Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാർ ഹീറോ ശ്രീരാം വെങ്കിട്ടരാമനെ തളർത്താൻ ഇടുക്കി കളക്ടർ വഴി കൈയേറ്റക്കാരുടെ പുതിയ അടവ്; ശ്രീരാമിന് ധൈര്യം പകരുന്ന നിവേദിത പി ഹരൻ റിപ്പോർട്ട് റദ്ദാക്കണമെന്ന് കളക്ടർ കത്തു നൽകി; നീക്കം വകുപ്പ് ഭരിക്കുന്ന സിപിഐയെ മറികടക്കാൻ; സിപിഐഎമ്മും സിപിഐയും കൊമ്പുകോർക്കാൻ കാരണം മൂന്നാർ തന്നെ

മൂന്നാർ ഹീറോ ശ്രീരാം വെങ്കിട്ടരാമനെ തളർത്താൻ ഇടുക്കി കളക്ടർ വഴി കൈയേറ്റക്കാരുടെ പുതിയ അടവ്; ശ്രീരാമിന് ധൈര്യം പകരുന്ന നിവേദിത പി ഹരൻ റിപ്പോർട്ട് റദ്ദാക്കണമെന്ന് കളക്ടർ കത്തു നൽകി; നീക്കം വകുപ്പ് ഭരിക്കുന്ന സിപിഐയെ മറികടക്കാൻ; സിപിഐഎമ്മും സിപിഐയും കൊമ്പുകോർക്കാൻ കാരണം മൂന്നാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ സജീവമായി ശ്രമങ്ങൾ തുടരുന്നതിനിടെ കയ്യേറ്റങ്ങളെ സാധൂകരിച്ചെടുക്കാൻ ഗൂഢ നീക്കം തുടങ്ങി. ഇതിന് ജില്ലാ കളക്ടറെ സ്വാധീനിച്ച് റവന്യൂ വകുപ്പിലെ ഉന്നതരുടെ ഇടപെടലോടെ നീക്കം നടക്കുന്നതായ വിവരങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ സംസ്ഥാനതലത്തിൽ സിപിഐയും സിപിഎമ്മും കൊമ്പുകോർക്കുന്ന വിഷയത്തിൽ അടിസ്ഥാന കാരണമായി നിൽക്കുന്നത് മൂന്നാർ കയ്യേറ്റ വിഷയത്തിലെ ഇടപെടലുകളാണെന്നാണ് സൂചന.

ഒരുഭാഗത്ത് സിപിഐ സംസ്ഥാന നേതൃത്വം മന്ത്രി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കയ്യേറ്റം ഒഴിപ്പിക്കുമെന്ന ഉറച്ച നിലപാടെടുക്കുമ്പോൾ മറുവശത്ത് ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുവെന്നും ഇതിന് സി.പി.എം മൗനാനുവാദം നൽകുന്നുവെന്നുമാണ് ആരോപണം ഉയരുന്നത്. ഇതിന്റെ ഭാഗമായി കളക്ടറെ സ്വാധീനിച്ച് നിവേദിത പി ഹരന്റെ റിപ്പോർട്ട് പൂർണമായും റദ്ദാക്കണമെന്ന തരത്തിൽ റിപ്പോർട്ട് വാങ്ങിയെന്നാണ് ആക്ഷേപം. ഇത് അംഗീകരിച്ച് ആ അന്വേഷണ റിപ്പോർട്ട് റദ്ദാക്കാൻ സർക്കാർ നടപടിയുണ്ടായാൽ അത് മൂന്നാറിൽ ഇപ്പോൾ കയ്യേറ്റങ്ങൾക്കെതിരെ നടപ്പിലാക്കുന്ന കർശന നടപടികളെല്ലാം പൂർണമായും നിർത്തിവയ്ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കും.

ഇത്തരമൊരു റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ ജി ആർ ഗോകുൽ നൽകിയതായും ഇത് റവന്യൂവകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടാണ് നൽകിയതെന്നുമുള്ള വിവരമാണ് പുറത്തുവന്നത്. ഇതോടെ പരിസ്ഥിതി പ്രവർത്തകരേയും കയ്യേറ്റങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരേയും ആശങ്കയിൽ ആഴ്‌ത്തിയിരിക്കുകയാണ്. നിവേദിത പി ഹരന്റെ റിപ്പോർട്ട് റദ്ദായാൽ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ എല്ലാം നിലയ്ക്കുമെന്നാണ് സൂചന.

ഇതിന് പകരമായി പുതുതായി പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കണമെന്ന നിലയിലാണ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്രയും വിവാദമുയരുന്ന വിഷയമായതിനാൽ ജില്ലാ കളക്ടർ സ്വയമേവ ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത് അല്ലെന്നും കാര്യങ്ങൾ കയ്യേറ്റക്കാർക്ക് അനുകൂലമാക്കാൻ സെക്രട്ടേറിയറ്റിൽ നിന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് വാങ്ങുകയായിരുന്നു എന്നുമാണ് ആക്ഷേപം ഉയരുന്നത്.

കുറിഞ്ഞിമല വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂപ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് 2015 -ൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.നിവേദിത പി ഹരന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ സർക്കാർ നിയോഗിച്ചത്. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളും വ്യാജ പട്ടയങ്ങളും സംബന്ധിച്ച് വിശദമായ ഒരു റിപ്പോർട്ടാണ് നിവേദിതയുടെ സംഘം സമർപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും കൈയേറ്റങ്ങളിലേക്ക് വരെ വിരൽ ചൂണ്ടുന്ന റിപ്പോർട്ടായിരുന്നു ഇത്. അഞ്ചുനാട് പ്രദേശത്തിനുണ്ടായ പരിസ്ഥിതി നാശവും പഠന വിധേയമായിരുന്നു. സർക്കാർ ഈ റിപ്പോർട്ട് വിശദമായി പഠിക്കുകയും 2015 ഫെബ്രുവരി 16ന്-ൽ റിപ്പോർട്ടിലെ ശുപാർശകൾ ഉൾക്കൊള്ളിച്ച് GO(P) No 69/2015 എന്ന സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.

ഈ ഉത്തരവിന്റെ പ്രധാന വിശദാംശങ്ങൾ ഇങ്ങനെ:

15 ഇന നിർദ്ദേശ രൂപത്തിലാണ് ഉത്തരവിറക്കിയത്.

ഇടുക്കി കളക്ടർ

അഞ്ച്നാട് എന്നറിയപ്പെടുന്ന വട്ടവട കൊട്ടാക്കമ്പൂർ കാന്തല്ലൂർ, കീഴാന്തൂർ, മറയൂർ എന്നീ അഞ്ച് വില്ലേജുകളിലെ മുഴുവൻ യൂക്കാലിത്തോട്ടങ്ങളും സർക്കാരിലേക്ക് ഏറ്റെടുക്കണം

പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം പരിഗണിച്ച് അഞ്ച് നാട് വില്ലേജുകളിലെ യൂക്കാലി, അക്കേഷ്യ, ഗ്രാന്റിസ് കൃഷി പൂർണ്ണമായും നിരോധിച്ചുകൊണ്ട് സർക്കാർ നിയമനിർമ്മാണം നടത്തണം.

ഒട്ടവട, കൊട്ടക്കമ്പൂർ വില്ലേജുകളിലെ മുഴുവൻ തണ്ടപ്പേർ കക്ഷികളെയും (ഭൂവുടമകളെയും) ഹിയറിങ്ങ് നടത്തി പട്ടയങ്ങളുടേയും കൈവശത്തിന്റേയും സാധുത പരിശോധിക്കണം.

ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ 3 മാസത്തിനകം പരിശോധന പൂർത്തീകരിക്കണം. ഇതിന് ആവശ്യമായ ജീവനക്കാരുടെ സംഘത്തെ ലാൻഡ് റവന്യൂ കമ്മീഷണർ നിയമിക്കണം.

പരിശോധനയിൽ സാധുതയുള്ളതായി ബോധ്യപ്പെടുന്ന എല്ലാ പട്ടയസ്ഥലങ്ങളുടേയും അതിർത്തി റവന്യൂ, സർവ്വേ, വനം വകുപ്പ്
അധികൃതരുടെ സംയുക്ത സ്ഥല പരിശോധന നടത്തി നിശ്ചയിക്കണം.

കൈയേറിയും വ്യാജ രേഖ ചമച്ചും കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയിൽ യൂക്കാലി/ഗ്രാന്റിസ് കൃഷി നടത്തി സ്വകാര്യ വ്യക്തികൾ വൻ തുക സമ്പാദിക്കുകയും സർക്കാരിന് വൻതുക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഴുവൻ ഭൂമിയും പരിശോധിച്ച് ഉടമസ്ഥത ഉറപ്പുവരുത്തുന്നത് വരെ അഞ്ച്നാട് വില്ലേജുകളിലെ യൂക്കാലി/ഗ്രാന്റിസ് മരം വെട്ടുന്നത് നിരോധിക്കണം

എല്ലാ വില്ലേജുകളിലും സബ്കളക്ടർ മുഖാന്തിരം നോട്ടീസ് അയച്ച് പരിശോധന നടത്തി കൈയേറ്റങ്ങളും വ്യാജ പട്ടയങ്ങളും കണ്ടെത്തി സർക്കാർ ഭൂമി വീണ്ടെടുക്കണം. ജി.പി.എസ് കോർഡിനേറ്റ്സ് കൂടി ഉൾപ്പെടുത്തി സർവ്വേ നടത്തണം.

പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ അഞ്ചുനാട് പ്രദേശത്ത് ചെറിയ ചോലവനങ്ങളും, ജലസ്രോതസ്സുകളും ഇനിയും നശിപ്പിക്കപ്പെടാതെ ബാക്കിയുണ്ട്.  മൂന്നാർ പ്രദേശത്ത് നടക്കുന്ന മുൻ കരുതലില്ലാത്ത വികസന പ്രവർത്തനങ്ങളും, കൈയേറ്റങ്ങളും ഇവയെക്കൂടി നശിപ്പിക്കും. അഞ്ചുനാട് പ്രദേശത്തേക്ക് റിസോർട്ട് മാഫിയയുടെ കടന്നുകയറ്റവും ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവിടെ പരിസ്ഥിതിക്കിണങ്ങുന്നതും സുസ്ഥരവുമായ ഒരു നിയന്ത്രിത വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കേതുണ്ട്. ലാൻഡ് മാഫിയ ക്രമേണ ഗ്രാമീണരുടെ കൈയിൽ നിന്നും ഭൂമി തട്ടിയെടുക്കുന്നതും, സർക്കാർ ഭൂമി കൈയേറുന്നതും ഒഴിപ്പിക്കേതുണ്ട്.

ഈ മേഖലയുടെ അവർണ്ണനീയമായ പ്രകൃതി സൗന്ദര്യം മാത്രമാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതെന്നും മനുഷ്യത്വ രഹിതമായ കടന്നുകയറ്റങ്ങൾ പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കുമെന്നും, വിനോദ സഞ്ചാര വ്യവസായത്തെ പാടേ തകർക്കുമെന്നും സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. പരിസ്ഥിതി സൗഹൃദ മാതൃകയിൽ സംരക്ഷിക്കപ്പെടേണ്ട മേഖലയെ സംരക്ഷിക്കുകയും നിയന്തിതമായ തോതിൽ വിനോദ സഞ്ചാരം അനുവദിക്കുകയും ചെയ്താൽ സർക്കാരിലേക്ക് വൻതുക ലാഭമുണ്ടാക്കുന്നതിന് ഈ മേഖലയിലെ വിനോദ സഞ്ചാര വ്യവസായത്തിന് കഴിയും.

പവർ ഓഫ് അറ്റോർണി തയ്യാറാക്കി ഭൂമി കൈവശപ്പെടുത്തുന്നത് പൂർണ്ണമായും നിരോധിക്കണം. തമിഴ് പട്ടികജാതിക്കാരിൽ നിന്നും മറ്റും പട്ടയം കിട്ടിയ ഉടൻ തന്നെ പലരിൽ നിന്നും ഒരാളുടെ പേരിലേക്ക് പവർ ഓഫ് അറ്റോർണി ഒപ്പിട്ടു വാങ്ങി ഭൂമി കൈവശപ്പെടുത്തുകയും പിന്നീട് ആധാരം രജിസ്റ്റർ ചെയ്ത് കൈമാറ്റം സാധൂകരിക്കുകയും ചെയ്യുന്ന വൻ തട്ടിപ്പ് അഞ്ച്നാട് പ്രദേശത്ത് നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ പുറത്തു കൊണ്ടുവരു ന്നതിനായി 1993 -ന് ശേഷം നടന്നിട്ടുള്ള എല്ലാ പവർ ഓഫ് അറ്റോർണി രജിസ്ട്രേഷനുകളും സംബന്ധിച്ച് ദേവികുളത്തും സമീപ പ്രദേശങ്ങളുലുമുള്ള സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും വിവര ശേഖരണം നടത്തണം.

പേപ്പർ വ്യവസായാവശ്യത്തിനായി യൂക്കാലികൃഷി നടത്തുന്നതിന് വനം വകുപ്പിന് ഭൂമി വിട്ടു നൽകുന്നത് നിരുത്സാഹപ്പെടുത്തണം.

മലയാളിയല്ലാത്ത ഒരു പ്രഗൽഭനായ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ച് വേണം മേല്പറഞ്ഞ ജോലികൾ ചെയ്യുവാൻ. വ്യാജ പട്ടയം വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ പങ്കാളിത്തമുള്ള ഉദ്യോഗസ്ഥർക്കെതിരേ കർശന അച്ചടക്ക നടപടികൾ ആരംഭിക്കണം.

വിജിലൻസ് ഡിപ്പാർട്ട്മെന്റ് ഒരു ദ്രുത പരിശോധന നടത്തി അഞ്ചുനാട് പ്രദേശത്ത് ഭൂമി വിലയ്ക്കുവാങ്ങിയവരെപ്പറ്റി ഒരു റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.

ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും ഭൂമി കൈവശപ്പെടുത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം.

ഈ റിപ്പോർട്ട് മുക്കിയാൽ കയ്യേറ്റത്തിനെതിരായ നടപടികൾ നിലയ്ക്കും

ഇത്രയുമായിരുന്നു നിർദ്ദേശങ്ങൾ. എന്നാൽ പിന്നീടൊന്നും നടന്നില്ല. ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ്കളക്ടർ ആയി എത്തിയതോടെ മുൻ കോടതി വിധിയും നിവേദിത ഹരൻ റിപ്പോർട്ടും പാലിച്ചുകൊണ്ട് നടപടികൾ ശക്തമാക്കി. ഇതോടൊണ് പിടിവീഴുമെന്ന പേടിയിൽ മൂന്നാറിലെ റിസോർട്ട് മാഫിയയും ഇടുക്കിയിലെ രാഷ്ട്രീയ നേതൃത്വവും ഇതിനെ ചെറുക്കാൻ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതും. ഇതിനെ ചെറുക്കാൻ പരിസ്ഥിതി പ്രവർത്തകരും ഒരുമിച്ച് നിൽക്കുകയും സിപിഐ സംസ്ഥാന നേതൃത്വവും പാർട്ടി കൈകാര്യംചെയ്യുന്ന റവന്യൂ മന്ത്രിയും ഇതോടെ കയ്യേറ്റത്തിന് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന നിലയിലേക്ക് ഇപ്പോൾ കാര്യങ്ങൾ എത്തി. ഇതോടെ സർക്കാരും കയ്യേറ്റക്കാർക്ക് കൂട്ടുനിൽക്കില്ലെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. പക്ഷേ, നിവേദിത ഹരന്റെ റിപ്പോർട്ട് റദ്ദാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന് വന്നതോടെ വീണ്ടും പ്രതിഷേധം ഉയരുകയാണ്.

ജോയസ് ജോർജ് .എംപി, പെരുമ്പാവൂർ സ്വദേശിയായ സി.പി.എം നേതാവ് ജോൺ ജേക്കബ്, തുടങ്ങിയവർക്കെതിരെ ഉൾപ്പെടെ ഭൂമി തട്ടിപ്പ് ആക്ഷേപങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഈ സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ജോയ്സ് ജോർജ് എംപി, കൊട്ടക്കമ്പൂർ വില്ലേജിൽ ബ്ലോക്ക നമ്പർ 58 -ൽ ഉൾപ്പെട്ട 32 ഏക്കർ ഭൂമിക്ക് 8 തമിഴ് പട്ടികജാതിക്കാരുടെ പേരിൽ വ്യാജ പട്ടയം നിര്മ്മിക്കുകയും തുടർന്ന് വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥലം കൈവശപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന ആക്ഷേപമാണ് ഉയർന്നത്.

ഇത്തരം കൈയേറ്റങ്ങളും വ്യാജരേഖ ചമയ്ക്കലും വിശദമായി പരിശോധിക്കുന്നതിനും കൈയേറപ്പെട്ട ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കുന്നതിനും, ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുന്നതിനും എല്ലാം നിവേദിതാ പി ഹരൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ നിർദ്ദേശങ്ങളുണ്ടായിരുന്നു.

നിവേദിതാ പി ഹരൻ റിപ്പോർട്ടും ഈ സർക്കാർ ഉത്തരവും ആവശ്യമായ പ്രായോഗിക പഠനം നടത്താതെ പടച്ചുവിട്ടതാണെന്നും ഒരു തരത്തിലും നടപ്പാക്കാൻ കഴിയാത്ത നിർദ്ദേശങ്ങളാണ് ഈ ഉത്തരവിലും റിപ്പോർട്ടിലും ഉള്ളതെന്നുമാണ് ജില്ലാ കളക്ടർ ഗോകുൽ ജി ആർ ഐ.എ.എസ് സർക്കാരിനെ അറിയിച്ചിട്ടുള്ളതെന്ന ആക്ഷേപമാണ് ഉയരുന്നത്. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജുകളിലെ തണ്ടപ്പേർ കക്ഷികളെ (ഭൂമുടമകളെ) മുഴുവൻ വിളിച്ച്വരുത്തി പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്നും ജില്ലാ കളക്ടർ കണ്ടെത്തുന്നു. ഈ കണ്ടെത്തലുകളെല്ലാം ഉൾപ്പെടുത്തി മേൽപ്പറഞ്ഞ സർക്കാർ ഉത്തരവ് പുനപ്പരിശോധിക്കണം അഥവാ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തും നൽകി.

സത്യസന്ധമായി അന്വേഷണം നടത്തി ഒരു സീനിയർ ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയ വസ്തുതകളെ നിർദ്ദാക്ഷിണ്യം തള്ളിക്കളയുകയാണ് കളക്ടർ ചെയ്തത്. കളക്ടറുടെ റിപ്പോർട്ട് അംഗീകരിച്ച് 2015 -ലെ സർക്കാർ ഉത്തരവ് റദ്ദാക്കുകയാണെങ്കിൽ മൂന്നാർ മേഖലയുടെ ഏറ്റവും പ്രധാന ഭാഗമായ അഞ്ചുനാട് എന്നറിയപ്പെടുന്ന 5 വില്ലേജുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തടസ്സപ്പെടും. ഒപ്പം ജോയ്സ് ജോർജ് എംപി, കെ.എൻ.പി, ജോൺ ജേക്കബ്, മരിയദാസ്, ജയ്മോൻ പാലാ തുടങ്ങിയവരുടേയും ഇവരുടേതിന് സമാനമായ നിരവധി കൈയേറ്റങ്ങളും
സാധൂകരിക്കപ്പെടും.

തമിഴ് പട്ടിക ജാതിക്കാരിൽ നിന്നും ഭൂമി തട്ടിയെടുത്ത കേസിൽ എംപി പുല്ലുപോലെ ഊരിപ്പോരും. ആയിരക്കണക്കിന് ഏക്കർ ഭൂമി സ്വകാര്യവ്യക്തികളുടെ അനധികൃത കൈവശത്തിലാകും, സർക്കാർ ഭൂമിയിലെ യൂക്കാലി പ്ലാന്റേഷനുകൾ ഏറ്റെടുത്താൽ സർക്കാരിന് ലഭിക്കുമായിരുന്ന കോടിക്കണക്കിന് രൂപ സർക്കാരിന് നഷ്ടമാകും. ഇതൊന്നും അറിയാത്തയാളല്ല ജില്ലാ കളക്ടർ പിന്നെ അദ്ദേഹത്തിനെന്താണ് സംഭവിച്ചത്?

ഈ കളക്ടർ ജില്ലയിലെത്തുന്നതിന് തൊട്ടുമുമ്പാണ് വട്ടവട-കൊട്ടാക്കമ്പൂർ വില്ലേജുകളിലെ രേഖകൾ പരിശോധിക്കുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർ, ദേവികുളം സബ്കളക്ടറുടെ കീഴിൽ ഒരു ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചത്. 30 -ൽ അധികം പേർക്ക് ഈ പ്രത്യേക സംഘം നോട്ടീസയച്ചിരുന്നു. അതിൽ ആദ്യത്തെ 8 പേർ ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളുമായിരുന്നു. സംഗതി സീനാകുമെന്ന മനസ്സിലായ എംപി മേഖലയിലെ കർഷകരെ ഉപദ്രവിക്കുന്ന നടപടിയാണ് സബ്കളക്ടർ സ്വീകരിക്കുന്നതെന്നു വരുത്തി തീർത്ത് കർഷക സംഘത്തെ ഇളക്കി വിട്ട് സമരം നടത്തുകയും പരിശോധന താൽകാലികമായി നിർത്തിവയ്പിക്കുകയും ചെയ്തു. ഗോകുൽ ജി.ആർ കളക്ടറായി ചാർജെടുത്ത ഉടൻ ഈ സംഘത്തിലെ ഡപ്യൂട്ടി തഹസിൽദാരൊഴികെ എല്ലാവരേയും സ്ഥലം മാറ്റുകയും ചെയ്തു. ദേവികുളം സബ് കളക്ടറായിരുന്നപ്പോഴും അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു. പള്ളിവാസലിലും ചിന്നക്കനാലിലും റിസോർട്ടുകൾ നിർമ്മിക്കുന്നതിന് മണ്ണ് നീക്കം ചെയ്യാൻ ഒരു മടിയും കൂടാതെ ഗോകുൽ ജീ.ആർ പെർമിറ്റുകൾ നൽകിയിരുന്നു.

ഇതുവച്ച് റിസോർട്ട് മാഫിയക്കാർ പല കുന്നുകളും നിരപ്പാക്കിയിട്ടുണ്ട്. കുറഞ്ഞത് 5 റിസോർട്ടുകളെങ്കിലും 2014- 15 കാലത്ത് ഇദ്ദേഹത്തിന്റെ ആശിർവാദത്തോടെ പണി തീർത്തിട്ടു്. 2010 -ൽ അശോക് കുമാർ സിങ്ങ് കളക്ടറായിരുന്ന സമയത്ത് വ്യാജ പട്ടയങ്ങൾ വഴി കൈയേറപ്പെട്ട ഭൂമി എന്ന് സംശയിച്ച് കരം സ്വീകരിക്കരുതെന്നും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട പല പ്രദേശത്തും പട്ടയം സാധൂകരിച്ചു നൽകിയിട്ടു് ഇതിൽ നിന്നെല്ലാം ജില്ലാ കളക്ടർ ആരെയാണ് സംരക്ഷിക്കുന്നത് എന്ന ചോദ്യമുയരുന്നു. അവസാനമായി മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഭൂസംരക്ഷണ സേനാംഗങ്ങളെയും പൊലീസിന്റെയും വൻ സന്നാഹം വേിട ത്ത് നിലവിലുള്ള 3 ഭൂസംരക്ഷണ സേനക്കാരും ഒരു സ്പെഷ്യൽ തസിൽദാരും മതി എന്ന് കളക്ടർ മാധ്യമങ്ങളോട് പറഞ്ഞത് മറുനാടൻ വാർത്തയാക്കിയതും ശ്രദ്ധിക്കേതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP