Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമരത്തിൽ അതിർത്തി പുനർനിർണ്ണയത്തിന് നീക്കം തുടങ്ങി; വ്യാജ പട്ടയക്കാരുടെ ഭൂമി തട്ടലിൽ ഹരിത ട്രിബ്യൂണൽ ഇടപെടൽ നിർണ്ണായകമായി; കുമ്മനത്തിന്റെ നീക്കത്തിൽ ശ്രീറാം വെങ്കിട്ടരാമനെത്തിയതോടെ കൈയേറ്റക്കാരുടെ കഷ്ടകാലം തുടങ്ങി; നീലക്കുറിഞ്ഞി ഉദ്യാനം സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് കരുത്താവുന്നത് സമരങ്ങളും രാഷ്ട്രീയ സമ്മർദ്ദവുമെന്ന സബ് കളക്ടറുടെ റിപ്പോർട്ട് പുറത്ത്; കൊട്ടക്കമ്പൂരിലെ രേഖകളിൽ കൃത്രിമമെന്നും റിപ്പോർട്ട്

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമരത്തിൽ അതിർത്തി പുനർനിർണ്ണയത്തിന് നീക്കം തുടങ്ങി; വ്യാജ പട്ടയക്കാരുടെ ഭൂമി തട്ടലിൽ ഹരിത ട്രിബ്യൂണൽ ഇടപെടൽ നിർണ്ണായകമായി; കുമ്മനത്തിന്റെ നീക്കത്തിൽ ശ്രീറാം വെങ്കിട്ടരാമനെത്തിയതോടെ കൈയേറ്റക്കാരുടെ കഷ്ടകാലം തുടങ്ങി; നീലക്കുറിഞ്ഞി ഉദ്യാനം സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് കരുത്താവുന്നത് സമരങ്ങളും രാഷ്ട്രീയ സമ്മർദ്ദവുമെന്ന സബ് കളക്ടറുടെ റിപ്പോർട്ട് പുറത്ത്; കൊട്ടക്കമ്പൂരിലെ രേഖകളിൽ കൃത്രിമമെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പെട്ട കൊട്ടക്കമ്പൂരും 58-ാം നമ്പർ ബ്ലോക്കുമാണ് കേരള രാഷ്ട്രീയത്തിലെ പുതിയ ചർച്ചാ വിഷയം. ഇതെല്ലാം തുടങ്ങുന്നത് ദേവികുളത്ത് സബ് കളക്ടറായി ശ്രീറാം വെങ്കിരാമൻ ഉണ്ടായിരുന്നപ്പോഴാണ്. മാതൃഭൂമി നൽകിയ വാർത്തയിൽ ഹരിത ട്രിബ്യൂണൽ ഇടപെടൽ വന്നപ്പോൾ ശ്രീറാം നൽകിയ റിപ്പോർട്ടാണ് സർക്കാരിനെ വെട്ടിലാക്കിയത്. എന്താണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം എണ്ണമിട്ട് നിരത്തി. ഇതോടെ കള്ളകളികളും നടന്നു. നീലക്കുറിഞ്ഞ് ഉദ്യോനം തീയിട്ട് പോലും നശിപ്പിച്ചു. എല്ലാം ഭൂമാഫിയയുടെ ഇടപെടൽ.

ഫെബ്രുവരിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി നീലക്കുറിഞ്ഞിയുടെ പേരിൽ സമരം തുടങ്ങി. തുടർന്ന് മാർച്ചിൽ മന്ത്രി വിളിച്ചു ചേർത്തു. അതിന് ശേഷമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. അതിർത്തി പുനർനിർണ്ണയം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥയെ നിയമിച്ചു. ഇതിനിടെ വിഷയം മാതൃഭൂമി ചർച്ചയാക്കി. ഇതിനിടെ കുറിഞ്ഞി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേസിൽ കക്ഷിയായി. സെറ്റിൽമെന്റ് ഓഫീസറെ കക്ഷിചേർക്കണമെന്ന് കുമ്മനം ഗ്രീൻ ട്രിബ്യൂണലിൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ഇതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഇതോടെ സബ്കളക്ടർ കേസിൽ കക്ഷിയായി. അങ്ങനെയാണ് എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന റിപ്പോർട്ട് ഗ്രീൻ ട്രിബ്യൂണലിൽ എത്തുന്നത്. ഇതാണ് നീലക്കുറിഞ്ഞിയിലെ കള്ളക്കളി പുറത്താക്കിയത്.

കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം നമ്പർ ബ്ലോക്കിലാണ് ജോയ്സ് ജോർജ് എംപിയുടെ വിവാദ ഭൂമി. വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കും വിവാദഭൂമികളുടെ വിളനിലമാണ്. ജോയ്സ് ജോർജിന്റെ വിവാദപട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് വന്നതോടെയാണ് വിവാദത്തിന് പുതിയ തലമെത്തുന്നത്. കഴിഞ്ഞ 11 വർഷമായി നാട്ടാരും അധികൃതരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നമാണ് ഇത്. രാഷ്ട്രീയ സമ്മർദ്ദങ്ങളും പട്ടയം ഉണ്ടെന്ന് പറയുന്നവരുടെ നിസ്സഹകണവുമാണ് ഇതിന് കാരണമെന്ന് ദേവികുളം സ്ബ് കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന്റെ പൂർണ്ണ രൂപം മറുനാടന് ലഭിച്ചു. ദേവികളുത്തിലേതിന് സമാനമായി കൊട്ടക്കമ്പൂരും രേഖകളിൽ കൃത്രിമം ഉണ്ടായിട്ടുണ്ടെന്നായിരുന്നു ശ്രീറാമിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ കർശനമായ പരിശോധനകൾക്ക് ശേഷമേ പട്ടയം ഉണ്ടെന്ന് പറയുന്നവരുടെ അവകാശം നൽകാവൂവെന്നും ശ്രീറാം വിശദീകരിക്കുന്നു. സബ് കളക്ടർക്ക് വേണ്ടി സീനയർ സൂപ്രണ്ടാണ് ഈ സത്യവാങ്മൂലം കോടതിയിൽ നൽകിയത്.

നീലക്കുറിഞ്ഞി ഉദ്യോനത്തിൽ അവകാശവാദമുന്നയിച്ച് നിരവധി പേരുണ്ട്. ഇവരോടെ തെളിവെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ എത്തുന്നവർ പോലും സഹകരിക്കുന്നില്ല. വമ്പൻ പ്രതിഷേധമുയർത്തി എല്ലാം അട്ടിമറിക്കുകയാണെന്നാണ് സബ് കളക്ടർ വിശദീകരിച്ചത്. ഈ റിപ്പോർട്ടോടെയാണ് ദേവികുളത്ത് രാഷ്ട്രീയ ഇടപെടൽ തുടങ്ങുന്നത്. കോടതി ഉത്തരവുണ്ടായാൽ എല്ലാം അട്ടിമറിക്കപ്പെടുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതിനായി പറഞ്ഞാൽ കേൾക്കുന്ന ഉദ്യോഗസ്ഥയ്ക്ക് ഇവിടെ വനംവകുപ്പിന്റെ ചുമതല നൽകി. സത്യസന്ധനായ വനംവകുപ്പ് ഉദ്യോഗസ്ഥനെ എറണാകുളത്തേക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന് തീയിട്ടത്. ഇത് സങ്കേതം പുനർ നിർവ്വചിക്കാനും ജോയ്‌സ് ജോർജ് എംപിയുടെ ഭൂമി രക്ഷിക്കാനുമായിരുന്നു. ഇതിനുള്ള രാഷ്ട്രീയ സമ്മർദ്ദത്തെ കുറിച്ചും കോടതിയിലെ റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സാധാരണക്കാരെ മുൻനിർത്തി തർക്കവും പ്രക്ഷോഭവും ഇളക്കി വിട്ട് ജോയസ് ജോർജ് അടക്കമുള്ള ഉന്നതരുടെ കയ്യേറ്റ ഭൂമി രക്ഷിച്ചെടുക്കാനായിരുന്നു നീക്കം.

നീലക്കുറിഞ്ഞി സങ്കേതം ആയി പ്രഖ്യാപിച്ച വിജ്ഞാപനത്തിൽ അതിരുകൾ നിർണയിച്ചതിലുള്ള അപാകതകൾ കാരണം, ജനവാസ കേന്ദ്രങ്ങൾ, പട്ടയഭൂമികൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ,ആരാധാനലായങ്ങൾ ശ്മശാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെട്ടി്ട്ടുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം ബ്ലോക്കിലെയും, വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കിലെയും പട്ടയഭൂമി ഒഴിച്ചുള്ള ഏകദേശം 3200 ഹെക്ടർ സ്ഥലത്ത് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് വേണ്ടി 2006 ഒക്ടോബർ 6 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം പൂർത്തിയാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സങ്കേതത്തിന്റെ അതിരുകൾ പുനർനിർണയിക്കണമെന്ന ആവശ്യം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.

ഇതിന് പിന്നാലെ മൂന്നാർ ലൈഫ് വാർഡൻ ഇടുക്കി ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.' പ്രാഥമിക പരിശോധനയിൽ ബ്ലോക്ക് നമ്പർ 58 ൽ കടവരിയിലുള്ള കമ്യൂണിറ്റി ഹാൾ ഒഴികെ സർക്കാർ സ്ഥാപനങ്ങളോ, ആരാധനാലയങ്ങളോ,ബാങ്കുകളോ വാണിജ്യ ്സഥാപനങ്ങളോ ഉൾപ്പെടുന്നില്ല.എന്നാൽ കൃഷിയിടങ്ങളും, ആളുകൾ താമസിക്കുന്ന വീടുകളും ഉണ്ട്.യൂക്കാലിപ്റ്റസ് ആണ് ആളുകൾ കൂടുതൽ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കടവരി, തട്ടാപാറംഭാഗത്ത് പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ചെക്ക് ഡാമുകളും ഉണ്ട്.ബ്ലോക്ക് നമ്പർ 62 ൽ ഇത്തരം സ്ഥാപനങ്ങൾ ഒന്നുമില്ലെന്നും, കൃഷിസ്ഥലങ്ങൾ മാത്രമേയുള്ളുവെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ യോഗതീരുമാനത്തിൽ വിശദീകരിച്ചതുപോലെ ബ്ലോക്ക് 58 ലും വട്ടവടയിലെ 62 ലും സർക്കാർ സ്ഥാപനങ്ങളോ, ആരാധനാലയങ്ങളോ,ബാങ്കുകളോ വാണിജ്യ ്സഥാപനങ്ങളോ ഉൾപ്പെടുന്നില്ല എന്ന് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി. ഇവിടെ മുതലാണ് അട്ടിമറിക്കുള്ള നീക്കം തുടങ്ങുന്നത്. ഇത്തരം വീടുകളും മറ്റും കൈയേറിയതാകാമെന്ന സംശയമാണ് ശ്രീറാം വെങ്കിട്ടരാമൻ പുലർത്തിയത്.

കുറിഞ്ഞിമല സങ്കേതത്തിലെ റൈറ്റ്സ് സെറ്റിൽ ചെയ്തുകൊണ്ടും, പടിഞ്ഞാറ് അതിർത്തി നിർണയിച്ചുകൊണ്ടും സെറ്റിൽമെന്റ് ഓഫീസറായ സബ്കളക്ടർ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.കുറിഞ്ഞിമല സങ്കേതത്തിന്റെ പടിഞ്ഞാറ് അതിർത്തിയിൽ വനംവകുപ്പ് നിലവിൽ ജണ്ടകൾ കെട്ടിയും, ഫയർലൈൻ തെളിച്ചും സംരക്ഷിച്ചുവരുന്ന സ്ഥലങ്ങളെ അതിരുകളായി നിർണയിച്ച് അതിർത്തി പുനർനിർണയിക്കണമെന്നാണ് സർക്കാരിന് മുമ്പാകെ നിവേദനങ്ങൾ വന്നത്. സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതിർത്തി പുനർനിർണയിക്കാമെന്നും 11 വർഷത്തെ തർക്കങ്ങൾക്ക് പരിഹാരം കാണാമെന്നും വൈൽഡ് വൈഫ് വാർഡൻ റിപ്പോർട്ടിൽ ഉപസംഹാരമായി പറയുന്നു.

കുറിഞ്ഞി സങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം വരും മുമ്പ് ചെടികൾക്ക് തീയിട്ടും മറ്റും കയ്യേറ്റക്കാർ നീക്കങ്ങൾ നടത്തുവന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിനിടെയാണ്, കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോർജിന്റെ ഭൂമി കയ്യേറ്റക്കേസിൽ വഴിത്തിരിവായി അപ്രത്യക്ഷമായ റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുക്കാൻ കഴിഞ്ഞത്. ഈ ലാൻഡ് രജിസ്റ്റർ സർക്കാർ രേഖകളിൽ നിന്ന് എങ്ങനെ കാണാതായെന്ന് ഇനി അന്വേഷിക്കേണ്ടത്. ലാൻഡ് രജിസ്റ്റർ തയ്യാറാക്കിയത് 1970 കളിലാണ്. രജിസ്റ്റർ പ്രകാരം എംപിയുടെ കുടുംബത്തിന്റെ കൈവശമുള്ള 20 ഏക്കർ ഭൂമി ബ്ലോക്ക് 58 ൽ പെടുന്നതാണ്. ബ്ലോക്ക് 58 ലെ മുഴുവൻ ഭൂമിയും തരിശുഭൂമിയിൽ പെടുന്നതാണ്. ഈ ഭൂമിയിൽ അവകാശമുന്നയിക്കാൻ ഒരുവ്യക്തിക്കും സാധിക്കില്ല.ജോയ്‌സ് ജോർജിന്റെ പിതാവ് ജോർജ് പാലിയത്ത് തടിയമ്പാടിന് മുക്ത്യാർ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത എട്ട് ഉടമകൾ വ്യജ മഹസർ ഉപയോഗിച്ചാണ് ഭൂമി കൈക്കലാക്കിയത്. ഈ ഭൂമി 1971 മുതൽ തങ്ങൾ കൈവശം വച്ചുവരുന്നതാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം രേഖകളിൽ വ്യക്തമാണ്. എന്നാൽ രാഷ്ട്രീയ ഇടപെടലിലൂടെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി എല്ലാം സ്വന്തമാക്കാനാണ് നീക്കം.

എട്ട് ഭൂവുടമകൾ പട്ടയം കൈവശപ്പെടുത്തിയത് 2001 ലാണ്. ആ സമയത്ത് നിയമപ്രകാരം ചേരേണ്ട ലാൻഡ് അസൈന്മെന്റ് കമ്മിറ്റി വിളിച്ചിരുന്നില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. 1964 ലെ ലാൻഡ് അസൈന്മെന്റ് നിയമപ്രകാരമാണ് ഭൂമി പതിച്ച് നൽകാറുള്ളത്.1971 ഓഗസ്റ്റ് 1 ന് മുമ്പ് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തികളെ മാത്രമേ ഭൂമി പതിച്ച്് നൽകാൻ യോഗ്യരായി നിയമം കണക്കാക്കുന്നുള്ളു. ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ചേരാതെ ഭൂമി പതിച്ച് നൽകാൻ പാടില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നു. 2001 സെപ്റ്റംബർ ഏഴിനാണ് എട്ട് അസൈന്മെന്റുകളും തയ്യാറാക്കിയത്. ഇതിന് ഒരു മാസത്തിന് ശേഷം ഒക്ടോബർ 23 ന് ഈ ഭൂമി ജോർജ് പാലിയത്തിന്റെ പേരിലേക്ക് മാറ്റി.ദേവികുളം സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത പവർ ഓഫ് അറ്റോർണികൾ വഴിയാണ് ഈ ഭൂമി കൈമാറിയത്. പിന്നീട് 2005 ൽ, ജോർജ് പാലിയത്ത് തന്റെ കുടുംബാംഗങ്ങളായ മേരിജോർജ് , ജോയ്‌സ് ജോർജ്, ജോർജ്ി ജോർജ് ,അപൂപ, ഡേവിസ്, രാജീവ് ജ്യോതിസ് എന്ന പേരിൽ വിൽപത്രം തയ്യാറാക്കി.

ദൃഷ്യാ ക്രമക്കേട് കണ്ടെത്തിയതോടെ, 2014 ൽ, മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത്ത് രാജൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 2015 ഫെബ്രുവരിയിൽ, അഡീഷണൽ ചീപ് സെക്രട്ടറി നിവേദിത പി.ഹരൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദേവികുളം താലൂക്കിലെ അഞ്ചനാട് ഭാഗത്തുള്ള അഞ്ചുവില്ലേജുകളിലെ എല്ലാ തണ്ടപ്പേരുകളും വിശദമായി പരിശോധിക്കാൻ ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് ദേവികുളം സബ്കളക്ടർ വിശദമായ പരിശോധന നടത്തി നടപടിയെടുത്തത്. എന്നാൽ, ഇടുക്കി എംപി ജോയ്സ് ജോർജിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ആദ്യം മുതലേ് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും സ്വീകരിച്ചിരുന്നത്. നിയമസഭയിൽ, ജോയ്സ് ജോർജ് കൈവശം വച്ചിരിക്കുന്നത് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ജോയ്സ് ജോർജിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചശേഷമാണ് ഇത്തരം ശ്രമങ്ങളെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP