Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോശം നടിമാർ മാത്രം കിടക്ക പങ്കിട്ടാൽ മതിയെന്ന കഥ പൊളിഞ്ഞു; ഇന്നസെന്റ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും; സമ്മർദ്ദം കൂട്ടാൻ രാജിക്കത്ത് മമ്മൂട്ടിക്ക് കൈമാറി മോഹൻലാൽ; അമ്മയുടെ എല്ലാ ഭാരവാഹികളും ഒന്നിച്ചു സ്ഥാനം ഒഴിയാൻ സാധ്യത; എല്ലാ കണ്ണുകളും ബാലചന്ദ്രമേനോനിലേക്കും കുഞ്ചാക്കോയിലേക്കും; താരസംഘടനയിൽ സർവ്വത്ര അനിശ്ചിതത്വം

മോശം നടിമാർ മാത്രം കിടക്ക പങ്കിട്ടാൽ മതിയെന്ന കഥ പൊളിഞ്ഞു; ഇന്നസെന്റ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും; സമ്മർദ്ദം കൂട്ടാൻ രാജിക്കത്ത് മമ്മൂട്ടിക്ക് കൈമാറി മോഹൻലാൽ; അമ്മയുടെ എല്ലാ ഭാരവാഹികളും ഒന്നിച്ചു സ്ഥാനം ഒഴിയാൻ സാധ്യത; എല്ലാ കണ്ണുകളും ബാലചന്ദ്രമേനോനിലേക്കും കുഞ്ചാക്കോയിലേക്കും; താരസംഘടനയിൽ സർവ്വത്ര അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം മൊഹൻലാൽ രാജി വച്ചതായി സൂചന. ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണ് മോഹൻലാലിന്റെ പിന്മാറ്റമെന്നാണ് അറിയുന്നത്. രാജിക്കാര്യം മമ്മൂട്ടിയേയും അറിയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ രാജി അമ്മയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തതായും മറുനാടൻ മലയാളിക്ക് വ്യക്തമായ സൂചന ലഭിച്ചു. എന്നാൽ മോഹൻലാലിനോട് രാജിവയ്ക്കരുതെന്നും സംഘടനയെ പ്രതിസന്ധിയിലാക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടതായാണ് സൂചന. സംഘടനയിലെ നിലവിലെ എല്ലാ ഭാരവാഹികളും ഒരുമിച്ച് രാജി വയ്ക്കാമെന്നാണ് മമ്മൂട്ടിയുടെ പക്ഷം. അതിനിടെ ഇന്നസെന്റും അമ്മയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ്. ചികിൽസയിലുള്ള ഇന്നസെന്റ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

ചാലക്കുടിയുടെ എംപിയാണ് ഇന്നസെന്റ്. ഈ സാഹചര്യത്തിൽ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ലെന്ന് സി.പി.എം ഇന്നസെന്റിനെ അറിയിച്ചിട്ടുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമെന്ന സ്ഥാനം മുകേഷും ഒഴിയും. എന്നാൽ കെബി ഗണേശ് കുമാറിനോട് സി.പി.എം നേരിട്ട് ഈ ആവശ്യം ഉന്നയിക്കില്ല. എന്നാൽ മോഹൻ ലാൽ ആവശ്യപ്പെട്ടാൽ ഗണേശ് കുമാറും രാജി വയ്ക്കും. നിലവിലെ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്ര മേനോനെയാണ് പ്രധാനമായും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ഈ സ്ഥാനത്തോട് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാൽ നിർണ്ണായക ഘട്ടത്തിൽ സംഘടനയുടെ തലപ്പത്ത് വരാൻ ബാലചന്ദ്രമേനോൻ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. സംഘടനയിൽ പൊതു സമ്മതനെന്ന പരിഗണനയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തിൽ സംഘടനയുടെ ഭാരവാഹികൾ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസിൽ സംശയ നിഴലിലുള്ള വ്യക്തിയെ പിന്തുണച്ചവർക്ക് സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ അർഹതയില്ലെന്നാണ് ഇവരുടെ നിലപാട്. ജനാധിപത്യ രീതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കുഞ്ചാക്കോ ബോബനെ പോലൊരാൾ വരുന്നതിനോടാണ് പലർക്കും താൽപ്പര്യം. എന്നാൽ സംഘടനയിലെ ഭൂരിപക്ഷവും സൂപ്പർതാരങ്ങൾക്കൊപ്പമാണ്. അതുകൊണ്ട് തന്നെ മോഹൻലാലും മമ്മൂട്ടിയും വിചാരിക്കുന്നതേ നടക്കൂ. ഈ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്രമേനോൻ തന്നെയാകും പ്രസിഡന്റ് എന്നാണ് സൂചന. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കാളിയെന്ന നിലയിൽ പ്രതിയാകുന്നവരെയെല്ലാം സംഘടനയിൽ നിന്ന് സസ്പെന്റ് ചെയ്ത് നിർത്തണമെന്ന ആവശ്യവും ഉയരും. ഇത് അംഗീകരിക്കപ്പെട്ട ദിലീപ് സ്വാഭാവികമായും സംഘടനയുടെ ട്രഷറർ അല്ലാതെയാകും. ഇതിനുള്ള കരുനീക്കമാണ് നടക്കുന്നത്.

താര സംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗവും എംഎൽഎയുമായ കെ.ബി. ഗണേശ് കുമാർ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ 'അമ്മ' ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേശ് കുമാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന 'അമ്മ'യുടെ യോഗത്തിന് മുൻപ് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നത്. ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗണേശ് കുമാർ കത്തിൽ ഉന്നയിക്കുന്നത്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്റ് ഇടപെട്ടില്ല. നടി ആക്രമിക്കപ്പെട്ടപ്പോൾ 'അമ്മ'യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ അത്മാഭിമാനമാണെന്ന് ഓർക്കണമെന്നും ഗണേശ് കത്തിൽ പറയുന്നു. സംഘടന നടീനടന്മാർക്ക് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഗണേശിനെ ഏവരും സമാധാനിപ്പിക്കുകയും ചെയ്തു.

അതിന് ശേഷമാണ് കത്ത് പുറത്തായത്. ഇത് ഇന്നസെന്റിന് ഏറെ നാണക്കേടായി. ഇതിന് പിന്നാലെ ഇടതുപക്ഷവും കടുത്ത നിലപാട് എടുത്തു. എന്നാൽ ഇന്നസെന്റ് സ്ഥാനം രാജി വച്ചില്ല. വീണ്ടും ഇന്നസെന്റിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. സിനിമയിൽ ലൈംഗിക പീഡനമില്ലെന്ന് ഇന്നസെന്റ് പറയുകയും ചെയ്തു. കാര്യങ്ങൾ അങ്ങനെയല്ലെന്ന് തുറന്ന് പറഞ്ഞ് വിമെൻ കളക്ടീവ് ഇൻ സിനിമയും. നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയാള സിനിമയിൽ പുതിയ വിവാദവുമെത്തുന്നു. സിനിമാ വേദിയിൽ സ്ത്രീപീഡന സംഭവങ്ങളൊന്നും ഇപ്പോഴില്ല. അതൊക്കെ പണ്ടായിരുന്നു. നടിമാർ മോശമാണെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരും. അല്ലാതെ സിനിമയിൽ എല്ലാം ക്ലീൻ ക്ലീൻ ലൈനിലാണ് നടക്കുന്നതെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. ഇതിനെയാണ് സ്ത്രീ കൂട്ടായ്മ ചോദ്യം ചെയ്യുന്നത്. മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമെൻ ഇൻ കളക്ടീവ് ഇന്നസെന്റിന്റെ പ്രസ്താവനയെ കടന്നാക്രമിക്കുകയാണ്. ഇത് സിനിമയിൽ പുതിയ ചർച്ചകൾക്കും വഴി വച്ചു. ഇതിനിടെയാണ് ദിലീപിന്റെ അറസ്റ്റ്.

താരസംഘടനയായ അമ്മയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂരിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ പരാമർശം ഉണ്ടായത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പാർവ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവർത്തകർ ഇന്നസെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാർ മോശമാണെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരുമെന്നും പറഞ്ഞു. ' ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാൽ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആൾക്കാരോടും ആളുകൾ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കിൽ അവര് ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീൻ ക്ലീൻ ലൈനിലാണ് ആ വക കാര്യങ്ങൾ നടക്കുന്നത്' എന്നാണ് ഇന്നസെന്റ് മറുപടി നൽകിയത്.

സംവരണത്തിലൂടെ ഒരു സ്ത്രീയെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരാനാകില്ല. നേതൃത്വത്തിലേക്ക് കഴിവും മികവുമുള്ളവരാണ് വരേണ്ടത്. ഏതെങ്കിലും സംവരണം കൊണ്ട് നേതൃത്വത്തിൽ വരുന്നവർ ശരിയാകില്ല. സംഘടന നേരിടുന്ന താൽക്കാലിക പ്രശ്‌നങ്ങളുടെ പേരിൽ ഓടിപ്പോകില്ല. അതൊക്കെ ഇതിന്റെ ഭാഗമാണ്. മുന്നോട്ടും അവ നേരിടുക തന്നെ ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. ദിലീപ് തെറ്റ് ചെയ്തില്ലെന്ന വാദം വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിൽ സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. കേസിൽ ഇരയ്ക്ക് നീതി കിട്ടണം എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണം. ദിലീപും ഇരയും സംഘടനയിൽ അംഗങ്ങളാണ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറയുന്നതെന്നും ഇന്നെസെന്റ് വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൂടി ദിലീപുമായി ഇക്കാര്യം സംസാരിച്ചു. എടാ...ദിലീപേ...സത്യം പറ. ഇതിൽ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നടിയുടെ പേര് പറഞ്ഞതിന് സംഘടനയിൽ ചിലർക്കെതിരേ നടപടിയെടുത്തു. ആരാണ് നടിയെന്ന് എല്ലാവർക്കുമറിയാം എന്നിരുന്നാലും നിയമപരമായ ബാധ്യത വച്ചാണ് മിണ്ടാതിരിക്കുന്നതെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്നസെന്റിനെ പരസ്യമായി തള്ളിപ്പറഞ്ഞ് വിമെൻ കൂട്ടായ്മ എത്തിയത്. ഇതോടെ സിനിമാ മേഖലയിലെ ചേരിതിരിവ് വീണ്ടും ചർച്ചയാവുകയാണ്. ഇതിന് പുതിയ തലം നൽകുന്നതാണ് ദിലീപിന്റെ അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP