Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈസ്തവ സഭകളുടെ പേരുവച്ചുള്ള അച്ചന്മാരുടെയും പാസ്റ്റർമാരുടെ വിദ്യാഭ്യാസ കച്ചവടം പുതിയ രീതിയിൽ; സ്ത്രീകളെ മുന്നിൽ നിർത്തി സംഘങ്ങളുടെ പുതിയ തന്ത്രം; തിരുവസ്ത്രം കാട്ടി കുഞ്ഞാടുകൾക്കു അഡ്‌മിഷൻ വാങ്ങി നൽകുന്ന രീതി മാറ്റിയത് തട്ടിപ്പിനെ കുറിച്ചുള്ള മറുനാടൻ വാർത്തയെ തുടർന്ന്

ക്രൈസ്തവ സഭകളുടെ പേരുവച്ചുള്ള അച്ചന്മാരുടെയും പാസ്റ്റർമാരുടെ വിദ്യാഭ്യാസ കച്ചവടം പുതിയ രീതിയിൽ; സ്ത്രീകളെ മുന്നിൽ നിർത്തി സംഘങ്ങളുടെ പുതിയ തന്ത്രം; തിരുവസ്ത്രം കാട്ടി കുഞ്ഞാടുകൾക്കു അഡ്‌മിഷൻ വാങ്ങി നൽകുന്ന രീതി മാറ്റിയത് തട്ടിപ്പിനെ കുറിച്ചുള്ള മറുനാടൻ വാർത്തയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു /മംഗളുരു : കർണാടകത്തിലെ കോളേജ് ലോബികൾക്കു വേണ്ടി പ്രവർത്തിക്കുന്ന അഡ്‌മിഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് മറുനാടൻ അടുത്തിടെ വിശദ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ക്രൈസ്തവ സഭകളിലെ അച്ചന്മാരെയും പാസ്റ്റർമാരെയും മുൻപിൽ നിർത്തി അഡ്‌മിഷൻ പിടിക്കുന്ന സംഘങ്ങൾ വ്യാപകം ആയിക്കൊണ്ടിരിക്കെ ആണ് മറുനാടൻ വാർത്ത വിശദമായി പുറത്തു വിടുന്നത്. വാർത്ത വന്നത്തിൽ പിന്നെ പരസ്യമായി സീറ്റ് കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന വികാരിമാരും പാസ്റ്റർമാരും ഇപ്പോൾ പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

തിരുവസ്ത്രത്തെ മറയാക്കി അച്ചന്മാർ നേരിട്ട് വിദ്യാഭ്യാസ കച്ചവടത്തിന് കമ്മീഷൻ വാങ്ങി ഇറങ്ങുന്നതായും ഇതിന് കേരളത്തിലെ സഭകൾ മൗനാനുവാദം നൽകുന്നതായും കഴിഞ്ഞദിവസം മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു. കുഞ്ഞാടുകളെ വലയിലാക്കാൻ വികാരിമാരെ മുൻനിർത്തി കർണാടകത്തിലെ പ്രൊഫഷണൽ കോഴ്സ് സീറ്റുവിൽപന മാഫിയ സജീവമാകുന്നതിന്റെ വിവരങ്ങൾ ഇത്തരത്തിൽ പുറത്തുവന്നതോടെയാണ് പ്രത്യക്ഷമായി ഇറങ്ങുന്ന പരിപാടി നിർത്തി ഇപ്പോൾ മറ്റു പല പേരുകളിലും സീറ്റ് വിൽപനയ്ക്ക് കോപ്പുകൂട്ടുന്നത്.

സീസണായതോടെ അച്ചന്മാരുടെ ചിത്രങ്ങളുൾപ്പെടെ നൽകി പത്രപരസ്യങ്ങളും പള്ളികളിലും സ്‌കൂളുകളിലും കരിയർ ഗൈഡൻസ് കൽസുകളും നടത്തിയായിരുന്നു ഇതിനുള്ള ഒരുക്കങ്ങൾ നടത്തിവന്നത്.

അഡ്‌മിഷൻ സംഘങ്ങൾ പുതിയ തന്ത്രവുമായി ആണ് ഇപ്പോൾ കേരളത്തിലെ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും സമീപിക്കുന്നത്. ഇതിനായി സ്ത്രീകളെ മുന്നിൽ നിർത്തി സംഘങ്ങളുണ്ടാക്കിയാണ് അവരുടെ പേരിൽ പരസ്യങ്ങൾ നൽകി സീറ്റ് പിടിത്തത്തിന് തന്ത്രമൊരുക്കിയിട്ടുള്ളത്.

ഇന്ത്യയിൽത്തന്നെ ഏറ്റവും അധികം നഴ്സിങ് കോളേജുകൾ ഉള്ളത് കർണാടകത്തിൽ ആണ്. കർണാടക സ്റ്റേറ്റ് നഴ്സിങ് കൗണ്സിലിന്റെ കണക്കു പ്രകാരം 339 നഴ്സിങ് കോളേജുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അച്ചന്മാരെ മുൻനിർത്തി വിശ്വാസ്യത ആർജിച്ച അതേ മാതൃകയിൽ സീറ്റ് പിടിക്കാൻ വേണ്ടി സ്ത്രീകളെ മുന്നിൽ നിർത്തി വിശ്വാസ്യത നേടിയെടുക്കാനാണ് ഇപ്പോൾ ശ്രമം. മുൻനിര പത്രങ്ങളിൽ കുറഞ്ഞ ഫീസിൽ സീറ്റ് വാഗദാനം ചെയ്തും പരസ്യം നൽകുന്നുണ്ട്. ഒപ്പം സ്ത്രീയുടെ പേരും ഫോൺ നമ്പർ കൂടി നൽകിയാണ് പരീക്ഷണം.

കുറഞ്ഞ ഫീസിൽ പഠിക്കാം എന്ന ആഗ്രഹത്തിൽ വിളിക്കുന്ന ആളുകളെ അവർ കോളേജ് സ്റ്റാഫ് അല്ലെങ്കിൽ ലക്ചറർ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് സീറ്റുവാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ഇതോടൊപ്പം കോളേജിനെ പറ്റി നല്ല വിവരണം കൊടുക്കുകയും ചെയ്യും. സ്വന്തം ആശുപത്രി, കോളേജ് ക്യാമ്പസ്സിൽ തന്നെ ഹോസ്റ്റൽ സൗകര്യം, കേരളീയ ഭക്ഷണം, കോളേജിൽ വെച്ച് പ്രമുഖ അച്ചന്മാരുടെ വാർഷിക ധ്യാനം.

ക്യാമ്പസ്സിന് അകത്തു തന്നെ ക്രിസ്ത്യൻ കുട്ടികൾക്ക് കുർബാന സ്വീകരിക്കാൻ ഉള്ള സൗകര്യം, ബാങ്ക് ലോൺ, സ്‌കോളർഷിപ്, വലിയ തോതിലുള്ള മോഹന വാഗ്ദാനങ്ങൾ നൽകിയാണ് സാധാരണക്കാരെ വീഴ്‌ത്തുന്നത്. സഭാ വിശ്വാസികളായ സ്ത്രീകൾ അഡ്‌മിഷൻ കാര്യങ്ങൾക്ക് ഇടനിലക്കാർ ആയി നിൽക്കുമ്പോൾ ചതിക്കപ്പെടില്ല എന്നാ വിശ്വാസത്തിൽ സാധാരണക്കാർ ഇവരുടെ വാക്ക് കേട്ട് കേരളത്തിന് പുറത്തു മക്കളെ പഠിക്കാൻ വിടുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്.

മിക്ക കോളേജുകളിലും യൂണിവേഴ്സിറ്റിയും യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചു യോഗ്യത ഉള്ള അദ്ധ്യാപകർ ഇല്ല എന്നതാണ് സ്ഥിതി. ഉള്ള അദ്ധ്യാപകർ ആകട്ടെ പാർട്ട് ടൈം ആയി പഠിപ്പിക്കാൻ എത്തുന്നവരുമാണ്. അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് അതെ കോളേജിൽ പിജിക്ക് പഠിക്കുന്നവർ തന്നെയാവും പലപ്പോഴും. ഇത്തരത്തിൽ യാതൊരു നിലവാരവുമില്ലാതെ കുടുസ്സുമുറികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് വൻതുകകൾ വാങ്ങി വിദ്യാർത്ഥികളെ വലവീശി പിടിക്കുന്നത്. യാഥാർത്ഥമറിയാതെ നിരവധിപേർ മുൻവർഷങ്ങളിൽ ഇക്കൂട്ടരുടെ വലയിൽ വീണിട്ടുണ്ട്. ഇക്കുറിയും അത് ആവർത്തിക്കാനാണ് ഏജൻസികൾ നീക്കം നടത്തുന്നത്.

ക്രിസ്ത്യൻ മത വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ മെച്ചപ്പെട്ടത് ആയിരിക്കുമെന്ന ധാരണയുണ്ട് മലയാളികൾക്കിടയിൽ. ഇത് മുതലെടുക്കാനാണ് സമുദായത്തിലെ തന്നെ അച്ചന്മാരേയും സ്ത്രീകളേയും ഉപയോഗിച്ച് ക്യാൻവാസിങ് നടക്കുന്നത്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ കോളേജിന്റെ ഔദ്യോഗിക പേരിന് ഒപ്പം ക്രിസ്ത്യൻ പേരുകൾ (ബെഥേൽ, ഹോളി ഫാമിലി, ട്രിനിറ്റി) കൂടി ചേർക്കും പത്രപരസ്യങ്ങളിലും കോളേജ് ബ്രോഷറിലും. ഏജന്റുമാർ കേരളത്തിൽ നിന്ന് വാഹന സൗകര്യംവരെ ഒരുക്കുന്നുണ്ട് കർണാടകത്തിൽ പോയി കോളേജ് സന്ദർശിക്കാൻ.

കോളേജ് സ്റ്റാഫ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീകൾ തന്നെ ആണ് ഇവരെ കോളേജ് കാണിക്കുന്നതും താമസസൗകര്യവും ഭക്ഷണം മുതലായവ ഒരുക്കുന്നതും. മിക്ക മാതാപിതാക്കളും ഇവരുടെ സൽക്കാരത്തിൽ വീണ് പോകുന്ന നിലയിലാണ് ഏർപ്പാടുകൾ. പലപ്പോഴും കൊണ്ടുചെന്ന് കാണിക്കുന്ന കോളേജിലായിരിക്കില്ല പഠനംപോലും എന്നതാണ് സ്ഥിതി. ഇതിന് പകരം ഇത് അന്ന് കണ്ട സ്ഥാപനത്തിന്റെ എക്സറ്റൻഷൻ സെന്റർ ആണെന്നും മറ്റും പറഞ്ഞ് മറ്റ് സ്ഥാപനങ്ങളിൽ ചേർക്കുന്ന സ്ഥിതിയുമുണ്ട്.

യൂണിവേഴ്സിറ്റിയുടെ നിർദ്ദേശം അനുസരിച്ച് പ്രൊഫഷണൽ കോഴ്സുകൾ സെപ്റ്റംബർ അവസാനം അല്ലെങ്കിൽ ഒക്ടോബർ ആദ്യം ആണ് ഔദ്യോഗികമായി തുടങ്ങേണ്ടത്. പക്ഷെ കർണാടകത്തിലെ എഞ്ചിനീയറിങ്, നഴ്സിങ്, ഫിസിയോതെറാപ്പി, പാരാ മെഡിക്കൽ കോഴ്സുകൾ ജൂൺ ജൂലൈ മാസങ്ങളിൽ തന്നെ തുടങ്ങും.

സീറ്റിന് കാശുകൊടുത്തുകഴിഞ്ഞാൽ അവരെ വിടാതിരിക്കാനാണ് ഇത്തരമൊരു തന്ത്രം. ഇവർ മാതാപിതാക്കളോട് പറയുന്നത് കോളേജും കോഴ്സും ആയി കുട്ടികൾ പൊരുത്തപ്പെടാൻ വേണ്ടി ആണ് ഇത്തരത്തിൽ ക്ലാസുകൾ നേരത്തെ ആരംഭിക്കുന്നത് എന്നാണ്. പക്ഷെ സത്യത്തിൽ വിദ്യാർത്ഥികൾ വേറെ കോഴ്സുകൾക്ക് വേണ്ടി ശ്രമിക്കാതെ ഇരിക്കാനും അങ്ങനെ ചേരാതിരിക്കാനുമാണ് ക്ലാസുകൾ രണ്ടു മാസം മുമ്പേ തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP