Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻ ഭാഗവത് എത്തിയത് ഒരുക്കങ്ങൾ വിലയിരുത്താൻ; സന്യാസിമാരെ ഉദ്ഘാടനത്തിന് ഉറപ്പാക്കിയത് സർ സംഘചാലക്; വെള്ളാപ്പള്ളിയുടെ യാത്രയുടെ സംഘാടനം ആർഎസ്എസിന് തന്നെ; പുതിയ പാർട്ടിയിലേക്ക് കുമ്മനം രാജശേഖരനെ നിയോഗിക്കുന്നതും പരിവാറിന്റെ പരിഗണനയിൽ

മോഹൻ ഭാഗവത് എത്തിയത് ഒരുക്കങ്ങൾ വിലയിരുത്താൻ; സന്യാസിമാരെ ഉദ്ഘാടനത്തിന് ഉറപ്പാക്കിയത് സർ സംഘചാലക്; വെള്ളാപ്പള്ളിയുടെ യാത്രയുടെ സംഘാടനം ആർഎസ്എസിന് തന്നെ; പുതിയ പാർട്ടിയിലേക്ക് കുമ്മനം രാജശേഖരനെ നിയോഗിക്കുന്നതും പരിവാറിന്റെ പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയുടെ വിലയിരുത്തലുകൾക്കായാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാവതിന്റെ കണ്ണൂർ സന്ദർശിച്ചതെന്ന് സൂചന. വെള്ളാപ്പള്ളിയുടെ യാത്രയുടെ വിശദാംശങ്ങളെല്ലാം മോഹൻ ഭാഗവതിനെ കേരളത്തിലെ ആർഎസ്എസ്എസ് നേതൃത്വം അറിയിച്ചു. യാത്രയുടെ ഉദ്ഘാടനത്തിന് കേരളത്തിലെ സന്യാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് സർ സംഘ ചാലകിന്റെ യാത്രയുടെ പ്രധാന ഉദ്ദേശം. കണ്ണൂരിലെ ആർഎസ്എസ് പ്രാന്തീയ കാര്യകർതൃ വികാസ വർഗ്ഗിൽ പങ്കെടുക്കാനായുള്ള യാത്രക്കിടയിൽ കൊളത്തൂർ അദ്വൈതാശ്രമത്തിൽ മോഹൻ ഭാഗവത് എത്തിയത് ഈ ലക്ഷ്യത്തോടെയാണ്. കൊളത്തൂർ മഠാധിപതി സ്വാമി ചിദാനന്ദപുരിയുമായുള്ള കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിരുന്നു. വെള്ളാപ്പള്ളിയുടെ യാത്രയുടെ മുഖ്യ സംഘാടകർ എന്ന നിലയിലാണ് ഈ നീക്കങ്ങൾക്ക് മോഹൻ ഭാഗവത് തന്നെ നേരിട്ട് എത്തിയത്.

സാധാരണ ഇത്തരം ചർച്ചകൾക്ക് ആർഎസ്എസിന്റെ മുതിർന്ന നേതാവ് പോകുന്ന പതിവില്ല. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഭൂരിപക്ഷ സമുദായ പാർട്ടിയെന്ന ലക്ഷ്യത്തോടെ വെള്ളാപ്പള്ളി നടത്തുന്ന യാത്ര അതി നിർണ്ണായകമാണെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട്. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയാണ് വെള്ളാപ്പള്ളിയെ പരിവാരുമായി അടുപ്പിച്ചത്. ഈ സാഹചര്യത്തിൽ പുതിയ പാർട്ടിയുടെ രൂപീകരണത്തിൽ ഉൾപ്പെടെ നിർണ്ണായക സ്വാധീനം ഉണ്ടാക്കണമെന്നാണ് ആർഎസ്എസ് പക്ഷം. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നേരിട്ടെത്തി മോഹൻ ഭാഗവത് ചർച്ചകൾ നടത്തിയത്. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് കേരളത്തിലെ എല്ലാ പ്രധാന ആശ്രമങ്ങളിലേയും സന്യാസിമാരെ ഉറപ്പാക്കുകയായിരുന്നു ചിദാനന്ദപുരിയുമായുള്ള ചർച്ചയുടെ ഉദ്ദേശം. കേരളത്തിലെ സന്യാസി കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനത്ത് ചിദാനന്ദപുരിയാണുള്ളത്. പരിവാർ സംഘടനകൾ മുൻകൈയെടുത്താണ് ഇത്തരമൊരു കൂട്ടായ്മ ഉണ്ടാക്കിയത്. അതിന്റെ അധ്യക്ഷനെന്ന നിലയിൽ ചിദാനന്ദപുരിയുടെ പിന്തുണ ഉറപ്പാക്കിയാണ് വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് സന്യാസിമാരെ ആർഎസ്്എസ് ഉറപ്പാക്കുന്നത്.

യാത്ര പ്രഖ്യാപിക്കുമ്പോൾ ശ്രീ ശ്രീ രവിശങ്കറിനെ ഉദ്ഘാടകനാക്കാനായിരുന്ന പദ്ധതി. ഈ ഉറപ്പ് ആർഎസ്എസ് നേതൃത്വം വെള്ളാപ്പള്ളിക്ക് നൽകുകയും ചെയ്തുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം എതിരാകുമെന്ന ഭയത്തിൽ ഉദ്ഘാടകനാകാൻ ശ്രീ ശ്രീ രവിശങ്കർ വിസമ്മതിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് മുൻതൂക്കമുണ്ടായതോടെ സ്ഥിതി ഗതികൾ മാറിയിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കറെ സമാപന സമ്മേളനത്തിൽ എത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം. മാതാ അമൃതാനന്ദമയീ ദേവിയോ ശ്രീ ശ്രീ രവിശങ്കറോ സമാപന സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സംഘാടകർ നൽകുന്ന സൂചന. എന്നാൽ ഇതിന് സ്ഥിരീകരണം നൽകാൻ മാതാ അമൃതാനന്ദമയീ മഠമോ ആർട്ട് ഓഫ് ലീവിങ്ങോ തയ്യാറായിട്ടുമില്ല.

അതിനിടെയിൽ സമത്വസന്ദേശ യാത്രയുടെ അവസാന പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തെ കുറിച്ചും ചർച്ചകൾ സംഘപരിവാറിൽ സജീവമായി. വെള്ളാപ്പള്ളി നടേശൻ തന്നെ നേതൃസ്ഥാനത്ത് വേണമെന്നാണ് ആഗ്രഹം. കെപിഎംഎസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും മതിയായ പ്രാതിനിധ്യം നൽകും. എന്നാൽ പാർട്ടിയിലെ രണ്ടാമനായി ആർഎസ്എസ് പ്രചാരകൻ കുമ്മനം രാജശേഖരനെയാണ് ഉദ്ദേശിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന നിലയിലാകും പാർട്ടിയുമായി കുമ്മനം സഹകരിക്കുകയെന്നാണ് സൂചന. കുമ്മനത്തെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാക്കാനാണ് നീക്കം. പക്ഷേ ഇതിനോട് കുമ്മനം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് കുമ്മനം സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമായി ചൂണ്ടികാണിക്കുന്നത്. എന്നാൽ ഭൂരിപക്ഷ ഹൈന്ദവ രാഷ്ട്രീയത്തെ നയിക്കാൻ ആർഎസ്എസിൽ കുമ്മനത്തോളം പോന്ന മറ്റൊരു പേരില്ലെന്നാണ് പരിവാർ സംഘടനകളുടെ വാദം.

നവകേരള സൃഷ്ടിയും അവഗണനയിലാണ്ട ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യവും ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റയാത്ര നാളെയാണ് തുടങ്ങുന്നത്. രാവിലെ 9.30ന് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ കെടാവിളക്ക് തെളിയിക്കും. ഈ യോഗത്തിൽ കുമ്മനം രാജശേഖരനും പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥ, സ്വാമി ശാരദാനന്ദ (ശിവഗിരിമഠം), സ്വാമി അമൃത കൃപാനന്ദപുരി( അമൃതാനന്ദമയീമഠം), സ്വാമി ആത്മസ്വരൂപാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), സ്വാമി പ്രേമാനന്ദ (തീർത്ഥങ്കരാശ്രമം), സ്വാമി ഗോരഖ്‌നാഥ് (അഗസ്ത്യ സിദ്ധാശ്രമം), കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി എന്നിവർ സമത്വ മുന്നേറ്റ ജ്യോതി പ്രകാശനം നിർവ്വഹിക്കും. ഭൂരിപക്ഷ സമുദായ ഐക്യത്തിന് സന്യാസിമാരുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് മോഹൻ ഭാഗവത് നേരിട്ടെത്തി സന്യാസിമാരുടെ സാന്നിധ്യം ഉറപ്പാക്കിയതും.

നാളെ വൈകുന്നേരം 3 മണിക്ക് കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സജ്ജമാക്കിയിരിക്കുന്ന വേദിയിൽ നടക്കുന്ന പൊതു സമ്മേളനത്തിന് ശേഷം അനന്തപുരിയിലേക്ക് യാത്ര ആരംഭിക്കും. കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു, മലബാർ നായർ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌കരൻപിള്ള, കേരള ധീവരസഭ പ്രസിഡന്റ് പി.ഡി. സോമകുമാർ, ജനറൽ സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലം, സാംബവമഹാസഭ പ്രസിഡന്റ് ഐ. ബാബു, മുന്നാക്കസമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് സി.എസ്. നായർ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. അക്കീരമൺ കാളിദാസ ഭട്ടതിരി അദ്ധ്യക്ഷത വഹിക്കും.

ഡിസംബർ അഞ്ചിന് വൈകിട്ട് ശംഖുംമുഖം കടപ്പുറത്ത് അഞ്ചുലക്ഷം പേർ പങ്കെടുക്കുന്ന മഹാസംഗമത്തോടെ യാത്ര അവസാനിക്കും. പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനവും അന്ന് ഉണ്ടാകുമെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷ ഐക്യത്തിനും ഉന്നതിക്കുമായി എൻഎസ്എസ്സുമായി ചർച്ച നടത്താനും എസ്എൻഡിപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP