Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിയൻ നേതാക്കൾ വീണ്ടും തോറ്റു; പെൺപിളൈ ഒരുമൈക്കാർ മുഖ്യമന്ത്രിയെ കണ്ട് ഒത്തു തീർപ്പിന് തയ്യാറാണെന്ന് അറിയിച്ചു; 350 രൂപ ദിവസക്കൂലി നൽകുമെന്ന് ഇന്നോ നാളയോ സർക്കാർ പ്രഖ്യാപിക്കും; യൂണിയൻ സമരം തുടർന്നാലും സ്ത്രീകൾ ജോലികൾ തുടരും

യൂണിയൻ നേതാക്കൾ വീണ്ടും തോറ്റു; പെൺപിളൈ ഒരുമൈക്കാർ മുഖ്യമന്ത്രിയെ കണ്ട് ഒത്തു തീർപ്പിന് തയ്യാറാണെന്ന് അറിയിച്ചു; 350 രൂപ ദിവസക്കൂലി നൽകുമെന്ന് ഇന്നോ നാളയോ സർക്കാർ പ്രഖ്യാപിക്കും; യൂണിയൻ സമരം തുടർന്നാലും സ്ത്രീകൾ ജോലികൾ തുടരും

മൂന്നാർ: തിരുവനന്തപുരത്ത് ഇന്നു വീണ്ടും പി.എൽ.സി ചർച്ച നടക്കാനിരിക്കേ തോട്ടം തൊഴിലാളി സമരം അവസാനിക്കുമെന്ന് സൂചന. ഏതായാലും മൂന്നാറിലെ സമരക്കാര്യത്തിൽ സർക്കാരിന് അനുകൂലമായി കാര്യങ്ങൾ എത്തിക്കഴിഞ്ഞു. 350 രൂപയുടെ ദിവസക്കൂലിയെന്ന സർക്കാർ നിർദ്ദേശം പെൺപിളൈ ഒരുമൈ അംഗീകരിച്ചു. ഇതിനൊപ്പം ബിപിഎൽ റേഷൻ കാർഡ് ഉൾപ്പെടെ വേണമെന്ന ആവശ്യവും സർക്കാർ അംഗീകരിക്കും. ഇതുണ്ടായാൽ മൂന്നാറിലെ സമരത്തിൽ നിന്ന് പെൺപിളൈ ഒരുമൈ പിന്മാറും. നാളെ മുതൽ അവർ ജോലിക്ക് കയറുകയും ചെയ്യും. ഇതോടെ യൂണിയൻ നേതാക്കൾ പ്രതിസന്ധിയിലുമാകും. നേരത്തെ മൂന്നാറിൽ ബോണസ് വിഷയത്തിൽ പെൺപിളൈ ഒരുമൈ നടത്തിയ സമരത്തിൽ യൂണിയനുകൾക്ക് വലിയ തിരിച്ചടി ഏറ്റിരുന്നു.

ഈ സാഹചര്യത്തിലാണ് മൂന്നാറിലും തോട്ടം മേഖലയിലും യൂണിയനുകൾ ശക്തമായ ഇടപെട്ടത്. ഇതിനിടെയാണ് പെൺപിളൈ ഒരുമൈ സർക്കാരുമായി ഒത്തു പോകാൻ തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പെൺപിളൈ ഒരുമൈ നേതാക്കൾ ഇതിന് സമ്മതം മൂളി. എന്നാൽ പിഎൽസി യോഗത്തിൽ യൂണിയൻ നേതാക്കൾ ദിവസക്കൂലി 500 രൂപയാക്കണമെന്ന നിർദ്ദേശത്തിൽ ഉറച്ചു നിന്നു. പെൺപിളൈ ഒരുമൈയുടെ സമരത്തെ തകർക്കുകയും തോട്ടം മേഖലയിലെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ തീരുമാനം അന്തിമമായി എത്തിയില്ല. ഈ സാഹചര്യത്തിൽ സമരം ശക്തമായി തുടർന്നു. അതിനിടെയാണ് മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് പെൺപിളൈ ഒരുമൈക്കാർ നിലപാട് എടുത്തത്. ഈ സാഹചര്യത്തിൽ ഇനി പിഎൽസി യോഗത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ സർക്കാർ പ്ര്ഖ്യാപിക്കും. തോട്ടം മേഖലയ്ക്ക് ചില ആശ്വാസങ്ങൾ നൽകി കൂലി 350 രൂപയായി പ്രഖ്യാപിക്കും.

മിനിമം കൂലിയിൽ വെറും 25 രൂപ വർദ്ധിപ്പിക്കാമെന്നാണ് തോട്ടമുടമകളുടെ നിലപാട്. അതിന് ആനുപാതികമായി ഇൻസെന്റീവ് അടക്കം നൽകും. എന്നാൽ കുറഞ്ഞത് 21കിലോ തേയില നുള്ളുന്നത് 31 കിലോ ആയി ഉയർത്തണം. അതിനനുസരിച്ചാവും ഇൻസെന്റീവിന്റെ അനുപാതം നിശ്ചയിക്കുക. 21കിലോ ആണ് മിനിമമെങ്കിലും തൊഴിലാളികൾ ഇപ്പോൾ തന്നെ 45 കിലോ വരെ നുള്ളി ഇൻസെന്റീവ് നേടുന്നുണ്ട്. ഇത്തരത്തിൽ നിരക്ക് പുതുക്കിയാൽ അടിസ്ഥാനശമ്പളവും ആനുകൂല്യവുമെല്ലാം ചേർത്ത് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന 344 രൂപ 395 രൂപയായി ഉയരുമെന്നാണ് ഉടമകളുടെ വാദം. ഇത് അംഗീകരിക്കുന്ന തരത്തിൽ 350 രൂപയായി ദിവസക്കൂലി ഉയർത്തും. ഇൻസെന്റീവെല്ലാം അടക്കം 450 രൂപവരെ കിട്ടുന്നതരത്തിലെ പാക്കേജാകും സർക്കാർ പ്രഖ്യാപിക്കുക. ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോർട്ടും മന്ത്രിസഭാ യോഗം അംഗീകരിക്കാനാകും സാധ്യത.

അതിനിടെ ബുധനാഴ്ചത്തെ ചർച്ചയിൽ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രിമാരെ വഴിയിൽ തടയുമെന്നും ട്രേഡ് യൂണിയന് വേണ്ടി വൈക്കം വിശ്വനും ഇളമരം കരീമും മുന്നറിയിപ്പ് നൽകി. വണ്ടിപ്പെരിയാറിലെ തോട്ടം തൊഴിലാളികൾ കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയ പാത ഉപരോധിച്ചു. തോട്ടം തൊഴിലാളികൾക്ക് അടുത്ത പി.എൽ.സി യോഗത്തിന് മുമ്പായി മിനിമം വേതനം പുതുക്കിനിശ്ചയിച്ച് വിജ്ഞാപനമിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരത്തിന് താൻ നേതൃത്വം നൽകുമെന്ന് ഇന്നലെ മുഖ്യമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ സമഗ്രമായി ചർച്ച ചെയ്യാൻ നിയമസഭ പ്രത്യേക സമ്മേളനം വിളിക്കണമെന്നും വി .എസ് ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചകഴിഞ്ഞാണ് തോട്ടം തൊഴിലാളി പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം നിശ്ചയിച്ചിരിക്കുന്നത്. പ്ലാന്റേഷൻ ലേബർ ആക്ട് വിഭാവന ചെയ്യുന്നത് സർക്കാർ മിനിമം വേതനം നിശ്ചയിക്കണമെന്നാണ്. കഴിഞ്ഞ എൽ. ഡി. എഫ് സർക്കാരിന്റെ കാലത്ത് ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ ഈ സർക്കാർ മിനിമം വേതനം പ്രഖ്യാപനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതാണ് പ്രശ്‌നങ്ങൾക്കു കാരണം. മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയുമടക്കം സർക്കാർ, കണ്ണൻ ദേവൻ കമ്പനിക്കും തോട്ടം ഉടമകൾക്കും വേണ്ടി വിടുപണി ചെയ്യുകയാണ്. പ്ലാന്റേഷൻ ലേബർ ആക്ട് തൊഴിലാളികൾക്ക് ഉറപ്പു നൽകുന്ന പാർപ്പിട, ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ തോട്ടമുടമകളെ പ്രേരിപ്പിക്കണം. തുച്ഛമായ ദിവസക്കൂലിയിൽ നിന്ന് ഇപ്പോൾ വിറകിന്റെയും വൈദ്യുതിയുടെയും പേരിൽ തോട്ടമുടമകൾ നിശ്ചിത തുക പിടിക്കുന്നത് ഒഴിവാക്കണം വി എസ് നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP