Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് നിരോധനവും വിദേശ ഫണ്ടിനുള്ള കർശന നിരീക്ഷണവും കെപി യോഹന്നാന്റെ അടിത്തറ ഇളക്കുമോ? ഒരു മാസം നടത്താൻ ആവശ്യമായ 45 ലക്ഷം രൂപ പോലും കണ്ടെത്താനാവാതെ വന്നതോടെ ആത്മീയ യാത്ര പൂട്ടിക്കെട്ടാനൊരുങ്ങി ബിലീവേഴ്‌സ് ചർച്ച്; കോടീശ്വരനായ മെത്രാപൊലീത്തയ്ക്ക് അമേരിക്കയിലെ കേസും വിനയായതായി റിപ്പോർട്ട്

നോട്ട് നിരോധനവും വിദേശ ഫണ്ടിനുള്ള കർശന നിരീക്ഷണവും കെപി യോഹന്നാന്റെ അടിത്തറ ഇളക്കുമോ? ഒരു മാസം നടത്താൻ ആവശ്യമായ 45 ലക്ഷം രൂപ പോലും കണ്ടെത്താനാവാതെ വന്നതോടെ ആത്മീയ യാത്ര പൂട്ടിക്കെട്ടാനൊരുങ്ങി ബിലീവേഴ്‌സ് ചർച്ച്; കോടീശ്വരനായ മെത്രാപൊലീത്തയ്ക്ക് അമേരിക്കയിലെ കേസും വിനയായതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോട്ട് നിരോധനവും വിദേശ ഫണ്ടിനുമുള്ള നിയന്ത്രണവും ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തെ പോലും പ്രതിസന്ധിയിലാക്കി. കൃത്യസമയത്ത് തുടർച്ചയായ രണ്ടാം മാസവും മാധ്യമത്തിന് ശമ്പളം നൽകാനായില്ല. ഇപ്പോഴിതാ കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചർച്ചും പ്രതിസന്ധിയിലേക്ക് പോകുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു. സ്വന്തമായി സഭയുള്ള ശതകോടീശ്വരനായ ബിഷപ്പാണ് കെപി യോഹന്നാൻ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ബിഷപ്പിന്റെ നേതൃത്വത്തിലുള്ള ആത്മീയ യാത്ര ചാനൽ വമ്പൻ പ്രതിസന്ധിയെയാണ് നേരിടുന്നത്. അമേരിക്കയിലാണ് യോഹന്നാന് പ്രധാനമായും ഫണ്ട് ലഭിച്ചിരുന്നത്. ഇവിടെയുണ്ടായ ഒരു കേസും ഇതിനൊപ്പം മോദി സർക്കാരിന്റെ കർശന നിയന്ത്രണങ്ങളും ആത്മീയയാത്ര ഉപേക്ഷിക്കാൻ ബിഷപ്പ് കെ .പി യോഹന്നാനെ നിർബന്ധിതമാക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബിലീവേഴ്‌സ് ചർച്ചിന്റെ മുഖമായ ആത്മീയ യാത്ര ചാനൽ പൂട്ടാൻ തീരുമാനിച്ചുവെന്നാണ് സൂചന. നിലവിൽ കേബിൾ ശൃംഖലയിലാണ് എ വൈ എന്ന ആത്മീയ യാത്രാ ചാനൽ കാണുന്നത്. ഇനി തുടർന്ന് കേബിൾ കമ്പനികൾക്ക് പണം അടക്കാൻ കഴിയാത്ത ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് ചാനൽ ഉള്ളതെന്നാണ് സൂചന. വിദേശത്തു നിന്നുള്ള പണം വിനിയോഗിക്കുന്നതിന് കർശന നിയന്ത്രണം ഉണ്ടായ സാഹചര്യത്തിൽ ചാനലിനായി പണം വകമാറ്റി ചെലവഴിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ കേബിളുകൾക്ക് പണം നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്. അങ്ങനെ വന്നാൽ ചാനൽ കേബിളുകളിൽ നിന്ന് അപ്രത്യക്ഷമാകും. ജൂൺ മാസം മുതൽ ഗുരുതര പ്രതിസന്ധിയിൽ ചാനൽ അകപ്പെട്ടു. ഇതേ തുടർന്ന് ചാനലിലെ മുഴുവൻ ജീവനക്കാരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഒരു മാസം ചാനൽ നടത്താൻ വേണ്ടത് 45 ലക്ഷം രൂപയാണ്. ഇത് പോലും നൽകാൻ ശത കോടികളുടെ ആസ്തിയുള്ള യോഹന്നാന് കഴിയുന്നില്ല.

പത്തു കൊല്ലം മുമ്പാണ് തിരുവല്ലയിൽ നിന്നും ആത്മീയ യാത്ര എന്ന മുഴുവൻ സമയ സുവിശേഷ ചാനൽ പ്രവർത്തനം തുടങ്ങിയത്. നരേന്ദ്ര മോദി സർക്കാർ നോട്ട് പിൻവലിക്കൻ ഏർപ്പെടുത്തിയ ശേഷമാണ് ചാനലിൽ പ്രതിസന്ധി ഉടലെടുത്തത്. വിശ്വാസികൾ സംഭാവനയായി നൽകുന്ന പണം ഉപയോഗിച്ചാണ് ചാനൽ പ്രവർത്തനം നടത്തിവന്നത് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ നോട്ടു പിൻവലിക്കലിന് ശേഷം എല്ലാം തകിടം മറിയുകയായിരുന്നു. വിദേശ പണം വരുന്നതിന് നിയന്ത്രണവും വ്യക്തമായ കണക്കും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടി വന്ന സാഹചര്യം ചാനലിന്റെ തുടർ പോക്കിന് തടസ്സമായി എന്നാണ് വിവരം. ഒരു മാസത്തിനകം ചാനൽ അടച്ചുപൂട്ടുമെന്നാണ് സൂചനകൾ. ഏഷ്യാനെറ്റ് കേബിൾ വിഷൻ ഉൾപ്പടെയുള്ള കേബിൾ കമ്പനികളുമായുള്ള കരാറും പുതുക്കാത്ത സാഹചര്യമാണ് ഇത്തരമൊരു സംശയം ഉയരാൻ കാരണം. ചാനൽ പൂട്ടുന്നതോടെ നൂറോളം പേർക്കാണ് തൊഴിൽ നഷ്ടമാവുക.

അതിനിടെ നോട്ട് നിരോധനത്തിന്റെ പേരുദോഷം മാറാൻ ചാനൽ സജീവമായി നിലനിർത്താനുള്ള തന്ത്രങ്ങളും ആത്മീയയാത്രയുടെ അണിയറക്കാർ നടത്തുന്നുണ്ട്. എങ്ങനേയും ഫണ്ട് കണ്ടെത്താനാണ് നീക്കം. കെപി യോഹന്നാനെതിരെ അമേരിക്കയിൽ ഉയർന്ന ആരോപണങ്ങളും ഫണ്ട് വരവ് കുറച്ചെന്നാണ് സൂചന. പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്.

മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിക്കേണ്ടതുമില്ല. എന്നാൽ വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റി.

2013-ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനമായിരുന്ന ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. അമേരിക്കയിലെ പടിഞ്ഞാറൻ പ്രദേശമായ അർക്കൻസാസിലെ ജില്ലാ കോടതിയാണ് യോഹന്നാനെതിരായ ഹർജി എത്തിയത്. ഇതോടെ ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പൽ ഫോർ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കേസും

ജീവകാരുണ്യ പ്രവർത്തനത്തിനായി പിരിച്ചെടുത്ത ആയിരക്കണക്കിന് ഡോളർ രൂപ ലാഭമുണ്ടാക്കാനുള്ള വ്യവസായങ്ങളിലും ഭൂമി വാങ്ങിക്കൂട്ടാനും മറ്റും നിക്ഷേപിച്ചതാണ് യോഹന്നാനെതിരെ ഇവാഞ്ചലിക്കൽ കൗൺസിലും നടപടിയെടുക്കാൻ കാരണം. ഇതിനു പുറമേ കേസ് കൂടിയായതോടെ ഇനി അമേരിക്കയിൽനിന്ന് യോഹന്നാന് ഒഴുകിയെത്തുന്ന കോടിക്കണക്കിനു ഡോളറുകളിൽ വൻ കുറവുമുണ്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോദി സർക്കാരിന്റെ നോട്ട് നിരോധനവും യോഹന്നാന് വെല്ലുവിളിയാത്. ചെറുവള്ളി എസ്‌റ്റേറ്റും നഷ്ടമാകുന്ന അവസ്ഥയിലാണ്. ഇവിടെയാണ് എരുമേലി വിമാനത്താവളം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനാണ് നീക്കം. ഇങ്ങനെ വന്നാൽ 2000 ഏക്കറോളം കണ്ണായ ഭൂമിയും യോഹന്നാന് നഷ്ടമാകും. ഹാരിസണിൽ നിന്ന് വില കൊടുത്താണ് ഈ ഭൂമി യോഹന്നാൻ വാങ്ങിയത്. എന്നാൽ ഇത് കൈയേറ്റ ഭൂമിയാണെന്നാണ് സർക്കാർ വാദം.

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ൽ കേവലം 900/ രൂപ മുടക്കുമുതലിൽ തിരുവല്ല സബ്രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി പ്രവർത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായധർമ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നത്.

മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നീ കാര്യങ്ങൾ പറഞ്ഞ് യു.കെ, യു.എസ്.എ, കാനഡ, സ്വിറ്റ്സർലാന്റ്, ജർമ്മനി, തായ്വാൻ ആസ്ട്രേലിയ, ബഹറിൻ എന്നീ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ ഈ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഈ പണത്തിനും മോദിയുടെ നോട്ട് നിരോധനം കുറവ് വരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP