Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്പീക്കർ വക 25,000രൂപയുടെ 16 ജിബി ഐഫോൺ 5എസ്; മറ്റ് മന്ത്രിമാർ എന്തൊക്കെ നൽകും? 140 സമാജികർക്ക് അവസാന സമ്മേളനം സമ്മാനത്തിന്റെ പെരുമഴക്കാലം; ഖജനാവിൽ നിന്ന് ചോരുന്നത് കോടികളും

സ്പീക്കർ വക 25,000രൂപയുടെ 16 ജിബി ഐഫോൺ 5എസ്; മറ്റ് മന്ത്രിമാർ എന്തൊക്കെ നൽകും? 140 സമാജികർക്ക് അവസാന സമ്മേളനം സമ്മാനത്തിന്റെ പെരുമഴക്കാലം; ഖജനാവിൽ നിന്ന് ചോരുന്നത് കോടികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ നിയമസഭയുടെ സമ്മേളനത്തിന് ബജറ്റോടെ അവസാനമാകും. അതുകൊണ്ട് തന്നെ എംഎൽഎമാർക്ക് സമ്മാനങ്ങളുടെ കാലവും. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതൊന്നും ഇതിന് തടസ്സമാകില്ല. സ്പീക്കറും മന്ത്രിമാരുമെല്ലാം മത്സരിച്ച് സമ്മാനം നൽകും. അതിനുള്ള തുടക്കമിട്ട് നിയമസഭാ സ്പീക്കർ തന്നെ നടപടി തുടങ്ങി.

ഇടതു സർക്കാരിന്റെ കാലത്തെ സമ്മേളനത്തിലെ അവസാന ബജറ്റിൽ തോമസ് ഐസക് നൽകിയ അത്യാധുനിക ഫോൺ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ധനവകുപ്പിന്റെ വകയായി എംഎൽഎ. മാർക്കും മന്ത്രിമാർക്കും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും സമ്മാനമായി മുന്തിയ മൊബൈൽ ഫോണാണ് അന്ന് നൽകിയത്. ഇത് മടക്കി നൽകി മാതൃകയായ ടിഎൻപ്രതാപനെ പോലുള്ള എംഎൽഎമാർ വാർത്തയിലെ താരവുമായി.

ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് സ്പീക്കർ ശക്തന്റെ നടപടികൾ. എല്ലാ എംഎൽഎമാർക്കും ഒരോ മൊബൈൽ ഫോൺ നൽകാനാണ് തീരുമാനം. ഇതിനുള്ള ടെൻഡർ വിളിച്ചു കഴിഞ്ഞു. 25,000 രൂപ വിലയുള്ള മൊബൈലാണ് നൽകുക. 140 മൊബൈലുകൾ വാങ്ങാനുള്ള ടെൻഡർ നടപടി തുടങ്ങിക്കഴിഞ്ഞു. 16 ജിബി ഐഫോൺ 5എസാണ് എംഎൽഎമാർക്ക് സ്പീക്കറുടെ വക സമ്മാനം. ഇതിലൂടെ അരക്കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിന് ഉണ്ടാകും. ഇതിന് സമാനമായി പലമന്ത്രിമാരും സമ്മാനപ്പൊതികൾ എംഎൽഎമാർക്ക് നൽകാൻ ഒരുക്കുന്നുണ്ട്. പ്രതാപൻ ഇത് വാങ്ങുമോ എന്നതാണ് ഇടതുപക്ഷം ശ്രദ്ധയോടെ വീക്ഷിക്കുന്നത്.

ഇടത് സർക്കാരിന്റെ തുടർച്ചയായി അഞ്ചാം വർഷവും ബജറ്റ് അവതരിപ്പിച്ചതിന്റെ സന്തോഷ സൂചകമായാണ് മന്ത്രി ഡോ. തോമസ് ഐസക് ഉപയോഗപ്രദമായ ഒരു സമ്മാനം നൽകാൻ തീരുമാനിച്ചത്. അങ്ങനെ നോക്കിയ ഇ17 മോഡൽ മൊബൈൽ ഫോൺ തെരഞ്ഞെടുത്തു. വിപണി വില 15,000 രൂപയോളം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെ മുതിർന്ന അംഗങ്ങൾക്ക് കൂടി മൊബൈൽ നൽകാനായിരുന്നു അന്ന് തീരുമാനിച്ചത്. എന്നാൽ തോമസ് ഐസക് നൽകിയ 35000 രൂപ വിലയുള്ള മൊബൈൽ ഫോൺ അന്ന് കോൺഗ്രസ് എംഎ‍ൽഎയായ ടി.എൻ. പ്രതാപൻ നിരസിച്ചു.

അതിനു പ്രതാപൻ പറഞ്ഞ കാരണം മന്ത്രിയുടെ സ്വന്തം പണംകൊടുത്ത് വാങ്ങിയതാണ് ഫോണെങ്കിൽ അത് സ്വീകരിക്കാൻ സന്തോഷമേയുള്ളൂവെന്നും മറിച്ചു ഖജനാവിലെ പണംകൊടുത്തു വാങ്ങിയ ഫോൺ തനിക്ക് വേണ്ടെന്നും പറഞ്ഞു കത്തെഴുതിക്കൊണ്ടാണ് പ്രതാപൻ ആ സമ്മാനം മന്ത്രിക്കു തിരിച്ചുകൊടുത്തത്. ഇത് തന്നെയാണ് സ്പീക്കറും ചെയ്യുന്നത്. ഇതിനെ ഇടതുപക്ഷം വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്പീക്കറുടെ സമ്മാനം പ്രതിപക്ഷത്ത് എല്ലാവരും വാങ്ങും. എന്നാൽ സ്പീക്കർ ശക്തന്റെ ഖജനാവ് കാശ് ചെലവിട്ടുള്ള മൊബൈലിനോട് എന്ത് നിലപാടാകും പ്രതാപൻ സ്വീകരിക്കുകയെന്നതാണ് ഇനി ശ്രദ്ധേയം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. ഈ സാമ്പത്തിക വർഷം ഏതാണ്ട് പതിനായിരം കോടിയുടെ അടുത്ത് കടമെടുത്തു കഴിഞ്ഞു. ഇനിയും 2000 കോടി കടമെടുത്താലെ രണ്ട് മാസത്തെ ശമ്പളം പോലും കൊടുക്കാനാവൂ. സഞ്ചിത കടവും കുതിച്ചുയരുന്നു. അങ്ങനെ കാലിയായ ഖജനാവുമായി മുന്നോട്ട് പോകുമ്പോഴാണ് ധൂർത്തിൽ സ്പീക്കർ പുതു മാതൃക സൃഷ്ടിക്കുന്നത്. എംഎൽഎമാർക്ക് കിട്ടുന്നതായതുകൊണ്ട് ആരും പുറത്തുപറയുകയുമില്ല. അതിനാൽ മൊബൈൽ കിട്ടിയാലും പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പ്രകോപിതനാകരുതെന്ന് പ്രതാപനെ പോലുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ കോൺഗ്രസ് നേതാക്കളുമുണ്ട്.

എംഎൽഎമാരുടെ മൊബൈൽ ഫോണിന് വെറും 50 ലക്ഷം രൂപമാത്രമാണ് ചെലവാക്കുന്നതെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് നൽകുന്ന സൂചന. എന്നാൽ പലതുള്ളി പെരുവള്ളമെന്ന പഴഞ്ചൊല്ല് അവരൊന്നും ഓർക്കുന്നില്ല. എംഎൽഎമാരുടെ കൈയിലെല്ലാം അത്യാധുനിക ഫോണുകളാണ് ഉള്ളത്. അത് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ ഇത്തരമൊരു സമ്മാനം എംഎൽഎമാർക്ക് കൊടുത്ത് ഖജനാവിന് നഷ്ടമുണ്ടാക്കണമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ ധൂർത്തിനെതിരെ ശബ്ദിക്കാൻ പ്രതിപക്ഷവും തയ്യാറാകാത്തതിനാൽ ഫെബ്രുവരിയിൽ കേരളത്തിലെ 140 എംഎൽഎമാർക്കും മൊബൈൽ ഫോൺ എത്തും.

ഖഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിൽ എംഎൽഎമാർക്ക് സമ്മാനം നൽകാൻ മന്ത്രിമാരുടെ മത്സരമായിരുന്നു. ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചർ ബ്ലഡ് പ്രഷർ അപ്പാരറ്റസ് ഉൾപ്പെടെയുള്ളവ അടങ്ങുന്ന മെഡിക്കൽ കിറ്റ് സമ്മാനിച്ചപ്പോൾ വ്യവസായമന്ത്രി എളമരം കരീം നൽകിയ വിലകൂടിയ ഡിന്നർ സെറ്റും കൈത്തറി വസ്ത്രങ്ങളുടെ വലിയ പാക്കറ്റുമാണ്. മറ്റു മന്ത്രിമാർ വിലകൂടിയ ബ്രീഫ് കേസുകൾ, ബാഗുകൾ തുടങ്ങിയ പലതും സമ്മാനിച്ചു. ഈ മാതൃക ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിയമസഭയുടെ അവസാന സമ്മേളനത്തിന് എംഎൽഎമാർ തലസ്ഥാനത്ത് ഒത്തു ചേരുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP