Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാടിന് മുല്ലപ്പെരിയാറിൽ 'പണി' കിട്ടി; ഡാമിലെ ജലനിരപ്പ് താഴ്ന്നു 112 അടിയിലെത്തി; കൊടുംവരൾച്ചയിൽ നാലു ജില്ലകൾ; അഞ്ചുലക്ഷത്തോളം ജനങ്ങൾക്ക് ശുദ്ധജലക്ഷാമം; മൂന്നു മാസം മുമ്പ് കേരളത്തെ ഭയപ്പെടുത്തി വെള്ളം ഒഴുക്കിക്കളഞ്ഞതിന് പ്രകൃതിയുടെ മറുപടി

ഇടുക്കി: സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചശേഷം കേരളത്തെ ഭീതിയിലാക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തുകയും ഇതിനായി വൈഗ അണക്കെട്ടിലെ ജലം പാഴാക്കിക്കളയുകയും ചെയ്ത തമിഴ്‌നാടിന് പ്രകൃതിയുടെ ശക്തമായ തിരിച്ചടി. വേനൽ പകുതിയോടടുത്തപ്പോൾത്തന്നെ ജലസേചനത്തിനു വെള്ളം കിട്ടാതെ തെക്കൻ തമിഴ്‌നാട്ടിൽ കൃഷി നശിച്ചു തുടങ്ങി. നാലു ജില്ലകളിലെ ശുദ്ധജലവിതരണവും താറുമാറായി. ഇതിനു പുറമേ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളമുപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഒരാഴ്ചക്കുള്ളിൽ നിർത്തേണ്ട ഗതികേടിലുമാണ് തമിഴ്‌നാട്.

തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളായ തേനി, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലാണ് ലക്ഷക്കണക്കിന് കർഷകർ ജലസേചന സൗകര്യമില്ലാതെ കഷ്ടത്തിലായത്. പച്ചക്കറി കൃഷിയെയും മുന്തിരി, നെൽ കൃഷികളെയും പ്രധാനമായും ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. വർഷത്തിൽ മൂന്നു തവണ വരെ പച്ചക്കറിയും രണ്ടുതവണ നെൽ കൃഷിയും ചെയ്തു കഴിയുന്ന കർഷകർക്ക് ഇത്തവണ ഒരു കൃഷി നഷ്ടമാകുന്ന സാഹചര്യമാണ്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. ഇരിപ്പൂ കൃഷി ചെയ്യുന്ന നെൽപാടങ്ങളിൽ വിളഞ്ഞു തുടങ്ങാറായ ചെടികളിൽനിന്നു ഇക്കുറി നെന്മണികൾ കൊയ്‌തെടുക്കാനാവില്ലെന്നു ഏറെക്കുറെ ഉറപ്പായി. മുന്തിരി തോട്ടങ്ങളെ ജലദൗർലഭ്യം ബാധിച്ചു. വാഴ തുടങ്ങിയ വാർഷിക വിളകളും ഹൃസ്വകാല പച്ചക്കറി വിളകളും നാശത്തിന്റെ വക്കിലാണ്. ഇതിനെല്ലാം കാരണമായത് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കുറഞ്ഞതും തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിൽ ജലസേചനത്തിന് ആവശ്യമായ വെള്ളം ഇല്ലാത്തതുമാണ്.

ദീർഘനാൾ നീണ്ട കോടതി വ്യവഹാരത്തിലൂടെ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നു തമിഴ്‌നാട് കഴിഞ്ഞ വർഷം സുപ്രീം കോടതിയിൽനിന്നു വിധി സമ്പാദിക്കുകയും തുടർന്നു കേരളത്തിന്റെ സുരക്ഷാ ഭീതിയും വിദഗ്ധരുടെ മുന്നറിയിപ്പുകളും അവഗണിച്ചു മുല്ലപ്പെരിയാർ ഡാമിലെ ജലസംഭരണം 142 അടിയിലെത്തിക്കുകയുമായിരുന്നു. 2014 മെയ്‌ ഏഴിനാണ് ജലനിരപ്പുയർത്താനുള്ള അനുമതിയോടെ കോടതി വിധിയുണ്ടായത്. തുടർന്നുള്ള നാളുകളിൽ തമിഴ്‌നാട്ടിലേക്കുള്ള ജലമൊഴുക്ക് കുറച്ചു മുല്ലപ്പെരിയാറിൽ ജലം പരമാവധി സംഭരിക്കാനായിരുന്നു നീക്കം. കനത്ത മഴയും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്കും അണക്കെട്ടിന്റെ ബലക്ഷയവുമെല്ലാം ചൂണ്ടിക്കാട്ടി ജലനിരപ്പ് താഴ്‌ത്തി നിർത്താൻ കേരളം അഭ്യർത്ഥിച്ചിട്ടും തമിഴ്‌നാട് ചെവിക്കൊണ്ടില്ല.

അഞ്ചുജില്ലകളിലെ അരക്കോടിയോളം ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപേക്ഷ പോലും തമിഴ്‌നാട് മുഖ്യമന്ത്രിയും ജയലളിതയുടെ പകരക്കാരനുമായ പന്നീർ ശെൽവം ചെവിക്കൊണ്ടില്ല. സുരക്ഷ ഉറപ്പാക്കേണ്ടത് കേരളത്തിന്റെ മാത്രം ചുമതലയാണെന്ന നിലപാടാണ് പന്നീർ ശെൽവം സ്വീകരിച്ചത്. സുപ്രിം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെപ്പോലും നോക്കുകുത്തിയാക്കി ജലനിരപ്പ് ഉയർത്തൽ തുടരുകയായിരുന്നു. ഒടുവിൽ ഡിസംബർ പത്തിന് രാത്രിയോടെ ജലനിരപ്പ് 142 അടിയിലെത്തിക്കുകയും പിറ്റേന്ന് പകൽ അത് നിലനിർത്തുകയും ചെയ്തു. ഇത്രയും അളവിൽ ജലം സംഭരിച്ചാലും ഡാമിന് കുഴപ്പമുണ്ടാകില്ലെന്നു തെളിയിക്കാനായിരുന്നു തമിഴ്‌നാടിന്റെ വ്യഗ്രത. 141.8 അടിയിൽ ജലനിരപ്പുയർന്നാൽ കേരളത്തിന് മുന്നറിയിപ്പ് നൽകണമെന്ന കോടതി വിധിയും ലംഘിച്ചായിരുന്നു തമിഴ്‌നാടിന്റെ പ്രവൃത്തികൾ.

എന്നാൽ ജലനിരപ്പ് ഉയർത്തുമ്പോഴും തമിഴ്‌നാട് അധികാരികളുടെ മനസിലും ഭീതിയും ആശങ്കയും ഉണ്ടായിരുന്നു. പെട്ടെന്നൊരു ദുരന്തമുണ്ടായാൽ അതിനെ നേരിടാൻ സംസ്ഥാനം പര്യാപ്തമല്ലെന്നതായിരുന്നു തമിഴ്‌നാടിന്റെ പ്രശ്‌നം. പെൻസ്റ്റോക്ക് പൈപ്പ് വഴിയും ഫോർബേ ഡാമിലൂടെയും പരമാവധി ജലമൊഴുക്കിയ 2009-ൽ വെള്ളപ്പാച്ചിലിൽ റോഡുകളും മറ്റും തകർന്നും കൃഷി നശിച്ചും വൻനാശമാണ് തമിഴ്‌നാടിനുണ്ടായത്. ലോവർ ക്യാമ്പിലെ വൈദ്യുതോൽപാദന കേന്ദ്രവും ജലത്തിൽ മുങ്ങി തകരാറിലായി. ഇതേ അവസ്ഥ നേരിടുമോ എന്ന ഭയമാണ് തമിഴ്‌നാടിനെ അലട്ടിയത്. ജലനിരപ്പ് പരമാവധിയെത്തിച്ച ഡിസംബറിലെ ദിനങ്ങളിൽ സെക്കൻഡിൽ 3500 ഘനയടി ജലം വീതമാണ് മുല്ലപ്പെരിയാറിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. 2000 ഘനയടി ജലം ഒഴുക്കിക്കൊണ്ടു പോകാനുള്ള സംവിധാനം മാത്രമാണ് തമിഴ്‌നാടിനുള്ളത്.

ശേഷിക്കുന്ന ജലം സ്പിൽവേയിലൂടെ ഇടുക്കി ജലാശയത്തിലേയ്ക്ക് തിരിച്ചുവിട്ടു അപകടസാധ്യത ഇല്ലാതാക്കണമായിരുന്നു. എന്നാൽ ഇതിനൊന്നും മുതിരാതെ 142 അടിയെന്ന ഒറ്റ ലക്ഷ്യം വച്ചാണ് തമിഴ്‌നാട് കളിച്ചത്. 700-800 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നതും. ഇതേസമയം മുൻകരുതലെന്ന നിലയിൽ വൈഗ അണക്കെട്ട് തുറന്നു വിട്ടു വെള്ളം പാഴാക്കി. പ്രതിസന്ധി ഘട്ടമെത്തിയാൽ വൈഗയിൽ മുല്ലപ്പെരിയാറിലെ ജലം സംഭരിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത് ചെയ്തത്. വെറും 30 ശതമാനത്തോളമുണ്ടായിരുന്ന സംഭരണജലം ഏതാണ്ട് ഭൂരിഭാഗവും ഒഴുക്കിക്കളഞ്ഞു. ഇത്രയൊക്കെ ചെയ്തു കേരളത്തെ വെല്ലുവിളിച്ചാണ് തമിഴ്‌നാട് പടക്കം പൊട്ടിച്ചും പ്രകടനങ്ങൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും 142 എന്ന സംഖ്യയുടെ ആഹ്ലാദം ആഘോഷിച്ചത്. ഇതിനുള്ള തിരിച്ചടിയെന്നോണമാണ് ഇപ്പോൾ വറുതിയുടെ പിടിയിൽ തമിഴ്‌നാട് ആശങ്കപ്പെടുന്നത്.

ജലം 142 അടിയിലെത്തിയശേഷം ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ശക്തമായ മഴയുണ്ടായത്. തുടർന്ന് നീരൊഴുക്കും ജലനിരപ്പും ക്രമേണ കുറഞ്ഞു. വൈദ്യുതോൽപാദനത്തിനുശേഷം ആദ്യ ആഴ്ചകളിൽ വെള്ളം വെറുതെ തുറന്നു വിടുകയായിരുന്നു. ജലസേചനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. മഴ നിലച്ചതോടെ മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. കൂടുതൽ വെള്ളം കൊണ്ടുപോയതിനാൽ ഇപ്പോൾ 112 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. 105 അടി വരെയുള്ള ജലമാണ് തമിഴ്‌നാടിന് കൊണ്ടുപോകാൻ കഴിയുക. ഒരാഴ്ച കൊണ്ട് ഇത് നിശ്ചിത പരിധിയിലെത്തും. അതിനാൽത്തന്നെ വൈദ്യുതി ഉൽപാദനം 28-മുതൽ നിർത്താൻ തമിഴ്‌നാട് നിർബന്ധിതമായിരിക്കുകയാണ്. ഇതിനൊപ്പം കുടിവെള്ള ക്ഷാമവും പിടിമുറുക്കുകയാണ്.

ഇടുക്കി ജില്ലയോടു ചേർന്നു കിടക്കുന്ന തേനി ജില്ലയിൽ മാത്രം ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിൽ. പ്രധാന ടൗണുകളായ ഗൂഡല്ലൂർ, കമ്പം മുനിസിപ്പാലിറ്റികളിലും ഉത്തമപാളയം, കെ.കെ പെട്ടി, തേവാരം മേഖലകളിലെ ഗ്രാമങ്ങളിലും മുല്ലപ്പെരിയാറിൽ നിന്നെത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. അതിർത്തിയിലെ ലോവർ ക്യാംപിൽനിന്നു പൈപ്പുകൾ സ്ഥാപിച്ചാണ് ജലവിതരണം. ചിന്നമന്നൂർ, വീരപാണ്ടി, കോട്ടൂർ ഗ്രാമങ്ങളിലും തേനി നഗരത്തിലുമുൾപ്പെട പമ്പ് ഹൗസുകൾ സ്ഥാപിച്ച് ശുദ്ധീകരിച്ചാണ് ജലം വിതരണം ചെയ്യുന്നത്.

മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം നിലയ്ക്കുന്നതോടെ തേനി ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കില്ല. വേനലിന്റെ ശേഷിക്കുന്ന കാലയളവിൽ അവിടത്തെ കുഴൽ കിണറുകളിൽ നിന്ന് ലഭിക്കുക ഉപ്പുകലർന്ന വെള്ളം കുടിക്കേണ്ട ഗതികേടാണ് നാല് ജില്ലകളിലെ ജനങ്ങൾക്കും. നാലുജില്ലകളിലായി അഞ്ചുലക്ഷത്തോളം തമിഴരാണ് ശുദ്ധജലം നിഷേധിക്കപ്പെട്ട അവസ്ഥയിലുള്ളത്. വെള്ളം കൊണ്ടു കേരളത്തിലെ അരക്കോടി ജനതയെ ഭീഷണിപ്പെടുത്തിയ തമിഴ്‌നാടിന് ഇപ്പോൾ പണി കിട്ടിയത് വെള്ളത്തിൽനിന്നു തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP