Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനക്കൊമ്പിൽ പുലിമുരുകനായി നിയമങ്ങൾ വളഞ്ഞു; അംബേദ്കറായി വേഷമിട്ട മമ്മൂട്ടിക്ക് കടവന്ത്രയിൽ സർക്കാർ വക ആറു സെന്റ് ഭൂമി സൗജന്യം; ജയസൂര്യക്കു രാഷ്ട്രീയ പ്രമുഖന്റെ സമ്മർദ്ദത്തിൽ ലഭിച്ചത് നാലു സെന്റ്; വെള്ളിത്തിരയിലെ സൂപ്പർതാരങ്ങൾക്ക് വേണ്ടി ഏത് തടസ്സുവും വഴിമാറും; ഗാന്ധിജിയായി അഭിനയിച്ചാൽ സൗജന്യ ഭൂമി കിട്ടുമോ?

ആനക്കൊമ്പിൽ പുലിമുരുകനായി നിയമങ്ങൾ വളഞ്ഞു; അംബേദ്കറായി വേഷമിട്ട മമ്മൂട്ടിക്ക് കടവന്ത്രയിൽ സർക്കാർ വക ആറു സെന്റ് ഭൂമി സൗജന്യം; ജയസൂര്യക്കു രാഷ്ട്രീയ പ്രമുഖന്റെ സമ്മർദ്ദത്തിൽ ലഭിച്ചത് നാലു സെന്റ്; വെള്ളിത്തിരയിലെ സൂപ്പർതാരങ്ങൾക്ക് വേണ്ടി ഏത് തടസ്സുവും വഴിമാറും; ഗാന്ധിജിയായി അഭിനയിച്ചാൽ സൗജന്യ ഭൂമി കിട്ടുമോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കൊച്ചിയിൽ ഭൂമി കയ്യേറ്റവിഷയത്തിൽ ബാഹ്യസമ്മർദ്ദത്തെ തുടർന്ന് റവന്യൂവകുപ്പ് സിനിമതാരങ്ങൾക്ക് അനുകൂലമായ നിലപാടെടുത്തെന്നും ഇതുവഴി സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായെന്നും ആക്ഷേപം. ദിലീപിന്റെ ഡി സിനിമാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുയർന്ന ഭൂമി കയ്യേറ്റ വിവാദം സംബന്ധിച്ച് റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് കൊച്ചിക്കാരായ താരങ്ങളുടെ ഭൂമി ഇടപാടുകളിലുണ്ടായ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

അംബേദ്കറുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള സിനിമയിൽ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കടവന്ത്രയിൽ സർക്കാർ ആറ് സെന്റ് ഭൂമി സൗജന്യമായി നൽകിയെന്നും ജയസൂര്യക്ക് നാല് സെന്റ് കയ്യേറ്റ ഭൂമി രാഷ്ട്രീയ രംഗത്തെ പ്രമുഖന്റെ സമ്മർദ്ദത്തെത്തുടർന്ന് വിട്ടുനൽകിയെന്നുമാണ് സിനിമാരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇക്കൂട്ടർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഭരണ-രാഷ്ട്രീയ രംഗത്ത് നിർണ്ണായക സ്വാധീനമുള്ള ഇവരിൽ ചിലർ ഇത് സംബന്ധിച്ച് പുനരന്വേഷണം നടത്താൻ റവന്യൂവകുപ്പിൽ സമ്മർദ്ദം ചെലത്തുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. സിനിമാ രംഗത്തുള്ളവരുടെ അനധികൃത ഭൂമി ഇടപാടുകൾ മുഴുവൻ പുറത്തു വരട്ടെയെന്നും ഇക്കാര്യത്തിൽ ദിലീപിനേ മാത്രം ക്രൂശിക്കുന്നത് ശരിയല്ലെന്നുമാണ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സിനിമാ രംഗത്തെ പ്രമുഖൻ ഇതേക്കുറിച്ച് പ്രതികരിച്ചത്.

മഹാത്മാഗാന്ധിയേക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുകയും ഞാൻ അതിൽ അഭിനയിക്കുകയും ചെയ്താൽ എനിക്കും സർക്കാർ ഭൂമി നൽകേണ്ടി വരില്ലേ എന്നായിരുന്നു മമ്മൂട്ടിക്കായുള്ള ഭൂമിദാനത്തേക്കുറിച്ച് ഇദ്ദേഹത്തിന്റെ പ്രതികരണം. റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തിൽ ജയസൂര്യ ആറ് സെന്റ് ഭൂമി കയ്യേറിയതായി കണ്ടെത്തിയെന്നും എന്നാൽ ഇതിൽ രണ്ടുസെന്റിന് പ്രദേശത്തെ മതിപ്പ് വില ഈടാക്കി ഇളംകുളം വില്ലേജ് ഓഫീസിൽ നിന്നും പട്ടയം നൽകിയിട്ടുള്ളുവെന്നും ബാക്കി നാല് സെന്റ് കയ്യേറ്റ ഭൂമി ഇപ്പോഴും ജയസൂര്യയുടെ കൈവശമുണ്ടെന്നുമാണ് ഉന്നത റവന്യൂവകുപ്പ് അധികൃതരെ ബന്ധപ്പെട്ട് ഇവരിൽ ചിലർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് രേഖാമൂലം ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കണയന്നൂർ താലൂക്ക് ഓഫീസിൽ നിന്നും ലഭിച്ച വിവരം.

ജയസൂര്യ ചിലവന്നൂരിൽ മൂന്ന് സെന്റിലധികം കായൽ തീരം കയ്യേറി നിർമ്മാണപ്രവർത്തനം നടത്തിയതായും ഇത് പൊളിച്ചു നീക്കണമെന്നും കാണിച്ച് കൊച്ചി കോർപ്പറേഷൻ കത്ത് നൽകിരുന്നു. പൊതുപ്രവർത്തകനായ ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് കോർപ്പറേഷൻ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. കോർപ്പറേഷൻ ആവശ്യപ്പെട്ട പ്രകാരം കണയന്നൂർ താലൂക്ക് ഓഫീസിൽ നിന്നുള്ള സർവ്വേയർ സ്ഥലം അളക്കുകയും കയ്യേറ്റം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്നും കയ്യേറ്റം സംബന്ധിച്ച് നടപടിയെടുക്കാതിരുന്ന കോർപ്പറേഷന്റെ നിലപാടിനെതിരെ ഗിരീഷ്ബാബു നിയമനടപടിയുമായി രംഗത്തെത്തി. ഇതേത്തുടർന്ന് ഭൂമി കയ്യേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ട് കോർപ്പറേഷൻ സെക്രട്ടറി ഒരുവർഷം മുമ്പ് തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് നടപടികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി ആരംഭിച്ചതോടെ ഇവിടേക്ക് മാറ്റിയിരുന്നു. ഈ കേസിനെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നും പുറത്തുവന്നിട്ടില്ല.

കൊച്ചു കടവന്ത്രയിൽ ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമ്മിച്ചുവെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ജഡ്ജി പി. മാധവൻ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി കോർപറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എം. ജോർജ്, നിലവിലുള്ള അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ. നിസാർ, കൊച്ചി താലൂക്ക് സർവെയർ രാജീവ് ജോസഫ്, നടൻ ജയസൂര്യ എന്നിവരെ ഒന്നു മുതൽ അഞ്ചു വരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എം. ജോർജ്, നടൻ ജയസൂര്യ എന്നിവരുടെ പങ്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാൽ ഇവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. മറ്റ് പ്രതികളുടെ പങ്ക് വെളിവാകുന്ന മുറയ്ക്ക് മാത്രമേ പ്രതിയാക്കാൻ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്‌പിക്കാണ് അന്വേഷണചുമതല. ഭൂമി കൈയേറ്റം സംബന്ധിച്ച് 2013 ഓഗസ്റ്റ് ഒന്നിന് കൊച്ചി കോർപറേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് 2014 ഫെബ്രുവരി 25ന് കോർപറേഷൻ നോട്ടീസ് നൽകി. എന്നാൽ നിർമ്മാണം നീക്കാൻ താരം തയാറായില്ല. ഇതേ തുടർന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കണയന്നൂർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തി. എന്നാൽ കൊച്ചിൻ കോർപറേഷൻ അധികൃതരേയും താലൂക്ക് സർവേയറേയും സ്വാധീനിച്ച് തുടർ നടപടികൾ മരവിപ്പിച്ചെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കായൽ കൈയേറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ഗിരീഷ് ബാബു തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ജഡ്ജി എസ്.എസ്. വാസൻ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവെയർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഭൂമി അളന്ന സർവെയർ കൈയേറ്റം നടന്നതായി ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ ചെറിയ നടപടിയിൽ എല്ലാം ഒതുങ്ങിയെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ സിപിഐയിലെ പ്രമുഖ നേതാവ് ചരടുവലിച്ചുവെന്നാണ് ആക്ഷേപം.

മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ എറണാകുളം കടവന്ത്രക്ക് സമീപം ചിലവന്നൂരിലുള്ള സ്ഥലത്ത് പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിക്രമം പാലിച്ചും സ്വാഭാവിക നീതി ഉറപ്പാക്കിയും നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന എറണാകുളം സബ്കോടതി ഉത്തരവ് ഹൈക്കോടതി പുനഃസ്ഥാപിച്ചിരുനനു. വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത്. സബ്കോടതി ഉത്തരവ് റദ്ദാക്കിയ ജില്ലാ കോടതി നടപടിക്കെതിരെ കൊച്ചി നഗരസഭ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പി. ഭവദാസന്റെ ഉത്തരവ് പുറത്തുവന്നത്. ചിലവന്നൂരിൽ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും കൈവശത്തിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്ത് 16.5 സെന്റ് കായൽ പുറമ്പോക്ക് ഉൾപ്പൈട്ടന്ന് ചൂണ്ടിക്കാട്ടി നഗരസഭ നടപടിയാരംഭിച്ചപ്പോഴാണ് ഇവർ സബ്കോടതിയെ സമീപിച്ചത്. ഭൂമി കൈവശം വെച്ച് സ്വതന്ത്രമായി അനുഭവിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടാക്കരുതെന്ന് ചൂണ്ടിക്കാട്ടി സബ്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമാനുസൃത നടപടി തുടരുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയത്. ഉത്തരവിലെ ഈ പരാമർശത്തിനെതിരെയാണ് മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചത്. കായൽ പുറമ്പോക്കിന്റെ ഉടമസ്ഥത നഗരസഭക്കല്ലെന്ന് ചൂണ്ടിക്കാണിച്ച സബ്കോടതി ഉത്തരവാണ് ജില്ലാ കോടതി റദ്ദാക്കിയത്. ഈ കേസും ഒതുക്കി തീർത്തുവെന്നാണ് ആരോപണം.

ആനക്കൊമ്പ് കേസിൽ മോഹൻലാലിനേയും വഴിവിട്ട് രക്ഷിക്കാൻ നീക്കം നടന്നു. നിയമങ്ങൾ പോലും മാറ്റിയെഴുതിയാണ് ലാലിനെ രക്ഷിച്ചതെന്ന ആരോപണും ശക്തമാണ്. സിനിമാക്കാർക്ക് മുമ്പിൽ ഭരണകൂടം വഴിവിട്ട് വഴങ്ങുന്നതിന്റെ സൂചനയാണ് ഈ കേസുകളെന്നാണ് വിലയിരുത്തലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP