Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് കോടി എത്തിയത് ബാംഗ്ലൂരിലെ മരുന്ന് മാഫിയാ തലവൻ 'കൂളിന്'; പണമിടപാട് നടന്നത് നോട്ട് നിരോധനത്തിന് മുമ്പ്; പദ്ധതി പൊളിച്ചത് മോദിയുടെ ഡിമോണിടൈസേഷൻ; സതീഷ് നായർ വെറുമൊരു ഏജന്റുമാത്രം; കേരളത്തിലെ ബിജെപിയെ അഴിമതിക്കുരുക്കിൽ പെടുത്തിയ മെഡിക്കൽ കോഴയിൽ ഐബി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

അഞ്ച് കോടി എത്തിയത് ബാംഗ്ലൂരിലെ മരുന്ന് മാഫിയാ തലവൻ 'കൂളിന്'; പണമിടപാട് നടന്നത് നോട്ട് നിരോധനത്തിന് മുമ്പ്; പദ്ധതി പൊളിച്ചത് മോദിയുടെ ഡിമോണിടൈസേഷൻ; സതീഷ് നായർ വെറുമൊരു ഏജന്റുമാത്രം; കേരളത്തിലെ ബിജെപിയെ അഴിമതിക്കുരുക്കിൽ പെടുത്തിയ മെഡിക്കൽ കോഴയിൽ ഐബി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ബിജെപി ഘടകത്തെ വെട്ടിലാക്കിയ മെഡിക്കൽ കോഴയിലെ യഥാർത്ഥ ഇടനിലക്കാരനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസ് കണ്ടെത്തി. ബംഗ്‌ളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടനിലക്കാരനാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ സ്വാധീനിച്ച് കാര്യങ്ങൾ നീക്കാൻ ശ്രമം നടത്തിയത്. മരുന്ന് മാഫിയയുടെ ഭാഗമായി 'കൂൾ' എന്ന് വിളിപ്പേരുള്ള ബംഗളൂരുക്കാരനിലേക്ക് അന്വേഷണം എത്തുന്നത്. സതീഷ് നായർ വെറുമൊരു ഇടനിലക്കാരനാണെന്നും ഐബി കണ്ടെത്തി. വർക്കലയിലെ എസ് എർ മെഡിക്കൽ കോളേജിൽ നിന്ന് വാങ്ങിയ അഞ്ച് കോടി എത്തിയത് 'കൂൾ' എന്ന് വിളിപ്പേരുള്ള മാഫിയാ തലവനിലേക്കാണ്. നോട്ട് നിരോധനത്തിന് മുമ്പാണ് ഇടപാടുകൾ നടന്നതെന്നും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.

കേരളത്തിലും വേരുകളുള്ള മാഫിയാ തലവനാണ് കൂൾ. കേരളത്തിലെ കോൺഗ്രസുകാർ പോലും കൂളിന്റെ സുഹൃത്തുക്കളാണ്. മിക്ക സംസ്ഥാനത്തും മരുന്നുകളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഡ്രഗ് കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഈ വ്യക്തിയുടെ ഏജന്റ് മാത്രമാണ് സതീഷ് നായർ. എസ് ആർ മെഡിക്കൽ കോളേജിൽ നിന്ന് വാങ്ങിയ 5 കോടി ഈ വ്യക്തിയിലേക്കാണ് എത്തിയത്. ഹവാല ഇടപാടുകൾ നടന്നത് നോട്ട് നിരോധനത്തിന് മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയതായാണ് സൂചന. 30 കോടിയുടെ ഇടപാടാണ് മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് 'കൂൾ' വാങ്ങാറ്. അത്രയും തുക ഇവിടേയും പറഞ്ഞുറപ്പിച്ചതാണെന്ന് വിലയിരുത്തുന്നു. ഇതെല്ലാം അട്ടിമറിച്ചത് നോട്ട് നിരോധനമാണെന്നാണ് കണ്ടെത്തൽ.

നോട്ട് നിരോധിക്കുന്നതിന് മുമ്പാണ് മെഡിക്കൽ കോഴയിലെ ഇടപാട് നടന്നത്. ഇരുപത് കോടിയോളം രൂപ കുറഞ്ഞത് പറഞ്ഞുറപ്പിച്ചു. ആദ്യ ഘട്ടമായി 5.60 കോടി കൈമാറി. ഇത് കൂളിന് കിട്ടി. എന്നാൽ ബാക്കി തുക നൽകാനായില്ല. ഇതോടെ പ്രശ്‌നങ്ങൾ തുടങ്ങി. നോട്ട് നിരോധനമാകാം ഈ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. നോട്ട് നിരോധനത്തോടെ പണം കൈമാറാൻ പറ്റാത്ത സാഹചര്യം വന്നു. ഇതോടെ എസ് ആർ ഇടപാടിൽ നിന്ന് പിന്മാറി. ആദ്യം കൊടുത്ത 5.60 കോടി തിരികെ ചോദിച്ചു. എന്നാൽ ഇടനിലക്കാരായ ആർഎസ് വിനോദിനോ സതീഷ് നായർക്കോ അതിന് കഴിയുമായിരുന്നില്ല. കൂളിന്റെ കൈയിലേക്ക് തുകയെത്തി. ഈ പണം പലർക്കും വീതിച്ച്ു നൽകിയെന്നും ബാക്കി തുക കിട്ടിയാൽ മെഡിക്കൽ കോളേജിന് അംഗീകാരം ഉറപ്പാക്കാമെന്നും കൂൾ നിലപാട് എടുത്തു. ഇത് അംഗീകരിക്കാൻ എസ് ആർ മെഡിക്കൽ കോളേജ് ഉടമ ഷാജി തയ്യാറായില്ലത്രേ.

ഇതോടെയാണ് പരാതിയും പ്രശ്‌നങ്ങളും തുടങ്ങുന്നത്. പണം കിട്ടിയേ മതിയാകൂവെന്ന നിലപാടുമായി പലരോടും വിനോദിനെ കുറിച്ച് പരാതി പറഞ്ഞു. ഒടുവിൽ അത് വെള്ളാപ്പള്ളി നടേശന് മുമ്പിലെത്തി. കുമ്മനം രാജശേഖരനെ പ്രശ്‌നങ്ങൾ അറിയിക്കാനും തീരുമാനിച്ചു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കുമ്മനം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഹവാല ഇടപാടും കണ്ടു പിടിച്ചു. എന്നാൽ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ തീയതിയെ കുറിച്ച് വ്യക്തമായ പരമാർശം ഇല്ലായിരുന്നു. ഇതോടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കാര്യങ്ങളെത്തി. ഇത് മോദി സർക്കാരിനേയും പ്രതിരോധത്തിലാക്കി. എന്നാൽ കൂളിന്റെ ഇടപെടലിലൂടെ രാജ്യത്ത് പലർക്കും ഇത്തവണ മെഡിക്കൽ സീറ്റുകൾ കിട്ടിയിട്ടുണ്ട്.

ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ആർ എസ് വിനോദും എംടി രമേശും തമ്മിലെ ബന്ധമാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഐബി വിലയിരുത്തുന്നു. അന്വേഷണത്തിലൂടെ മാത്രമേ വിനോദും രമേശും തമ്മിലെ പങ്ക് വ്യക്തമാകൂ. ഇടപാടിൽ കേരളത്തിലുള്ളവർക്കും സാമ്പത്തിക നേട്ടും ഉണ്ടായിട്ടുണ്ടെന്ന് തന്നെയാണ് ദേശീയ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നോട്ട് നിരോധനത്തിന് മുമ്പ് പണം മുഴുവൻ കൈമാറിയിരുന്നുവെങ്കിൽ 'കൂൾ' എല്ലാം ശരിയാക്കി കൊടുക്കുമായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി കൂളിനുള്ള ബന്ധത്തെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ് കോഴ വിവാവാദത്തിൽ ബിജെപി നേതാക്കൾക്ക് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. ബിജെപി അന്വേഷണ കമ്മീഷൻ അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാൽ ആരും വിജിലൻസിന് മുമ്പിൽ എത്തിയിട്ടില്ല. സ്വാശ്രയ കോളേജിന് മെഡിക്കൽ കോളേജ് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലൻസ് പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബിജെപിയുടെ അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറിനുമാണ് വിജിലൻസ് നോട്ടീസ് നൽകിയത്. ഇവരുടെ അന്വേഷണ കമ്മീഷനാണ് കോഴ വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.

തെളിവുകൾ ലഭിച്ചാൽ രണ്ടു സാധ്യതകളാണ് വിജിലൻസിന് മുന്നിലുള്ളത്. കേസ് രജിസറ്റർ ചെയ്ത് അന്വേഷണം നടത്തുക, മറ്റൊന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട മെഡിക്കൽ കൗൺസിലിൽ നിന്നുവരെ വിവരങ്ങൾ ശേഖരിക്കേണ്ടതിനാൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുക. അതേ സമയം വിജിലൻസ് അന്വേഷണത്തിന് സാധുതയുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നതെന്ന് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനിടെയാണ് ഐബിയുടെ കണ്ടെത്തൽ വിവരങ്ങൾ എത്തുന്നത്. വിഷയം ഒതുക്കി തീർക്കാനാണ് ബിജെപി ശ്രമം. സംഭവത്തിൽ ബിജെപി നേതാക്കൾക്ക് പങ്കില്ലെന്ന മൊഴി ഷാജി വിജിലൻസിന് നൽകിയിട്ടുണ്ട്.

മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട് അഴിമതി ദേശീയ തലത്തിൽ നടന്നതാണ്. വിഷയം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. കേന്ദ്രം ഭരിക്കുന്നതു ബിജെപി ആയതിനാൽ കേന്ദ്ര അന്വേഷണത്തിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്. ലോധ കമ്മിറ്റിയേയും സുപ്രീം കോടതിയുടെ അഞ്ച് അംഗ സമിതിയേയും മറികടന്നാണ് മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകിയത്. ലോധ കമ്മിറ്റിയുടെ കാലാവധി തിരും വരെ അനുമതി നൽകാൻ കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ നടക്കുന്ന അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. മൂന്നു വർഷത്തെ നരേന്ദ്ര മോദി സർക്കാർ ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്ന് ഈ അഴിമതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നുവെന്നും ചെന്നിത്തല അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP