Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംടി രമേശിന് ക്ലീൻ ചിറ്റ് നൽകാതെ ഐബി; വിനോദിന്റെ ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് കേന്ദ്ര ഏജൻസി; അന്വേഷണ റിപ്പോർട്ട് ചോർത്തയതിൽ നസീറിന് പങ്കില്ലെന്നും കണ്ടെത്തൽ; കുമ്മനത്തിന്റെ ഓഫീസ് ആരോപണ മുനയിൽ തന്നെ; മെഡിക്കൽ കോഴ 'ഒതുക്കി തീർക്കാൻ' ബിജെപിയിൽ ധാരണ

എംടി രമേശിന് ക്ലീൻ ചിറ്റ് നൽകാതെ ഐബി; വിനോദിന്റെ ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് കേന്ദ്ര ഏജൻസി; അന്വേഷണ റിപ്പോർട്ട് ചോർത്തയതിൽ നസീറിന് പങ്കില്ലെന്നും കണ്ടെത്തൽ; കുമ്മനത്തിന്റെ ഓഫീസ് ആരോപണ മുനയിൽ തന്നെ; മെഡിക്കൽ കോഴ 'ഒതുക്കി തീർക്കാൻ' ബിജെപിയിൽ ധാരണ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ഒരു പങ്കുമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. എംടി രമേശിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര സർക്കാരിനെ വെട്ടിലാക്കിയ അഴിമതിയിൽ ഐബിയെ കൊണ്ട് അന്വേഷണം നടത്തുകയാണ് പ്രധാനമന്ത്രി മോദി. കോഴ ഇടപാടിൽ ആർ എസ് വിനോദ് തെറ്റു ചെയ്തുവെന്ന് തന്നെയാണ് ഐബിയുടെ കണ്ടെത്തൽ. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തു. അതിൽ ആർ എസ് വിനോദും എംടി രമേശും തമ്മിലെ ആത്മബന്ധത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. രമേശിന്റെ സന്തത സഹചാരിയായാണ് വിനോദ് ബിജെപിയിൽ വീണ്ടുമെത്തിയതെന്നും ഇടപാടിനെ കുറിച്ച് ഒന്നും അറിയില്ലെന്ന രമേശിന്റെ വാദം പൂർണ്ണമായും ആംഗീകരിക്കാനാകില്ലെന്നും ഐബിയുടെ റിപ്പോർട്ടിലുണ്ട്.

അതിനിടെ സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. വർക്കലയിലെ എസ് ആർ മെഡിക്കൽ കോളേജ് ഉടമ ഷാജി വിജിലൻസിന് മൊഴി നൽകും. ഇതോടെ വിനോദിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്യും. ഇടനിലക്കാരൻ സതീഷ് നായരും കുടുങ്ങും. ഇതോടെ വെട്ടിലാകുമോ എന്ന പേടി ബിജെപി നേതാക്കൾക്കുണ്ട്. വിനോദിൽ മാത്രം കുറ്റം ആരോപിക്കപ്പെട്ടതോടെ എല്ലാ സത്യവും തുറന്നു പറയുമെന്ന് വിനോദ് ചിലരോട് പറഞ്ഞിട്ടുണ്ട്. താൻ മാത്രമാകില്ല കുടുങ്ങുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ഷാജിയുടെ മൊഴിയും നിർണ്ണായകമാകും. ഈ സാഹചര്യത്തിൽ മെഡിക്കൽ കോഴ അന്വേഷണത്തിൽ ഇടപെടൽ നടത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ഗ്രൂപ്പിസം പരമാവധി ഇല്ലായ്മ ചെയ്ത് ഒത്തൊരുമയോടെ മുന്നോട്ട് പോകാനുള്ള തീരുമാനം ഉടൻ നേതൃത്വം എടുക്കും. അതിനിടെ മെഡിക്കൽ കോഴയിലെ റിപ്പോർട്ട് ചോർന്നതിൽ അന്വേഷണ കമ്മീഷൻ അംഗം കെപി നസീറിന് പിഴവ് വന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

കെപി ശ്രീശനും നസീറും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നസീറിന്റെ ലാപ്‌ടോപ്പിലായിരുന്നു റിപ്പോർട്ട് ടെപ്പ് ചെയ്തത്. അത് പൂർത്തിയായപ്പോൾ കുമ്മനത്തിന്റെ മെയിലിലേക്ക് അയച്ചു. അതു പോരാ പ്രിന്റ് ഔട്ടിൽ ഒപ്പിട്ടും വേണമെന്ന നിർദ്ദേശം അവർക്ക് കിട്ടി. ഇതോടെ ലാപ്‌ടോപ്പിൽ നിന്ന് തന്റെ ഹോട്ടലിലേക്കുള്ള കമ്പ്യൂട്ടറിൽ എടുക്കാനായി മെയിൽ അയച്ചു. അത് പ്രിന്റ് ഔട്ട് എടുത്ത് ഒപ്പിട്ട് രജിസ്റ്റേർഡായി അയക്കുകയും ചെയ്തു. ഇതെല്ലാം ശ്രീശനും ഉത്തമ ബോധ്യമുള്ളതാണ്. പാലക്കാട്ടെ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ചത് അതിനിർണ്ണായകമായ മൊഴിയാണ്. ഇത് പ്രസിഡന്റിന്റെ ശ്രദ്ധയിൽ വരുത്താൻ തന്നെയാകണം റിപ്പോർട്ടിൽ അതും പരാമാർശിച്ചത്.-ബിജെപി കോർ കമ്മറ്റിയിലെ മുതിർന്ന അംഗം മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഈ വിവാദം നന്നായെന്നും ഈ നേതാവ് പറയുന്നു. അതുകൊണ്ട് തന്നെ പാർട്ടിയിൽ ഇനി അഴിമതി കുറയും. വലിയ ആപത്തിലേക്ക് പോവുകയായിരുന്ന പാർട്ടിയെ ഈ വിവാദം ഒരു തരത്തിൽ രക്ഷിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. റിപ്പോർട്ട് ചോർച്ചയിൽ പല നിരീക്ഷണങ്ങളുണ്ട്. എന്നാൽ ഇതിനൊന്നും സ്ഥിരീകരണമില്ല. റിപ്പോർട്ട് ചോർത്തിയത് മുരളീധര പക്ഷമാണെങ്കിലും അത് കുമ്മനത്തിന്റെ ഓഫീസ് അറിയാതെ നടക്കില്ല. കാരണം അദ്ദേഹത്തിന് മാത്രം നൽകിയ റിപ്പോർട്ടാണിത്. നസീറിന് ഇതിൽ പങ്കില്ലെന്ന വിലയിരുത്തൽ കേന്ദ്ര നേതൃത്വത്തിനും കിട്ടിക്കഴിഞ്ഞു. അതിലെ വിശദീകരണം ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് ബോധ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കൂടിയാലോചനകൾ തുടരുകയാണ്.

ഏഷ്യാനെറ്റ് കാട്ടിയ റിപ്പോർട്ടിൽ അംഗങ്ങളുടെ ഒപ്പുണ്ടായിരുന്നു. നസീർ ഹോട്ടലിലേക്ക് അയച്ചത് റിപ്പോർട്ടിന്റെ സോഫ്റ്റ് കോപ്പിയാണ്. പ്രിന്റ് ഔട്ട് എടുത്ത ശേഷം അത് കുമ്മനത്തിന് അയക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഒപ്പിട്ട കത്ത് ചോർന്നത് നസീറിന്റെ ഹോട്ടലിലേക്ക് അയച്ചുതു കൊണ്ടാണെന്ന വാദത്തിന് പ്രസക്തിയില്ല. ഒപ്പിട്ട കോപ്പി പുറത്തു പോയതിന്റെ ഉത്തരവാദിത്തം പാർട്ടി പ്രസിഡന്റിന്റെ ഓഫീസിന് മാത്രമാണ്. വലിയ വീഴ്ച അവിടെ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സമിതിയിൽ അഴിമതി ആരോപണത്തിന്റെ മുനയൊടിക്കാൻ ചിലരുണ്ടാക്കിയ തിരക്കഥയായിരുന്നു റിപ്പോർട്ട് ചോർച്ച. അത് ചോർത്തിയവർക്കാണ് ചർച്ചയിൽ അനുകൂല സാഹചര്യമുണ്ടായതെന്ന വിലയിരുത്തലും ബിജെപിയിൽ സജീവമാണ്. ഏതായാലും ആർക്കെതിരേയും ഇനി പ്രത്യക്ഷ അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് വ്യക്തമാണ്. ആരെയെങ്കിലും നടപടിക്കുരുക്കിൽ പിണങ്ങിയാൽ അത് വിജിലൻസിന് അടിക്കാൻ നൽകുന്ന വടിയാകുമെന്ന് ബിജെപി കേരള നേതൃത്വത്തിന് ബോധ്യം വന്നുകഴിഞ്ഞു.

ആർ എസ് വിനോദിന്റെ നീക്കങ്ങളേയും അതീവ സൂക്ഷ്മതയോടെ ബിജെപി സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് നേതൃത്വവുമായി വിനോദിന് അടുപ്പങ്ങൾ ഏറെയാണ്. അതുകൊണ്ട് തന്നെ എംടി രമേശ് അടക്കമുള്ളവർക്കെതിരെ എന്തെങ്കിലും വിനോദ് വിളിച്ചു പറഞ്ഞാൽ ബിജെപി നേതൃത്വം കുടുങ്ങും. മാപ്പുസാക്ഷിയാകാൻ പോലും വിനോദിൽ സമ്മർദ്ദമുണ്ട്. ഈ സാഹചര്യത്തിലാണ് ചില കള്ളകളികൾക്ക് ബിജെപിയുടെ നേതൃത്വം തയ്യാറാകുന്നത്. വി മുരളീധര പക്ഷത്തെ പ്രമുഖരെ കാര്യങ്ങൾ പറഞ്ഞു വിശദീകരിക്കാനും നീക്കമുണ്ട്. എന്തായാലും ഇനി ആർക്കെതിരേയും നടപടിയുണ്ടാകില്ല. പതിയെ അഴിമതിക്കഥ ബിജെപി ചർച്ചകളിൽ നിന്ന് അപ്രസക്തമാകും. കോഴ വാങ്ങിയവരെ കുറിച്ചുള്ള വ്യക്തമായ ധാരണ കേന്ദ്രത്തിന് നൽകാൻ ഈ വിഷയത്തിലൂടെ കഴിഞ്ഞെന്ന ആത്മവിശ്വാസം മുരളീധര പക്ഷത്തിനുണ്ട്.

മെഡിക്കൽ കോളജ് കോഴയും അതിന്റെ റിപ്പോർട്ട് ചോർച്ചയും ബിജെപിയുടെ കേന്ദ്രനേതൃത്വം നേരിട്ട് അന്വേഷിക്കും. സർക്കാർ സംവിധാനമുൾപ്പെടെ ഇതിനായി ഉപയോഗിക്കും. അന്വേഷണ റിപ്പോർട്ട് തന്നെ ചോർന്നതോടെ കേരള നേതൃത്വത്തെ ഇക്കാര്യത്തിൽ വിശ്വാസത്തിലെടുക്കാനില്ലെന്നു കേന്ദ്രനേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. സംഭവിച്ച കാര്യങ്ങളിലുള്ള കടുത്ത അതൃപ്തി ആർഎസ്എസിൽനിന്നു ബിജെപിയിലേക്കു നിയോഗിച്ച സംഘടനാ സെക്രട്ടറിമാരായ എം.ഗണേശിനെയും കെ.സുഭാഷിനെയും അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്ന സതീഷ് നായർ, രാകേഷ് ശിവരാമൻ എന്നിവർക്കു കുമ്മനവുമായി അടുത്ത ബന്ധമുണ്ടെന്നതും ബിജെപിയെ വെട്ടിലാക്കുന്നു.

പി.എസ്.ശ്രീധരൻപിള്ളയും വി.മുരളീധരനും പ്രസിഡന്റായിരുന്ന ഘട്ടത്തിൽ പാർട്ടി കേന്ദ്രത്തിൽ വിലക്കുണ്ടായിരുന്നയാളാണു വിനോദ്. കുമ്മനം പ്രസിഡന്റായശേഷമാണ് ഇയാൾ പാർട്ടി നേതൃത്വവുമായി നേരിട്ടു വീണ്ടും സമ്പർക്കത്തിലാകുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശുമായുള്ള വ്യക്തിബന്ധമാണ് ഇതിനു വഴിയൊരുക്കിയതെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP