Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമി തട്ടിപ്പ് കേസിൽ സിബിഐ റെയ്ഡിന് തയ്യാറെടുത്തതിന് തൊട്ട് മുമ്പ് വിജിലൻസ് റെയ്ഡ്; സലിം രാജിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി ഒരുക്കിയ കെണിയെന്നും ആരോപണങ്ങൾ: സൂരജിന്റെ റെയ്ഡിലും ഗൂഢാലോചന തിയറികൾ സജീവം

ഭൂമി തട്ടിപ്പ് കേസിൽ സിബിഐ റെയ്ഡിന് തയ്യാറെടുത്തതിന് തൊട്ട് മുമ്പ് വിജിലൻസ് റെയ്ഡ്; സലിം രാജിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി ഒരുക്കിയ കെണിയെന്നും ആരോപണങ്ങൾ: സൂരജിന്റെ റെയ്ഡിലും ഗൂഢാലോചന തിയറികൾ സജീവം

ബി രഘുരാജ്

തിരുവനന്തപുരം: ലോകത്ത് ഏത് വൻ സംഭവം ഉണ്ടായാലും തൊട്ട് പിന്നാലെ ഗൂഢാലോചനാ തിയറികളും ഉണ്ടാകുക പതിവാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണവും പാർലമെന്റ് ആക്രമണവും ഗോദ്ര കലാപവും വരെ ഇത്തരം ഗൂഢാലോചന തിയറികളുടെ ജനനത്തിന് കാരണമായി. കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ടി ഒ സൂരജ് റെയ്ഡ് കേസിലാണ് ഇത്തരം ഒരു ഗൂഢാലോചന തിയറി ഇന്ന് മുതൽ തലസ്ഥാനത്ത് സജീവമായത്.

ടിഒ സൂരജിനെ കുടുക്കിയത് രമേശ് ചെന്നിത്തലയുടെ തന്ത്രങ്ങളുടെ ഭാഗമാണ് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ തൊട്ട് പിന്നാലെയാണ് ഈ ഗൂഢാലോചന തിയറിയുടെ പിറവി എന്നതും ശ്രദ്ധേയമാണ്. എന്നാൽ സൂരജിനെ സിബിഐയിൽ കുടുക്കി രംഗം വഷളാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും രംഗത്തുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. അതുകൊണ്ട് തന്നെ ചുവടുകൾ പിഴയ്ക്കാത്ത കരുനീക്കങ്ങളാണ് യുഡിഎഫ് ക്യാമ്പ് നടത്തുന്നത്.

വിജലൻസ് റെയ്ഡ് വിവരം മുഖ്യമന്ത്രി പോലും അറിഞ്ഞിരുന്നില്ല എന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബോധപൂർവ്വം രേഖകൾ കൈവശപ്പെടുത്തിയതാണ് എന്നുമുള്ള വിശ്വാസങ്ങളെയാണ് ഈ തിയറി തകർത്തെറിയുന്നത്. ഇതനുസരിച്ച് ഉമ്മൻ ചാണ്ടിയുടെ ക്രൂരബുദ്ധിയുടെ ഭാഗമായി രഹസ്യമായി അരങ്ങേറിയതാണ് ഈ റെയ്ഡ്.

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ ടി ഒ സൂരജിന്റെ ഓഫീസുകളും വീടുകളും റെയ്ഡ് ചെയ്യാൻ ആലോചിക്കുന്നു എന്ന സൂചനയെത്തുടർന്ന് അപ്രകാരമായ രേഖകൾ മുക്കുവാൻ വേണ്ടിയാണ് വിജിലൻസ് റെയ്ഡ് നടത്തിയത് എന്നാണ് ഗൂഢാലോചന തിയറിയുടെ സാരം. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലീം രാജ് ഇതിലെ പ്രധാന പ്രതിയാണ്. ഈ കേസിലെ നിർണ്ണായകമായ പല വിവരങ്ങളും സൂരജിന്റെ കൈവശം ഉണ്ട് എന്നറിഞ്ഞ് സിബിഐ എത്തുന്നതിന് മുമ്പ് റെയ്ഡ് നടത്തിയതെന്നാണ് ഇവർ പറയുന്നത്.

കളമശ്ശേരിയിൽ സൂരജ് മാപ്പ് സാക്ഷിയാകാൻ ശ്രമിക്കുമെന്ന സൂചനകൾ സലിംരാജിന് കിട്ടിയുരന്നുവത്രേ. ടിഒ സൂരജ് ലാൻഡ് റവന്യു കമ്മീഷണർ ആയിരിക്കെയാണ് കളമശ്ശേരി ഭൂമി തട്ടിപ്പ് നടന്നത്. ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കാൻ ഉത്തരവിട്ടത് ടിഒ സൂരജ് തന്നെയായിരുന്നു. കളമശ്ശേരി കേസിൽ സൂരജിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തട്ടിപ്പിൽ ലാൻഡ് റവന്യു കമ്മീഷണർക്കും പങ്കുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. കേസിൽ സലിംരാജിനെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തു. സൂരജിനെതിരായ മൊഴിയാണ് സലിംരാജ് സിബിഐയ്ക്ക് നൽകിയതെന്നാണ് സൂചന. കേസിൽ സലിംരാജ് പ്രതിയുമില്ല. എന്നാൽ സലിംരാജിനെ കേസിൽ കുടുക്കാൻ പോന്ന നിർണ്ണായക തെളിവുകൾ സൂരജിന്റെ പക്കലുണ്ട്. സിബിഐയ്ക്ക് സലിംരാജ് നൽകിയ മൊഴിയറിഞ്ഞതോടെ സൂരജും മറുവിഭാഗവും തെറ്റി.

അതുകൊണ്ട് തന്നെ സൂരജിനെ സിബിഐ ചോദ്യം ചെയ്താൽ തെളിവുകൾ സഹിതം നൽകാൻ പദ്ധതിയിട്ടിരുന്നത്രേ. അതിനിടെ സൂരജിനെ ചോദ്യം ചെയ്യാതെ റെയ്ഡ് നടത്തുകയായിരുന്നു സിബിഐയുടെ ആദ്യ ലക്ഷ്യം. ഇതിന് വേണ്ട പൊലീസ് സംരക്ഷണം ഉറപ്പാക്കാനുള്ള നിർദ്ദേശം പൊലീസിന് സിബിഐ നൽകുകയും ചെയ്തു. ഇതോടെയാണ് അട്ടമറി നടന്നതെന്നാണ് പുതിയ ഗൂഡാലോചനാ തിയറി. മുഖ്യമന്ത്രി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷനിൽ ആഭ്യന്തരമന്ത്രിക്ക് പങ്കുണ്ടെന്നും ഇല്ലെന്നും വാദമുണ്ട്. ഏതായാലും സിബിഐ റെയ്ഡിനെ അട്ടമറിക്കാൻ അതിവേഗം തൃശൂർ വിജിലൻസ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് സെർച്ച് വാറണ്ടും തുടങ്ങി. സിബിഐ റെയ്ഡ് നടത്താൻ ലക്ഷ്യമിട്ടിരുന്ന സകലയിടവും അരിച്ചു പറക്കി. രേഖകൾ കൈക്കലാക്കുകയും ചെയ്തു.

എന്നാൽ സലിംരാജുമായി തെറ്റിയപ്പോൾ തന്നെ സൂരജ് മുൻകരുതലെടുത്തിരുന്നത്രേ. നിർണ്ണായക രേഖകൾ ബാങ്ക് ലോക്കറിൽ മാറ്റി. ഇതു തന്നെയാണ് റെയ്ഡിന് ശേഷം കൊച്ചിയിൽ പറന്നെത്തി സൂരജ് കൈക്കലാക്കിയത്. ഈ തെളിവുകളുടെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡിന് ശേഷം സൂരജ് നടത്തിയ വെല്ലുവിളിയെന്നാണ് സംസാരം. അതായത് കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിലെ സിബിഐ അന്വേഷണം തന്നെയാകും ഇനി വെളിപ്പെടുത്തലുകളെ സ്വാധീനിക്കുക. കേസിൽ തന്നെ കുടുക്കിയാൽ എല്ലാവരും കുടുങ്ങുമെന്ന് സൂരജ് വേണ്ടപ്പെട്ടവരോട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്യാത്തത്. അറസ്റ്റുണ്ടായാൽ എല്ലാം വെളിപ്പെടുത്തുമെന്ന ഭീഷണി ഏറ്റെന്നാണ് സാരം.

വിജിലൻസ് റെയ്ഡിലെ ഗൂഡാലോചനാ തിയറി എന്തു തന്നെയായാലും സിബിഐ വിശദീകരിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് കൂട്ടി വായിക്കുമ്പോഴാണ് തിയറി ശരിയാണെന്ന തോന്നൽ സജീവമാകുന്നത്. കടകം പള്ളി ഭൂമിയിടപാടിന് പുറമേ സലീംരാജ് ഉൾപ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലും സൂരജിന്റെ പങ്കിനെ കുറിച്ച് സിബിഐ കൃത്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. സൂരജിനെ കൂടാതെ റവന്യൂ വകുപ്പിലെ മറ്റൊരു ഉന്നതനും കേസിൽ ഉടൻ കുടുങ്ങുമെന്നും സിബിഐ കേന്ദ്രങ്ങൾ സൂചന നൽകുന്നു. അതുകൊണ്ട് തന്നെ ഒന്ന് ഉറപ്പിക്കാം. എന്തായാലും വെറും നാല്പത് കോടിയുടെ അനധികൃത സ്വത്ത് സംബാദന കേസിൽ തലപോകുന്ന ശിക്ഷയൊന്നും സൂരജിന് ലഭിക്കാനും ഇടയില്ല. ഇതോടെ സൂരജിനെ കൊണ്ട് കടകം പള്ളി കേസിൽ വേണ്ടപ്പെട്ടവർക്ക് അനുകൂലമായി തെളിവ് സിബിഐയ്ക്ക് നൽകാനും കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കും കഴിയുയും ചെയ്യും.

അതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ സൂരജിനെ പൊക്കാൻ സിബിഐയും നീക്കം തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ വന്നാൽ അത് സംസ്ഥാന സർക്കാരിനെ തന്നെ മറിച്ചിടാവുന്ന തെളിവുകളിലേക്കായിരിക്കും വിരൽ ചൂണ്ടുകയെന്നും ഉറപ്പായിട്ടുണ്ട്. ഇതിലൂടെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാമെന്ന് ബിജെപിയും കരുതുന്നു. സൂരജിലെ പേരിലെ കള്ളക്കളിയുൾപ്പെടെയുള്ളവ ജനമനസ്സുകളിൽ എത്തിയിട്ടുണ്ടെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ ഭൂരിപക്ഷ മനസ്സുകളെ സ്വാധീനിക്കാൻ സൂരജിനെതിരായ നടപടിയിലൂടെ കഴിയും. പല ഗൂഡാലോചനകളും ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കാം. അതിലുപരി കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനുള്ള രാഷ്ട്രീയ ആയുധവും സൂരജ് പുറത്തുവിടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP