറഞ്ഞിരുന്നു. ബിജെപി നേതൃയോഗത്തിൽ കുമ്മനത്തിനെതിരെ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രതിനിധികൾ ആഞ്ഞടിച്ചിരുന്നു.

അഴിമതിക്കു കളമൊരുക്കാനാണു പാർട്ടിയുമായി ബന്ധമില്ലാത്ത സതീഷ് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നു പലരും വിമർശിച്ചു. മോദിയുടെ സ്റ്റാഫാണെന്നു പറഞ്ഞാണു അദ്ദേഹത്തെ ഇവിടെ അവതരിപ്പിച്ചത്. അഴിമതി വിരുദ്ധ നിലപാട് എടുക്കുന്നതിനു മുൻപു സ്വയം ശുദ്ധമാകണമെന്നും അവർ ആവശ്യപ്പെട്ടു. കുമ്മനംതന്നെയാണു അഴിമതിയുടെ ഭാഗമായി നിന്നതെന്നും ചെറിയ നേതാക്കളെ ബലികൊടുത്തു അതു മറയ്ക്കാനാകില്ലെന്നും അംഗങ്ങളിൽ ചിലർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സതീഷ് നായരുമായി ബന്ധം വേണ്ടെന്ന് കുമ്മനത്തിന് ആർഎസ്എസ് നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP