Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിമുട്ടിയ അന്വേഷണത്തിന് വഴികാട്ടിയായി പ്രഷർകുക്കർ; മലപ്പുറം സ്‌ഫോടനം നടത്തിയത് കേരളത്തിൽ അഞ്ചിടത്ത് മാത്രം വിൽക്കുന്ന പ്രീമിയർ കമ്പനിയുടെ കുക്കറിൽ; ബേസ് മൂവ്‌മെന്റ് അൽഖാഇദയുടെ ഇന്ത്യൻ പതിപ്പാണെന്ന് നിഗമനം; സ്‌പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് ഗൗനിക്കാത്തതും വീഴ്‌ച്ചയായി

വഴിമുട്ടിയ അന്വേഷണത്തിന് വഴികാട്ടിയായി പ്രഷർകുക്കർ; മലപ്പുറം സ്‌ഫോടനം നടത്തിയത് കേരളത്തിൽ അഞ്ചിടത്ത് മാത്രം വിൽക്കുന്ന പ്രീമിയർ കമ്പനിയുടെ കുക്കറിൽ; ബേസ് മൂവ്‌മെന്റ് അൽഖാഇദയുടെ ഇന്ത്യൻ പതിപ്പാണെന്ന് നിഗമനം; സ്‌പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് ഗൗനിക്കാത്തതും വീഴ്‌ച്ചയായി

എം പി റാഫി

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണം വഴിമുട്ടി നിൽക്കേ തുമ്പുണ്ടാക്കി പ്രഷർക്രുക്കർ. തെളിവുകളൊന്നും ബാക്കിയാക്കാതെയായിരുന്നു സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർ സ്‌ഫോടനം നടത്തി സ്ഥലം വിട്ടത്. ഇതിനാൽ അന്വേഷണം പ്രതിന്ധിയിലാവുകയും ചെയ്തു. എന്നാൽ സ്‌ഫോടനത്തിനുപയോഗിച്ച പ്രഷർ കുക്കർ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതോടെ ഇതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ അന്വേഷണ വഴിത്തിരിവ് പുതിയ നിഗമനത്തിൽ എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സമാന സംഭവങ്ങളടക്കം പരിശോധിച്ച് ഇന്റലിജൻസിന്റെയും ലോക്കൽ പൊലീസിന്റെയും പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിച്ചു വരുന്നത്.

എൻ.ഐ.ഐ നേരിട്ട് അന്വേഷിക്കുന്നില്ലെങ്കിലും പിന്നിൽ അന്തർ ദേശീയ ബന്ധമുള്ള തീവ്രവാദ സംഘങ്ങളെന്നു സംശയിക്കുന്നതിനാൽ ദേശീയ ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക. അതേസമയം, മലപ്പുറം കലക്ട്രേറ്റിൽ സിസി ടിവിയും ചുറ്റുമതിലും ഇല്ലെന്നും കോടതി പരിസരം കാടുമൂടിക്കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഞ്ച് മാസം മുമ്പ് സ്‌പെഷൽ ബ്രാഞ്ച് സർക്കാറിൽ റിപ്പോർട്ട് സമർപ്പിച്ചതായി മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. ഈ റിപ്പോർട്ട് ഗൗനിക്കാതിരുന്നത് അപകടം വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

തെളിവുകൾ ബാക്കിയാക്കാതെ അതിവിദഗ്ദമായി ആസൂത്രണം ചെയ്ത സ്‌ഫോടനമായിരുന്നു മലപ്പുറം കളക്റ്റ്രേറ്റിലെ കോടതിക്കു മുന്നിൽ നടന്നത്. ദൃക്‌സാക്ഷിയുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും നിർണായകമായ ഒന്നാണ് പ്രഷർകുക്കർ. സ്‌ഫോടനത്തിനുപയോഗിച്ച പ്രഷർ കുക്കർ പ്രീമിയർ കമ്പനിയുടെ കുക്കറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കുക്കർ 2016 ഒക്ടോബറിൽ പുറത്തിറക്കിയ ബാച്ചിലുള്ളതാണ്. എന്നാൽ പ്രീമിയർ കമ്പനിയുടെ പ്രഷർ കുക്കർ മലപ്പുറം ജില്ലയിലോ മലബാറിലെവിടെയോ വിൽപന നടത്തുന്നില്ല. ചങ്ങനാശേരി, എറണാകുളം, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലെ പ്രീമിയർ കമ്പനിയുടെ ഷോറൂമിലും എറണാകുളം ലുലു മാളിലുമാണ് ഈ കമ്പനിയുടെ പ്രഷർ കുക്കർ വിൽക്കുന്നത്.

പ്രീമിയർ കമ്പനിയുടെ പ്രഷർ കുക്കർ നിർമ്മിക്കുന്ന തമിഴ്‌നാട്ടിലെ ചെന്നൈയിലോ കേരളത്തിൽ വിൽക്കുന്ന അഞ്ചു കേന്ദ്രങ്ങളിൽ നിന്നോ ആണ് സ്‌ഫോടനം നടത്തിയവർ വാങ്ങിയിരിക്കാൻ സാധ്യത. സ്‌ഫോടനത്തിനുപയോഗിച്ച വിവിധ വസ്തുക്കൾ വിവിധ ഭാഗങ്ങളിലുള്ളവർ കൊണ്ടുവന്നതാകാമെന്നാണ് നേരത്തേയുള്ള നിഗമനം. സ്‌ഫോടനം നടത്തുന്നതായി മലപ്പുറം കളക്റ്റ്രേറ്റ് ക്രിത്യമായി അറിയുന്നവരുടെ സഹായവും ലഭിച്ചതായും സ്‌ഫോടനത്തിനു മുമ്പായി പല തവണ ട്രൈയൽ നോക്കിയിരുന്നതായുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും മറ്റു സംസ്ഥാനത്തുള്ളവരും സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച സംഘത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. പ്രഷർകുക്കറിന്റെ അടിവേര് കണ്ടെത്താൻ മാനുഫാക്ചറിംങ് കേന്ദ്രവും വിൽപനശാലകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

കൊല്ലം കളക്റ്റ്രേറ്റ്, മൈസൂർ, ആന്ധ്രാ പ്രദേശ്, ചിറ്റൂർ എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങൾക്കു പിന്നിലും ദി ബേസ് മൂവ്‌മെന്റ് എന്ന സംഘമാണെന്നാണ് വിലയിരുത്തൽ. അൽഖാഇദയുടെ ഇന്ത്യൻ പതിപ്പാണിതെന്നാണ് കരുതപ്പെടുന്നത്. 'ബെയ്‌സ്' എന്ന ഇംഗ്ലീഷ് വാക്കിന്റെ അറബി അർത്ഥം 'ഖാഇദ' എന്നാണ്. ഇവർ എട്ട് വർഷത്തോളമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നതായും തെളിവുകൾ അവഷേശിപ്പിക്കാതെയാണ് പ്രവർത്തനമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. സ്‌ഫോടനം മാവോയിസ്റ്റ് വേട്ട ആരംഭിച്ചതിനു തൊട്ടു പിന്നാലെ ആണെന്നതും അന്വേഷണ സംഘം ഗൗരവമായിട്ടാണ് കാണുന്നത്. കോടതികളെയാണ് സ്‌ഫോടനം നടത്തിയവർ ലക്ഷ്യം വെയ്ക്കുന്നത്. ഇത് കുറിപ്പിൽ നിന്നും വ്യക്തമാണ്. വിവിധ കോടതികൾക്കു മുന്നിൽ ശ്രമം നടത്തിയിട്ടുണ്ടാകാമെന്നും മലപ്പുറം കലക്ട്രേറ്റ് കോടതി തെരഞ്ഞെടുത്തത് സിസി ടിവി ഇല്ലെന്നതും ക്രിത്യം നടത്താനും രക്ഷപ്പെടാനുമുള്ള സൗകര്യവും കണക്കിലെടുത്താണെന്നാണ് വിലയിരുത്തൽ.

നിലവിൽ, കളക്റ്റ്രേറ്റിലുണ്ടായിരുന്ന സിസി ടിവി പരിശോധിച്ചിട്ടുണ്ട്. ദൃക്‌സാക്ഷിയുടെ സാന്നിധ്യത്തിലാണ് ഈ ദൃശ്യങ്ങൾ പരിശോധിച്ചത്. ബാഗുമായി നിൽക്കുന്ന കുറ്റിത്താടിക്കാരനായ ഒരാളെയാണ് സ്‌ഫോടനം നടന്ന കാറിനടുത്ത് കണ്ടെതെന്ന് ദൃക്‌സാക്ഷി നേരത്തേ മൊഴിനൽകിയിരുന്നു. എന്നാൽ ഇയാളെ കൂടുതൽ സമയം കാണാൻ സാധിച്ചിരുന്നില്ലെന്നും ഏകദേശം രൂപം മാത്രമേ ഉള്ളൂവെന്നുമാണ് ദൃക്‌സാക്ഷി പറയുന്നത്. സംശയകരമായി കണ്ട മറ്റു രണ്ടു പേർ ഇയാൾ തന്നെയാണോയെന്നും പരിശോധിക്കുന്നുണ്ട്. മലപ്പുറം കോടതി വളപ്പിൽ സിസി ടിവി ഇല്ലെന്നതാണ് സ്‌ഫോടനത്തിന് വളംവച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൊല്ലം കളക്റ്റ്രേറ്റ് കോടതിക്കു മുന്നിൽ ജൂൺ 15നായിരുന്നു സമാന സ്വഭാവമുള്ള സ്‌ഫോടനം നടന്നത്.

ഈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കളക്റ്റ്രേറ്റുകളുടെ സുരക്ഷ സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് മലപ്പുറം കളക്റ്റ്രേറ്റിലെ സുരക്ഷ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ജൂൺ മാസത്തിൽ തന്നെ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതേ തുടർന്ന് യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. കളക്റ്റ്രേറ്റിലേക്കും കോടതിയിലേക്കുമായി മെയിൻ എൻട്രൻസിനു പുറമെ നാലു വഴികൾ വേറെയുമുണ്ട്. ഇവിടെ ചുറ്റുമതിൽ ഇല്ലെന്നത് ആർക്കും എപ്പോൾ വേണമെങ്കിലും കയറാവുന്ന അവസ്ഥയാണ്. കൂട്ടിയിട്ട വാഹനങ്ങളും കോടതിക്കു സമീപം മൂടിയ കാടുകളും നീക്കം ചെയ്യണമെന്നും സ്‌പെഷൽ ബ്രാഞ്ച് അഞ്ച് മാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP