Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അമ്മ'യുടേത് സ്ത്രീവിരുദ്ധമയ തീരുമാനം എന്ന അഭിപ്രായം ലേഡി സൂപ്പർ സ്റ്റാറിനില്ലേ? ദിലീപിന്റെ തിരിച്ചെടുക്കൽ വിവാദമാക്കിയ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പ്രഖ്യാപിച്ച് സംഘടനയിൽ നിന്ന് പിന്മാറ്റം; വുമൻ ഇൻ സിനിമാ കളക്ടീവിൽ നിന്ന് മഞ്ജുവാര്യർ രാജിവച്ചു; താരസംഘടനയുടെ ഭാഗമായി ദിലീപ് മാറിയത് പുറത്താക്കൽ തീരുമാനം ചട്ടപ്രകാരമല്ലാത്തതു കൊണ്ടെന്ന വാദത്തിനൊപ്പം നിലയുറപ്പിക്കാനുറച്ച് നടിയും; ലക്ഷ്യം കണ്ടത് ലാലിന്റെ അനുരഞ്ജനം; സിനിമയുടെ വനിതാ കൂട്ടായ്മയിൽ ഭിന്നതയോ?

'അമ്മ'യുടേത് സ്ത്രീവിരുദ്ധമയ തീരുമാനം എന്ന അഭിപ്രായം ലേഡി സൂപ്പർ സ്റ്റാറിനില്ലേ? ദിലീപിന്റെ തിരിച്ചെടുക്കൽ വിവാദമാക്കിയ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പ്രഖ്യാപിച്ച് സംഘടനയിൽ നിന്ന് പിന്മാറ്റം; വുമൻ ഇൻ സിനിമാ കളക്ടീവിൽ നിന്ന് മഞ്ജുവാര്യർ രാജിവച്ചു; താരസംഘടനയുടെ ഭാഗമായി ദിലീപ് മാറിയത് പുറത്താക്കൽ തീരുമാനം ചട്ടപ്രകാരമല്ലാത്തതു കൊണ്ടെന്ന വാദത്തിനൊപ്പം നിലയുറപ്പിക്കാനുറച്ച് നടിയും; ലക്ഷ്യം കണ്ടത് ലാലിന്റെ അനുരഞ്ജനം; സിനിമയുടെ വനിതാ കൂട്ടായ്മയിൽ ഭിന്നതയോ?

ആവണി ഗോപാൽ

കൊച്ചി: സിനിമയിലെ വനിത കൂട്ടായ്മയായ വുമൻ ഇൻ സിനിമാ കളക്ടീവിൽ നിന്ന് ലേഡി സൂപ്പൂർ സ്റ്റാർ മഞ്ജു വാര്യർ രാജിവച്ചു. താര സംഘടനയായ 'അമ്മ'യിൽ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം വുമൻ ഇൻ സിനിമാ കളക്ടീവ് ഉയർത്തിയിരുന്നു. തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നുവെന്നായിരുന്നു ഡബ്യുസിസിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അവൾക്കൊപ്പമെന്ന ടാഗ് ലൈനിൽ എത്തിയ സന്ദേശം. വനിതാ കൂട്ടായ്മയിൽ മഞ്ജുവാര്യരും പാർവ്വതിയും രമ്യാ നമ്പീശനും റിമാ കല്ലിങ്കലും അടക്കമുള്ള താര സംഘടനയിലെ അംഗങ്ങളും സജീവ സാന്നിധ്യമാണ്. ഇവരാരും അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവരല്ല. യോഗം ബഹിഷ്‌കരിച്ചെന്നും വാർത്തകളെത്തി. ഇതിന് പിന്നാലെയാണ് 'അമ്മ'യെ നിശതമായി വിമർശിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് എത്തിയത്. ഈ സാഹചര്യത്തിൽ 'അമ്മ'യിൽ അംഗങ്ങളായ ഡബ്ല്യുസിസി മെമ്പേഴ്‌സിനോട് വിശദീകരണം തേടാൻ താരസംഘടന തത്വത്തിൽ തീരുമാനിച്ചു. ഇതിനിടെയാണ് മഞ്ജുവാര്യർ വുമൻ ഇൻ സിനിമാ കളക്ടീവിൽ നിന്ന് രാജിവച്ചതായി സ്ഥിരീകരണം എത്തുന്നത്.

നടിയെ ആക്രമിച്ച കേസിൽ താൻ ഇരയ്‌ക്കൊപ്പമാണ്. നിയമപോരാട്ടത്തിന് ഒപ്പം നിൽക്കുകയും ചെയ്യും. എന്നാൽ വുമൻ ഇൻ സിനിമാ കളക്ടീവിന്റെ ഫെയ്‌സ് ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്കൊന്നും തനിക്ക് ഉത്തരവാദിത്തമില്ല. ആരും തന്നോട് ചോദിക്കുന്നുമില്ല. ഇതിനൊക്കെ ഇനിയും മറുപടി പറയാനാകില്ലെന്നാണ് മഞ്ജു വാര്യരുടെ നിലപാട്. നടിയെ ആക്രമിച്ച കേസിൽ വൻ ഗൂഢാലോചനയുണ്ടുന്നും എത്ര ഉത്തരതായാലും പിടിക്കണമെന്നും നിലപാട് എടുത്തത് മഞ്ജു വാര്യരായിരുന്നു. ഇതിന് ശേഷമാണ് പലതും ചർച്ചയാത്. ഇതിനിടെ സിനിമയിലെ വനിതാ പ്രവർത്തരുടെ കൂട്ടായ്മയും നിലവിൽ വന്നു. ഇരയ്‌ക്കൊപ്പം നിൽക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുമായി ചർച്ചയും നടത്തി. ഇതിന്റെ തുടർച്ചയെന്നോണമാണ് ദിലീപ് അറസ്റ്റിലായത്. അതിന് ശേഷം പല വിഷയത്തിലും ഡബ്ല്യൂസിസി ഫെയ്‌സ് ബുക്ക് പോസ്റ്റുകളിട്ടു. ഇതിനെല്ലാം മഞ്ജു വാര്യർ ഉത്തരം പറയേണ്ടിയും വരുന്ന സാഹചര്യമുണ്ടായി. ഇതോടെ തന്നെ ഡബ്ല്യൂസിസിയുടെ വേദികളിൽ നിന്ന് മഞ്ജുവാര്യർ വിട്ടു നിന്നിരുന്നു. ഇതോടെ ഈ സംഘടന സജീവമല്ലാതെയാവുകയും ചെയ്തു. അമ്മയിൽ ദിലീപ് തിരിച്ചെത്തിയതോടെ സിനിമയിലെ സ്ത്രീ വിരുദ്ധത ചർച്ചയാക്കി വനിതാ സംഘടന എത്തുകയും ചെയ്തു.

മോഹൻലാലാണ് താരസംഘടനയുടെ പ്രസിഡന്റ്. ഇടവേള ബാബു ജനറൽ സെക്രട്ടറിയും. എക്‌സിക്യൂട്ടീവിൽ ബഹുഭൂരിഭാഗവും ദിലീപിന്റെ കടുത്ത അനുയായികളാണ്. ഭാരവാഹികളും അങ്ങനെ തന്നെ. ഈ സാഹചര്യത്തിൽ താരസംഘടനയ്‌ക്കെതിരെ വനിതാ കൂട്ടായ്മ നടത്തിയ പ്രസ്താവനയെ ഗൗരവത്തോടെ കാണണമെന്ന നിലപാടാണ് അമ്മയിൽ ചർച്ചയായത്. മഞ്ജു വാര്യർ അടക്കമുള്ളവരോട് വിശദീകരണം തേടാനും തീരുമാനിച്ചു. എന്നാൽ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ തനിക്ക് പങ്കില്ലെന്നാണ് സിനിമയിലെ സുഹൃത്തുക്കളോടെ മഞ്ജു എടുക്കുന്ന നിലപാട്. ആക്രമിക്കപ്പെട്ട താരത്തിനൊപ്പം നിൽക്കുമ്പോഴും 'അമ്മ'യെ തള്ളിപ്പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജു സുഹൃത്തുക്കളോട് വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ താൻ പരസ്യമായി തന്നെ വനിതാ കൂട്ടായ്മ വിടുകയാണെന്നും മഞ്ജു നിലപാട് എടുത്തതായാണ് സൂചന. വനിതാ കൂട്ടായ്മയുടെ പൊതുമുഖമായി താൻ മാറിയ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇത്. ഭാവിയിലും ചിലരുടെ വ്യക്തിതാൽപ്പര്യങ്ങൾ അനുസരിച്ചുള്ള പോസ്റ്റുകളെത്തിയാൽ അതിനൊക്കെ താൻ എങ്ങനെ ഉത്തരവാദിത്തം പറയുമെന്ന വിഷയമാണ് മഞ്ജു ഉയർത്തുന്നത്.

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസിയിൽ വന്ന ഫെയ്സ് ബുക്ക് പോസ്റ്റിൽ അമ്മയുടെ നേതൃത്വം കുടത്ത നിരാശയിലായിരുന്നു. ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന തരത്തിൽ വനിതാ കൂട്ടായ്മ പ്രവർത്തിച്ചുവെന്നാണ് വിലിയുരത്തൽ. ഈ സാഹചര്യത്തിൽ വനിതാ കൂട്ടായ്മയുടെ ഭാഗമായ 'അമ്മ'യിലെ അംഗങ്ങൾക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. മഞ്ജു വാര്യർ, പാർവ്വതി, റിമാ കല്ലിംഗൽ, രമ്യാനമ്പീശൻ അടക്കമുള്ളവർക്ക് അച്ചടക്ക നടപടിയുടെ തുടക്കമെന്നോണം വിദശീകീരണം ആവശ്യപ്പെട്ടേക്കും. അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു ഇതിനുള്ള ചരട് വലികളിലാണ്. എന്നാൽ വിഷയത്തെ സങ്കീർണ്ണാവസ്ഥയിലേക്ക് കൊണ്ടു പോകരുതെന്ന നിലപാടിലാണ് മോഹൻലാൽ. ഇതുമായി ബന്ധപ്പെട്ട് അമ്മയിലെ ഉന്നതർ മഞ്ജുവുമായി ബന്ധപ്പെട്ടു. ഇതോടെയാണ് തനിക്ക് ഈ പോസ്റ്റുമായി ഒരു ബന്ധവുമില്ലെന്ന് വിശദീകരിച്ചത്. പൊതു സമൂഹത്തിൽ അമ്മയെ താഴ്‌ത്തിക്കെട്ടാൻ താനില്ലെന്ന നിലപാടിലാണ് മഞ്ജു. ഈ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മയുടെ ഔദ്യോഗിക സംവിധാനത്തിൽ നിന്നും മഞ്ജു മാറുന്നത്.

വനിതാ കൂട്ടായമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് കടുത്ത അച്ചടക്ക ലംഘനമാണ്. സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിൽ രമ്യാനമ്പീശൻ അംഗമായിരുന്നു. അമ്മയുടെ വാർഷിക പൊതുയോഗത്തിന് തലേദിവസം ചേർന്ന എക്സിക്യൂട്ടീവാണ് യോഗത്തിന്റെ അജണ്ട നിശ്ചയിച്ചത്. ഈ യോഗത്തിൽ രമ്യാ നമ്പീശൻ എത്തിയില്ല. അമ്മയുടെ പൊതുയോഗവും ഡബ്ല്യൂസിസി അംഗങ്ങൾ ബഹിഷ്‌കരിച്ചു. അതിന് ശേഷം കാര്യമറിയാതെ അമ്മയെ വിമർശിക്കുന്ന തരത്തിൽ വനിതാ കൂട്ടായ്മയിൽ പോസ്റ്റെത്തി. ഇത് അമ്മയെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യർ, പാർവ്വതി, റിമാ കല്ലിംഗൽ, രമ്യാനമ്പീശൻ എന്നിവർക്ക് നോട്ടീസ് നൽകുന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നത്. മഞ്ജു സംഘടനയിൽ നിന്ന് രാജിവച്ചാൽ ഈ വിശദീകരണത്തിന് ഉത്തരം നൽകേണ്ടി വരില്ല. എന്നാൽ റിമാ കല്ലിംഗൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതിനെ തുടർന്ന് സിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് ഏഴ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.

യോഗത്തിൽ പങ്കെടുക്കാതിരുന്നതുകൊണ്ട് ഡബ്ല്യുസിസി അംഗങ്ങൾ വാർത്താമാധ്യമങ്ങളിൽ നിന്നാണ് വിവരമറിഞ്ഞത്. ,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്? സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്? . ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ-എന്നി ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇത് അമ്മയ്ക്ക് കടുത്ത ക്ഷീണമുണ്ടാക്കി. ഇത്തരത്തിലൊരു പ്രസ്താവന ഫെയ്സ് ബുക്ക് പേജിൽ ഇടുന്നതിന് മുമ്പ് അമ്മയുടെ നേതൃത്വത്തോട് അംഗങ്ങൾ വിശദീകരണം ചോദിക്കണമായിരുന്നു. തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. ഡബ്യുസിസി അവൾക്കൊപ്പമെന്നും വിശദീകരിച്ചിരുന്നു. ഇതോടെ ദിലീപ് അനുകൂലികളും ചർച്ചയിൽ സജീവമായി.

മാധ്യമങ്ങളെ, ഫെമിനിച്ചികളെ, അമ്മയിൽ നിന്നും പുറത്താക്കിയ അവയ്ലബിൾ എക്‌സ്‌ക്യൂട്ടീവ് തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ല. നിങ്ങൾക്ക് ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ നിന്നും, സോഷ്യൽമീഡിയാ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരല്ല മലയാളികൾ. ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത് ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക് മാത്രമല്ല,ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത 'സഹപ്രവർത്തകർക്കും' ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോർക്കുമ്പോൾ ഒരു റിലാക്‌സേഷനുണ്ട്-ഇതായിരുന്നു ദിലീപ് ഫാൻസ് പേജിലൂടെ ദിലീപ് അനുകൂലികൾ വനിതാ കൂട്ടായ്മയ്ക്ക് മറുപടി നൽകിയത്.

അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് ചാനലുകളിൽ ദിലീപ് പക്ഷത്ത് നിന്ന് ഉറച്ച് വാദിക്കുന്ന നടൻ മഹേഷാണ്. മഹേഷും ദിലീപിനായി വാദങ്ങളുമായെത്തി. അമ്മ സംഘടന എന്തിനായിരുന്നു ദിലീപിനെ പുറത്താക്കിയത് എന്ന ചോദ്യത്തിന് മഹേഷിന്റെ മറുപടി ഇങ്ങനെ: ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ല. അത് വെറും സാങ്കൽപിക വാദം മാത്രമാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായതിനെ തുടർന്ന് ചേർന്ന അമ്മയുടെ അവെയ്‌ലബിൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. എന്നാൽ അമ്മ ബൈലോ പ്രകാരം , അവെയ്‌ലബിൾ കമ്മിറ്റി ചേർന്ന് ഒരാഴ്ചയ്ക്കകമോ, 10 ദിവസത്തിനുള്ളിലോ ഫുൾ കോറം ചേരണം. രണ്ടു മാർഗങ്ങളാണ് ഒരാളെ പുറത്താക്കാൻ സ്വീകരിക്കേണ്ടത്. ജനറൽ ബോഡി ചേർന്ന് ഭൂരിപക്ഷത്തോടെ പുറത്താക്കണം. ദിലീപിനോട്് വിശദീകരണം ചോദിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഒരവസരം കൂടി കൊടുക്കണം. ഇതല്ലെങ്കിൽ വിശദീകരണത്തിനായി ദിലീപിന് കത്തുകൊടുക്കാം. അല്ലെങ്കിൽ നേരിട്ട് അറിയിക്കാം. ഇതൊന്നും അന്നത്തെ അവെയ്‌ലബിൾ കമ്മിറ്റിയോ ഫുൾ കമ്മിറ്റിയോ ചെയ്യാത്ത സാഹചര്യത്തിൽ ദിലീപിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ പുറത്താക്കിയിട്ടില്ല.

അന്ന് പൃഥ്വിരാജ്, രമ്യാനമ്പീശൻ, ആസിഫ് അലി എന്നിവരുടെ നിലപാടുകൾ സുവ്യക്തമായിരുന്നു. ഒരുനടൻ തന്റെ നിലപാടിനോട് ചേർന്ന തീരുമാനമല്ല കമ്മിറ്റി എടുക്കുന്നതെങ്കിൽ അത് പുറത്തുവന്നുപറയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.അന്ന് സമ്മർദ്ദത്തിന്റെ ഫലമായാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. എന്നാൽ, തുടർനടപടികൾ എടുക്കാത്ത സാഹചര്യത്തിൽ ആ നടപടിക്ക് നിലനിൽപ്പില്ല. ഡബ്ല്യുസിസി അംഗങ്ങൾ അമ്മയിലെ അംഗങ്ങളാണല്ലോ. ആ പുലികൾക്ക് നട്ടെല്ലുണ്ടെങ്കിൽ നിവർന്ന് നിന്ന് ചോദ്യം ചോദിക്കണം. ഒളിയുദ്ധമല്ല വേണ്ടത്, ഒളിയുദ്ധം നാണക്കേടാണ്.ഉചിതമായ തീരുമാനമെടുക്കാൻ അമ്മയ്ക്ക് ശക്തിയുണ്ട്.ആർജ്ജവമുണ്ടെങ്കിൽ ചുണയുണ്ടെങ്കിൽ ജനറൽ ബോഡിയിൽ വന്ന് ചോദിക്കണമായിരുന്നു.കഴിഞ്ഞ ജനറൽ ബോഡിയിൽ, 385 പേരെങ്കിലും ഉണ്ടായിരുന്നു. ഡബ്ല്യുസിസിക്ക് ഒരുമിച്ച് വന്ന് അവതരിപ്പിക്കാമായിരുന്നു. പത്രങ്ങളിൽ നിന്ന് അറിഞ്ഞുവെന്ന് പറയുന്നവർ അമ്മയിൽ അംഗങ്ങളല്ലേ? പതുങ്ങി നിന്ന് മറഞ്ഞ് നിന്ന് ചോദിക്കുന്ന ചോദ്യത്തിന് അമ്മ എന്തിന് മറുപടി നൽകണം?-ഇതാണ് മഹേഷ് ഉയർത്തിയ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP