Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജൻബാബുവിനെ അംഗീകരിക്കില്ലെന്നു തുഷാർ വിഭാഗം; രണ്ടാമനാകാൻ മകനു താൽപ്പര്യമില്ല; കുടുംബാധിപത്യമെന്ന പേരുദോഷം കേൾക്കാനില്ലെന്നു വെള്ളാപ്പള്ളിയും; എസ്എൻഡിപിയുടെ പാർട്ടി രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു; മൂന്നാം മുന്നണി രൂപീകരണ ചർച്ചകൾ വഴിമുട്ടുന്നതിൽ ബിജെപിക്ക് അതൃപ്തി

രാജൻബാബുവിനെ അംഗീകരിക്കില്ലെന്നു തുഷാർ വിഭാഗം; രണ്ടാമനാകാൻ മകനു താൽപ്പര്യമില്ല; കുടുംബാധിപത്യമെന്ന പേരുദോഷം കേൾക്കാനില്ലെന്നു വെള്ളാപ്പള്ളിയും; എസ്എൻഡിപിയുടെ പാർട്ടി രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു; മൂന്നാം മുന്നണി രൂപീകരണ ചർച്ചകൾ വഴിമുട്ടുന്നതിൽ ബിജെപിക്ക് അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടിയായ ബിജെഡിഎസിന്റെ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പോര് രൂക്ഷമാകുന്നു. ബിജെഡിഎസിന്റെ തലപ്പത്ത് തൂഷാർ വെള്ളാപ്പള്ളി മതിയെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് നേതാക്കളാണ് ഈ ആവശ്യവുമായി സജീവമായുള്ളത്. എസ്എൻഡിപി യോഗ നേതൃത്വത്തിലെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ജെഎസ്എസുമായി തെറ്റി നിൽക്കുന്ന അഡ്വക്കേറ്റ് രാജൻബാബുവിനെ പ്രസിഡന്റാക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ തീരുമാനം. ബിജെഡിഎസ് കുടുംബാധിപത്യ പാർട്ടിയാണെന്ന പേരുദോഷം മാറ്റാനാണ് ഇത്. പാർട്ടിയിലെ രണ്ടാമന്റെ റോളിൽ തുഷാറിന് നൽകാമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇതിനെ ശക്തമായി തന്നെ തുഷാറിനെ അനുകൂലിക്കുന്നവർ എതിർക്കുന്നു. ഇതോടെ ബിജെഡിഎസിന്റെ ഭാരവാഹി പ്രഖ്യാപനം പ്രതിസന്ധിയിലായി.

സമത്വമുന്നേറ്റ യാത്രയ്ക്ക് ശേഷമാണ് വെള്ളാപ്പള്ളി ബിജെഡിഎസ് എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. തുഷാർ പാർട്ടിയുടെ തലപ്പത്ത് എത്തുമെന്നായിരുന്നു സൂചന. എന്നാൽ രാഷ്ട്രീയ പരിചയമുള്ള രാജൻബാബുവിനെ വെള്ളാപ്പള്ളി നിർദ്ദേശിച്ചു. ഇതോടെയാണ് എതിർപ്പ് തുടങ്ങിയത്. വിഷയത്തിൽ പരസ്യമായ നിലപാട് തുഷാർ സ്വീകരിച്ചിട്ടില്ല. എന്നാൽ തുഷാറിനെ അനുകൂലിക്കുന്നവരെ ഉപയോഗിച്ച് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. ഇതിനിടെ ബിജെഡിഎസിനായി രാജൻബാബു ഉണ്ടാക്കിയ ഭരണഘടനയെ ചൊല്ലിയും തർക്കമുണ്ടായി. ഏകപക്ഷീയമായി ഭരണഘടനയുണ്ടാക്കിയ നടപടി അംഗീകരിക്കില്ലെന്നാണ് തൂഷാറിന്റെ പക്ഷം ഇതോടെ ബിജെഡിഎസിന്റെ ഭാവി പ്രവർത്തനങ്ങൾ വെട്ടിലാവുകയും ചെയ്തു. പാർട്ടി പ്രഖ്യാപനം നടന്ന് ഒരു മാസമായിട്ടും ഭാരവാഹികളെ നിശ്ചയിക്കാനാകാത്തത് പുതിയ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് വെള്ളാപ്പള്ളിക്കും അറിയാം. എന്നാൽ ആരേയും പിണക്കാത്ത ഫോർമുലയ്ക്കായി കാത്തിരിക്കുകയാണ് വെള്ളാപ്പള്ളി.

ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാൻ ആലുവാ കോടതിയിൽ പോയതോടെ രാജൻബാബു യു.ഡി.എഫിൽ നിന്നും പുറത്താണെന്ന് വ്യക്തമായി കഴിഞ്ഞു. വെള്ളാപ്പള്ളി നടേശനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ തന്നെയാണ് രാജൻബാബു അദ്ദേഹത്തോടൊപ്പം ആലുവാ കോടതിയിൽ പോയത്. ബിജെഡിഎസിന്റെ അധ്യക്ഷ സ്ഥാനത്ത് രാജൻബാബുവിന്റെ പേര് ഇതോടെയാണ് വാർത്തകളിലെത്തിയത്. വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയപാർട്ടി രൂപീകരിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനവും ഇതുവരെ നടന്നിട്ടില്ല. തുഷാറിന് നേതൃസ്ഥാനം നൽകേണ്ടതില്ലെന്ന വെള്ളാപ്പള്ളിയുടെ തീരുമാനമായിരുന്നു അതിന് കാരണം. അപ്പോഴാണ് രാജൻബാബുവിന്റെ പേര് പലരും നിർദ്ദേശിച്ചത്. അങ്ങനെയാണ് വെള്ളാപ്പള്ളിയുടെ മനസ്സ് തുഷാറിൽ നിന്ന് അകന്നത്. എസ്എൻഡിപിയുടെ സംവിധാനം അനുസരിച്ച് വെള്ളാപ്പള്ളിയുടെ തീരുമാനമേ നടപ്പാകൂ.

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ഇടപെട്ടാണ് ഇത്തരമൊരു പാർട്ടി രൂപീകരിച്ചതെങ്കിലും അതിന്റെ മറ്റ് പ്രവർത്തനങ്ങളിൽ ഭാഗമാവില്ലെന്ന് സംസ്ഥാന ബിജെപിഘടകം തീരുമാനിച്ചിട്ടുമുണ്ട്. ബി.ഡി.ജെ.എസിന് താഴേമുതൽ സംഘടനാസംവിധാനങ്ങൾ ഒരുക്കി ഒരു സന്പൂർണ്ണ രാഷ്ട്രീയപാർട്ടിയാക്കി മാറ്റേണ്ട ചുമതല വെള്ളാപ്പള്ളി നടേശനാണ്. ഇതിൽ എസ്എൻഡിപി ഏറെ പിന്നോട്ട് പോയെന്ന് ബിജെപിയും ആർഎസ്എസും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ വേഗത്തിൽ ഭാരവാഹി പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പക്ഷം. ബിജെപിയുടെ കേരള യാത്ര പൂർത്തിയാകുമ്പോൾ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങണം. ഭാരവാഹികളെ വേഗത്തിൽ പ്രഖ്യാപിക്കണമെന്നാണ് അവരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് രാജൻബാബുവിനെ വെള്ളാപ്പള്ളി നിശ്ചയിച്ചത്.

ബിജെഡിഎസിന്റെ നേതൃസ്ഥാനത്തേക്ക് തുഷാർ വെള്ളാപ്പള്ളി വരണമെന്ന് കഴിഞ്ഞ മാസം ചേർന്ന എസ്എൻഡിപി നേതൃയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പാർട്ടി നേതൃത്വത്തിലേക്ക് ഇല്ലെന്നറിയച്ചതിനെ തുടർന്നാണ് തുഷാർ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യം ഉയർന്നത്. എന്നാൽ തുഷാർ വെള്ളാപ്പള്ളി നേതൃനിരയിലേക്കു വരുന്ന കാര്യം ചർച്ചകൾക്കും ആലോചന യോഗങ്ങൾക്കും ശേഷം മാത്രമേ ഉണ്ടാകൂവെന്ന് യോഗം അറിയിച്ചു. പാർട്ടി നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നും ഈ യോഗത്തെ വെള്ളാപ്പള്ളി അറിയിച്ചിരുന്നു. ഈ യോഗത്തിൽ തന്നെ തുഷാറിനെ എതിരായ സൂചനകൾ വെള്ളാപ്പള്ളി നൽകി. ഇതോടെയാണ് തുഷാർ ഗ്രൂപ്പ് നേതൃത്വം പിടിക്കാൻ നീക്കം സജീവമാക്കിയത്.

രാജൻബാബുവിനെ വെള്ളാപ്പള്ളി ഏകപക്ഷീയമായി പ്രസിഡന്റാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിലപാട്. അത്തരമൊരു തീരുമാനം ഉണ്ടെങ്കിൽ അത് യോഗത്തിൽ ചർച്ച ചെയ്യണം. ഭൂരിപക്ഷ നിലപാട് അനുസരിച്ച് മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ. സമത്വ മുന്നേറ്റ യാത്രയുടെ ഭാഗമായി പോലും രാജൻബാബു സജീവമായി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞായിരുന്നു അത്. അത്തരത്തിലൊരാളെ പുതിയ പാർട്ടിയുടെ നേതൃത്വത്തിൽ കൊണ്ടു വരരുത്. സമത്വ മുന്നേറ്റ യാത്രയിൽ സജീവമായി പങ്കെടുത്ത നിരവധി പ്രമുഖരുണ്ട്. അവരോടുള്ള അവഗണനയായിരിക്കും രാജൻബാബുവിനെ പ്രസിഡന്റാക്കുന്ന നീക്കമെന്നാണ് തൂഷാർ വിഭാഗം പറയുന്നത്. തൂഷാറിനെ പ്രസിഡന്റാക്കണമെന്ന് പറയാതെ രാജൻബാബുവിനെ എതിർക്കുകയാണ് അവർ. എതിർ ശബ്ദങ്ങൾ ഉയരുമ്പോൾ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാനില്ലെന്ന് രാജൻബാബു പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

ഇതിലൂടെ വെള്ളാപ്പള്ളിക്ക് തുഷാറിനെ തന്നെ പ്രസിഡന്റാക്കേണ്ടി വരും. നിലവിലെ എസ്എൻഡിപി നേതൃത്വത്തിൽ തുഷാറിന് പകരക്കാരനാവുന്ന മറ്റൊരു പേരില്ല. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിക്കും തുഷാറിനെ പ്രസിഡന്റാക്കേണ്ടിയും വരും. അതിനിടെ രണ്ടാമനായി പാർട്ടിയിൽ താനുണ്ടാകില്ലെന്ന് വെള്ളാപ്പള്ളിക്ക് തുഷാർ സൂചന നൽകിയതായും അറിയുന്നു. ഇതിനടെയാണ് മൈക്രോ ഫിനാൻസ് വിവാദവും വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകുന്നത്. വി എസ് അച്യൂതാനന്ദന്റെ പരാതിയിൽ വിജിലൻസ് കോടതി അന്വേഷണം തുടങ്ങുമെന്നാണ് വെള്ളാപ്പള്ളിക്ക് ലഭിക്കുന്ന സൂചന. സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് വിജിലൻസും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് പാർട്ടീ രൂപീകരണത്തിലെ പ്രതിസന്ധിയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP