Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗ്യത ഇല്ലാതിരുന്നിട്ടും ഇന്ദു മേനോന് കിർത്താഡ്‌സിൽ സ്ഥിരനിയമനം നൽകി ഇടതുസർക്കാർ; പ്രൊബേഷൻ ഡിക്ലയർ ചെയ്ത് നിയമനം ഉറപ്പിക്കാൻ വലതു സർക്കാറിന്റെയും നീക്കം; കഥാകാരിക്ക് മുമ്പിൽ സർവീസ് ചട്ടങ്ങൾ വഴിമാറുന്നെന്ന് ആരോപണം

യോഗ്യത ഇല്ലാതിരുന്നിട്ടും ഇന്ദു മേനോന് കിർത്താഡ്‌സിൽ സ്ഥിരനിയമനം നൽകി ഇടതുസർക്കാർ; പ്രൊബേഷൻ ഡിക്ലയർ ചെയ്ത് നിയമനം ഉറപ്പിക്കാൻ വലതു സർക്കാറിന്റെയും നീക്കം; കഥാകാരിക്ക് മുമ്പിൽ സർവീസ് ചട്ടങ്ങൾ വഴിമാറുന്നെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന കിർത്താഡ്‌സിൽ എന്തു നടക്കുന്നു എന്ന ചോദിച്ചാൽ ഒന്നുമില്ല എന്ന് ഉത്തരം നൽകേണ്ടി വരും. ആദിവാസി ഊരുകളിൽ പട്ടിണി മരണം തുടർക്കഥയാവുമ്പോഴും രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ജോലിക്ക് കയറിയവർക്ക് ഫണ്ടടിക്കാനുള്ള സംവിധാനം മാത്രമായി മാറുകയാണ് കിർത്താഡ്‌സ്. ഇങ്ങനെ വർഷങ്ങൾക്ക് മുമ്പ് താൽക്കാലിക ജീവനക്കാരായി കയറിയവർക്കു സ്ഥിരനിയമനം നൽകിയപ്പോൾ നോക്കുകുത്തിയായത് പിഎസ്‌സിയാണ്.

കഥാകാരിയായ ഇന്ദു മേനോൻ അടക്കമുള്ള മൂന്ന് താൽക്കാലിക ജീവനക്കാർക്കാണ് കഴിഞ്ഞ ഇടതുസർക്കാർ സ്ഥിരനിയമനം നൽകിയത്. കിർത്താഡ്‌സിൽ ലക്‌ച്ചറർ തസ്തികയിലാണ് ഇന്ദുമേനോന് നിയമനം നൽകിയത്. താൽക്കാലികമായി ജോലിക്ക് കയറിയ ഇവർക്ക് യോഗ്യതകൾ ഇല്ലാതിരുന്നിട്ടും മുൻ സർക്കാർ സ്ഥിരനിയമനം നൽകുകയായിരുന്നു എന്നാണ് ആരോപണം. ഇവർക്ക് നിലവിൽ പിഎസ്‌സി നിശ്ചയിച്ച യോഗ്യത ഇല്ലാതിരുന്നിട്ടും പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ഉന്നത സ്വാധീനത്താൽ കഥാകാരിയുടെ അനധികൃത നിയമനം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

1970ൽ നിലവിൽ വന്ന കിർത്താഡ്‌സിലെ ആദ്യഘട്ടങ്ങളിൽ എല്ലാം നിയമനങ്ങളും താൽക്കാലികമായിരുന്നു. 2007ലാണ് കിർത്താഡ്‌സ് നിയമനവുമായി ബന്ധപ്പെട്ട് റൂൾ പിഎസ്‌സി കൊണ്ടുവന്നത്. അതുവരെ നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല. 2004ലാണ് ഇന്ദു മേനോൻ അടക്കം മൂന്ന് പേർ കിർത്താഡ്‌സിൽ പ്രവേശനം നേടുന്നത്. ആദ്യഘട്ടത്തിൽ ഇവരെ ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമിച്ചത്. ലക്‌ച്ചറർ തസ്തികയിലായിരുന്നു ഇവരുടെ നിയമനം. അന്ന് എംഎ യോഗ്യതയുള്ളവരെയാണ് ഈ പോസ്റ്റിൽ നിയമിച്ചിരുന്നത്. അന്നത്തെ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ദു മേനോന് നിയമനം ലഭിച്ചതും. 

2005, 2006, വർഷങ്ങളിൽ ഇതേ തസ്തികയിൽ ഇവർക്കു കോൺട്രാക്റ്റ് നീട്ടിക്കിട്ടി. 2007ൽ ഈ തസ്തികകളിലെ നിയമനത്തിന് സ്പെഷ്യൽ റൂൾസ് നിലവിൽ വരുകയും പിഎസ്‌സി പുതുക്കിയ മാനദണ്ഡം നിശ്ചയിക്കുകയും ഉണ്ടായി. ഇതനുസരിച്ച് ലക്‌ച്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ ട്രാൻസ്ഫർ മുഖേനയാണെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ആന്ദ്രപ്പോളജി അല്ലെങ്കിൽ സോഷ്യോളജിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. നേരിട്ട് നിയമനം ലഭിക്കണമെങ്കിൽ എംഫിലോ പിഎച്ച്ഡിയോ വേണമെന്നായിരുന്നു പിഎസ്‌സിയുടെ ചട്ടം. ഈ ചട്ടപ്രകാരമുള്ള യോഗ്യത ഇന്ദു മേനോന് നിലവിലില്ല എന്നു പിഎസ്‌സി വഴി നിയമനം ലഭിച്ചവർ ആരോപിക്കുന്നു. 

ഇതിനിടെ 2007ൽ നിലവിൽ വന്ന ഈ ചട്ടം ലംഘിച്ച് 2009ൽ ഇടതുമുന്നണി സർക്കാർ ഇന്ദു മേനോനും കൂട്ടർക്കും ജോലി സ്ഥിരപ്പെടുത്തി നൽകുകയായിരുന്നു എന്നാണ് ജീവനക്കാരിൽ ചിലർ ഉന്നയിക്കുന്ന പ്രശ്നം. ഇതിനെതിരെ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ കോടതിയെ സമീപിച്ചതോടെ ഇവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് സംബന്ധിച്ച് കിർത്താഡ്‌സിൽ നിന്നും വിശദീകരണം തേടുകയും നിശ്ചിത യോഗ്യത ഇല്ലാത്തതിനാൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ സാധ്യമല്ലെന്ന് കിർത്താഡ്‌സ് വിശദീകരണം നൽകുകയും ചെയ്തതായി ഇവർ പറയുന്നു. ഇങ്ങനെയിരിക്കെ ഇപ്പോഴത്തെ സർക്കാർ ഇന്ദു മേനോന്റെ അനധികൃത നിയമനത്തിന് അംഗീകാരം നൽകാൻ ശ്രമം നടത്തുകയാണ് എന്നാണ് പിഎസ്‌സി വഴി ജോലിയിൽ കയറിവർ ആരോപിക്കുന്നത്. 

കഥാകാരിയെന്ന പരിഗണന നൽകി ഇന്ദു മേനോന്റെ പ്രബോഷൻ ഡിക്ലയർ ചെയ്യാനുള്ള നീക്കത്തിൽ സ്ഥാനക്കയറ്റം വഴി തൽസ്ഥാനം ലഭിക്കാൻ യോഗ്യതയുള്ളവർക്ക് പ്രതിഷേധമുണ്ട്. യോഗ്യതയുള്ളവർക്ക് ജോലി നൽകാതെ യോഗ്യത ഇല്ലാത്തവരെ ചട്ടങ്ങൾ മറികടന്ന് നിയമനം നടത്തരുതെന്നാണ് ഇവരുടെ പക്ഷം. എഴുത്തുകാരിയും സംവിധായകൻ രൂപേഷ് പോളിന്റെ ഭാര്യയുമാണ് ഇന്ദു മേനോൻ. അതുകൊണ്ട് തന്നെ തന്റെ പ്രശസ്തിയും സ്വാധീനവും മുതലെടുത്ത് അനധികൃതമായി സ്ഥിരനിയമനം അരക്കിട്ടുറപ്പിക്കാൻ ഇവർ ശ്രമിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം.

അതേസമയം തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇന്ദു മേനോൻ പ്രതികരിച്ചു. താൻ ജോലിയിൽ കയറുന്ന വേളയിൽ സർക്കാർ നിർദ്ദേശിച്ച യോഗ്യതകൾ ഉണ്ടായിരുന്നു. പിന്നീട് യോഗ്യതകൾ ഉയർത്തിയതിന് തങ്ങൾ എന്തു പിഴച്ചുവെന്നും ഇന്ദു മേനോൻ പറഞ്ഞു. പുതുതായി വരുന്നവർക്കാണ് ഇത് ബാധകമാകുക. പ്യൂൺ തസ്തികയ്ക്ക് യോഗ്യത എട്ടാംക്ലാസിൽ നിന്നും പത്താം ക്ലാസ് ആക്കിയതുകൊണ്ട് എട്ടാംക്ലാസ് യോഗ്യതയുള്ളവരെ സർവീസിൽ നിന്നും പുറത്താക്കുമോ? ഇങ്ങനെയാണ് ഞങ്ങളുടെ പ്രശ്‌നം. നിയമന പ്രശ്‌നം കോടതിയിൽ എത്തിയപ്പോൾ അഡ്വക്കേറ്റ് ജനറൽ തങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് തങ്ങൾക്ക് അനുകൂലമായി കിർത്താഡ്‌സിൽ സ്‌പെഷ്യൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഹൈക്കോടതിയും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഇന്ദു മേനോൻ പ്രതികരിച്ചു.

കിർത്താഡ്‌സിൽ താൽക്കാലികമായി ജീവനക്കാരായ പലരും രാഷ്ടീയ സ്വാധീനവും വഴി സ്ഥിരനിയമനം നേടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. താൽക്കാലികമായും സ്ഥിരമായും നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം വിജിലൻസ് അന്വേഷകരായി പോകാനാണു താൽപര്യമെന്നതാണ് മറ്റൊരു ആരോപണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP