Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭാംഗമാക്കി മന്ത്രിയായി കേരളത്തിലെത്തിക്കാനുള്ള നീക്കം സുരേഷ് ഗോപി തന്നെ സെൽഫ് ഗോളടിച്ചു നശിപ്പിച്ചു; വിഴിഞ്ഞത്തെ 'ഹിന്ദു' പരാമർശം ഉയർത്തി ബിജെപി സംസ്ഥാന ഘടകം ആക്ഷൻ ഹീറോയെ വെട്ടി വീഴ്‌ത്തി; സൂപ്പർതാരത്തിന് മുന്നിൽ ഇനി രക്ഷ മത്സരിച്ചു ജയിക്കുക തന്നെ

രാജ്യസഭാംഗമാക്കി മന്ത്രിയായി കേരളത്തിലെത്തിക്കാനുള്ള നീക്കം സുരേഷ് ഗോപി തന്നെ സെൽഫ് ഗോളടിച്ചു നശിപ്പിച്ചു; വിഴിഞ്ഞത്തെ 'ഹിന്ദു' പരാമർശം ഉയർത്തി ബിജെപി സംസ്ഥാന ഘടകം ആക്ഷൻ ഹീറോയെ വെട്ടി വീഴ്‌ത്തി; സൂപ്പർതാരത്തിന് മുന്നിൽ ഇനി രക്ഷ മത്സരിച്ചു ജയിക്കുക തന്നെ

ആവണി ഗോപാൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി മോഹവുമായി നടന്ന സൂപ്പർ താരം സുരേഷ് ഗോപിക്ക് പണി കിട്ടി. സുരേഷ് ഗോപിയെ ഉടൻ മന്ത്രിയാക്കിയാൽ തിരുവനന്തപുരത്തെ ക്രൈസ്തവരുടെ എതിർപ്പ് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വാദം. ബിജെപി സംസ്ഥാന ഘടകമാണ് സുരേഷ് ഗോപിയെ കുടുക്കാൻ വിഴിഞ്ഞത്തിലെ വിവാദ പ്രസ്താവന ഉയർത്തി കരുക്കൾ നീക്കിയത്. അത് ഫലം കണ്ടിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ നൽകുന്ന സൂചന.

പാർട്ടി സംസ്ഥാന നേതൃത്വത്തിലുള്ളവരെ വെട്ടി രാജ്യസഭാ അംഗവും കേന്ദ്രമന്ത്രിയുമാകാനുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങളാണ് പൊളിയുന്നത്. പക്ഷേ സുരേഷ് ഗോപിയെ പിണക്കാതെ ഒപ്പം കൂട്ടാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ മത്സരിപ്പിച്ചാൽ സംസ്ഥാനത്ത് ബിജെപിയുടെ മൂല്യം ഉയരുമെന്നാണ് വിലയിരുത്തൽ. മെമ്പർഷിപ്പെടുത്ത് പാർട്ടിയിൽ പ്രവർത്തിച്ച ശേഷം മത്സരിപ്പിച്ച് ജയിപ്പിച്ച് നേതൃത്വത്തിലേക്ക് കൊണ്ടു വരാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. ഇതിന് ദേശീയ നേതൃത്വവും പച്ചകൊടിക്കാട്ടിയതോടെയാണ് കേന്ദ്രമന്ത്രിയാകാനുള്ള സുരേഷ് ഗോപിയുടെ മോഹത്തിന് തിരിച്ചടിയാകുന്നത്.

കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ സംഘടനാ ശേഷിയിൽ പാർട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് തീരെ താൽപ്പര്യമില്ല. അടിമുടി മാറ്റമുണ്ടായാലേ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകൂ എന്നാണ് വിലയിരുത്തൽ. അതിനാൽ നിലവിലെ സംസ്ഥാന നേതൃത്വത്തെ മുഴുവാൻ മാറ്റുകയാണ് അമിത് ഷായുടെ ലക്ഷ്യം. അതിലേക്കാണ് സുരേഷ് ഗോപിയെ നോട്ടമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുരേഷ് ഗോപിയെ കുറിച്ച് മതിപ്പായിരുന്നു. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ രാജ്യസഭാ സീറ്റ് ഒഴിവുവരുമ്പോൾ സുരേഷ് ഗോപിയെ പാർലമെന്റിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കാനായിരുന്നു തീരുമാനം.

സുരേഷ് ഗോപിയെ വിളിച്ചു വരുത്തി മോദി തന്നെ ഇക്കാര്യം വ്യക്തമാക്കി. എന്നാൽ അതീവ രഹസ്യമായി നടത്താൻ ഉദ്ദേശിച്ച പദ്ധതി സുരേഷ് ഗോപിയിലൂടെ പുറത്തായി. കേന്ദ്രമന്ത്രിയാകുമെന്ന സൂചന സുരേഷ് ഗോപി തന്നെ നൽകുകയും ചെയ്തു. ഇത് മോദിയുടേയും അമിത് ഷായുടേയും ശ്രദ്ധയിലെത്തുകയും ചെയ്തു. സംസ്ഥാന ഘടകം തന്നെയായിരുന്നു ഇതിന് പിന്നിലും. തൊട്ടുപിറകെയാണ് വിഴിഞ്ഞത്തിൽ സുരേഷ് ഗോപിയുടെ പ്രസ്താവനയെത്തുന്നത്. ഇത് അതിരു കടന്നുപോയെന്ന് തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

വിഴിഞ്ഞം തുറമുഖം നടപ്പാകണമെങ്കിൽ ഹിന്ദു നേതാക്കൾ ഒന്നിക്കണമെന്നായിരുന്നു പ്രസംഗം. വർഗ്ഗീയത നിറഞ്ഞ പരാമർശങ്ങൾ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. കൃത്യമായ വിശദീകരണം നൽകാൻ സുരേഷ് ഗോപിക്കുമായില്ല. ഇതോടെയാണ് ബിജെപി സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിക്ക് എതിരെ രഹസ്യ നീക്കം തുടങ്ങിയത്. സുരേഷ് ഗോപിയെ ഉയർത്തിക്കാട്ടുന്നത് ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകി. അതായത് വിഴിഞ്ഞത്തെ ക്രൈസ്തവമുസ്ലിം മതവിഭാഗങ്ങളെ എതിരാക്കുന്നതാണ് സുരേഷ് ഗോപിയുടെ വിഴിഞ്ഞം പരാമർശങ്ങളെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. ലത്തീൻ സഭയുടെ കീഴിലുള്ള പള്ളികളാണ് വിഴിഞ്ഞത്ത് ബഹുഭൂരിഭാഗവും. നാടാർ സമുദായത്തിൽ പോലും സ്വാധാന ശക്തിയാണ് ലത്തീൻ കത്തോലിക്കാ സഭ. അങ്ങനൊരും സഭയുടെ എതിർപ്പ് സുരേഷ് ഗോപിക്കുണ്ടെന്നാണ് വിലയിരുത്തൽ.

വിഴിഞ്ഞം തുറമുഖത്തിലെ ഹിന്ദു പരാമർശത്തിലൂടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ വോട്ട് ചെയ്യേണ്ടെന്ന് ലത്തീൻ സഭ തീരുമാനിച്ചത്രേ. ഹിന്ദു സമൂഹം കഴിഞ്ഞാൽ കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും ബിജെപിയോട് ആഭിമുഖ്യം പുലർത്തുന്നത് ക്രൈസ്തവരാണ്. സുരേഷ് ഗോപിയുടെ പ്രസ്താവനയോടെ അവരൊന്നടങ്കം സുരേഷ് ഗോപിക്ക് എതിരായത്രേ. അതിനാൽ സുരേഷ് ഗോപിയെ ഉയർത്തിക്കാട്ടിയാൽ ക്രൈസ്തവ സമൂഹം ഒന്നടങ്കം ബിജെപിയിൽ നിന്ന് അകലും. അതിനാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുന്നേറാനുമാകില്ല. അതുകൊണ്ട് തൽക്കാലത്തേക്ക് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയോ രാജ്യസഭാ സ്ഥാനാർത്ഥിയോ ആക്കി പാർട്ടിയുടെ പ്രധാനമുഖമാക്കേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ നിരീക്ഷണം.

കേന്ദ്രമന്ത്രിയാക്കാനുള്ള നീക്കം പുറത്തു പറഞ്ഞതോടെ മോദിക്കും അമിത് ഷായ്ക്കുമുള്ള സുരേഷ് ഗോപിയുടെ നീരസം തിരിച്ചറിഞ്ഞ് തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്റെ നേതൃത്വത്തിൽ ഈ നീക്കം നടത്തിയത്. കേരളത്തിലെ പാർട്ടി നേതാക്കളെ ആരെയെങ്കിലും കേന്ദ്രമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആഗ്രഹം. രാജഗോപാലിന് 84 വയസ്സായതിനാൽ അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല. അതിനാൽ വി മുരളീധരന് കേന്ദ്രമന്ത്രിയാകാൻ ഏറെ സാധ്യതയുണ്ടെന്നാണ് ആ പക്ഷത്തിന്റെ നീക്കം. ഇതിനെ വെട്ടാൻ പികെ കൃഷ്ണദാസും സജീവമായുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സുരേഷ് ഗോപിയെ പോലുള്ള സർവ്വ സമ്മതനെന്ന നിലയിലേക്ക് മോദിയേയും അമിത് ഷായേയും ചിന്തിപ്പിച്ചത്. എന്നാൽ സുരേഷ് ഗോപിയെ വെട്ടാൻ മുരളീധരനും കൃഷ്ണദാസും ഒന്നിക്കുകയായിരുന്നു.

സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുമ്പോൾ രാജഗോപാലിനെ ഗവർണ്ണറാക്കാനും നീക്കമുണ്ടായിരുന്നു. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നാലും ഗവർണ്ണറായി രാജഗോപാലിനെ ഉടൻ നിയമിക്കുമെന്ന പ്രതീക്ഷ ബിജെപി സംസ്ഥാന ഘടകത്തിനുണ്ട്. എന്നാൽ ബിജെപി അംഗത്വം നൽകി സുരേഷ് ഗോപിയെ പാർട്ടിയിലെത്തിക്കാനും നീക്കമുണ്ട്. മെമ്പർഷിപ്പ് വിതരണത്തിന്റെ സമാപനത്തിൽ മോദിയെ പങ്കെടുപ്പിക്കാനാണ് നീക്കം. ഈ യോഗത്തിൽ സുരേഷ് ഗോപിയെ ബിജെപിയുടെ ഭാഗമാക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP