Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈക്രോമാക്‌സ് കമ്പനിയുടെ വ്യാജ ഫോണുകളുടെ കുത്തൊഴുക്ക് കേരള വിപണയിലേക്ക്; ഫോൺ വാങ്ങി കേടാവുന്നവർ വാറന്റിക്ക് ചെല്ലുമ്പോൾ വ്യാജമെന്ന് പറഞ്ഞ് കൈമലർത്തി കമ്പനി: 6000രൂപയ്ക്ക് ഫോൺ വാങ്ങി 15 ദിവസം ഉപയോഗിച്ചു കേടായ മൈക്രോമാക്‌സ് ഫോണുമായി നീതി തേടുന്ന യുവാവിന്റെ കഥ

മൈക്രോമാക്‌സ് കമ്പനിയുടെ വ്യാജ ഫോണുകളുടെ കുത്തൊഴുക്ക് കേരള വിപണയിലേക്ക്; ഫോൺ വാങ്ങി കേടാവുന്നവർ വാറന്റിക്ക് ചെല്ലുമ്പോൾ വ്യാജമെന്ന് പറഞ്ഞ് കൈമലർത്തി കമ്പനി: 6000രൂപയ്ക്ക് ഫോൺ വാങ്ങി 15 ദിവസം ഉപയോഗിച്ചു കേടായ മൈക്രോമാക്‌സ് ഫോണുമായി നീതി തേടുന്ന യുവാവിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആറായിരം രൂപക്ക് വാങ്ങിയ പുതിയ മൊബൈൽ ഫോൺ 15 ദിവസം കഴിഞ്ഞപ്പോൾ നിശ്ചലം. ഉപയോഗശൂന്യമായ മൊബൈൽ കടയുടമയെ കാണിച്ചപ്പോൾ സർവ്വീസ് സെന്ററിൽ നൽകാൻ നിർദ്ദേശം. 45 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വ്യാജനെന്ന് വിധിയെഴുതി ഇക്കൂട്ടരും കൈമലർത്തി. മുടക്കായ പണം തിരിച്ചുകിട്ടാൻ ഉപയോക്താവ് നെട്ടോട്ടത്തിൽ.

കോട്ടപ്പടി വടാശ്ശേരി ഇടത്തയിൽ വിഷ്ണുകൃഷ്ണനാണ് വ്യാജമൊബൈൽ വിൽപ്പനസംഘത്തിന്റെ തട്ടിപ്പിൽ കുരുങ്ങി പണം നഷ്ടമായത്. സംഭവം സംബന്ധിച്ച് വിഷ്ണു കോതമംഗലം സി ഐ ക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ഏപ്രിൽ 25ന് കോതമംഗലം ബസേലിയോസ് ആശുപത്രിക്ക് സമീപത്തെ എം എസ് മൊബൈൽ എന്ന സ്ഥാപനത്തിൽ നിന്നും മൈക്രോമാക്‌സ് കമ്പനിയുടെ കാൻവാസ് ഫയർ 2 മോഡൽ ഫോൺ വാങ്ങി. 6000 രൂപയായിരുന്നു വില. 15 ദിവസത്തെ ഉപയോഗത്തിന് ശേഷം നിരവധി തകരാറുകളെത്തുടർന്ന് ഫോൺ ഉപയോഗശൂന്യമായി.അടിക്കടി റീസ്റ്റാർട്ടാവുകയും ചൂടാവുന്നതുമായിരുന്നു പ്രധാന തകരാർ.ഫോൺ വാങ്ങിയ സ്ഥാപനത്തിലെത്തി വിവരം പറഞ്ഞപ്പോൾ സർവ്വീസ് സെന്ററിൽ നൽകിയാൽ വാറന്റിയിൽ നന്നാക്കി നൽകുമെന്നു ജീവനക്കാരൻ പറഞ്ഞു.

ഇതുപ്രകാരം ഫോൺ മെയ് 25ന് പെരുമ്പാവൂരിലെ സർവ്വീസ് സെന്ററിൽ ഏൽപ്പിച്ചു. ഈ മാസം 2ന് സർവ്വീസ് സെന്ററിൽ എത്തിയപ്പോൾ നന്നാക്കാനേൽപ്പിച്ച മൊബൈൽ ടാക്‌സ് വെട്ടിച്ച് ചൈനയിൽനിന്നും ചെന്നൈ വഴി ഇറക്കുമതി ചെയ്തതാണെന്നും അതിനാൽ വാറന്റിയിൽ നന്നാക്കി നൽകാനാവില്ലന്നും ജീവനക്കാർ രേഖാമൂലം അറിയിച്ചു. വീണ്ടും ഫോൺ വാങ്ങിയ ഷോപ്പിലെത്തി വിവരം പറഞ്ഞപ്പോൾ തനിക്കൊന്നും ചെയ്യാനില്ലെന്നും പണം വേണമെങ്കിൽ കേസു കൊടുക്കാനും ഷോപ്പിലെ ജീവനക്കാരൻ പറഞ്ഞു.

പിതാവ് മരണപ്പെട്ട മതൃസഹോദരിയുടെ മകൾക്ക് ഏറെ ക്ലേശങ്ങൾ സഹിച്ചാണ് താൻ ഈ ഫോൺ വാങ്ങി നൽകിയതെന്നും ഇത് ഉപയോഗശൂന്യമായ സാഹചര്യത്തിൽ തങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം ലഭിക്കാൻ സഹായിക്കണമെന്നും വിഷ്ണു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പ് വ്യാപകമാണെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽപ്പെട്ട പതിനായിരക്കണക്കിന് വ്യാജ മൊബൈൽ ഫോണുകൾ വിൽപ്പനശാലകളിൽ എത്തിയിട്ടുണ്ടെന്നാണ് അംഗീകൃത വിൽപ്പന ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരം. യഥാർത്ഥ വിലയിൽനിന്നും രണ്ടായിരം രൂപവരെ കുറവിൽ ലഭിക്കുന്നതിനാൽ വിൽപ്പനക്കാർ ഇത് വൻതോതിൽ വാങ്ങി സ്‌റ്റോക്ക് ചെയ്യുകയും ചെയ്യുന്നു.

കോതമംഗലത്തെ തന്നെ പ്രമുഖമൊബൈൽ വിൽപ്പന കേന്ദ്രത്തിൽ ഇത്തരത്തിൽപ്പെട്ട 25 ഓളം വ്യാജഫോണുകൾ വിൽപ്പന നടത്തിയിരുന്നു.കേടുപാടുകളെത്തുടർന്ന് ഉപയോക്താക്കൾ കസ്റ്റമർ സർവ്വീസ് സെന്ററുകളിൽ എത്തുകയും ഫോൺ വ്യാജനാണെന്ന് ഇവിടെ നിന്നും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഉപയോക്താക്കൾ ഫോൺ വാങ്ങിയ സ്ഥാപനത്തിൽ വിവരമറിയിച്ചു.ഇതേത്തുടർന്ന് കേടുപാടുകൾ നേരിട്ട വ്യാജ ഫോണുകളിൽ മിക്കതും ഉപയോക്താക്കളിൽ നിന്നും സ്ഥാപന നടത്തിപ്പുകാർ തിരികെ വാങ്ങി ഈടാക്കിയ പണം തിരികെ നൽകുകയും ചെയ്തു. പിന്നീട് കേടുപാടുകൾ തീർത്ത ഇത്തരത്തിൽപ്പെട്ട ഫോണുകൾ സെക്കന്റ്‌സ് ഫോണുകളുടെ കൂട്ടത്തിൽ വിൽപ്പന നടത്തി കടയുടമ തടിയൂരുകയും ചെയ്തു.

വ്യാജ മൊബൈലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതായി വിവരം ലഭിച്ചതോടെ കമ്പനി തങ്ങൾ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിയിട്ടുള്ള ഫോണുകളുടെ സീരിയൽ നമ്പറുകൾ അംഗീകൃത കസ്റ്റമർ സെന്ററുകൾക്ക് കൈമാറിയിരുന്നു. ഇതുമൂലം ഇവിടങ്ങളിൽ റിപ്പയറിനെത്തുന്ന വ്യാജഫോണുകളെ എളുപ്പത്തിൽ തിരിച്ചറിയാനും കഴിഞ്ഞു. ഇതാണ് ഉപയോക്താക്കൾ കബളിപ്പിക്കപ്പെട്ട വിവരം പുറത്തറിയാൻ കാരണം.

വ്യാജഫോണുകൾ വിൽപ്പന നടത്തിയവരിൽനിന്നും വിവരങ്ങൾ ശേഖരിച്ച് ഇതിന്റെ മൊത്തവിതരണക്കാരെ കുടുക്കാൻ ഫോൺ നിർമ്മാതാക്കൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസിൽ ലഭിച്ചിട്ടുള്ള പരാതി ഈ വഴിക്കുള്ള തങ്ങളുടെ നീക്കത്തിന് വേഗം പകരുമെന്നാണ് ഇക്കൂട്ടരുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP