Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിൽ പോയ പെൺകുട്ടിയെ രണ്ട് മദ്യപാനികൾ പിടിച്ച് തള്ളിയപ്പോഴാണ് ഞാൻ ഓടി ചെന്നത്; അവർ അവളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങാതെ വന്നപ്പോളാണ് എന്നെ അനാശാസ്യക്കാരനാക്കിയത്; ഇന്ന് പൊലീസിൽ പരാതി നൽകും; കരുനാഗപ്പള്ളി സദാചാര പൊലീസുകാരുടെ മർദ്ദനത്തിന് ഇരയായ യുവാവിന് പറയാനുള്ളത്

പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിൽ പോയ പെൺകുട്ടിയെ രണ്ട് മദ്യപാനികൾ പിടിച്ച് തള്ളിയപ്പോഴാണ് ഞാൻ ഓടി ചെന്നത്; അവർ അവളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങാതെ വന്നപ്പോളാണ് എന്നെ അനാശാസ്യക്കാരനാക്കിയത്; ഇന്ന് പൊലീസിൽ പരാതി നൽകും; കരുനാഗപ്പള്ളി സദാചാര പൊലീസുകാരുടെ മർദ്ദനത്തിന് ഇരയായ യുവാവിന് പറയാനുള്ളത്

ആർ പീയൂഷ്

കരുനാഗപ്പള്ളി: വാലന്റെയിൻസ് ദിനത്തിൽ കൊല്ലം കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിന് സമീപം സദാചാര പൊലീസുകാരുടെ പീഡനത്തിനിരയായവർ നിയമനടപടികളുമായി മുന്നോട്ട് പോകും. പീഡിപ്പിക്കപ്പെട്ട യുവാവ് തന്നെയാണ് ഇക്കാര്യം മറുനാടനോട് പറഞ്ഞത്. പാലക്കാട് സ്വദേശി അനീഷും കൊല്ലം സ്വദേശിനിയായ പെൺകുട്ടിയും ആണ് സദാചാര പൊലീസിന്റെ പീഡനത്തിനിരയായവർ.

കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അനീഷ്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് അനീഷിനൊപ്പം സദാചാര പൊലീസിന്റെ പീഡനത്തിനിരയായത്. വാലന്റയിൻസ് ദിനത്തിൽ ബീച്ച് കാണാൻ പോയതാണ്. എന്നാൽ ഇവർ പ്രണയത്തിലല്ലെന്നും സഹോദരീ സഹോദരന്മാരെ പോലെയാണ് എന്നും അനീഷ് മറുനാടനോട് പറഞ്ഞു. 

ബീച്ച് കാണാൻ എത്തിയതിന് ശേഷം പെൺകുട്ടിക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടു. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാൽ ബീച്ചിന് പിൻഭാഗത്ത് കായലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയുമായി പോവുകയായിരുന്നു. അനീഷ് മാറി നിൽക്കുകയും പെൺകുട്ടി പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിലേക്ക് കയറി.

ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേർ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് പറയുന്നു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോൾ രണ്ട് പേർ ആക്രമിക്കുന്നതാണ് കണ്ടത്. അനീഷ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സദാചാരക്കാർ ഫോൺ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവർ ഞങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറയുന്നു.

എല്ലാവരും പെൺകുട്ടിയോട് ലൈംഗിക ബന്ധത്തിന് വരെ നിർബന്ധിപ്പിച്ചു എന്നും ഇയാൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും സിം കാർഡുകൾ ഊരി വാങ്ങുകയും ചെയ്തു. മാനഭയം മൂലമാണ് പൊലീസിൽ പരാതിപെടാതിരുന്നത്. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ സഹോദരിയെ പോലെ കണ്ട പെൺകുട്ടിയുമായി അനാശാസ്യത്തിലേർപ്പെട്ടപ്പോൾ പിടിച്ചു എന്ന ദൃശ്യം പ്രചരിച്ച സ്ഥിതിക്ക് സത്യാവസ്ഥ ഏവരെയും ബോധ്യപ്പെടുത്തണം. പെൺകുട്ടിയും വീട്ടുകാരും എന്റെയൊപ്പം ഇന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകാൻ എത്തും; അനീഷ് പറയുന്നു.

അതേ സമയം കേരളം ഒന്നടങ്കം സദാചാര പൊലീസിന്റെ കാടത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. സദാചാരക്കാരൻ മാരെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് അഴീക്കൽ നിവാസികൾ ഒന്നടങ്കം പറയുന്നുണ്ട്. സദാചാരക്കാരിൽ ഒരാൾ അഴീക്കൽ പാലത്തിന് സമീപമുള്ളയാളാണെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്. സ്വമേധയാ കേസെടുക്കാൻ പൊലീസിനു കഴിയുമെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാൻ പറ്റില്ല എന്നാണ് കരുനാഗപ്പള്ളി എ സി പി ശിവപ്രസാദ് പറയുന്നത്.

കരുനാഗപ്പള്ളി: യുവാവിനെയും യുവതിയെയും സദാചാര ഗുണ്ടകൾ മർദ്ധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങ ഇണ് വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. വാലന്റയിൻ ദിനം ആഘോഷിക്കാൻ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കായ കമിതാക്കളെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. സദാചാരക്കാരിൽ ഒരാൾ പെൺകുട്ടിയോട് നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് മുഖത്തടിക്കുന്നുണ്ട്. തങ്ങളോട് ക്ഷമിക്കണമെന്നും വെറുതെ വിടണമെന്നും സദാചാരക്കാരുടെ പിടിയിലായ യുവാവ് തൊഴുകൈകളോടെ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഇവരെ മർദ്ധിക്കുകയും ഇവരുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇവർ പ്രചരിപ്പിക്കുകയുമായിരുന്നു.

സോഷ്യൽ മീഡിയ ഇത്തരം വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെ നഖശിഖാന്തം വിമർശിക്കുകയാണ്. അപക്വമതികളായ രണ്ടു കൗമാരക്കാർക്ക് സംഭവിച്ച ഒരു തെറ്റിനു മനുഷ്യത്വമില്ലാത്ത തരത്തിൽ അവരെ ഉപദ്രവിക്കുന്നതും, ആ കുട്ടികൾ കരഞ്ഞ് രക്ഷ ചോദിക്കുന്നതും മൊബൈൽ ക്യാമാറ ഉപയോഗിച്ചെടുത്ത വീഡിയോ വാട്‌സ് ആപ്പ് വഴി പ്രചരിച്ച് രണ്ടു കൗമാരക്കാരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുകയാണു ചെയ്തത്. അവരുടെ രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി ബോദ്ധ്യപ്പെടുത്തി കൂടെ പറഞ്ഞു വിട്ടിരുന്നെങ്കിൽ ആ നടപടിമാന്യവും, അനുകരണീയവും ആകുമായിരുന്നു. ഇവിടെ നടന്നത് മാനസികനില തകർക്കുന്ന തരത്തിലുള്ളക്രിമിനൽ ഇടപെടലാണെന്നും വിലയിരുത്തലെത്തി.

അപമാനം താങ്ങാൻ കഴിയാതെ അവർ ആത്മഹത്യ ചെയ്യുകയോ, മാനസീക നിലതകർന്ന്ജീവിതം നശിച്ചു പോകുകയോ ചെയ്താൽ ഈ പാതകത്തിനു ആരു സമാധാനം പറയും.?. ഈ സംഭവത്തിൽ നടന്ന കുറ്റകരമായ നടപടി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് കുറ്റവാളികളെ നിയമത്തിനു വിധേയമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം ഉണ്ടാകണം. ചെറിയ തെറ്റുകളെ വലിയ കുറ്റങ്ങൾ കൊണ്ടു തിരുത്താൻ ശ്രമിക്കുന്നത് ആശാസ്യമല്ല. അത് സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുകയെന്നും വിലയിരുത്തി. അതിനിടെയാണ് കേസ് നൽകുമെന്ന് വ്യക്തമാക്കി പീഡനത്തിന് ഇരയായ യുവാവ് രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP