Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തച്ചങ്കരിയുടെ കോളേജിൽ നുഴഞ്ഞു കയറിയ മറുനാടൻ ലേഖകന് വിവരം കൈമാറിയ വിദ്യാർത്ഥികളെ തേടി മൂന്നാർ കാറ്ററിങ് കോളേജ് ഉടമകൾ; സിസിടിവി പരിശോധനയും ഹോസ്റ്റലിൽ ചോദ്യം ചെയ്യലും തുടരുന്നു; നല്ല ഭക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടി വരെ സമരം ചെയ്ത കുട്ടികൾ വിവരങ്ങൾ കൈമാറുന്നത് പേടിയോടെ

തച്ചങ്കരിയുടെ കോളേജിൽ നുഴഞ്ഞു കയറിയ മറുനാടൻ ലേഖകന് വിവരം കൈമാറിയ വിദ്യാർത്ഥികളെ തേടി മൂന്നാർ കാറ്ററിങ് കോളേജ് ഉടമകൾ; സിസിടിവി പരിശോധനയും ഹോസ്റ്റലിൽ ചോദ്യം ചെയ്യലും തുടരുന്നു; നല്ല ഭക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടി വരെ സമരം ചെയ്ത കുട്ടികൾ വിവരങ്ങൾ കൈമാറുന്നത് പേടിയോടെ

അർജുൻ സി വനജ്‌

സൂര്യനെല്ലി: മൂന്നാർ കാറ്ററിങ് കോളേജിൽ മറുനാടൻ മലയാളി ലേഖകനോട് സംസാരിച്ച വിദ്യാർത്ഥികളെ തേടി മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഫൂട്ടേജ് ഇന്നലെ പരിശോധിച്ച മാനേജ്‌മെന്റ് അധികൃതർ, രാത്രി കോളേജ് ഹോസ്റ്റലിൽ കയറി ഏതാനം പേരെ ഭീഷണിപ്പെടുത്തി. പത്രക്കാർക്ക് വിവരം നൽകുന്നവന്മാരെല്ലാം അനുഭവിക്കുമെന്നായിരുന്നു ഭീഷണി. ലേഖകനോട് ഫോണിൽ സംസാരിച്ചവരെയടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

വാർത്ത നൽകിയ സമയം മുതൽ വിദ്യാർത്ഥികളുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇന്ന് രാവിലെയാണ്, വാട്ട്‌സ് ആപ്പിൽ വിദ്യാർത്ഥി സന്ദേശം അയച്ചത്. ഇനി കോളേജിലെ സ്റ്റുഡന്റ്‌സുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും, സന്ദർഭം നോക്കി അങ്ങോട്ട് വിളിച്ചോളാമെന്നും സന്ദേശത്തിൽ പറയുന്നു. അതേസമയം, കൊടുത്ത പണം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഇവിടെ വന്ന് പെട്ടിട്ടും പഠനം തുടരുന്നതെന്ന് കഴിഞ്ഞ ദിവസം കോളേജിൽ രാത്രി കടന്നു കൂടിയ മറുനാടൻ ലേഖകനോട് വിദ്യാർത്ഥികൾ പറഞ്ഞു.

അഡ്‌മിഷൻ എടുക്കുമ്പോൾ ഒരു ലക്ഷം രൂപയാണ് അടക്കേണ്ടത്. ക്ലാസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോഴ്‌സ് നിർത്തി പോയാൽ പോലും ഈ പണം തിരികെ ലഭിക്കില്ല. പിന്നെ എന്ത് പീഡനം സഹിച്ചിട്ടാണേലും വിദേശത്ത് പോയി പണി ചെയ്ത്, കോഴ്‌സിന് അടച്ച പണമെങ്കിലും വീട്ടുകാർക്ക് തിരിച്ചുകൊടുക്കണം. ഇപ്പോൾ ഇത് മാത്രമാണ് ലക്ഷ്യം. രണ്ടാം വർഷ വിദ്യാർത്ഥി മുഥുൻ( താൽക്കാലിക പേര്) മറുനാടനോട് പറഞ്ഞു.

നല്ല ഭക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടിയുള്ള സമരം

വിദ്യാർത്ഥികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോളേജ് വലിയ പരാജയമാണെന്ന് രണ്ടാം വർഷ വിദ്യാർത്ഥി ആരോപിക്കുന്നു. നല്ല ഭക്ഷണം കിട്ടാനും ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനും 2015 ൽ കോളേജിൽ കുട്ടികൾ പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ പ്രതിഷേധിച്ചവരെയെല്ലാം പിന്നീട് വിവിധ സന്ദർഭങ്ങളിലായി മാനേജ്‌മെന്റ് ഉപദ്രവിച്ചിട്ടുണ്ട്.

'ഇന്റേണൽ മാർക്കിന്റെ പേര് പറഞ്ഞാണ് ഇവന്മാർ നമ്മളെ ഊറ്റുന്നത്. ജിഷ്ണുവിന്റെ മരണത്തോടെ രണ്ട് കോളേജിലെങ്കിലും കെ.ടി.യു ഇൻസ്‌പെക്ഷന് വന്ന്, പരാതി കേട്ടു. ഇവിടെ അങ്ങനെയൊരു തവണയെങ്കിലും ഏതെങ്കിലും അതോരിറ്റികൾ വന്നിരുന്നേൽ മാനേജ്‌മെന്റിന്റെ തെമ്മാടിത്തങ്ങൾ തുറന്ന് പറയാമായിരുന്നു. നിങ്ങൾ നോക്കിക്കോ, ഈ കോളേജിൽ നിന്നും അതികം വൈകാതെ ജിഷ്ണുമാർ ഉണ്ടാകും. അത്രയ്ക്കും ഗതികെട്ടാണ് ഞങ്ങൾ ഇവിടെ പഠിക്കുന്നത് ' രണ്ടാം വർഷ വിദ്യാർത്ഥി വികാരധീതനായി.

1.5 ലക്ഷത്തിൽ നിന്ന് 4.75 ലക്ഷത്തിലേക്ക്..

മൂന്നാൽ കാറ്ററിങ് കോളേജ് ആരംഭിക്കുന്ന കാലഘട്ടത്തിൽ വർഷം 50,000 രൂപ പ്രകാരം ബിരുദ കോഴ്‌സിന് 1.5 ലക്ഷം രൂപയായിരുന്നു ഫീസ്. എന്നാൽ ഫീസ് ഇനത്തിലുള്ള വർദ്ധന വളരെ വലുതാണ്. 300 മടങ്ങ് വർദ്ധനയാണ്, കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായത്. മാത്രമല്ല, ഡിപ്ലോമാ കോഴ്‌സുകളുടെ ഫീസിലും ഭീകരമായ വർദ്ധനയാണ് ഉണ്ടായത്. 5000 രൂപയിൽ താഴെമാത്രം ഉണ്ടായിരുന്ന ഫീസ് 1.6 ലക്ഷത്തിലേക്ക് ഉയർന്നു. ഹോസ്റ്റൽ ഫീസും , വിവിധ സ്റ്റഡി ടൂറുകൾക്കുള്ള ഫീസും ,മറ്റ് ചെലവ്ളും പ്രത്യേകം വഹിക്കണം.

ട്രെയിനിംഗിന്റെ പേരിൽ മാനേജ്‌മെന്റിന്റെ പകൽകൊള്ള

മൂന്ന് മാസം(ചിലപ്പോൾ അതിൽ കൂടുതലും) വരെയാണ് വിവിധ സ്റ്റാർ ഹോട്ടലുകളിൽ മൂന്നാർ കാറ്ററിങ് കോളേജ് വിദ്യാർത്ഥികൾക്ക് ട്രെയിനിങ് നൽകുന്നത്. എന്നാൽ, വിദ്യാർത്ഥികൾക്ക് കുറഞ്ഞ
സ്‌റ്റൈഫന്റ് മാത്രം നൽകി, മാനേജ്‌മെന്റ് കൊള്ളലാഭം കൊയ്യുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഹോട്ടലുകാർ അവരുടെ സ്റ്റാഫിനേക്കാൾ പണിയെടുപ്പിക്കുന്നത് ട്രെയിനിങ് വിദ്യാർത്ഥികളെയാണ്. ഇതിനുള്ള തക്കതായ പ്രതിഫലവും അവർ മാനേജ്‌മെന്റിന് നൽകുന്നുണ്ട്. പക്ഷെ മാനേജ്‌മെന്റ് കിട്ടുന്നതിന്റെ പകുതിപോലും വിദ്യാർത്ഥികൾക്ക് നൽകുന്നില്ല. കണ്ണൂർ സ്വദേശി ആരോപിച്ചു.

ലീവ് ചോദിച്ചാൽ നിരന്തര മാനസിക പീഡനം

വീട്ടിൽ ആർക്കെങ്കിലും സുഖമില്ലാതെ ആണേൽ പോലും ലീവ് ചോദിച്ചാൽ കിട്ടില്ല. ആദ്യം ക്ലാസ്സ് അദ്ധ്യാപികയുടെ അടുത്ത് നിന്നും പിന്നീട് ഡിപ്പാർട്ട്‌മെന്റ് ഹെഡിൽ നിന്നും ലീവ് ലഭിച്ചുകഴിഞ്ഞാലെ അടുത്ത അതോരിറ്റിയിൽ ചെല്ലാൻ സാധിക്കു. ഇതിൽ ആരെങ്കിലും ലീവ് ആണെങ്കിൽ വിദ്യാർത്ഥിക്ക് ലീവ് കിട്ടില്ല. ഹോം സിക്ക്‌നെസ്സ് ആണെന്ന് പറഞ്ഞ് കളിയാക്കും. വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് ഡീൻ തെറി വിളിക്കും.

കണ്ണൂരിൽ നിന്ന് വരുന്നവർക്ക് യാത്രയ്ക്ക് മാത്രം വേണം ഒരു ദിവസം മുഴുവൻ. ലീവ് അനുവദിക്കുക രണ്ട് ദിവസത്തേക്കും. പോയി അടുത്ത വണ്ടിക്ക് തിരിച്ച് വരേണ്ട ഗതികേടിലാണ് ഞങ്ങൾ. കണ്ണൂർ സ്വദേശി ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP