Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായ്പ അടയ്ക്കാൻ കാശില്ലാതെ ജപ്തി നേരിടുന്ന ഫ്ളാറ്റിനെ ആഡംബരവില്ലയാക്കി; ഗൾഫിലേക്ക് മുങ്ങിയെന്നതും വിദേശ ടൂറുകൾ നടത്തിയെന്നതും പച്ചക്കള്ളം; 30 കോടിയുടെ തട്ടിപ്പ് ആരോപിച്ച് മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ 'സമർത്ഥമായി കുടുക്കിയ' സലാഹ നിരപരാധിയെന്ന് കുടുംബം

വായ്പ അടയ്ക്കാൻ കാശില്ലാതെ ജപ്തി നേരിടുന്ന ഫ്ളാറ്റിനെ ആഡംബരവില്ലയാക്കി; ഗൾഫിലേക്ക് മുങ്ങിയെന്നതും വിദേശ ടൂറുകൾ നടത്തിയെന്നതും പച്ചക്കള്ളം; 30 കോടിയുടെ തട്ടിപ്പ് ആരോപിച്ച് മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ 'സമർത്ഥമായി കുടുക്കിയ' സലാഹ നിരപരാധിയെന്ന് കുടുംബം

അർജുൻ സി വനജ്

കൊച്ചി: സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് അറസ്റ്റിലായ മാള സ്വദേശി സലാഹ 30 കോടിയോളം രൂപ വിവിധ ആളുകളിൽ നിന്ന് സമാഹരിച്ചുവെന്ന ആരോപണം നിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. കറുക കാട്ടുപറമ്പിൽ അബ്ദുൾ മജീദിൽ നിന്ന് ഒരു കോടി അമ്പത് ലക്ഷം രൂപ വാങ്ങി ഷെയർമാർക്കറ്റിൽ നിക്ഷേപിച്ച സലാഹ ഇയാൾക്ക് മൂന്ന് കോടി അറുപത്തിയേഴ് ലക്ഷം രൂപ തിരികെ നൽകിയെന്ന് മൂത്ത സഹോദരി സീനത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഇരിങ്ങാലക്കുട എസിപിയായി ചാർജെടുത്ത മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ സലാഹയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ അറസ്റ്റു ചെയ്യുന്നത്. ആസൂത്രിത നീക്കത്തിലൂടെയാണ് സലാഹയെ അറസ്റ്റു ചെയ്തതെന്നും ഇവർ കോടികളുടെ തട്ടിപ്പു നടത്തി കിട്ടിയ പണംകൊണ്ട വിദേശ ടൂറുകൾ നടത്തിയതായും ആർഭാട ജീവിതം നയിച്ചതായും ആഡംബരവില്ലയും കോണോത്തുകുന്നിൽ ഒരു വീടും സ്വന്തമാക്കിയതായും ആയിരുന്നു പൊലീസ് ഈ അറസ്റ്റിനെ തുടർന്ന് വെളിപ്പെടുത്തിയത്.

പക്ഷേ, ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് വ്യക്തമാക്കുകയാണ് സലാഹയെന്ന 29 കാരിയുടെ കുടുംബം. പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ഷെയർമാർക്കറ്റ് ഇടപാടുകൾ നടത്തുകയായിരുന്നു സലാഹ. മാർക്കറ്റ് ഡൗൺ ആയതോടെ ഉപ്പയുടെ പേരിലുള്ള കോലോത്ത് കുന്നിലെ തറവാട് പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്കിൽ ഈടായി നൽകി 12.5 ലക്ഷം രൂപ വായ്പ എടുത്താണ് ഇപ്പോൾ മുഖ്യമായും ഇവർ തട്ടിപ്പുകാരിയെന്ന കേസ് നൽകിയ മജീദ് അടക്കമുള്ള നിക്ഷേപകർക്ക് നൽകിയത്.

ഈ തറവാട് വീട് ആകട്ടെ 15 വർഷം മുമ്പ് വാങ്ങിയതാണ്. 20 ലക്ഷം രൂപ ലോണിൽ കൂർക്കാഞ്ചേരിയിൽ വാങ്ങിയ ശ്രേയസ് അപ്പാർട്ട്‌മെന്റ്‌സിന്റെ 850 സ്‌ക്വയർ ഫീറ്റ് ഫ്ളാറ്റ്, ബാങ്ക് ലോണിൽ 2.3 ലക്ഷത്തോളം രൂപ പലിശ കയറി ഇപ്പോൾ ജപ്തി ഭീഷണിയിൽ ആണ് - വീട്ടുകാർ പറയുന്നു.

സലീഹയെ പിടികൂടിയ വിവരം അറിയിച്ച് പൊലീസ് ആരോപിച്ചത് ഇപ്രകാരമാണ്: കോണത്തുകുന്നിലുള്ള ഇൻവെസ്റ്റ്‌മെന്റ് സൊലൂഷൻ സർവീസ് സ്ഥാപനത്തിന്റെ എം.ഡിയായി തൃശൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽനിന്നു വിദേശമലയാളികളായ നിക്ഷേപകരെയുംമറ്റും കണ്ടെത്തി കമ്പനിയിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10000 രൂപ വീട്ടിലെത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരിൽനിന്നു വൻതുക തട്ടിയെടുത്തത്. ആദ്യമാസങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകിയതിലൂടെ ജനങ്ങളുടെ കൂടുതൽ വിശ്വാസം ആർജിച്ചാണ് കൂടുതൽ പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ചത്.

ഷെയർമാർക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചിരുന്നത്. കോണത്തുകുന്ന് കൂടാതെ കൂർക്കഞ്ചേരി, കൊടുങ്ങല്ലൂർ തുടങ്ങി ജില്ലയിലെ പലഭാഗങ്ങളും തട്ടിപ്പിനായി ഓഫീസുകൾ സ്ഥാപിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം പ്രവർത്തനം ആരംഭിച്ചത്. കറുക കാട്ടുപറമ്പിൽ അബ്ദുൾ മജീദിൽ നിന്ന് ഒരുകോടി അമ്പതുലക്ഷം രൂപ തട്ടിയെടുത്തതിന് ഓഗസ്റ്റിൽ ഇരിങ്ങാലക്കുട പൊലീസിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ നിന്നാണ് വൻതട്ടിപ്പ് കഥകൾ പുറത്തു വന്നതെന്നുമാണ് പൊലീസ് പറഞ്ഞത്. ഇതോടെ സലാഹയ്ക്കായി വലവിരിച്ചെങ്കിലും അപ്പോൾ വിദേശത്തേക്ക് ടൂർ പോയെന്നും ഇപ്പോൾ കോയമ്പത്തൂരിൽ എത്തുന്നതായി രഹസ്യവിവരം ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. 

എന്നാൽ പൊലീസ് വാർത്താ സമ്മേളനം നടത്തി പറഞ്ഞത് പോലെ ഞങ്ങൾക്ക് എവിടേയും ആഡംബര വീടുകൾ ഇല്ലെന്ന് സലാഹയുടെ സഹോദരി സീനത്ത് പറയുന്നു. ഉമ്മയുടെ അനുജത്തിയുടെ വീടും സ്ഥലവും ഈട് നൽകിയാണ് സലാഹയുടെ പേരിൽ മാള കെ.എസ്.എഫ്.ഇ യിൽ ഉണ്ടായിരുന്ന 20 ലക്ഷം രൂപയുടെ ചിട്ടി വിളിച്ചത്. കോലോത്ത്കുന്ന് തറവാട് വീടിനോട് ചേർന്നുണ്ടായിരുന്ന 17 സെന്റ് പാടം മറ്റൊരു കുറി വിളിക്കുന്നതിന് ഈട് നൽകി. ഫ്‌ലാറ്റും ഈ നെൽപാടവും സ്വർണ്ണവും മാത്രമാണ് സലാഹ പേരിൽ ഉണ്ടായിരുന്നത്. സലാഹയുടെ പേരിൽ ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറും തന്റെ പേരിലുണ്ടായിരുന്ന റിട്ട്‌സ് കാറും ലോണെടുത്താണ് വാങ്ങിയത്.

ലോൺ കൃത്യമായി അടക്കാൻ കഴിയാത്തതിനാൽ അതു രണ്ടും വിറ്റു. ഷെയർ മാർക്കറ്റ് വഴി സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അപ്രതീക്ഷിത നഷ്ടം നേരിട്ടിട്ടും, നിക്ഷേപകരെ ഇത് അറിയിക്കാതെ സർവ്വതും വിറ്റും പെറുക്കിയും നിക്ഷേപകർക്ക് ഒരു ലക്ഷത്തിന് ആറായിരം രൂപ വരെ ലാഭം നൽകിപോന്നത്. എന്നാൽ പിടിച്ചു നിൽക്കാൻ ആകാതെ വന്നപ്പോൾ ബന്ധുക്കളുടെ പക്കൽ നിന്നും സ്വർണം വിറ്റും സംഘടിപ്പിച്ച പണം കൊണ്ട് ഭൂരിഭാഗം നിക്ഷേപകർക്കും പണം തിരികെ നൽകി. ബാക്കിയുള്ളവർക്ക് പണം നൽകാൻ മാർഗംതേടുകയായിരുന്നു പിന്നീട്. ഇതിനാണ് വിസിറ്റിങ് വിസയിൽ ജോലി തേടി അബുദാബിയിലേക്ക് മെയ് 20 ന് പുറപ്പെട്ടത്. അല്ലാതെ പൊലീസ് പറഞ്ഞപോലെ വിദേശ ടൂറിലായിരുന്നില്ല സലാഹ. ജോലി സംഘടിപ്പിച്ച് തിരിച്ചുവരുബോളാണ് വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. - സലാഹയുടെ വീട്ടുകാർ പറയുന്നു.

തൃശ്ശൂർ ലുലു കൺവെൺഷൻ സെന്ററിനടുത്ത ഒരു വീട്ടിൽ 8.500 രൂപ വാടക നൽകിയാണ് സലാഹയുടെ പിതാവും മാതാവും മൂത്ത സഹോദരിയും 3 വയസ്സുള്ള മകനും ഇപ്പോൾ ജീവിക്കുന്നത്. മൂത്ത സഹോദരി സീനത്തിന്റെ ഭർത്താവ് കുവൈറ്റിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ്. ഇയാളുടെ വരുമാനം കാണ്ടാണ് കുടുംബം ഇന്ന് കഴിയുന്നതെന്ന് സീനത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. നേരത്തെ വിദേശത്തായിരുന്ന ഉപ്പ നാട്ടിലെത്തി മീൻ വിറ്റായിരുന്നു പിന്നീട് കുടുംബം പോറ്റിയിരുന്നത്. വാടക വീട്ടിൽ താമസമാക്കിയത് മുതൽ ഉപ്പയ്ക്ക് മാനസിക സമ്മർദ്ദം മൂലം പ്രഷർ കൂടി രണ്ടുതവണ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു. ഇപ്പോൾ ചെറിയ വാടകയ്ക്ക് ഒരു വീട് നോക്കുകയാണ്്. ഉമ്മയ്ക്കും തീരെ സുഖമില്ല. ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തും എല്ലാം പൊലീസ് പരിശോധിച്ചോട്ടെ, സലാഹയെ തിരിച്ചുതന്നാൽ മതി- സഹോദരി സീനത്ത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

അതേസമയം, സലാഹയുടെ പേരിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇരിങ്ങാലക്കുട സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശഖരിച്ച് വരികയാണ്. ഷെയർ മാർക്കറ്റിൽ സലാഹയ്ക്ക് വലിയ തിരിച്ചടി നേരിട്ടതായും, മറ്റ് സ്വത്തുക്കൾ എവിടേയും ഉള്ളതായി ഇതുവരെ അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്. തിങ്കളാഴ്ച റിമാന്റ് കലാവധി അവസാനിക്കുന്ന സലാഹയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.

അബ്ദുൾ മജീദിന്റെ ഒന്നരക്കോടി

2011 വരെ വിദേശത്തായിരുന്ന അബ്ദുൾ മജീദ് നാട്ടിലെത്തിയപ്പോഴാണ് കൂർക്കാഞ്ചേരി എസ്.എം.സിയെക്കുറിച്ച് അറിയുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 6000 രൂപ വരെ മാസം ലാഭം തരാമെന്ന് പറഞ്ഞായിരുന്നു സലാഹ മജീദിനെ സമീപിച്ചത്. ഇതനുസരിച്ച 2011 ൽ മജീദ് നൽകിയ ഒരു ലക്ഷത്തിന് കൃത്യമായി ലാഭം നൽകിയെന്ന് മജീദ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ വിശ്വാസത്തിൽ 2014 ആയപ്പോഴേക്കും പല തവണകളായി 18 ലക്ഷം രൂപ മജീദ് എസ്.എം.സിയിൽ നിക്ഷേപിച്ചു.

ഈ തുയ്ക്കും മാസലാഭം സലാഹ നൽകി. ഇടയ്ക്ക് ചില മാസങ്ങളിൽ ചെറിയ കാലതാമസം ഉണ്ടായി. ഇതനുസരിച്ചാണ് 1,33,50,000 രൂപ 2015 മെയ് മാസം പല ബന്ധുക്കളിൽ നിന്നായി വാങ്ങി നിക്ഷേപിച്ചത്. എന്നാൽ ഈ പണത്തിന് വളരെ ചെറിയ സഖ്യമാത്രമേ ലാഭമായി തിരികെ നൽകിയിട്ടുള്ളൂ എന്നാണ് മജീദ് പറയുന്നത്. ഈ വർഷം മെയ് മാസം പണം തരാമെന്ന് പറഞ്ഞെങ്കിലും സലാഹ വിദേശത്തേക്ക് മുങ്ങിയെന്നാണ് വീട്ടിൽ ചെന്നപ്പോൾ അറിയാൻ സാധിച്ചതെന്നും മജീദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കൂർക്കാഞ്ചേരി എസ്.എം.സി യുടെ പ്രവർത്തനം

വെള്ളാങ്കല്ലൂർ നടവരമ്പ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സലാഹ, കൊടുങ്ങല്ലൂരിലെ ഒരു ഷെയർ മാർക്കറ്റിങ് കമ്പനിയിൽ ഒരു വർഷത്തോളം ജോലി നോക്കി. തുടർന്നാണ് എസ്.എം.സി യുടെ കൊച്ചി ഓഫീസിൽ ജോലിക്കെത്തിയത്. പിതാവിന്റെ സാമ്പത്തിക സഹായത്തോടെ എസ്.എം.സി യുടെ ഫ്രാഞ്ചൈസി കൂർക്കാഞ്ചേരിയിൽ 2008 ൽ ആരംഭിക്കുന്നത്.

സ്വന്തമായി ഡിമാറ്റ് അക്കൗണ്ട് ആരംഭിച്ച് ഒരുലക്ഷം രൂപയ്ക്ക് 6000 രൂപ വരെ മാസം തോറും ലാഭം വാഗ്ദാനം ചെയ്തായിരുന്നു സലാഹ കൂർക്കഞ്ചേരിയിൽ എസ്.എം.സിയുടെ ഫ്രാഞ്ചൈസി നടത്തിപ്പോന്നത്. ഇതിനിടയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ സലാഹ ബിബിഎ ബിരുദം നേടി. എന്നാൽ 2015 ഓടെ ഷെയർ മാർക്കറ്റിൽ നിന്ന് പലപ്പോഴായി നേരിട്ട തിരിച്ചടിയാണ് സഹാഹയ്ക്ക് വിനയായത്.

ഷെയർമാർക്കറ്റിൽ നിക്ഷേപിക്കാൻ പൂർണ്ണമായും ഓൺലൈൻ ട്രാൻസാക്ഷൻ വഴിയോ, അല്ലെങ്കിൽ ചെക്ക് മുഖേനയോ പണം വാങ്ങാവൂ എന്നാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിഷ്‌കർഷിക്കുന്നത്. എന്നാൽ പണം വാങ്ങിയതിനോ, ലാഭം തിരികെ നൽകിയതിനോ തെളിവുകൾ ഇല്ലാതെയാണ് സലാഹ ഇടപാടുകൾ നടത്തിയിരിക്കുന്നത്. മാത്രമല്ല, നിക്ഷേപകന്റെ പൂർണ്ണവിവരങ്ങൾ ഉൾപ്പെടുത്തി അവരുടെ പേരിൽതന്നെ പണം നിക്ഷേപിക്കണം എന്നാണ് സെബിയുടെ മറ്റൊരു ചട്ടം. ഇത് രണ്ടും സലാഹ പാലിച്ചിട്ടില്ല. ഇത് മാത്രമാകും സലാഹയുടെ പേരിൽ നിലനിൽക്കുന്ന കേസുകൾ എന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP