Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ അഡ്വ. ശൈലജക്ക് ഒത്താശ ചെയ്തത് മുൻ മന്ത്രിയുടെ പി എ; തട്ടിപ്പുകാരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മത്സരിച്ചു; ആസൂത്രണം തുടങ്ങിയത് കോടിക്കളുടെ സ്വത്തുക്കൾ ഭാഗം ചെയ്യാൻ ബാലകൃഷ്ണന്റെ സഹോദരൻ എത്തിയപ്പോൾ

വിവാഹം കഴിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ അഡ്വ. ശൈലജക്ക് ഒത്താശ ചെയ്തത് മുൻ മന്ത്രിയുടെ പി എ; തട്ടിപ്പുകാരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മത്സരിച്ചു; ആസൂത്രണം തുടങ്ങിയത് കോടിക്കളുടെ സ്വത്തുക്കൾ ഭാഗം ചെയ്യാൻ ബാലകൃഷ്ണന്റെ സഹോദരൻ എത്തിയപ്പോൾ

രഞ്ജിത് ബാബു

കണ്ണൂർ: മുൻ സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ പയ്യന്നൂർ ബാറിലെ അഡ്വ. കെ.വി. ഷൈലജ നീക്കം നടത്തിയത് സീനിയർ വക്കീലിന്റെ ഓഫീസിൽ വെച്ച്. കൂട്ടാളിയായി ഭർത്താവ് പി.കൃഷ്ണകുമാറും. പയ്യന്നൂരിലെ മഹിളാ കോൺഗ്രസ്സ് നേതാവുകൂടിയായ ഷൈലജ യു.ഡി.എഫ്. ഭരണത്തിന്റെ തണലിൽ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റേയും തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിലെ ജീവനക്കാരനും ബന്ധുവുമായ ഒരാളുടെയും സഹായം തേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. യഥാസമയം വ്യാജരേഖകൾ നിർമ്മിച്ചു നൽകിയത് ഈ ജീവനക്കാരനാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ വെള്ളൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഷൈലജ മത്സരിച്ചിരുന്നു. വക്കീലിനും ഭർത്താവിനുമെതിരെ സ്വത്തു തട്ടിയെടുത്ത കേസിൽ തെളിവുകളെല്ലാം പൊലീസിന് ലഭിച്ചു കഴിഞ്ഞു.

പയ്യന്നൂരിലെ സീനിയർ അഭിഭാഷകനായ രവീന്ദ്രന്റെ ഓഫീസിൽ സഹായിയായി പ്രവർത്തിച്ചു വരുന്ന കാലമാണ് ബാലകൃഷ്ണന്റെ സഹോദരൻ രമേശനെ ഷൈലജ പരിചയപ്പെടുന്നത്. സ്വത്ത് ഭാഗം വെക്കാൻ ഇവരുടെ സഹോദരി നൽകിയ ഒരു പരാതിയിൽ കക്ഷി ചേരാനായിരുന്നു രമേശൻ വക്കീലാപ്പീസിലെത്തിയത്. രമേശനുമായി അടുപ്പം കാണിച്ച ഷൈലജ കേസിന്റെ വിവരങ്ങളെല്ലാം ആരാഞ്ഞു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ ഉടമയാണ് രമേശനും സഹോദരനുമെന്നത് ഷൈലജയിൽ അത്ഭുതം ഉളവാക്കി. അതോടെ സ്വത്തുക്കളിലൊന്നും വലിയ താത്പര്യം കാണിക്കാത്ത കുടുംബമാണ് ഇവരുടേതെന്ന് അവർ മനസ്സിലാക്കി. സ്വത്തുക്കൾ നിലനിൽക്കുന്ന സ്ഥലവും അതിലെ വിവരങ്ങളും രമേശൻ ഷൈലജയെ വിശ്വസിച്ച് അറിയിച്ചു. എല്ലാ സ്വത്തുക്കളുടേയും രേഖകളുടെ പകർപ്പ് രമേശനിൽ നിന്നും തന്ത്രപൂർവ്വം വാങ്ങുകയും ചെയ്തു.

അവിവാഹിതനായ ബാലകൃഷ്ണനാണ് സ്വത്തുക്കൾ ഏറേയുമുള്ളതെന്ന കാര്യം മനസ്സിലാക്കിയ ഷൈലജയും ഭർത്താവും അയാളോട് സൗഹൃദം കൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞു. തിരുവനന്തപുരത്തുള്ള ബാലകൃഷ്ണനെ ഇടക്കിടെ സന്ദർശിച്ച് ബന്ധം ഉറപ്പിച്ചു. തിരുവനന്തപുരത്ത് ബാലകൃഷ്ണന്റെ സ്വത്തുക്കളുടെ വിവരവും ഇവരെ മോഹിപ്പിച്ചു. വാർദ്ധക്യ സംബന്ധമായ അസുഖങ്ങളോടെ കഴിയുന്ന ബാലകൃഷ്ണൻ അധികാലം ജീവിച്ചിരിക്കില്ലെന്ന കാര്യം ബോധ്യമായതോടെ കൂടുതൽ അടുത്തു.

ബാലകൃഷ്ണന്റെ അസുഖ വിവരം യഥാസമയം അറിയാൻ പരിചാരകരേയും ഉപയോഗിച്ചു. ബാലകൃഷ്ണൻ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ വാഹനവുമായി അയാളെ തിരുവനന്തപുരത്തു നിന്നും മാറ്റാൻ ഷൈലജയും ഭർത്താവും അങ്ങോട്ട് പോയി. നാട്ടുകാരുടെ കണ്ണുവെട്ടിക്കാൻ കോഴിക്കോട്ടെ പ്രശസ്ത ആശുപത്രിയിൽ ചികിത്സ നൽകാനെന്ന പേരിൽ ബാലകൃഷ്ണനെ കൊണ്ടു പോവുകയായിരുന്നു. യാത്രാ മദ്ധ്യേ കൊടുങ്ങല്ലൂരിൽ വെച്ച് ബാലകൃഷ്ണൻ മരിച്ചെന്നായിരുന്നു ഷൈലജയും ഭർത്താവും നൽകിയ വിവരം.

ബാലകൃഷ്ണന്റെ മൃതദേഹം തളിപ്പറമ്പിൽ കൊണ്ടു വരുമെന്ന് നാട്ടുകാരും ബന്ധുക്കളും കരുതിയിരിക്കേ ഷൊർണ്ണൂരിൽ കൊണ്ടു പോയി സംസ്‌ക്കരിച്ചെന്ന് ഇവർ തന്നെ അറിയിച്ചു. അതോടെയാണ് ബാലകൃഷ്ണന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ കരുതിയത്. എന്നാൽ പിന്നീട് എല്ലാം കെട്ടടങ്ങി. 2011 സെപ്റ്റംബർ 11 ന് ബാലകൃഷ്ണൻ മരിച്ചെങ്കിലും മരണശേഷം ഷൈലജയുടെ സഹോദരി ജാനകിയെ വിവാഹം കഴിച്ചെന്ന് കൃത്രിമ രേഖയുണ്ടാക്കി സ്വത്തുക്കളിൽ ചിലത് തട്ടിയെടുത്തു. ജാനകി മുഖേന തട്ടിയെടുത്ത സ്ഥലം ഷൈലജയുടെ പേരിലേക്ക് മാറ്റിയെഴുതപ്പെടുകയും ചെയ്തു.

അതോടെ പരിയാരത്തെ സ്ഥലത്തിൽ നിന്നും തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ച് മാറ്റവേയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ സംഭവം പെടുന്നത്. തളിപ്പറമ്പിൽ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കുകയും ബാലകൃഷ്ണന്റെ സ്ഥലം തിരിമറി നടത്തിയ സംഭവവും ദുരൂഹമരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതോടെ വക്കീലും ഭർത്താവും ഒളിവിൽ പോയിരിക്കയാണ്. കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അവിടെ ഹൈക്കോടതിയിൽ ഹാജരാകാനുള്ള നീക്കമാണ് നടക്കുന്നതെന്നും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP